'ഞാൻ മൂന്നുപേരെയും ഒരേ സമയത്തല്ല വിവാഹം കഴിച്ചത്, അവരോടൊപ്പം ഒരേ വീട്ടിൽ താമസിക്കുന്നുമില്ല'; പവൻ കല്യാൺ പറഞ്ഞത്

13 വർഷത്തെ ദാമ്പത്യബന്ധത്തിനുശേഷമാണ് നടനും ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ പവൻ കല്യാണും (Pawan Kalyan) അന്ന കൊനിഡേലയും (Anna Lezhneva) പിരിയുന്നത്. സംയുക്തപ്രസ്താവനയിലൂടെയാണ് തങ്ങൾ പിരിയുകയാണെന്ന് ഇരുവരും അറിയിച്ചത്. എന്നാൽ തങ്ങൾ സുഹൃത്തുക്കളായി തുടരുമെന്നും കുട്ടികളെ ഒരുമിച്ച് വളർത്തുമെന്നും അവർ അറിയിച്ചു.
വിവാഹിതരായെങ്കിലും തങ്ങളുടെ സ്വകാര്യജീവിതത്തിന്റെ കാര്യത്തിൽ വളരെ രഹസ്യസ്വഭാവം പുലർത്തിയിരുന്നു ഇരുവരും. ഈയടുത്താണ് തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞിരുന്നത്. ഇവരെപ്പോഴാണ് കണ്ടുമുട്ടിയതെന്നും പ്രണയത്തിലായതെന്നും ആർക്കുമറിയില്ല. 2011-ൽ പുറത്തിറങ്ങിയ 'തീസ് മാർ ഖാൻ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പവൻ റഷ്യൻ സ്വദേശിയായ അന്നയെ കണ്ടുമുട്ടിയതെന്നും, തുടർന്ന് അവർ വിവാഹിതരായെന്നും പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, ആ സിനിമയിൽ ചെറിയൊരു വേഷം ചെയ്ത ഡാന മാർക്ക്സിനെയാണ് അന്നയായി പലരും തെറ്റിദ്ധരിച്ചതെന്ന് പിന്നീട് വ്യക്തമായി.
രണ്ടുകുട്ടികളാണ് അന്ന-പവൻ ദമ്പതിമാർക്കുള്ളത്. 2017-ലാണ് മകൻ മാർക്ക് ശങ്കർ പവനോവിച്ച് ജനിച്ചത്. മകൾ പൊലീന അഞ്ജന പവനോവ എപ്പോഴാണ് ജനിച്ചതെന്നും വ്യക്തമല്ല.
പലതവണ ഇരുവരും വിവാഹമോചിതരാകുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. 2023-ൽ ആന്ധ്രാപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനിടെ, പവൻ തന്റെ ഭാര്യയുമായി വിവാഹമോചനം നേടാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ, ജനസേനാ പാർട്ടിയുടെ സോഷ്യൽ മീഡിയ പേജിൽ ദമ്പതികളുടെ സന്തോഷകരമായ ഒരു ചിത്രം പങ്കുവെച്ചതോടെ ഈ അഭ്യൂഹങ്ങൾക്ക് വിരാമമായി.
പവൻ കല്യാണിന്റെ മൂന്നാമത്തെ ബന്ധമായിരുന്നു അന്നയുമായിട്ടുള്ളത്. 1997-ലായിരുന്നു നന്ദിനി എന്ന സ്ത്രീയുമായുള്ള ആദ്യവിവാഹം. പവനും നന്ദിനിയും 1999-ൽ വേർപിരിഞ്ഞതായി പറയപ്പെടുന്നുണ്ടെങ്കിലും, 2007-ൽ നന്ദിനി, പവനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ കേസ് നൽകിയപ്പോഴാണ് ഇവരുടെ വിവാഹബന്ധം പുറംലോകമറിയുന്നത്. 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തന്നെ ഉപേക്ഷിച്ചുപോയെന്നും രണ്ടാമതൊരു വിവാഹം കഴിച്ചെന്നും ആരോപിച്ച നന്ദിനി, പ്രതിമാസം 5 ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ഈ കേസ് ഒത്തുതീർപ്പാവുകയും, ഒറ്റത്തവണ തീർപ്പാക്കലിലൂടെ 2008-ൽ ഇവരുടെ വിവാഹബന്ധം നിയമപരമായി വേർപെടുത്തുകയും ചെയ്തു.
2000-ൽ 'ബദ്രി' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പവൻ നടി രേണു ദേശായിയെ കണ്ടുമുട്ടുന്നത്. 2004-ൽ ഇവരുടെ മകൻ അകിര നന്ദൻ ജനിച്ചു. 2009-ലാണ് ഇരുവരും നിയമപരമായി വിവാഹിതരാവുന്നത്. 2010-ൽ മകൾ ആധ്യ ജനിച്ചു. 2011-ൽ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും, 2012-ൽ അത് നിയമപരമായി പൂർത്തിയാവുകയും ചെയ്തു. തൊട്ടടുത്ത വർഷമാണ് അന്നയും പവനും വിവാഹിതരായതെന്ന് പറയപ്പെടുന്നു.
