ടൈറ്റാനിക് എന്റെ അച്ഛന്റെ കല്ലറയാണ് - ഇവയുടെ ടൈറ്റാനിക് ഓര്‍മകള്‍

ഇവ ഹാര്‍ട്ട്, വര: ശ്രീലാല്‍.എ.ജി
ഇവ ഹാര്‍ട്ട്, വര: ശ്രീലാല്‍.എ.ജി

1985ല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയപ്പോള്‍ അത് പുറത്തെത്തിച്ച് പഠനങ്ങള്‍ നടത്തണമെന്നായി ചിലര്‍.  
പക്ഷേ, ഇവ ഹാര്‍ട്ട് പറഞ്ഞു: ടൈറ്റാനിക് എന്റെ അച്ഛന്റെ കല്ലറയാണ്. ആരും അതിനെ സ്പര്‍ശിക്കരുത് എന്നാണ് എന്റെ ആഗ്രഹം.  

നീലക്കടലിന്റെ നിലയില്ലാത്ത ആഴങ്ങളിലേക്ക് ടൈറ്റാനിക്ക് വീണടിഞ്ഞപ്പോള്‍ ഇവയ്ക്ക് ഏഴുവയസ്സ്. 

ഇവയുടെ അച്ഛന്‍ ബില്‍ഡറായിരുന്നു. ഇംഗ്ലണ്ടില്‍ വേണ്ടത്ര ലാഭം ഇല്ലെന്നുകണ്ട് അദ്ദേഹം കാനഡയിലെ സുഹൃത്തിനരികിലേക്ക് മാറാന്‍ തീരുമാനിച്ചു. ആദ്യം കപ്പല്‍ മാര്‍ഗം ന്യൂയോര്‍ക്കിലേക്ക്‌. അവിടുന്ന് കാനഡയിലേക്ക്. അതായിരുന്നു പ്ലാന്‍. ദി ഫിലാഡെല്‍ഫിയ എന്ന കപ്പലിലാണ് പോകാന്‍ തീരുമാനിച്ചിരുന്നത്‌. പക്ഷേ, ആ കപ്പല്‍ മുടങ്ങി. ടൈറ്റാനിക്കില്‍ ടിക്കറ്റ് കിട്ടിയപ്പോഴാണ് അച്ഛന് ആശ്വാസമായത്. കാനഡയിലേക്കുള്ള യാത്രയ്ക്ക് അമ്മ ആദ്യം മുതലേ എതിരായിരുന്നു. ടൈറ്റാനിക്കിന്റെ പ്രശസ്തി എതിര്‍പ്പിന്റെ ആക്കം കൂട്ടി. ഒരിക്കലും മുങ്ങാത്ത കപ്പലെന്ന വാഴ്ത്തുകള്‍ അമ്മയെ ഭയപ്പെടുത്തിയിരുന്നു. അമ്മ അച്ഛനോട് പറഞ്ഞു- ദൈവത്തെ വെല്ലുവിളിക്കുന്ന ധാര്‍ഷ്ട്യമാണിത്. ഈ യാത്ര ഒഴിവാക്കാം.
 

കാരണമില്ലാതെ ഒന്നും പറയുന്നയാളായിരുന്നില്ല അമ്മ. കരഞ്ഞ് കരഞ്ഞ് തെളിഞ്ഞ ഉള്‍ക്കാഴ്ചയായിരുന്നു അമ്മയുടേത്. ദുരിതം പെയ്ത ആദ്യ വിവാഹം. പ്രസവിച്ച ഒന്‍പത് മക്കളും മരിച്ചു. പിന്നീടാണ് അമ്മ അച്ഛനെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. കാനഡയിലേക്കുള്ള യാത്രയില്‍ അരുതാത്തതെന്തോ സംഭവിക്കുമെന്ന് അമ്മയുടെ മനസ്സ് മന്ത്രിച്ചു. അച്ഛന്‍ പിന്മാറില്ലെന്ന് കണ്ടപ്പോള്‍ അമ്മ ഒരു കാര്യം ഉറപ്പിച്ചു. 'ഈ കപ്പലില്‍ ഒരു രാത്രി പോലും താന്‍ ഉറങ്ങില്ല. പകല്‍ ഉറങ്ങി, രാത്രി എഴുന്നേറ്റിരിക്കും.' 'വിഡ്ഢിത്തം കാണിക്കാനാണ് തീരുമാനമെങ്കില്‍, തടയില്ല' എന്നായിരുന്നു അച്ഛന്റെ മറുപടി.

