കുഞ്ഞിനായൊരുങ്ങി പരിണീതിയും രാഘവും, 'വിവാഹംചെയ്യാൻ തീരുമാനിച്ചത് പ്രായംപോലും നോക്കാതെ'

പരിണീതി ചോപ്രയും രാഘവ് ഛദ്ദയും | PTI
പരിണീതി ചോപ്രയും രാഘവ് ഛദ്ദയും | PTI

കുഞ്ഞുപിറക്കാൻ പോകുന്നതിന്റെ സന്തോഷമറിയിച്ചിരിക്കുകയാണ് ബോളിവുഡ് നടി പരിണീതി ചോപ്രയും ഭർത്താവ് രാഘവ് ഛദ്ദയും. '1+1=3' എന്നെഴുതിയ കേക്കിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ ഒന്നിച്ചു പങ്കിട്ടുകൊണ്ടാണവർ കുഞ്ഞിന്റെ വരവറിയിച്ചത്. ഇരുവരും കൈകോർത്ത് നടക്കുന്ന വീഡിയോയും 'ഞങ്ങളുടെ കൊച്ചു പ്രപഞ്ചം വരുന്നു'വെന്ന കുറിപ്പും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്. ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എം.പിയുമാണ് രാഘവ് ഛദ്ദ.

ഈമാസം ആദ്യം ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുക്കാനെത്തിയപ്പോൾ കുടുംബം വലുതാക്കുന്നതിനെപ്പറ്റി രാഘവ് സൂചന നൽകിയിരുന്നു. തൻ്റെ ഭാര്യ വീട്ടിലേക്ക് കയറിയ ഉടൻ സ്വന്തം അമ്മ 'പേരക്കുട്ടി മോഡി'ലേക്ക് മാറിയ അനുഭവം സംഭാഷണത്തിനിടയിൽ കപിൽ പറഞ്ഞു, ദമ്പതികളോട് നേരത്തെ തന്നെ കുഞ്ഞിനായി പ്ലാൻ ചെയ്യാൻ ഉപദേശിക്കുകയും ചെയ്തു.

തരാം, നിങ്ങൾക്ക് സന്തോഷവാർത്ത ഉടൻ തരാം എന്നായിരുന്നു രാഘവിന്റെ മറുപടി. ഇതുകേട്ട് പരിണീതി ഞെട്ടി. എന്തെങ്കിലും സന്തോഷവാർത്ത വരുന്നുണ്ടോ? ലഡു വിതരണം തുടങ്ങിയോ? എന്നായി കപിൽ. ചെറുചിരിയോടെ എപ്പോഴെങ്കിലും തരാമെന്ന് രാഘവ് മറുപടിയും പറഞ്ഞു. 2023 സെപ്റ്റംബറിൽ രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ദി ലീല പാലസ് ഹോട്ടലിൽ വെച്ചായിരുന്നു പരിണീതിയുടെയും രാഘവിന്റെയും വിവാഹം.

കണ്ടമാത്രയിലേ വിവാഹമുറപ്പിച്ചു

ആദ്യം കണ്ട മാത്രയിൽ തന്നെ, വിവാഹിതനാണോ കുട്ടികളുണ്ടോ എന്നൊന്നും അന്വേഷിക്കാതെയാണ് രാഘവിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്ന് പരിണീതി ഒരിക്കൽ പറഞ്ഞിരുന്നു. ലണ്ടനിലെ ഒരു പരിപാടിയിൽ വെച്ചാണ് ഇരുവരും ആദ്യം കാണുന്നത്. 'സാധാരണയായി ഞാൻ ഒരു ഹായ് പറഞ്ഞ് മുന്നോട്ട് പോകാറാണ് പതിവ്, എന്നാൽ ഇത്തവണ, നമുക്ക് ബ്രേക്ക്ഫാസ്റ്റിന് കാണാം എന്ന് ഞാൻ പറഞ്ഞു. ഞങ്ങളുടെ ടീമംഗങ്ങൾ ഉൾപ്പെടെ ഏകദേശം എട്ടോ പത്തോ പേരുണ്ടായിരുന്നു, അടുത്ത ദിവസം ഞങ്ങൾ കണ്ടുമുട്ടി. അദ്ദേഹം ആരാണെന്നോ എന്തുചെയ്യുന്നുവെന്നോ എനിക്കറിയുമായിരുന്നില്ല. ഒന്നിച്ച് ഭക്ഷണം കഴിച്ച ശേഷമാണ് ഞാനതെല്ലാം അന്വേഷിച്ചത്. അദ്ദേഹം ചെയ്ത ജോലികളെക്കുറിച്ചെല്ലാം ഞാൻ മനസ്സിലാക്കി, ആഴ്ചകൾക്കുള്ളിലല്ല, ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾ വിവാഹിതരാകുമെന്ന് ഇരുവരും തിരിച്ചറിഞ്ഞു.'- പരിണീതി പറഞ്ഞു.

'കണ്ടുമുട്ടി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഇയാളെ വിവാഹം കഴിക്കുമെന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം വിവാഹിതനാണോ, കുട്ടികളുണ്ടോ, എത്ര വയസ്സുണ്ടെന്നോ എനിക്കറിയില്ലായിരുന്നു. എന്റെ മുന്നിൽ കഴിക്കാനിരുന്നപ്പോൾ ‘ഞാനിയാളെ വിവാഹം കഴിക്കാൻ പോകുന്നു’ എന്നു മനസ്സ് പറഞ്ഞു, അതൊരു ദൈവിക ശബ്ദമായിരുന്നു.'-പരിണീതി പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Parineeti Chopra reveals how she knew Raghav Chadha was the one within minutes of meeting him. Read their love story.