പന്ത്രണ്ടുകാരിക്കും പുരോഹിതനുമിടയിലെ പ്രണയം പറഞ്ഞ മാര്‍ക്കേസ്

'ഓഫ് ലവ് ആന്‍ഡ് അദര്‍ ഡെമണ്‍സ്' ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് എഴുതിയ മനോഹരമായൊരു നോവലാണ്. 1994-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവല്‍ പതിനെട്ടാം നൂറ്റാണ്ടിലെ കൊളംബിയന്‍ ജീവിതത്തിന്റെ ഏടുകള്‍ വിവരിക്കുന്നു. പ്രണയത്തിന്റെയും മതത്തിന്റെയും ഭാവനയുടെയും ഭൂതബാധകളേറ്റ സാധാരണ മനുഷ്യരുടെ നിസ്സഹായതയുടെ കഥകൂടിയാണിത്.
കൊളംബിയന്‍ തുറമുഖ നഗരമായ കാര്‍ട്ടാഗ്നയിലെ പ്രഭുകുടുംബത്തില്‍ നിന്ന് സാന്താ ക്ലാരാ കോണ്‍വെന്റിലെ ഇടുങ്ങിയ മുറിയിലേക്ക് നീളുന്ന കഥ. സീവാ മരിയ എന്ന പന്ത്രണ്ടു വയസ്സുകാരിയാണ് കഥയിലെ നായിക. പന്ത്രണ്ടാം പിറന്നാള്‍ ദിനത്തില്‍ വീട്ടുജോലിക്കാരിക്കൊപ്പം നടത്തിയ പട്ടണയാത്രയ്ക്കിടെ അവളുടെ കണങ്കാലില്‍ ഒരു നായ കടിക്കുന്നു. മുറിവില്‍ സള്‍ഫറും നാരങ്ങാനീരും പുരട്ടി വൃത്തിയാക്കിയശേഷം ജോലിക്കാരി പെണ്‍കുട്ടിയുമായി വീട്ടിലേക്ക് മടങ്ങുന്നു. കടിച്ചത് പേപ്പട്ടിയാണെന്ന് അറിയുന്നതോടെയാണ് കഥ മാറുന്നത്. സീവാ മരിയയ്ക്കും പേവിഷബാധ ഏറ്റിട്ടുണ്ടെന്ന് എല്ലാവരും വിശ്വസിക്കുന്നു. പക്ഷേ, വീട്ടിലെ അസംഖ്യം ആഫ്രിക്കന്‍ അടിമകള്‍ക്കൊപ്പം തികച്ചും പച്ചയും പ്രാകൃതവുമായ ഗോത്ര ജീവിതത്തിന്റെ രസങ്ങളില്‍ ആ പെണ്‍കുട്ടി ആഴ്ന്നുകഴിയുകയാണ്. കടിച്ച നായയേയോ അതിന്റെ പല്ലുകള്‍ കണങ്കാലിലേല്പിച്ച മങ്ങിയ മുറിവിനെയോ അവള്‍ ഓര്‍ക്കുന്നില്ല. അച്ഛനായ നാഷ്യാ ഡി ആല്‍ഫറോ പ്രഭുവും അമ്മ ബെര്‍ണാഡ കബേറയും കാര്യം അറിയുന്നു. പക്ഷേ, അച്ഛനമ്മമാര്‍ക്കിടയിലെ മഞ്ഞിനേക്കാള്‍ തണുത്ത ബന്ധം സീവയ്ക്കും അവര്‍ക്കുമിടയില്‍ അവളുടെ ശൈശവത്തിലേ ഒരു മതിലുയര്‍ത്തിയിരുന്നു. അവളുടെ ജീവിതം ലാളനകളുടേതായിരുന്നില്ല. അവഗണനകളുടേതായിരുന്നു. ആര്‍ത്തിപിടിച്ച ഗര്‍ഭപാത്രമുള്ള ബെര്‍ണാഡയും ജന്മനാ നിസംഗനായ നാഷ്യാ പ്രഭുവും, അവര്‍ക്കിടയില്‍ നുണപറയുന്നതിലും ആടുകളുടെ കഴുത്തറുക്കുന്നതിലും രസംകണ്ടെത്തിയ സീവാ മരിയയും.
Content Highlights: Explore Marquez`s haunting tale of love, religion, and demons in 18th-century Colombia. A captivating story of Sierva Maria and her tragic fate.