വിവാഹമോചനവാർത്തകൾക്കിടെ പവന്റെ പഴയ അഭിമുഖങ്ങൾ പലതും ഇപ്പോൾ ഉയർന്നുവരികയാണ്. താനൊരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് അദ്ദേഹം മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
''എനിക്ക് അവിവാഹിതനായി തുടരാനും യോഗയുടെ പാത പിന്തുടരാനുമായിരുന്നു ആഗ്രഹം. ആ കാഴ്ചപ്പാടിൽ നിന്ന് എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, 'ഇത് ഞാനാണോ? ഇതൊക്കെ എന്റെ ജീവിതത്തിൽ സംഭവിച്ചതാണോ?' എന്ന് എനിക്ക് തോന്നാറുണ്ട്. ഞാൻ ഒന്നും മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നില്ല. ഞാൻ എപ്പോഴും ഒരു സാധാരണ ജീവിതരീതിയാണ് പിന്തുടരുന്നത്'', 2023-ൽ നന്ദമൂരി ബാലകൃഷ്ണയുടെ ചാറ്റ് ഷോയിൽ പവൻ കല്യാൺ പറഞ്ഞു.
അതേ സംഭാഷണത്തിനിടയിൽ, തന്റെ ആദ്യ രണ്ട് വിവാഹങ്ങളെക്കുറിച്ചും മുൻഭാര്യമാരുമായുള്ള ബന്ധത്തെക്കുറിച്ചും പവൻ കല്യാൺ തുറന്നു സംസാരിച്ചു. ''എന്റെ ആദ്യ വിവാഹം വളരെ പരമ്പരാഗതമായ ഒന്നായിരുന്നു. മുതിർന്നവർ മുൻകൈയെടുത്ത് നടത്തിയ വിവാഹമായിരുന്നു അത്. എന്നാൽ, എല്ലാ ബന്ധങ്ങളും ഉദ്ദേശിച്ചതുപോലെ മുന്നോട്ട് പോകണമെന്നില്ല. അതുകൊണ്ടാണ് ദമ്പതികൾ വേർപിരിയുന്നത്'', അദ്ദേഹം പറഞ്ഞു.
തന്റെ മൂന്ന് വിവാഹങ്ങളെക്കുറിച്ചുള്ള ചർച്ചകളോട് പ്രതികരിച്ചുകൊണ്ട് പവൻ കല്യാൺ ഇങ്ങനെ പറഞ്ഞു, ''രണ്ടാമത്തെ തവണയും അഭിപ്രായവ്യത്യാസമോ മറ്റോ ആകാം, ഒരുപക്ഷേ ഒരു ധാരണയിലെത്താൻ കഴിഞ്ഞില്ലായിരിക്കാം. അതൊരു വ്യത്യസ്ത സാഹചര്യമായിരുന്നു. എന്നാൽ ആളുകൾ വീണ്ടും വീണ്ടും ഈ 'മൂന്ന് വിവാഹങ്ങളെ'ക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. ഞാൻ ഈ മൂന്നുപേരെയും ഒരേ സമയത്തല്ല വിവാഹം കഴിച്ചത്. അവരോടൊപ്പം ഒരേ വീട്ടിൽ താമസിക്കുന്നുമില്ല. ഒരാളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ, മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്നു. ഇതൊന്നും അമിതമായ ആഗ്രഹമോ ഭ്രമമോ കാരണം സംഭവിച്ചതല്ല; അങ്ങനെ സംഭവിച്ചുപോയതാണ്. ഇതിൽ വേദന മാത്രമേയുള്ളൂ'', എന്നാണ് ഒരിക്കൽ പവൻ പറഞ്ഞത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ രേണു ദേശായി ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു; വിവാഹമോചനം നേടിയതിന്റെ പേരിൽ ഇന്നും പൊതുസമൂഹം തന്നെ വിധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അവർ പറഞ്ഞത്.
'വിശാൽ ടോക്ക്സ്' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെ അവർ ഇങ്ങനെ പറഞ്ഞു, ''തെലുങ്ക് ജനതയോട് എന്റെ ജീവിതത്തെക്കുറിച്ച് ഒരു കാര്യം പറയാനുണ്ട്. 'ബദ്രി' എന്ന സിനിമയ്ക്കായി എത്തിയ 1999-ലാണ് ഞാൻ യഥാർത്ഥത്തിൽ ജനിച്ചത് എന്ന് പറയാം. അതിനുമുമ്പ് എനിക്ക് ജീവിതം എന്ന് പറയാൻ ഒന്നുമുണ്ടായിരുന്നില്ല. ആളുകൾ കാര്യങ്ങളെ അങ്ങനെയാണ് കാണുന്നത്''. ബദ്രി എന്ന വിജയ് ചിത്രത്തിലാണ് രേണു ആദ്യമായി അഭിനയിക്കുന്നത്.
''ഇപ്പോൾ 14 വർഷമായിരിക്കുന്നു. ശ്രീരാമൻ പോലും വനവാസം അനുഷ്ഠിച്ചത് 14 വർഷം മാത്രമാണ്. എന്റെ ഈ വനവാസം എന്നാണാവോ അവസാനിക്കുക?'', വിവാഹമമോചനത്തിനുശേഷവും തന്നെ ആളുകൾ നിരന്തരം വിമർശിക്കുന്നതിനെക്കുറിച്ച് അവർ പറഞ്ഞതിങ്ങനെയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Pawan Kalyan and Anna Lezhneva have officially divorced after 13 years of marriage., The couple released a joint statement confirming they will remain friends and co-parent their children., Pawan Kalyan addressed past controversies regarding his multiple marriages in previous interviews., Ex-wife Renu Desai also recently spoke about facing continuous public judgment post-divorce.