വരുന്നവര്‍ക്ക് അദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെക്കാം

#വിവേക്. ആര്‍.നായര്‍
ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടി

ഒരു ഫോട്ടോ ജേണലിസ്റ്റെന്ന നിലയില്‍ പല തവണ ഉമ്മന്‍ ചാണ്ടിയുമായി ഇടപഴകാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. പല ചടങ്ങുകളിലും അദ്ദേഹത്തിന്റെ മുഖം പകര്‍ത്തി. അല്ലാതെ, വ്യക്തിപരമായി നാലഞ്ച് തവണ കണ്ട് സംസാരിച്ചിട്ടുമുണ്ട്. 

ഒരു ദേശീയ പത്രത്തിനായാണ് ആദ്യ കൂടിക്കാഴ്ച. ഡെല്‍ഹിയില്‍ നിന്നുള്ള ലേഖകനൊപ്പം സെക്രട്ടറിയേറ്റിലെത്തി. രാത്രി ഏഴരയായിരുന്നു ഞങ്ങള്‍ക്ക് അനുവദിച്ച സമയം. ആത്മീയ നേതാക്കളെ കാണാനെത്തുന്ന വിശ്വാസികളെപ്പോലെ, അദ്ദേഹത്തെക്കണ്ട് പരാതി ബോധിപ്പിക്കാനായി ആളുകളുടെ ഒരു വന്‍ നിര നീണ്ടുകിടപ്പുണ്ടായിരുന്നു. സെക്രട്ടറിയേറ്റിനുള്ളിലെ ഒരു വാതിലിലൂടെ നിവേദനവുമായി  കയറി അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞ് ആളുകള്‍ മറുവാതിലിലൂടെ പുറത്തേക്ക്. അദ്ദേഹം ക്ഷമയോടെ ആളുകള്‍ പറയുന്നത് കേട്ടുനിന്നു.

സമയം അങ്ങനെ പോകുകയാണ്‌.  ഇന്നിനി അദ്ദേഹത്തെ കാണാന്‍ പറ്റുമോ എന്ന് എനിക്ക് സംശയമായി. ആളുകള്‍ തീരുന്നില്ല. ഏതാനും മണിക്കൂറുകള്‍ കൂടി കടന്നു പോയി. ആള്‍ക്കൂട്ടം നേര്‍ത്തുവന്നപ്പോള്‍ അദ്ദേഹം ഞങ്ങളെ അടുത്തേക്ക് വിളിപ്പിച്ചു. അദ്ദേഹത്തെ കസേരയിലിരുത്തി ഒറ്റയ്ക്ക് ഒരു പടം എടുക്കണം എന്നായിരുന്നു എന്റെ മനസ്സില്‍. അതിന് അദ്ദേഹം തയ്യാറായില്ല. എല്ലാവര്‍ക്കുമിടയില്‍ സോഫയിലിരുന്നുകൊണ്ടുള്ള ഫോട്ടോയാണ് അന്നെടുത്തത്‌. 

പിന്നീടൊരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. ആ വീടിനുള്ളില്‍ എല്ലാവര്‍ക്കും സര്‍വസ്വാതന്ത്ര്യമുണ്ട്. ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. വരുന്നവര്‍ക്ക് അദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെക്കാം! 

വിദേശത്ത് ആഭ്യന്തര യുദ്ധത്തിനിടെ പെട്ടുപോയ നഴ്സുമാരെ രാജ്യം തിരിച്ചെത്തിച്ച നാള്‍. നഴ്സുമാരെ സ്വീകരിക്കാന്‍ രാവിലെ നാലരയ്ക്ക് നെടുമ്പാശ്ശേരി  യിലെത്തിയ ഉമ്മന്‍ ചാണ്ടിയെ മാധ്യമങ്ങള്‍ വളഞ്ഞു. എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. ''എനിക്കിതില്‍ പ്രത്യേകിച്ച് പങ്കൊന്നുമില്ല. എന്റെ പേര് പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ഈ ദൗത്യത്തിനായി അക്ഷീണം പരിശ്രമിച്ചത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ്‌. അവരുടെ പേരാണ് എടുത്തുപറയേണ്ടത്. '' അന്നേരം അദ്ദേഹത്തോട് എന്തെന്നില്ലാത്ത ആരാധന തോന്നി. ആ എളിമ രാഷ്ട്രീയക്കാരില്‍ വേറെ കണ്ടിട്ടില്ല. ഒന്നിലും പ്രശസ്തി ആഗ്രഹിക്കാതെ ഇതൊക്കെയും തന്റെ ഉത്തരവാദിത്തം ആണെന്ന വിശ്വാസത്തോടെ സദാ പ്രവര്‍ത്തനോത്സുകനായ വലിയ മനുഷ്യന്‍.   

