സ്വന്തം കുടുംബത്തിന്റെയടക്കം യഥാര്‍ഥമുഖം മനസ്സിലാകുന്നത് ദാമ്പത്യം ഉപേക്ഷിക്കുന്ന ചർച്ചയിലാണ്

വിടുതിക്കാലത്തിന്റെ അടുത്ത എപ്പിസോഡ് എന്നെ സംബന്ധിച്ചിടത്തോളം പൂര്‍ണമായല്ലെങ്കിലും ആശ്വാസകരമായിരുന്നു. വിവാഹബന്ധത്തിന്റെ ശോചനീയാവസ്ഥ മനസ്സിലായിട്ടും അത് തുടരണമെന്ന കാര്യത്തില്‍ ഞങ്ങളിരുവരുടെയും ബന്ധുക്കള്‍ ഏകാഭിപ്രായക്കാരായിരുന്നല്ലോ. അവരുടെ മുന്നിലേക്ക് ബന്ധമോചനത്തിനുവേണ്ടി മൂര്‍ത്തമായതും ഗുരുതരവുമായ ഒരു കാരണം അവതരിപ്പിക്കാനുതകിയല്ലോ എന്നൊരാശ്വാസത്തില്‍ ഞാന്‍ അഭയം തേടി. അതുവരെ കാര്യങ്ങള്‍ മനസ്സിലാക്കാത്തവരും അങ്ങനെ നടിച്ചവരുമായവര്‍, അകത്തൊന്ന് പുറത്തൊന്ന് എന്ന നിലയില്‍ പെരുമാറുന്ന മരുമകന്റെ സ്വഭാവത്തെക്കുറിച്ച് ഏകദേശധാരണയിലെത്തിയിരുന്നു. എങ്കിലും അദ്ദേഹം കുടുംബത്തിന്റെയും സ്‌നേഹത്തിന്റെയും പേരുപറഞ്ഞ് വീണ്ടുമെത്തുമെന്നും അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.
''വിവാഹമോചനമൊന്നും നടക്കില്ല. അവന്‍ അവളെ ജീവിക്കാന്‍ സമ്മതിക്കില്ല.''അവര്‍ പറഞ്ഞു. അതിനെക്കുറിച്ച് സംസാരിച്ച ഏതാണ്ട് മുഴുവന്‍പേരോടും അങ്ങനെയൊരു ഭീഷണി അദ്ദേഹം മുഴക്കിയിരുന്നതായി ഞാന്‍ പിന്നീടറിഞ്ഞു. അത് അദ്ദേഹം മാത്രമല്ല ഇത്തരമൊരു സാഹചര്യത്തിലെത്തിച്ചേരുന്ന പല പുരുഷന്മാരും നടത്തുന്നതാണ്. ഭര്‍ത്താവിനാലോ കാമുകനാലോ കൊല്ലപ്പെടുകയോ ദാമ്പത്യത്തകര്‍ച്ച കാരണം ആത്മഹത്യ ചെയ്യുകയോ ചെയ്യുന്ന സ്ത്രീകളുടെ വാര്‍ത്തയ്ക്കുതാഴെ കൊലപാതകിക്ക് പിന്തുണയും ഇരയ്ക്ക് കൊലവിളികളുമായെത്തുന്ന സമാനചിന്താഗതിക്കാരെ കാണാം. ഭര്‍ത്താവില്‍നിന്ന് വിടുതല്‍ നേടുന്ന സ്ത്രീകള്‍ക്കുള്ള സ്വാഭാവികമായ തിരിച്ചടിയായി അതിനെയെല്ലാം കാണുന്ന സാമാന്യബോധം.
