നിക്-പ്രിയങ്ക വിവാഹമോചനമോ? 'ഇത്തരം വാർത്തകൾ വേദനിപ്പിച്ചു' എന്ന് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര, നിക് ജോനസ് / GettyImages
പ്രിയങ്ക ചോപ്ര, നിക് ജോനസ് / GettyImages

2018 ഡിസംബറിലാണ് നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക് ജോനസും വിവാഹിതരായത്. നിക്കും പ്രിയങ്കയും തമ്മിലുള്ള പ്രായവ്യത്യാസവും, അവരുടെ സംസ്‌കാരങ്ങൾ തമ്മിലുള്ള വ്യത്യാസം തുടങ്ങി പലവിധം ചർച്ചകൾക്കിടെയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഇവർ വിവാഹമോചിതരാവാൻ പോവുകയാണെന്നുള്ള അഭ്യൂഹങ്ങളും സജീവമായി. ഇൻസ്റ്റഗ്രാമിൽ തന്റെ പേരിനൊപ്പമുണ്ടായിരുന്ന 'ജോനസ്' എന്ന പേര് പ്രിയങ്ക ഒഴിവാക്കിയത് ഗോസിപ്പുകൾക്ക് ഊർജം പകർന്നു.

ഫിലിം ഫെസ്റ്റിവലുകൾക്കും പ്രിയങ്കയും നിക്കും വെവ്വേറെ എത്തിയപ്പോഴും, വിവാഹമോചനചർച്ചകൾ സജീവമായി. ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം ഗോൾഡൻ ഗ്ലോബ്‌സ് റെഡ് കാർപ്പറ്റ് വീഡിയോകൾ വീണ്ടും അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി. അവിടെത്തിയ നിക്കിന്റെയും പ്രിയങ്കയുടെയും ശരീരഭാഷ ചില നെറ്റിസൺസ് വിശകലനം ചെയ്തു. ചിത്രമെടുക്കുന്നതിനിടയിൽ ദമ്പതികൾ അകന്നുനിൽക്കുന്നതായും ഒരു ഘട്ടത്തിൽ അഭിനയിക്കുന്നതായും അവർ ആരോപിച്ചു. അതോടെ ആ ബന്ധം തകർച്ചയിലാണെന്ന് അവർ ഉറപ്പിക്കുകയും ചെയ്തു.

എന്നാൽ, ഇക്കാര്യത്തിൽ തന്റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് പ്രിയങ്ക. ഒരുകാലത്ത് തങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം, സാംസ്‌കാരികവ്യത്യാസങ്ങൾ തുടങ്ങിയ ആളുകൾ ചർച്ച ചെയ്തത് വേദനിപ്പിച്ചിരുന്നുവെന്നും ഇപ്പോൾ അതെല്ലാം പരിഹരിക്കാൻ പഠിച്ചുവെന്നും പ്രിയങ്ക പറയുന്നു.

''ഞങ്ങൾ വിവാഹിതരായിട്ട് എട്ടുവർഷം കഴിഞ്ഞു. ഇപ്പോഴും ഈ ബന്ധം പൊട്ടിപ്പോവാൻ ആളുകൾ കാത്തിരിക്കുന്നുവെങ്കിൽ, അതവരുടെ ഇഷ്ടമാണ്. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തി. ഞങ്ങളുടെ എന്ത് കാര്യമാണ് ആളുകളെ തെറ്റായ രീതിയിൽ ബാധിച്ചതെന്ന് എനിക്കറിയില്ല. വ്യത്യസ്ത രാജ്യങ്ങൾ, വ്യത്യസ്ത മതങ്ങൾ, പ്രായവ്യത്യാസം....അതൊക്കെ ചർച്ചാവിഷയമായി. അത് വളരെ വേദനാജനകമായിരുന്നു. പിന്നീട് ഞങ്ങൾ പരസ്പരം പിന്തുണച്ചു. ഇതൊന്നും പ്രശ്‌നമല്ല എന്ന മട്ടിലായി കാര്യങ്ങൾ'', പ്രിയങ്ക കൂട്ടിച്ചേർത്തു.

''കണ്ടുമുട്ടി ആറുമാസത്തിനുള്ളിൽ തന്നെ ഞങ്ങൾ വിവാഹിതരായി. വിവാഹം കഴിഞ്ഞപ്പോൾ 'ഇത് സത്യമാണോ' എന്നാണ് ഞാനാദ്യം ചിന്തിച്ചത്. പക്ഷേ നിക്കിന് പൂർണമായ ആത്മാർത്ഥതയുണ്ടായിരുന്നു. നിങ്ങളുടെ തൊഴിലിൽ മുന്നേറാൻ അത് പ്രചോദിപ്പിക്കും''.

പ്രിയങ്കയും നിക്കും തങ്ങളുടെ കരിയറുമായി തിരക്കുകളിലാണിപ്പോൾ. അതിനിടയിലും കുടുംബത്തിനൊപ്പം സമയം ചെലവിടാനും ഇരുവരും ശ്രമിക്കുന്നു. അതാണ് തങ്ങളുടെ ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് ഇരുവരുടെയും പക്ഷം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Priyanka Chopra Jonas addresses persistent divorce rumours with Nick Jonas, stating that such news was hurtful. Learn more about their relationship and her recent comments.