2021 നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് അദ്ദേഹത്തെ അവസാനമായി കാണുന്നത്. അന്ന് രാവിലെ പുതുപ്പള്ളി പള്ളിയുടെ മുന്നില്‍ വെച്ച് അദ്ദേഹത്തെ കാണാമെന്നായിരുന്നു സെക്രട്ടറി പറഞ്ഞത്. കൃത്യസമയത്ത് അദ്ദേഹമെത്തി. പടികള്‍ കയറിച്ചെന്ന് കുരിശടിയില്‍ പോയി പ്രാര്‍ത്ഥിച്ചു. അതിനിടെ നാട്ടുകാര്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്‌. അതിനൊക്കെ മറുപടിയും കൊടുക്കുന്നുണ്ട്. അവിടന്ന് നേരെ സഹോദരിയുടെ വീട്ടിലേക്ക്‌. ഞങ്ങള്‍ കൂടെയുണ്ടെന്നും ക്യാമറ നിരന്തരം ക്ലിക്ക് ചെയ്യുന്നുണ്ടെന്നും ആദ്ദേഹം ചിന്തിക്കുന്നതേയില്ല. തിരികെ വീട്ടിലേക്ക്. അദ്ദേഹത്തിനെക്കാള്‍ മുമ്പ്  ഞങ്ങള്‍ വീട്ടിലെത്തി. അപ്പോഴേക്കും വീട്ടുമുറ്റം നിറഞ്ഞിരുന്നു. ചുറ്റിലും  കാണാനും കാര്യങ്ങള്‍ ബോധിപ്പിക്കാനുമെത്തിയ സാധാരണക്കാര്‍. ചിലര്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. 

എത്ര സമയം വേണമെങ്കിലും ചാണ്ടി സാര്‍ ആളുകള്‍ക്കൊപ്പം നില്‍ക്കും. ഒരു മടുപ്പുമില്ലാതെ എല്ലാവര്‍ക്കും ചെവി കൊടുക്കും. പതിഞ്ഞ മറുപടികള്‍ നല്‍കും. ഒരു അഭിമുഖത്തിനായി അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. സമകാലീന രാഷ്ട്രീയമായിരുന്നു വിഷയം. അന്നും അദ്ദേഹത്തിന് ചില്ലറ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും വകവെക്കാതെയാണ് തന്റെ സമയം മറ്റുള്ളവര്‍ക്ക് പതിച്ചു നല്‍കിയത്. കോവിഡ് കാലമായത് കൊണ്ട് മാസ്‌ക് ധരിച്ചിരുന്നു. അതൊന്നു മാറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം അതുപോലെ ചെയ്തു. 


 
ക്യാമറയ്ക്ക് മുന്നില്‍ തരി പോലും അഭിനയമില്ലാത്ത രാഷ്ട്രീയക്കാരന്‍. അതാണ് ഉമ്മന്‍ ചാണ്ടി. വരുത്തിച്ചിരിക്കില്ല. തന്റെ കാര്യങ്ങളില്‍ വീഴ്ച വരുത്തി ഫോട്ടോയ്ക്ക് ഇരുന്നു തരില്ല. ചെയ്യുന്ന കാര്യം തുടരും. ഇടയ്ക്ക് ക്യാമറയിലേക്ക് നോക്കാന്‍ പറയുമ്പോള്‍ ഒന്ന് നോക്കും. അത്ര മാത്രം. പോസ് ചെയ്യാനറിയാത്ത നേതാവ്‌. എല്ലാവരോടും സ്‌നേഹം. വിനയം. ആര്‍ക്കു മുന്നിലും ആ വാതിലുകള്‍ അടയില്ല .ആര്‍ക്കും ചെന്നുകാണാം, സംസാരിക്കാം. എപ്പോഴും എല്ലാവരെയും ചിരിച്ചുകൊണ്ട് കണ്ട മനുഷ്യന്‍. ആ ചിരിമുഖം ഞാന്‍ എത്രയോ വട്ടം പകര്‍ത്തി.

Content Highlights: former kerala chief minister oommen chandy passed away