'ഭര്‍ത്താവ് മരിച്ചിട്ടും ഫെയ്‌സ്ബുക്കില്‍ ചിരിച്ച് ഫോട്ടോയിടുന്നവള്‍, കണ്ണെഴുതുന്നവള്‍...'

വിനീത വിവാഹിതയാവുമ്പോൾ പതിനെട്ടുവയസ്സ് തികഞ്ഞിട്ട് ഒരുമാസമേ ആയിരുന്നുള്ളൂ. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള, ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ മകൾ. പഠിക്കാൻ മിടുക്കിയായിരുന്നില്ല. ശരാശരിക്കാരിയായ ഒരു വിദ്യാർഥിനിമാത്രം. കലാപരമായ കഴിവുകൾ ഒന്നുമില്ല. സ്വന്തമായി അഭിപ്രായങ്ങൾ പറയാനുള്ള പ്രായമല്ലല്ലോ അത്. പെൺകുട്ടികൾ വീടുനോക്കാനാണ് പഠിക്കേണ്ടതെന്നായിരുന്നു അവളുടെ അച്ഛന്റെ പക്ഷം. അതുകൊണ്ടാവും മകളെ തുടർന്നുപഠിപ്പിക്കാൻ അവർ മെനക്കെട്ടില്ല. വിവാഹക്കാര്യം പറഞ്ഞപ്പോൾ വിനീത എതിർത്തതുമില്ല. സ്വപ്‌നങ്ങൾ കണ്ടുതുടങ്ങിയിരുന്ന പ്രായമായിരുന്നു.
ഭാവിയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ടിവരുന്ന ഒന്നാണ് വിവാഹമെന്നറിയാതെയാണ് അതിന് തയ്യാറായത്. ആദ്യകാലങ്ങളിലെ തിളക്കങ്ങൾക്കും കിലുക്കങ്ങൾക്കുമപ്പുറം യാഥാർഥ്യങ്ങളുടെ ഒരു ലോകം കാത്തിരിക്കുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാലും അവർ വിശ്വസിക്കുമായിരുന്നില്ല. തന്നെക്കാൾ പതിനഞ്ച് വയസ്സിന് മുതിർന്ന ഭർത്താവിനൊപ്പമായിരുന്നു അവൾ ജീവിച്ചത്. അവളുടെ എല്ലാ ഇഷ്ടങ്ങളും അയാൾ രൂപപ്പെടുത്തി. ജീവിതത്തെക്കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളും അയാളുടെ ഇഷ്ടത്തിനായി. എല്ലാ തീരുമാനങ്ങളും അയാളെടുത്തു. ഒരു കുട്ടി അതിന്റെ രക്ഷിതാവിനോടൊപ്പം വളരുന്നതുപോലെയായിരുന്നു വിനീതയുടെ ജീവിതം. അതുപക്ഷേ, തന്റെ അൻപതാംവയസ്സിലാണ് അവർ തന്നെ തിരിച്ചറിയുന്നത്, അയാളുടെ മരണശേഷം. രണ്ടുകുട്ടികളും മുതിർന്ന് സ്വന്തം ജീവിതമുണ്ടാക്കിക്കഴിഞ്ഞിരുന്നു.
Content Highlights: r rajasree column on indian marriages