'സുസ്മിത പണംകണ്ടിട്ടല്ല ഞാനുമായി പ്രണയത്തിലായത്, ചെലവുകൾ തന്ന് കൂടെനിർത്തുന്ന കാമുകനായിരുന്നു ഞാൻ'

ലളിത് മോദി, സുസ്മിത സെൻ | Instagram
ലളിത് മോദി, സുസ്മിത സെൻ | Instagram

ബിസിനസുകാരനും ഐ.പി.എൽ ചെയർമാനുമായിരുന്ന ലളിത് മോദിയും മുൻ വിശ്വസുന്ദരിയും നടിയുമായ സുസ്മിത സെന്നും തമ്മിലുള്ള പ്രണയം ഒരുകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ലളിത് മോദി 2022-ൽ സുസ്മിതയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം എല്ലാവരുമറിഞ്ഞത്. തങ്ങൾ പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റായിരുന്നുവത്. എന്നാൽ, അവർ മാസങ്ങൾക്കുള്ളിൽ പിരിഞ്ഞു. ബ്രേക്കപ്പ് ആയെന്ന് സുസ്മിത തുറന്നുപറഞ്ഞെങ്കിലും, ലളിത് മോദി അന്നൊക്കെ മൗനം പാലിക്കുകയായിരുന്നു. ആ പ്രണയകാലത്തെക്കുറിച്ച് ഒരിക്കൽ സുസ്മിത വിശേഷിപ്പിച്ചത്, ജീവിതത്തിലെ മറ്റൊരു കാലഘട്ടമെന്നാണ്.

പക്ഷേ ലളിത് മോദി സുസ്മിതയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ, പലരും സുസ്മിതയെ വിമർശിച്ചു. 'ഗോൾഡ് ഡിഗ്ഗർ' എന്നാണ് അന്നവർ താരത്തെ വിളിച്ചത്. സുഷ് ഇതിനെതിരെ ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടെങ്കിലും, ട്രോളൻമാർ പിൻമാറിയില്ല. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം സംസാരിക്കുകയാണ് ലളിത് ഇപ്പോൾ. ഹ്യൂമൻസ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തിലാണ് ലളിത്തിന്റെ തുറന്നുപറച്ചിൽ.

'സുന്ദരി, സക്‌സസ്ഫുൾ ലേഡി, സെൽഫ് മെയ്ഡ് വുമൺ' എന്നാണ് സുസ്മിതയെ ലളിത് വിശേഷിപ്പിക്കുന്നത്. ''എനിക്കറിയാവുന്ന മറ്റാരെക്കാളും കൂടുതൽ വജ്രങ്ങൾ അവൾക്കുണ്ട്. എല്ലാം സ്വയം സമ്പാദിച്ചതാണ്. ഡയമണ്ട് സ്റ്റോറുകൾ വരെ സുസ്മിതയ്ക്കുണ്ട്. വളരെയധികം ധനികയാണവർ. ഞങ്ങൾ പുറത്തുപോവുമ്പോഴെല്ലാം ബില്ലുകൾ അടച്ചിരുന്നതെല്ലാം അവൾ തന്നെയായിരുന്നു. ഒരിക്കൽ പോലും എനിക്ക് പണംനൽകേണ്ടി വന്നിട്ടില്ല. ഞാൻ പണവും ചെലവുകളും തന്ന് കൂടെനിർത്തുന്ന ഒരു കാമുകനെപ്പോലെയായിരുന്നു. അവൾ ആരിൽനിന്നും ഒന്നും സ്വീകരിക്കില്ല. അങ്ങനെയുള്ള സുസ്മിതയെ 'ഗോൾഡ് ഡിഗ്ഗർ' എന്ന് വിളിക്കുന്നത് തികച്ചും തെറ്റാണ്. അവൾ ശരിക്കൊരു വജ്രമാണ്. അവൾ ഞാനുമായി പ്രണയത്തിലായത് എന്റെ പണംകണ്ടിട്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ അല്ല''.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായാണ് സുസ്മിതയെ ലളിത് കാണുന്നത്. ''പല കാര്യങ്ങളിലും വളരാൻ അവൾ എന്നെ സഹായിച്ചു. അക്കാലത്ത് എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു അവൾ. അത് വളരെ പ്രത്യേകമായ ഒരു ബന്ധമായിരുന്നു. പക്ഷേ ഞങ്ങൾക്കിടയിലെ അകലം അതിനെ ബാധിച്ചു. സുസ്മിതയുടെ കരിയർ ഇന്ത്യയിലായിരുന്നു, എന്റെ ജീവിതം ലണ്ടനിലും. എനിക്ക് അവരെക്കുറിച്ചുള്ള ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളുണ്ട്, അവർ ഇപ്പോഴും വളരെ പ്രിയപ്പെട്ട ഒരു സുഹൃത്താണ്''.

2022-ലെ വൈറലായ പോസ്റ്റിനെക്കുറിച്ചും ലളിത് സംസാരിച്ചു. ''ഞാൻ സുസ്മിതയുടെ മുന്നിൽവെച്ചാണിത് ചെയ്തത്. ഞാനത് പോസ്റ്റ് ചെയ്യുമെന്ന് അവൾ കരുതിയിരുന്നില്ല. വിമാനത്തിലെ എന്തോ കാര്യത്തെക്കുറിച്ച് ഞങ്ങൾ തർക്കിക്കുകയായിരുന്നു, 'നീ ഇത് പോസ്റ്റ് ചെയ്യാൻ പോകുന്നില്ല' എന്ന് അവൾ പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് ബട്ടൺ അമർത്തി. ഞങ്ങൾ ലാൻഡ് ചെയ്തപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു. പക്ഷേ അതിൽ തെറ്റൊന്നുമില്ല. അവൾ എന്നോടത് നീക്കം ചെയ്യാൻ ഒരിക്കലും ആവശ്യപ്പെട്ടില്ല, അങ്ങനെ ചെയ്യാൻ ഞാൻ ഒരിക്കലും ചിന്തിച്ചിട്ടുമില്ല. കുറച്ച് ദിവസത്തേക്ക്, എല്ലാവരും അതിനെക്കുറിച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ എന്ന് തോന്നി. അതിൽ ഒരു മിനിറ്റ് പോലും ഞാൻ ഖേദിക്കുന്നില്ല,'' ലളിത് മോദി പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Lalit Modi refutes claims that Sushmita Sen was a gold digger. Modi emphasizes Sushmita's financial independence and self-made success