വിവാഹനിശ്ചയത്തിന് മുമ്പ് ഈ നിർണായക ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയോ?

പ്രതീകാത്മകചിത്രം/AI
പ്രതീകാത്മകചിത്രം/AI

വിവാഹത്തെക്കുറിച്ച് സംസാരിക്കുക എളുപ്പമാണ്. എന്നാൽ വിവാഹജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ പല പങ്കാളികളും സമയം കണ്ടെത്താറില്ല. വിവാഹനിശ്ചയത്തിലേക്ക് അടുക്കുമ്പോൾ വിവാഹച്ചടങ്ങുകളെക്കുറിച്ചുള്ള ചർച്ചകളാണ് പലപ്പോഴും മുൻപന്തിയിലെത്തുന്നത്. എന്നാൽ യഥാർഥത്തിൽ ചർച്ച ചെയ്യേണ്ടത് ഒരുമിച്ച് ജീവിക്കുന്ന ജീവിതത്തെക്കുറിച്ചാണ്. 'കുട്ടികൾ വേണം' അല്ലെങ്കിൽ 'സാന്പത്തികകാര്യങ്ങളിൽ ഞങ്ങൾ ശ്രദ്ധാലുക്കളാണ്' എന്നീ പൊതുവായ അഭിപ്രായങ്ങൾ മാത്രം മതിയാകില്ല. അതിനു പിന്നിലെ പ്രതീക്ഷകളും തീരുമാനങ്ങളും വ്യത്യസ്തമായിരിക്കാം. പിന്നീട് വലിയ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇതുതന്നെ കാരണമാകാം. വിവാഹത്തിന് മുമ്പ് ചില നിർണായക ചോദ്യങ്ങൾ സ്വയം ചോദിക്കുകയും പങ്കാളിയുമായി തുറന്ന് സംസാരിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ദാമ്പത്യത്തിന് അടിത്തറയാകുമെന്ന് റിലേഷൻഷിപ്പ് വിദഗ്ധർ പറയുന്നു.