സതാംപ്റ്റണില്‍ നിന്ന് കുടുംബം കപ്പലേറി. ഇവയുടെ ആദ്യ കപ്പല്‍ യാത്ര. 

ബുധന്‍... വ്യാഴം... വെള്ളി... 

ശനിയാഴ്ച രാത്രി അസ്വാഭാവികമായ മുഴക്കം കേട്ട് അമ്മ അച്ഛനെ വിളിച്ചെഴുന്നേല്‍പ്പിച്ചു. ഡെക്കില്‍ പോയി നോക്കാനാവശ്യപ്പെട്ടു. അച്ഛന്‍ മടങ്ങി വന്ന് മഞ്ഞുപാളികള്‍ ഉരസുന്നതിന്റെ ശബ്ദമാണ് പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞു. പിറ്റേന്ന് തീന്മേശയിലെത്തിയപ്പോഴറിഞ്ഞു. ഇതേ ശബ്ദം പലരുടെയും ഉറക്കമെടുത്തിരുന്നു എന്ന്. 

'പാളികളല്ല, മഞ്ഞുമലകള്‍ തന്നെ ഉണ്ടാവില്ലേ' എന്ന് അമ്മ സംശയിച്ചു. 

'ഇനി ഉണ്ടെങ്കിലും അതിലൊന്നും പേടിക്കേണ്ട കാര്യമില്ലെ'ന്ന് അടുത്തിരുന്ന ഓഫീസര്‍ സമാധാനവാക്ക് പറഞ്ഞു.  

എന്നും കപ്പല്‍ത്തട്ടിലെ പ്രഭാതഭക്ഷണം കഴിഞ്ഞ് അമ്മ ഉറങ്ങാന്‍ പോകുമായിരുന്നു. പക്ഷേ, അന്ന് അമ്മ പള്ളിയില്‍ പോയി. തിരിച്ചുവന്ന് കുറച്ച് നേരം മയങ്ങി. അന്നത്തെ ഉച്ചഭക്ഷണം ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. അതായിരുന്നു ഞങ്ങള്‍ ഒരുമിച്ചുണ്ട അവസാന ഭക്ഷണം. 

രാത്രി പതിവുസമയത്ത് ഞാന്‍ ഉറക്കമായി. അച്ഛന്‍ നേരത്തെ കിടന്നു. വായനയും തുന്നല്‍പ്പണികളുമായി അമ്മ മാത്രം ഉറങ്ങാതിരുന്നു. പന്ത്രണ്ട് മണിക്ക് പത്തു മിനിറ്റുള്ളപ്പോള്‍ അമ്മയ്ക്ക് ഒരു കുലുക്കം അനുഭവപ്പെട്ടു. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തുന്നത് പോലെ ചെറിയൊരു ചലനം. നിസ്സാരമെങ്കിലും താന്‍ ഭയന്ന ദുരന്തം അടുത്തുവരുന്നതിന്റെ സൂചനയാണിതെന്ന് അമ്മയ്ക്ക് ഉറപ്പായി. അച്ഛനെ കുലുക്കി വിളിച്ചു. തലേന്ന് രാത്രിയിലേതുപോലെ വെറുതെ ഡെക്കിലേക്കില്ലെന്നായി അച്ഛന്‍. പക്ഷേ, ജയിച്ചത് അമ്മയുടെ വാശിയാണ്. 

അമ്മ എന്നെ ഉണര്‍ത്തി വസ്ത്രം മാറ്റാന്‍ പറഞ്ഞു. പാതിയുറക്കവും പിടിവാശിയും. ഞാന്‍ അനുസരിച്ചില്ല. ഡെക്കില്‍പ്പോയ അച്ഛന്‍ പെട്ടെന്ന് തിരിച്ചെത്തി. സ്വന്തം ബ്ലാങ്കെറ്റില്‍ പിഞ്ചുകുഞ്ഞെന്ന പോലെ എന്നെ പൊതിഞ്ഞുടുത്തു. തന്റെ കട്ടിക്കുപ്പായം അമ്മയ്ക്കും കൊടുത്തു. 

കപ്പല്‍ത്തട്ട് ശാന്തമായിരുന്നു. രാത്രിക്കാറ്റിനെ കുളിരണിയിച്ച് വയലിന്‍ നീറി. ഗിറ്റാര്‍ കമ്പികള്‍ പിടഞ്ഞു. സ്വര്‍ഗനാഥനായി അള്‍ത്താരയില്‍ നേദിക്കുന്ന പ്രാര്‍ത്ഥനാഗീതത്തിന്റെ നനുത്ത ഈണത്തില്‍ രാത്രി പുതച്ചുറങ്ങി. 

