‘മക്കൾക്ക് ഇതുവരെ സ്വന്തമായി മൊബൈൽ ഫോണുകൾ നൽകിയിട്ടില്ല’ – കരീന കപൂർ

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗവും അമിതമായ സ്ക്രീൻ ടൈമും ഇന്ന് മിക്ക രക്ഷിതാക്കളുടെയും ആശങ്കയാണ്. നടി കരീന കപൂർ ഖാനെയും അലോസരപ്പെടുത്തുന്ന പ്രധാന വിഷയവും ഇതുതന്നെ. മക്കളായ തൈമൂറിന്റെയും ജേയുടെയും ഫോൺ ഉപയോഗം നിയന്ത്രിക്കാൻ താൻ പലപ്പോഴും കണിശക്കാരിയാകാറുണ്ടെന്നും ചിലപ്പോഴൊക്കെ അവരുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങേണ്ടി വരാറുണ്ടെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് കരീന.
ദി ഇന്ത്യൻ എക്സ്പ്രസിന്റെ 'എക്സ്പ്രെസ്സോ' ചടങ്ങിൽ സംസാരിക്കവെയാണ് ഡിജിറ്റൽ യുഗത്തിലെ മാതൃത്വത്തെക്കുറിച്ചും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും താരം മനസ്സ് തുറന്നത്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ദായ്റ'യുടെ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു കരീന. ചിത്രത്തിൽ നടൻ പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മക്കൾക്ക് ഇതുവരെ സ്വന്തമായി മൊബൈൽ ഫോണുകൾ നൽകിയിട്ടില്ലെന്ന് കരീന വ്യക്തമാക്കുന്നു. മൂത്ത മകൻ തൈമൂർ തന്റെ നാനിയുടെ ഫോൺ ഉപയോഗിക്കാറുണ്ടെന്നും അത് തന്റേതാണെന്ന് കൂട്ടുകാരോട് പറയാൻ അനുവാദം ചോദിക്കാറുണ്ടെന്നും കരീന പറയുന്നു. എന്നാൽ അത് അവന്റേതല്ലെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സ്ക്രീൻ ടൈം കുറയ്ക്കാൻ ആവശ്യപ്പെടുമ്പോൾ അമ്മയും അബ്ബയും (സെയ്ഫ് അലി ഖാൻ) എപ്പോഴും ഫോണിൽ സംസാരിക്കാറുണ്ടല്ലോ എന്ന് മക്കൾ തിരിച്ചു ചോദിക്കാറുണ്ടെന്നും കരീന ചിരിയോടെ ഓർത്തെടുത്തു.
കുട്ടികളുടെ ഫോൺ ഉപയോഗത്തെക്കുറിച്ച് താൻ വളരെയധികം ടെൻഷൻ അടിക്കാറുണ്ടെന്ന് കരീന പറയുന്നു. എന്നാൽ ഭർത്താവും നടനുമായ സെയ്ഫ് അലി ഖാന്റെ സമീപനം കുറച്ചുകൂടി കൂളാണ്. "ഞാൻ ആവശ്യമില്ലാതെ ടെൻഷൻ അടിക്കുകയാണെന്നും റിലാക്സ് ചെയ്യണമെന്നുമാണ് സെയ്ഫ് പറയാറുള്ളത്. എന്നാൽ ഇക്കാര്യത്തിൽ കണിശത അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. രക്ഷിതാക്കൾ എന്ന നിലയിൽ ഞങ്ങൾക്കിടയിൽ തർക്കമുണ്ടാകുന്ന ഒരേയൊരു വിഷയം ഇതാണ്" കരീന പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവ കുട്ടികളിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും കരീന ആശങ്ക പ്രകടിപ്പിച്ചു. തൈമൂറിന് ഒൻപതും ജേയ്ക്ക് അഞ്ചും വയസ്സാണ് പ്രായം. ഈ ചെറിയ പ്രായത്തിൽ എഐ സാങ്കേതികവിദ്യയുടെ ചില വശങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന് താരം പറഞ്ഞു. കാലത്തിനനുസരിച്ച് മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് അപകടകരമായ തലത്തിലേക്ക് പോകരുത്. അതിനാൽ ചില കാര്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും കൃത്യമായ നിയന്ത്രണങ്ങളോടെ മാത്രം സാങ്കേതികവിദ്യ ഉപയോഗിക്കുകയും വേണം. തന്റെ കുട്ടികൾ എന്നെന്നും കൊച്ചുകുട്ടികളായിത്തന്നെ ഇരുന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്ന ഒരു സാധാരണ അമ്മയാണ് താനെന്നും കരീന കൂട്ടിച്ചേർത്തു.
മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന കുറ്റാന്വേഷണ ത്രില്ലർ ചിത്രം 'ദായ്റ' സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kareena Kapoor opens up about strict control over her children's mobile phone usage and high screen time., Taimur and Jeh do not have personal mobile phones yet., Saif Ali Khan has a more relaxed approach compared to Kareena regarding screen time., Kareena expresses concern over AI and digital technology impacts on young kids., Meghna Gulzar's investigative thriller film 'Daayra', starring Kareena Kapoor and Prithviraj Sukumaran, releases on September 18.