കരച്ചിലും ക്ഷമാപണവുമായി ഭര്‍ത്താവും പിന്തുണക്കാരും വീണ്ടുമെത്തുമെന്നും കാര്യങ്ങള്‍ ഏതാണ്ട് ആവര്‍ത്തിക്കുമെന്നും ഉറപ്പുള്ള ഞാന്‍ എത്രയും വേഗം ഗവേഷണപ്രബന്ധമെഴുതി പൂര്‍ത്തിയാക്കുന്നതാവും കരണീയമെന്ന തീരുമാനത്തിലെത്തി. ആ ദിവസങ്ങളില്‍ എനിക്കൊപ്പം മക്കളും നന്നായി കഷ്ടപ്പെട്ടിരുന്നു. ദിവസം എണ്‍പതുകിലോമീറ്റര്‍ യാത്രയും ജോലിയും കഴിഞ്ഞ് വീട്ടിലെത്തി കുട്ടികളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് പതിനൊന്നരയ്ക്കാണ് എഴുത്തുതുടങ്ങുക. ഒരുദിവസം നാലുപേജെങ്കിലും എഴുതണമെന്ന നിര്‍ബന്ധമായിരുന്നു.
പല ദിവസങ്ങളിലും വീട്ടില്‍ സംഘര്‍ഷങ്ങളുണ്ടായി. കുടുംബത്തിന്റെ കാര്യത്തില്‍ അശ്രദ്ധയും ഉപേക്ഷയും വിചാരിക്കുന്നുവെന്ന ആരോപണമായിരുന്നു മുന്നില്‍. വാസ്തവത്തില്‍, ദാമ്പത്യം വേണ്ട എന്ന തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നതായിരുന്നു ശരിയായ പ്രശ്‌നം. ബാക്കിയൊക്കെ അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്നതാണ്. കുടുംബത്തിന്റെ പിന്തുണയില്ലെങ്കില്‍ ഒരു ഗവേഷണവും നടക്കില്ല. ജോലികളില്‍ സഹായിക്കുന്നതുമാത്രമല്ല, ഗവേഷണത്തിനുള്ള മാനസികവും ധാര്‍മികവുമായ പിന്തുണയും വളരെ പ്രധാനമാണ്. നിര്‍ഭാഗ്യത്തിന് ഇരുവശങ്ങളില്‍നിന്നും എനിക്കത് കിട്ടിയില്ല. സ്വന്തം വീട് സ്ത്രീകള്‍ക്ക് അതല്ലാതായി മാറുന്ന സാഹചര്യങ്ങളുണ്ട്. ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്പോഴൊക്കെ അതെനിക്ക് കൃത്യമായി അനുഭവപ്പെടുകയും ചെയ്തു. അധികം സ്ത്രീകള്‍ക്കും സ്വന്തം കുടുംബത്തിന്റെയടക്കം യഥാര്‍ഥ മുഖം മനസ്സിലാകുന്നത് ദാമ്പത്യം ഉപേക്ഷിക്കുന്നതിനെപ്പറ്റി നടക്കുന്ന ചര്‍ച്ചകളിലാണെന്ന് പറഞ്ഞല്ലോ. അതുവരെ മൂഢസ്വര്‍ഗത്തിലായിരുന്ന പലരും അപ്പോഴാണ് യാഥാര്‍ഥ്യത്തിലേക്കുവരിക. ഇത് പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. വിവാഹബന്ധം ഒഴിവാക്കാന്‍ താത്പര്യപ്പെടുന്ന സ്ത്രീയെക്കാള്‍ സമ്മര്‍ദത്തിലായിരിക്കും അവരുടെ കുടുംബം എന്നതാണ് ഇതിനൊരു കാരണം. അതുകൊണ്ട് അവളെ പിന്തുണയ്ക്കുന്നത് അഭിമാനകരമായി കാണില്ല.
പുരുഷന്മാര്‍ ആഘോഷാവസരങ്ങളില്‍ മദ്യപിക്കുന്നതും അലമ്പാകുന്നതുമൊക്കെ എത്രയോ കാലങ്ങളായുള്ള നാട്ടുനടപ്പാണ്, അതിനൊന്നും ഇത്ര ഗൗരവം കൊടുക്കേണ്ടതില്ല എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പുചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ തീരുമാനമെന്ന് ഞാനറിഞ്ഞു.