അധികമാരും ഉണര്‍ന്നിട്ടില്ലായിരുന്നു. ബോട്ടില്‍ക്കയറാന്‍ തിരക്കൊന്നുമില്ല. ലൈഫ് ബോട്ടുകള്‍ ഇറക്കുന്നുണ്ടെന്നേയുള്ളൂ... പ്രഭാതഭക്ഷണം എല്ലാവരും ഒരുമിച്ച് തന്നെയായിരിക്കുമെന്ന് ഒരു ഓഫീസര്‍ അച്ഛനോട് പറയുന്നത് കേട്ടു.  

അച്ഛന്‍ എന്നെ ബോട്ടിനുള്ളില്‍ ഇരുത്തി. നല്ല കുട്ടിയാകണം, അമ്മയുടെ കൈ വിടരുതെന്ന് പറഞ്ഞു. അച്ഛന്‍ കൂടെ വരുമെന്നായിരുന്നു അതുവരെയും എന്റെ മനസ്സില്‍. ആ വാക്കുകള്‍ ഒരു കാര്യം ഉറപ്പിച്ചു- ഇനി ഒരിക്കലും ഞാന്‍ അച്ഛനെ കാണില്ല. 

കയറില്‍ നിരങ്ങി ബോട്ട് താഴേക്ക്. മുകളില്‍ അങ്കലാപ്പും ഭയവും തിരിയിടുകയായിരുന്നു. പരിഭ്രാന്തിയോടെ ഓടിയെത്തിയവര്‍ക്ക് കയറാന്‍ ബോട്ടില്ല. അതിവേഗം നീങ്ങുന്ന ബോട്ടിലിരുന്ന് അകന്നുപോകുന്ന കപ്പലിലേക്ക് ഞാന്‍ കണ്ണിമ ചിമ്മാതെ നോക്കി. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം. പക്ഷേ, നിലാവുണ്ടായിരുന്നില്ല. അരണ്ട വെളിച്ചത്തില്‍ കപ്പലിന് പിറകില്‍ നിന്ന മഞ്ഞുമല തിളങ്ങി. നിലവിളികള്‍ നിലാവില്ലാത്ത രാത്രിയുമായി കൊരുത്തുകയറി. 
 

അറ്റ്‌ലാന്റിക്കിന്റെ മരണത്തണുപ്പില്‍ ബോട്ട് നിര്‍ത്താതെ മുന്നോട്ട്. പതിയെ, കപ്പലിലെ വിളക്കുകള്‍ ചിമ്മിച്ചിമ്മി കണ്ണടച്ചു. ഇരുട്ടത്ത് കപ്പല്‍ രണ്ടായി പിളരുന്നത് ഞാന്‍ തെളിവോടെ കണ്ടു. കറുത്ത ആകാശപ്പരപ്പിന് താഴെ, മരണത്തിലേക്ക് ആഴ്ന്നുപോകുന്ന പ്രിയപ്പെട്ടവരുടെ നിലവിളികള്‍ മുഴങ്ങി. കപ്പല്‍ കടലിന്റെ ഇരുളിലേക്ക്... 

വിധിയുടെ പരുഷതയില്‍ പ്രതിഷേധിച്ചുള്ള അലര്‍ച്ച... നിസ്സഹായതയുടെ ആര്‍ത്തനാദം... നോവിന്റെ രോദനം.. 
പിന്നെ, എല്ലാ ശബ്ദങ്ങളെയും കടലെടുത്തു.  

വര്‍ഷങ്ങളോളം ആ രാത്രിയെ വാക്കുകളില്‍ പകര്‍ത്താന്‍ അമ്മ വിസമ്മതിച്ചു. പിന്നീടെപ്പോഴോ അമ്മ പറഞ്ഞു. എല്ലാം ഒടുങ്ങിയപ്പോള്‍ മുഴങ്ങിയ നിശ്ശബ്ദതയെപ്പറ്റി. ലോകം നിശ്ചലമായ നിന്ന നിമിഷത്തെപ്പറ്റി.

ഞങ്ങള്‍ കയറിയിരുന്ന ബോട്ടില്‍ ഇനിയും ഇടമുണ്ടായിരുന്നു. അതുപോലെ ഒഴിവുള്ള ബോട്ടുകള്‍ വേറെയുമുണ്ടായിരുന്നു. അത്തരം ബോട്ടുകളെ അടുപ്പിച്ച് ആളുകളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിരുത്തി. ഞാനും അമ്മയും വെവ്വേറെ ബോട്ടുകളിലായി. മരവിപ്പായിരുന്നു എന്റെ മനസ്സില്‍. അമ്മ അടുത്തില്ല എന്ന് മാത്രമേ എനിക്ക് ചിന്തിക്കാന്‍ പറ്റിയുള്ളൂ. 