  1. വിവാഹം കഴിക്കണമെന്നത് സ്വന്തം തീരുമാനമാണോ അതോ പ്രായക്കൂടുതലായി എന്ന തോന്നലുകൊണ്ടോ മറ്റ് സമ്മർദങ്ങൾ കൊണ്ടാണോ എന്ന് സ്വയം ചിന്തിക്കുക. പ്രായം, ബന്ധുക്കളുടെ ചോദ്യങ്ങൾ, സുഹൃത്തുക്കളുടെ വിവാഹങ്ങൾ എന്നിവയുടെ സമ്മർദമാണോ ഈ തീരുമാനത്തിന് പിന്നിലെന്ന് ആദ്യം സ്വയം വിലയിരുത്തുക.
  2. വിവാഹം കഴിഞ്ഞാൽ പങ്കാളിയുടെ സ്വഭാവമോ ശീലങ്ങളോ മാറുമെന്ന പ്രതീക്ഷ യാഥാർഥ്യമാണോ? ആ മാറ്റങ്ങളെക്കുറിച്ച് ഇരുവർക്കും ധാരണയുണ്ടോ?
  3. എല്ലാ പ്രധാന തീരുമാനങ്ങളും ഒരുമിച്ച് എടുക്കുന്നതായിരിക്കും എന്നതിനെക്കുറിച്ച് വ്യക്തത വേണം.
  4. വരുമാനം, വായ്പകൾ, ബാധ്യതകൾ, കുടുംബസഹായം എന്നിവയെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത് അനിവാര്യമാണ്. എല്ലാ വരുമാനവും ഒന്നിച്ചാക്കുമോ? വ്യക്തിഗത ചെലവുകൾ എങ്ങനെ കൈകാര്യം ചെയ്യും? വലിയ ഷോപ്പിങ്ങുകൾ ആരാണ് തീരുമാനിക്കുക? എന്നതിനെപ്പറ്റിയെല്ലാം പരസ്പര ധാരണയുണ്ടാകുന്നത് നല്ലതാണ്. 
  5. കുടുംബജീവിതത്തിൽ മാതാപിതാക്കളുടെ ഇടപെടൽ, കുടുംബസന്ദർശനങ്ങൾ, സ്വകാര്യകാര്യങ്ങൾ എന്നിവയെക്കുറിച്ച് മുൻകൂട്ടി സംസാരിക്കുക. കുടുംബാംഗങ്ങൾ അതിരുകൾ ലംഘിച്ചാൽ പങ്കാളി നിങ്ങളെ പിന്തുണയ്ക്കുമോ? സ്വകാര്യതയും പരസ്പര ബഹുമാനവും സംരക്ഷിക്കാൻ പങ്കാളി തയ്യാറാണോ എന്നതൊക്കെ പ്രധാനമാണ്.
  6. വീട്ടുജോലികൾ എങ്ങനെ പങ്കുവെക്കും? പാചകം, വൃത്തിയാക്കൽ, ബില്ലുകൾ, ചെറിയ വീട്ടുചുമതലകൾ എന്നിവ എങ്ങനെ വിഭജിക്കുമെന്ന് ചർച്ച ചെയ്യുക.
  7. ഇപ്പോൾ ബന്ധത്തിലെ മാനസികഭാരം (Mental Load) ആരാണ് കൂടുതലായി വഹിക്കുന്നത്? എല്ലാം ഓർമ്മിപ്പിക്കുകയും പദ്ധതിയിടുകയും ചെയ്യുന്ന ചുമതല ഒരാൾക്കുമാത്രമാണോ എന്ന് വിലയിരുത്തുക.
  8. അഭിപ്രായവ്യത്യാസങ്ങൾ ഭയമില്ലാതെ പറയാൻ കഴിയുമോ? വിയോജിപ്പ് പ്രകടിപ്പിക്കുമ്പോൾ പങ്കാളിയുടെ പ്രതികരണം നല്ല രീതിയിലാണെങ്കിൽ ആരോഗ്യകരമായ ബന്ധത്തിന്റെ സൂചനയാണ്.
  9. വഴക്കിന് ശേഷം എങ്ങനെ ഒത്തുതീർപ്പിലെത്തുന്നു? ക്ഷമ ചോദിക്കുന്നത് മാത്രമല്ല, അതിന് ശേഷം പെരുമാറ്റത്തിൽ മാറ്റമുണ്ടാകുന്നുണ്ടോ എന്നും ശ്രദ്ധിക്കുക.
  10. കുട്ടികളെക്കുറിച്ച് വിശദമായി സംസാരിച്ചിട്ടുണ്ടോ? 'കുട്ടികൾ വേണം' എന്നതിലുപരി എപ്പോൾ വേണം, വളർത്തൽ എങ്ങനെയാകും, ഗർഭധാരണത്തിന് ബുദ്ധിമുട്ടുണ്ടായാൽ എന്തുചെയ്യും തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യണം. കുട്ടിക്കാലത്തെ അനുഭവങ്ങൾ പലപ്പോഴും രക്ഷാകർതൃത്വത്തെ സ്വാധീനിക്കും. അതിനെക്കുറിച്ച് സംസാരിക്കുന്നത് പരസ്പരം കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.
  11. ലൈംഗികജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ കഴിയുമോ? ആഗ്രഹങ്ങളും പരിധികളും അസൗകര്യമില്ലാതെ പങ്കുവെക്കാൻ കഴിയുന്ന ബന്ധമാണ് ആരോഗ്യകരം.
  12. വിശ്വാസവഞ്ചന (Infidelity) എന്നതിന് ഇരുവരുടെയും നിർവചനം ഒന്നാണോ? ഓൺലൈൻ സന്ദേശങ്ങൾ, രഹസ്യബന്ധങ്ങൾ, സോഷ്യൽ മീഡിയ ഇടപെടലുകൾ എന്നിവയെക്കുറിച്ചും വ്യക്തത വേണം.
  13. ഒരാളുടെ കരിയറിനായി മറ്റൊരാൾ എത്രത്തോളം വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണ്?ജോലിസ്ഥലമാറ്റം, സ്ഥാനക്കയറ്റം, കൂടുതൽ ജോലി സമയം എന്നിവ കുടുംബജീവിതത്തെ എങ്ങനെ ബാധിക്കുമെന്നത് മുൻകൂട്ടി ചർച്ച ചെയ്യുക.
  14. ഒരാൾക്ക് ഗുരുതരമായ അസുഖം വന്നാൽ എന്ത് ചെയ്യും? ആരോഗ്യവിവരങ്ങൾ, കുടുംബരോഗചരിത്രം, പരിചരണച്ചുമതലകൾ എന്നിവയെക്കുറിച്ച് സത്യസന്ധമായ സംഭാഷണം ആവശ്യമാണ്.
  15. വിവാഹം രണ്ട് വർഷം വൈകിയാലും ഈ ബന്ധത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ടാകുമോ?വിവാഹച്ചടങ്ങ് മാറ്റിവെച്ചാലും ബന്ധം അതേപോലെ ഉറച്ചതാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യം തീരുമാനത്തെ കൂടുതൽ വ്യക്തതയോടെ കാണാൻ സഹായിക്കും.

ഒരു ബന്ധത്തിലും എല്ലാ പ്രശ്‌നങ്ങൾക്കും മുൻകൂട്ടി പരിഹാരം കണ്ടെത്താനാവില്ല. എന്നാൽ ഈ ചോദ്യങ്ങൾ ചോദിക്കുന്നത് ഉത്തരങ്ങൾ കണ്ടെത്താൻ മാത്രമല്ല, പങ്കാളി എങ്ങനെ കേൾക്കുന്നു, അഭിപ്രായവ്യത്യാസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു, ഭാവിയെക്കുറിച്ച് എത്രത്തോളം സത്യസന്ധമായി സംസാരിക്കുന്നു എന്നിവ മനസ്സിലാക്കാൻ സഹായിക്കും. കാരണം, വിജയകരമായ വിവാഹത്തിന്റെ അടിത്തറ ആഘോഷങ്ങളല്ല, തുറന്ന ആശയവിനിമയവും പരസ്പര ബഹുമാനവുമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: essential-questions-to-ask-before-marriage