അവളും അത്ര മോശക്കാരിയല്ലല്ലോ; വായില്‍ത്തോന്നിയത് വിളിച്ചുപറഞ്ഞിരിക്കാം, അതയാളെ അരിശം പിടിപ്പിച്ചതാവാം. കുടുംബത്തിരിക്കുന്ന പെണ്ണുങ്ങള്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കി പെരുമാറുന്നതിനുപകരം എടുത്തുചാടി ഇറങ്ങിപ്പോകുകയാണോ വേണ്ടത്? കുറച്ച് ചോറ് പോയെങ്കിലെന്താ, വേറെ ചോറ് അടുക്കളയിലുണ്ടായിരുന്നല്ലോ. അതെടുത്ത് ഐശ്വര്യമായി വിളമ്പണമായിരുന്നു. എത്ര കുടിച്ചാലും ഒരുറക്കം കഴിയുമ്പോള്‍ കെട്ട് വിടുന്നവരാണ് ആണുങ്ങള്‍, പ്രത്യേകിച്ച് അയാള്‍. അല്ലാതെ സ്‌നേഹമില്ലായ്മയൊന്നുമല്ല. അതാണല്ലോ ഭര്‍ത്താവ് തടഞ്ഞിട്ടും ഇറങ്ങിപ്പോയവളെ വിളിക്കാന്‍ അമ്മാവന്റെവീട്ടില്‍ അയാള്‍ താഴ്ന്നുചെന്നത്. അയാളൊന്നും അങ്ങനെ കിഴിയുന്ന കൂട്ടത്തിലല്ല; വലിയ അഭിമാനിയാണ്. ഒന്നുമില്ലെങ്കിലും വലിയ തറവാട്ടുകാരാണല്ലോ.
ജാതിയും തറവാടും സാമൂഹിക പദവിയുമൊക്കെ ഭ്രമിപ്പിക്കുന്നതിനപ്പുറമുള്ള ഒരു മനോനിലയിലേക്ക് എത്തിച്ചേര്‍ന്നിരുന്നതിനാല്‍, നടന്ന സംഭവങ്ങള്‍ക്ക് മാപ്പില്ല എന്ന് ഞാന്‍ ഒറ്റക്കാലില്‍ നിന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ഒരുതവണ മാപ്പുകൊടുത്താല്‍ അടുത്തത് അതിനേക്കാള്‍ ഗ്രേഡ് കൂടിയതായിരിക്കുമെന്നുറപ്പാണ്. എങ്കിലും മൊത്തത്തില്‍ പിടി വഴുതുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ബന്ധം ഔദ്യോഗികമായി വേര്‍പ്പെടുത്താന്‍ മറ്റൊരു 'ഗൗരവ'മുള്ള കാരണംകൂടി വേണ്ടതുണ്ട്; അതെനിക്ക് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും. അതില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും. മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്തുകരുതുമെന്ന നാണക്കേടിനെക്കുറിച്ച് ഇനി ചിന്തിക്കേണ്ടതില്ലല്ലോ. അത്യാവശ്യം ആള്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ അറിഞ്ഞിട്ടുണ്ട്.
ലോകത്തോടുമുഴുവന്‍ വാശിപിടിച്ച് ജീവിക്കുന്നതിനിടയിലും ഞാന്‍ തകൃതിയായി തീസിസ് എഴുതി. പല ദിവസങ്ങളിലും ഉറങ്ങാതെ പണിയെടുത്തു. ഭര്‍തൃഗൃഹത്തിലേക്ക് കൂടും കുടുക്കയുമായി പോകണമെന്ന മാമൂലില്ലാതെ ക്രിസ്മസ് അവധി കഴിഞ്ഞു.