ചക്രവാളത്തില്‍ ഒരു കപ്പല്‍ കണ്ടു. ബോട്ടുകളില്‍ നിന്ന് ആകാശത്തേക്ക് പ്രതീക്ഷയുടെ നിറമുള്ള തീ പറന്നു. പക്ഷേ, ആ കപ്പല്‍ അടുത്തേക്ക് വന്നില്ല. ഇരുട്ടിന്റെ ദൂരങ്ങളിലേക്ക് അത് അകന്നകന്നുപോയി. മരവിച്ച മരണത്തിന് ഞങ്ങളെ വിട്ടുകൊടുത്തുകൊണ്ട്.      

കാര്‍പാത്യ എന്ന ചെറുകപ്പലാണ് ഒടുവില്‍ ഞങ്ങളുടെ രക്ഷയ്‌ക്കെത്തിയത്. കപ്പലില്‍ നിന്ന് കയറേണികള്‍ എറിഞ്ഞുതന്നു. ആടിയുലയുന്ന കയറേണിയില്‍ തൂങ്ങിപ്പിടിച്ച് മുകളിലേക്ക് കയറണം. കാലൊന്ന് തെന്നിയാല്‍, കയ്യൊന്നു വഴുതിയാല്‍ കടല്‍ വിഴുങ്ങും. മുതിര്‍ന്നവര്‍ അങ്ങനെ കയറിപ്പോയി. ഞങ്ങള്‍ കുട്ടികളെ ചാക്കില്‍ കയറ്റി. കപ്പലില്‍ നിന്ന് താഴേക്കിട്ടുതന്ന വലകളില്‍ കുട്ടിച്ചാക്കുകള്‍ നിറച്ച് മുകളിലേക്ക് വലിച്ചുകയറ്റി. 

അപരിചതര്‍ക്കിടയില്‍ ഭയന്നുവിറച്ച്, ഒറ്റപ്പെട്ട്, കാണുന്ന മുഖങ്ങള്‍ക്കിടയില്‍ അമ്മയെ പരതിയ മണിക്കൂറുകള്‍. ഒടുവില്‍, ഞാനെന്റെ അമ്മയെ കണ്ടു. ഞാന്‍ വെള്ളത്തില്‍ വീണുവെന്ന് കരുതി തകര്‍ന്നിരിക്കുകയായിരുന്നു അമ്മ. അടുത്ത പകല്‍ മുഴുവന്‍ സ്ത്രീകള്‍ ആ കപ്പലില്‍ ഉറ്റവരെ തിരഞ്ഞു. അച്ഛനോ, സഹോദരനോ, ഭര്‍ത്താവോ, മകനോ ജീവനോടുണ്ടാകുമെന്ന പ്രത്യാശയോടെ. പക്ഷേ, ആരും ആരെയും കണ്ടെത്തിയില്ല. 

രണ്ട് മഹായുദ്ധങ്ങള്‍ കൂടി ജീവിതം ഇവയ്ക്ക് കാട്ടിക്കൊടുത്തു. 1996ല്‍ മരണം മൗനം പുതപ്പിക്കുന്നത് വരെ ചാഡ് വെല്‍ ഹീതിലെ വീട്ടിലിരുന്ന് ഇവ പലയാവര്‍ത്തി തന്റെ സ്മൃതിവഴികളിലേക്കിറങ്ങി. 

അര്‍ധരാത്രിയോടടുത്ത് ഉണ്ടായ അപകടം. പിന്നെയും രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ടൈറ്റാനിക് മുങ്ങി - ആയിരത്തി അഞ്ഞൂറിലധികം ജീവനുകളുമായി.  ഇപ്പോഴിതാ, ടൈറ്റാനിക്കിന്റെ ശേഷിപ്പുകള്‍ കാണാന്‍ പോയ ഏതാനും ജീവനുകള്‍ കൂടി പൊലിഞ്ഞിരിക്കുന്നു. മനുഷ്യചരിത്രത്തില്‍ ടൈറ്റാനിക് എന്നും നഷ്ടങ്ങളുടെ, വേര്‍പാടിന്റെ മൃത്യുനൗകയാണ്. 

Content Highlights: eva hart recounting her memories of titanic