മോണിക്ക ബെലൂച്ചി, ടിം ബർട്ടനുമായി പിരിയുന്നു, ഇറ്റാലിയൻ നടിയുടെ ജീവിതത്തിലൂടെ

മോണിക്ക ബെലൂച്ചി | AP
മോണിക്ക ബെലൂച്ചി | AP

മോണിക്ക ബെലൂച്ചിയെന്ന ഇറ്റാലിയൻ നടിയുടെ പേരിന് ഇന്ത്യയിൽ വളരെയധികം ജനപ്രീതി കിട്ടിയ സമയമാണിത്. കൂലി സിനിമയിലെ മോണിക്ക എന്നു തുടങ്ങുന്ന പാട്ട് അത്രയേറെ തരംഗമുണ്ടാക്കി. പാട്ട് ജനപ്രിയമായതോടെ യഥാർഥ മോണിക്ക ആരാണെന്നറിയാൻ ആളുകൾ ഗൂഗിളിൽ പരതിയിരുന്നു. ആഗോള പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള, ആഡംബരവാഹനങ്ങളുടെ വൻശേഖരം തന്നെയുള്ള, ഇറ്റാലിയൻ സിനിമകളിൽ ഏറ്റവും വിജയിച്ച നടിമാരിൽ ഒരാളായിരുന്നു മോണിക്ക ബെലൂച്ചി. 60-ാംവയസ്സിലും അവരുടെ സൗന്ദര്യത്തിന് ഏറെ ആരാധകരുണ്ട്.

ഇപ്പോഴിതാ പങ്കാളി ടിം ബർട്ടനുമായി വേർപിരിഞ്ഞതിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണവർ. മാസങ്ങളായി ഇരുവരും വേർപിരിഞ്ഞേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. വർഷങ്ങളായുള്ള ഔദ്യോഗിക പരിചയത്തിന് ശേഷം 2023-ന്റെ അവസാനത്തിലാണ് സംവിധായകൻ ടിം ബർട്ടനുമായുള്ള അവരുടെ ബന്ധം ആരംഭിച്ചത്. ഇരുവരും വിവാഹിതരായിരുന്നില്ല. ഫ്രഞ്ച് നടൻ വിൻസെന്റ് കാസലിനെയാണ് ബെലൂച്ചി ആദ്യം വിവാഹം കഴിച്ചത്. 1999 മുതൽ 2013 വരെ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. ബന്ധത്തിൽ രണ്ട് പെൺമക്കളുമുണ്ടായി.

മോണിക്ക ബെലൂച്ചിയുടെ ആസ്തി
കരിയറിലെ ദീർഘകാലജീവിത്തിലൂടെ 45 മില്യൺ ഡോളറിന്റെ ആസ്തിയാണ് മോണിക്ക സ്വന്തമാക്കിയത്. 1.1 മില്യൺ ഡോളറിലധികം വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ്, മിനി കൂപ്പർ, ഓഡി തുടങ്ങിയ ആഡംബര കാറുകളും അവരുടെ ആസ്തികളിൽ ഉൾപ്പെടുന്നു. 32,000 ഡോളർ വിലമതിക്കുന്ന ഒരു ലാൻസിയ ഡെൽറ്റ III-യും അവരുടെ ഉടമസ്ഥതയിലുണ്ട്.

ജീവിതം
ഇറ്റലിയിലെ ഏറ്റവും പ്രശസ്തരായ സാംസ്കാരിക വ്യക്തികളിൽ ഒരാളായുള്ള ബെലൂച്ചിയുടെ വളർച്ച തുടങ്ങുന്നത് മോഡലിങ്ങിലൂടെയാണ്. 1964-ൽ ഉംബ്രിയയിലെ സിറ്റാ ഡി കാസ്റ്റെല്ലോയിലാണ് ബെലൂച്ചി ജനിച്ചത്. പതിമൂന്നാം വയസ്സിൽ മോഡലിങ്ങിലേക്ക് കടന്നു. 20-കളിൽ എലൈറ്റ് മോഡൽ മാനേജ്‌മെൻ്റുമായി കരാർ ഒപ്പിട്ട് പാരീസിലും ന്യൂയോർക്കിലുമായി മോഡലായി പ്രവർത്തിച്ചുതുടങ്ങി.

1990-കളിലാണ് ബെലൂച്ചിയുടെ അഭിനയജീവിതം ഏറ്റവും വിജയകരമായത്. 'ബ്രാം സ്റ്റോക്കേഴ്‌സ് ഡ്രാക്കുള' പോലുള്ള ഹിറ്റുകളിൽ അവർ അഭിനയിച്ചു. മലേന, ഇറിവേഴ്സിബിൾ, ടിയേഴ്സ് ഓഫ് ദി സൺ തുടങ്ങിയവ മറ്റ് ഹിറ്റുകളാണ്.

'ദി മാട്രിക്സ് റീലോഡഡ്', 'ദി മാട്രിക്സ് റെവല്യൂഷൻസ്' എന്നിവയിലെ പെർസെഫോൺ എന്ന കഥാപാത്രമാണ് അവരുടെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട വേഷം. 'ദി പാഷൻ ഓഫ് ദി ക്രൈസ്റ്റി'ൽ മേരി മഗ്ദലനയായും 'സ്പെക്ടറി'ൽ ബോണ്ട് ഗേളായും ബെലൂച്ചിയെത്തി. യൂറോപ്യൻ ഗോൾഡൻ ഗ്ലോബ്, സിൽവർ റിബൺ, സാറ്റേൺ അവാർഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ തേടിയെത്തി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore Monica Bellucci`s impressive $45 million fortune, acting & modeling career, and recent split from Tim Burton.