ആദ്യഗര്‍ഭകാലത്ത് ഭര്‍തൃഗൃഹത്തിനടുത്ത് ഞങ്ങള്‍ വാടകയ്ക്ക് താമസിച്ച കാര്യം പറഞ്ഞല്ലോ. അന്ന് ഏറ്റവുമധികം സഹായിച്ചത് ഭര്‍ത്താവിന്റെ ഒരു ബാല്യകാല സുഹൃത്തും ഭാര്യയുമായിരുന്നു. ഈ സുഹൃത്ത് തുടര്‍ന്നുള്ള ഞങ്ങളുടെ വീടുമാറ്റങ്ങളിലൊക്കെ സഹായിയായി ഒപ്പമുണ്ടായിരുന്നയാളാണ്. ഒരു സന്ധ്യയ്ക്ക് അദ്ദേഹത്തിന്റെ ഫോണ്‍ വരുന്നു. ഞാന്‍ പിണങ്ങി ജീവിക്കാതെ അടിയന്തരമായി എറണാകുളത്തേക്ക് ചെല്ലണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ ജീവിതം കൈവിട്ടുപോകുമെന്ന് പറഞ്ഞു. എന്റെ ജീവിതം നിലവില്‍ കൈയും കാലുമൊക്കെ വിട്ട് അന്തരീക്ഷത്തില്‍ നില്‍ക്കുകയാണ് എന്ന് ഞാന്‍ മറുപടി പറഞ്ഞു. കുറേനേരത്തെ പൊരുത്തപ്പെടല്‍ അപേക്ഷയ്ക്കുശേഷം അദ്ദേഹം കാര്യമറിയിച്ചു. അവിടെ ഒരു പ്രണയം കൊടുമ്പിരിക്കൊണ്ടിട്ടുണ്ട്, അത് കുറച്ച് മുന്നേറിയിട്ടുമുണ്ട്.
കേട്ടപ്പോള്‍ വലിയ ഞെട്ടലുണ്ടായില്ല. ഭര്‍ത്താവിന് ഒരു കൂട്ടുകാരിയുള്ളത് എനിക്കറിയാമല്ലോ. അത് നടക്കട്ടെ എന്ന് ഞാന്‍ പറഞ്ഞു. അതല്ല മറ്റൊന്നാണ് എന്നുപറഞ്ഞ് റെക്കോഡ് ചെയ്ത ചില സംഭാഷണശകലങ്ങളും സന്ദേശങ്ങളും ആ സുഹൃത്ത് എന്റെ ഫോണിലേക്ക് അയച്ചുതന്നു. ഞാന്‍ എറണാകുളത്തേക്ക് ചെല്ലുമ്പോള്‍ കുഞ്ഞിനെ നോക്കിയും ജോലികള്‍ പങ്കിട്ടും എന്നെ സഹായിക്കാമെന്ന് ഭര്‍ത്താവിന് വാഗ്ദാനം നല്‍കിയ സ്ത്രീയുടെതായിരുന്നു അത്. അവര്‍ക്കൊപ്പം ബെംഗളൂരുവിലും കോയമ്പത്തൂരിലും എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങാന്‍ അദ്ദേഹം പോകാറുണ്ട്. ഒരിക്കല്‍ മക്കള്‍ക്ക് കൊണ്ടുവന്ന ബനിയന്‍തുണികള്‍കൊണ്ടുള്ള ഒരുകെട്ട് വസ്ത്രങ്ങളെപ്പറ്റി പെട്ടെന്ന് ഓര്‍മ്മവന്നു. പരസ്പരം കാണാതാകുമ്പോഴുള്ള ആകുലത വിങ്ങിനില്‍ക്കുന്ന ഫോണ്‍കോളുകളും സന്ദേശങ്ങളും ഞാന്‍ നിര്‍വികാരമായി കേള്‍ക്കുകയും കാണുകയും ചെയ്തു. പ്രണയത്തിനപ്പുറം അവര്‍ തമ്മില്‍ ശാരീരികബന്ധമാണുണ്ടായിരുന്നതെന്ന സൂചന, ചില ധനസഹായങ്ങളുടെ വിവരങ്ങള്‍- അങ്ങനെ സമ്പന്നമായിരുന്നു ആ ഫോണ്‍ റെക്കോഡ്‌സ്.
