'അത് പ്രണയമായിരുന്നെങ്കിൽ, ഞങ്ങൾക്കിപ്പോൾ കുട്ടികൾ ഉണ്ടായേനെ'; ആ ബന്ധത്തെക്കുറിച്ച് കങ്കണ

2011-ൽ പുറത്തിറങ്ങിയ 'മിലേ നാ മിലേ ഹം' എന്ന സിനിമയിൽ കങ്കണ റണൗട്ടിന്റെ നായകനായത് ഒരു പുതുമുഖമായിരുന്നു, ചിരാഗ് പസ്വാൻ. മുതിർന്ന രാഷ്ട്രീയനേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാന്റെ മകനായ ചിരാഗ്, വഴിതെറ്റിയാണ് സിനിമയിലെത്തിയത്. എന്നാൽ, സിനിമ പരാജയപ്പെട്ടതോടെ, അദ്ദേഹം അതിൽനിന്നു അകന്നു.
വർഷങ്ങൾക്കുശേഷം കങ്കണ റണൗട്ട് പാർലമെന്റിലെത്തിയപ്പോൾ തന്റെ പഴയ നായകനായ ചിരാഗും അവിടെയുണ്ടായിരുന്നു. മറ്റൊരു റോളിലായിരുന്നു ഇത്തവണ ചിരാഗിന്റെ വരവ്. എം.പി.യും കേന്ദ്രമന്ത്രിയും. പാർലമെന്റിലെ ആദ്യദിവസം ചിരാഗും കങ്കണയുമൊത്തുള്ള ചിത്രങ്ങൾ അന്ന് വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. അന്നുമുതൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളും സജീവമാണ്. അതിനോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ കങ്കണ.
ഓൺലൈനിൽ നടക്കുന്ന ചർച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കങ്കണ ഇങ്ങനെ മറുപടി നൽകി, ''ചിരാഗ് എന്റെ ഒരു സുഹൃത്താണ്. ചിരാഗിനെ കാണുമ്പോൾ, ഒരു സുഹൃത്തായിട്ടാണ് എനിക്ക് തോന്നുന്നതും. ഞങ്ങൾക്കിടയിൽ പ്രണയമൊന്നുമില്ല. സത്യസന്ധമായിട്ടാണ് പറയുന്നത്. ഞങ്ങൾക്ക് പരസ്പരം അറിയാം. വർഷങ്ങൾക്കുമുമ്പ് ഞങ്ങളൊരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അത് പ്രണയമായിരുന്നെങ്കിൽ, ഞങ്ങൾക്കിപ്പോൾ കുട്ടികളും ഉണ്ടായേനെ''. എ.എൻ.ഐ.യുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കങ്കണ.
''എനിക്ക് പ്രണയം വേണമെന്ന് തോന്നിയിരുന്നെങ്കിൽ അത് സംഭവിക്കുമായിരുന്നു. അത് സംഭവിക്കുന്നില്ല. നിങ്ങൾക്കറിയാമോ, ചിരാഗുമായി ഒരു ഫ്രണ്ട്‌ലി വൈബാണുള്ളത്. നിങ്ങളുടെ അതേ സ്വഭാവത്തിലുള്ളൊരാളിൽനിന്ന് ലഭിക്കുന്ന സൗഹൃദം, അത്രമാത്രം. അദ്ദേഹത്തിനൊപ്പം ഇരിക്കുമ്പോൾ എനിക്ക് സ്വസ്ഥതയും സമാധാനവും തോന്നാറുണ്ട്''.
ആദ്യസിനിമയ്ക്കുശേഷമാണ് ചിരാഗ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 2014-ലാണ് ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. പിന്നീട് കേന്ദ്രമന്ത്രിപദം വരെയെത്തിനിൽക്കുന്ന യാത്ര. 'എമർജൻസി' എന്ന സിനിമയാണ് കങ്കണയുടേതായി അവസാനം റിലീസായത്. അത് സംവിധാനം ചെയ്ത് നിർമിച്ചതും കങ്കണ തന്നെ. 'ക്വീൻ 2' ഉൾപ്പെടെയുള്ള സിനിമകളാണ് ഇനി അഭിനയിക്കാനിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kangana Ranaut denies romantic relationship rumors with Chirag Paswan. Kangana emphasizes a strong, peaceful friendship with the Union Minister.