എന്റെ ഭര്‍ത്താവ് അവരാല്‍ 'ചേട്ടന്‍' എന്ന് സംബോധന ചെയ്യപ്പെട്ടിരിക്കുന്നത് ഞാന്‍ കണ്ടു. എന്തുകൊണ്ടാവും അതിലെന്റെ കണ്ണുടക്കിയിരിക്കുക? ആദ്യകാലത്ത് ഞാന്‍ പരീക്ഷിച്ചതും പിന്നീട് അടുപ്പം നഷ്ടമായപ്പോള്‍ ഉപേക്ഷിച്ചതുമായ സംബോധന. സ്‌നേഹമില്ലാത്ത ഒരാളെ സംബോധനയുടെ സാങ്കേതികതകൊണ്ടുമാത്രം സ്‌നേഹിക്കുന്നതായി നടിക്കുന്നതിന്റെ ആവശ്യകത എനിക്കൊരിക്കലും ബോധ്യപ്പെട്ടിരുന്നില്ലല്ലോ. പില്‍ക്കാലത്ത് ഇതിനൊക്കെയും പോംവഴികള്‍ ആരാഞ്ഞ് അശാന്തയായപ്പോള്‍ മനസ്സെടുത്ത് മാറ്റിവെച്ച് അഭിനയിച്ചുണ്ടാക്കുന്ന ഒരു ഉഭയജീവിതത്തിന്റെ സാധ്യതകളെപ്പറ്റി പല സുഹൃത്തുക്കളും സൂചിപ്പിച്ചിട്ടുണ്ട്. പലരും അതില്‍ വിജയിച്ചവരാണ്. അതും എനിക്ക് സ്വീകാര്യമായിരുന്നില്ല. സ്വീകരിച്ചാലും ദയനീയമായി പരാജയപ്പെടുകയേ ഉള്ളൂ എന്നെനിക്കുറപ്പായിരുന്നു.
''എന്തുവിലകൊടുത്തും രാജി പുള്ളീടെ ഒപ്പം പോണം. ഇതങ്ങനെ വിട്ടുകൊടുക്കരുത്, കുടുംബമാണ്. ഇപ്പോള്‍ തിരിച്ചുപിടിച്ചാലേ കിട്ടൂ.''സുഹൃത്ത് പറഞ്ഞു.
അത്ര ത്യാഗം സഹിച്ച് തിരിച്ചുപിടിക്കേണ്ട ഒന്നായി ആ ജീവിതം എനിക്ക് തോന്നിയില്ല. പക്ഷേ, ആ ഫോണ്‍കോളിന്റെ എല്ലാ വിശദവിവരങ്ങളും ഞാന്‍ സൂക്ഷിച്ചു. നാളെ ഇദ്ദേഹംതന്നെ അത് നിഷേധിച്ചാല്‍ എനിക്ക് പിടിവള്ളിയില്ലാതാവുമെന്ന തോന്നല്‍ കാരണം ഞങ്ങള്‍ സംസാരിച്ചുതുടങ്ങിയപ്പോഴേ ഞാന്‍ ഫോണിന്റെ റെക്കോഡ് ബട്ടണ്‍ അമര്‍ത്തിയിരുന്നു. ആ പ്രവൃത്തി തികഞ്ഞ അനൗചിത്യവും തെറ്റുമായിരിക്കാം. പക്ഷേ, അതപ്പോള്‍ എന്റെ മാത്രം ശരിയായിരുന്നു. ആ സ്ത്രീയുടെ ഫോണ്‍നമ്പര്‍ ഞാന്‍ പ്രത്യേകം എടുത്തുവെച്ചിരുന്നു. ഒരാള്‍ ഫോണ്‍ചെയ്ത് ചില കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടുമാത്രം നാം ആരെയും സംശയിക്കേണ്ടതില്ലല്ലോ. വസ്തുതകള്‍ അന്വേഷിക്കാം.
എനിക്ക് സങ്കടം തോന്നിയോ എന്നുചോദിച്ചാല്‍, സത്യം പറഞ്ഞാല്‍ ഇല്ല. എന്റെ ആയുധശേഖരത്തിലേക്ക് ഒന്നുകൂടിയായി എന്ന സമാധാനമായിരുന്നു മുന്നില്‍ എന്നോര്‍ക്കുന്നു. എനിക്ക് മറ്റുള്ളവരോട് പറഞ്ഞുനില്‍ക്കാന്‍ വീണുകിട്ടിയ കാരണം. അതിനപ്പുറത്ത് എനിക്കുണ്ടായ വൈകാരികവും ഭൗതികവുമായ നഷ്ടങ്ങളെക്കുറിച്ച് ആത്മാര്‍ഥമായി ചിന്തിച്ചില്ല. മനഃപൂര്‍വമായിരിക്കാം, മനസ്സിരുത്തി ആലോചിച്ചെങ്കില്‍ പ്രണയനഷ്ടത്തെപ്പറ്റിയൊക്കെ പതംപറഞ്ഞ് കരയാനുള്ള വകുപ്പുണ്ടായിരുന്നു. ഭര്‍ത്താവിന് മറ്റ് പ്രണയബന്ധങ്ങളും ശാരീരികബന്ധങ്ങളും ഉണ്ടാകുന്നത് സാധാരണഗതിയില്‍ ഭാര്യമാര്‍ക്ക് ദഹിക്കുകയോ സഹിക്കുകയോ ഇല്ല. എങ്കിലും സിനിമയിലൊക്കെ കാണുന്നതുമാതിരി ആകാശം തകര്‍ന്ന് ചുറ്റും വീണുകിടക്കുകയൊന്നുമില്ല. ആദ്യത്തെ പതര്‍ച്ചയ്ക്കും സങ്കടത്തിനും ശേഷം അവര്‍ ദാമ്പത്യജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കും. എന്റെ കാര്യത്തില്‍ അത്തരമൊരു നീക്കത്തിന് ഞാന്‍ മുതിര്‍ന്നില്ലെന്നേയുള്ളൂ. അദ്ദേഹം ഒരു താത്കാലിക ഇണയെ സ്വീകരിച്ചുവെന്ന കാര്യം പുറത്തറിഞ്ഞുവെന്നിരിക്കട്ടെ, സ്വാഭാവികമായും ചോദിക്കപ്പെടുന്ന ചോദ്യം നീ പോയി കൂടെ താമസിക്കാഞ്ഞാല്‍ അവനെന്തുചെയ്യും, അവനൊരാണല്ലേ എന്നതായിരിക്കുമെന്ന് ഉറപ്പാണ്. ഇതുവായിക്കുന്ന പലരും ഇപ്പോള്‍ത്തന്നെ അത് ചോദിച്ചുകഴിഞ്ഞിരിക്കും. അത്തരമൊരു ആനുകൂല്യം ഒരിക്കലും ഒരു സ്ത്രീക്കും ലഭിക്കാനും പോകുന്നില്ല.
ഭര്‍ത്താവിന്റെ ഇതരബന്ധങ്ങളെപ്പറ്റി അറിവുണ്ടാകുന്ന ലോകത്തെ ആദ്യത്തെ സ്ത്രീയൊന്നുമല്ല ഞാന്‍. ഇതില്‍ അത്തരത്തില്‍ തകര്‍ന്നുപോകാന്‍ യാതൊന്നുമില്ല എന്ന് മനസ്സിലാക്കുകതന്നെയാണ് ആദ്യം വേണ്ടത്. മനുഷ്യരായതുകൊണ്ടുതന്നെ അത് സ്വാഭാവികമാണ്. കേള്‍ക്കുമ്പോള്‍ ഇത്തിരി പ്രയാസം തോന്നുമെങ്കിലും അതൊരു സത്യമാണ്. ദമ്പതികള്‍ക്കിടയിലും സ്വകാര്യതകളുണ്ടാവും. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതുമായി കൂട്ടിക്കുഴയ്ക്കുന്നതാണ് പ്രശ്‌നം. അത് കുറച്ചുകൂടി വ്യക്തമാക്കാം. ഇത്തരം സ്വകാര്യതകളെക്കുറിച്ച് കൃത്യമായി ബോധ്യമുള്ള ദമ്പതികളെ സങ്കല്പിക്കുക. നിരവധി സൗഹൃദങ്ങള്‍ ഇരുവര്‍ക്കുമുണ്ട് എന്നും കരുതുക. അവയുടെ വിശദാംശങ്ങള്‍ മുഴുവന്‍ പരസ്പരം തുറന്നുപറയുകയെന്നത് ഇരുകൂട്ടര്‍ക്കും എത്രത്തോളം വേദനാജനകമായിരിക്കും! അതല്ല ദാമ്പത്യത്തിലെ വിശ്വസ്തതയുടെ മാനദണ്ഡം. സ്വകാര്യതയില്ലാതെ ജീവിക്കുകയെന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിജയസാധ്യതയില്ലാത്ത ഏര്‍പ്പാടുമാണ്. ദാമ്പത്യം പരസ്പരം 24 ത 365 നിരീക്ഷണമോ ചട്ടം പഠിപ്പിക്കലോ അല്ല. പരസ്പരമുള്ള ചില കണ്ണടയ്ക്കലുകള്‍കൂടിയാണ്. കാല്പനികമായ വിശേഷണങ്ങളൊന്നുമില്ലാതെതന്നെ വിജയകരമായി ആ യാത്ര നിര്‍വഹിച്ച പലര്‍ക്കും അത് മനസ്സിലായിട്ടുണ്ടാവും. അതുകൊണ്ട് അത്തരം ബന്ധങ്ങളുടെ പേരില്‍മാത്രം ആരെയും വിധിക്കുകയോ ക്രൂശിക്കുകയോ ചെയ്യേണ്ടതില്ല. അവ ചിലപ്പോള്‍ ആ മനുഷ്യര്‍ക്ക് അല്പകാലമെങ്കിലും തണലായിരുന്നിരിക്കാം. അതിന്റെ ബലത്തിലാവും അവര്‍ ചില നിരാശകളെയും തകര്‍ച്ചകളെയും മറന്ന് അവരവര്‍ക്ക് നിയുക്തമായ ഇടങ്ങളില്‍ത്തന്നെ പിന്നെയും തുടര്‍ന്നിരിക്കുക. അവരുടെ കടമകള്‍ തുടര്‍ന്നും ചെയ്തിരിക്കുക. എന്റെ ഭര്‍ത്താവിനും അത് ബാധകമാണ്. എനിക്കുനേരേയുണ്ടായ അനീതികളെയും അപമാനങ്ങളെയും അത്തരത്തില്‍ത്തന്നെ ഞാന്‍ നേരിടുകയാണ് വേണ്ടിയിരുന്നത്. അതിനുപകരം ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായുണ്ടായ ബന്ധങ്ങള്‍ ഹൈലൈറ്റ് ചെയ്തുകൊണ്ട് പ്രതികരിക്കുകയല്ല ചെയ്യേണ്ടിയിരുന്നത്. ഇതുരണ്ടും തികച്ചും വ്യത്യസ്തമായ രണ്ട് വിഷയങ്ങളാണ്. വ്യക്തിയുടെ അന്തസ്സിനെക്കുറിച്ച് ആ നിര്‍ണായകഘട്ടത്തില്‍ ഞാനും മറന്നുപോയി! അതിനകത്തുള്ള മറ്റുചില ബലതന്ത്രങ്ങളെക്കുറിച്ച് നമുക്ക് വീണ്ടും സംസാരിക്കാനുണ്ട്.
ദമ്പതികള്‍ ഒരുമിച്ചുജീവിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല വിവാഹേതരബന്ധങ്ങളുണ്ടാകുന്നതില്‍ നിര്‍ണായകമായ വസ്തുത. അങ്ങനെ വിശ്വസിച്ച് ഭര്‍ത്താവിനോടൊപ്പം സെല്ലോടോപ്പ്‌കൊണ്ട് കെട്ടിവരിഞ്ഞമട്ടില്‍ ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നിരവധി സ്ത്രീകളെ അറിയാം. ഞങ്ങളുടെ തലമുറയിലും തൊട്ടുമുന്‍തലമുറയിലും അവരുണ്ടായിട്ടുണ്ട്. ഗ്യാസ്‌ചേമ്പറിലെന്നോണം ജീവിച്ചുതീര്‍ത്ത ജീവിതത്തെക്കുറിച്ച് നിരാശയോടെ അവര്‍ നിങ്ങളോട് പറയും. പുരുഷന് അത്തരമൊരവസ്ഥയില്ലെന്നില്ല. അത്തരക്കാരും അങ്ങേയറ്റം സഹതാപാര്‍ഹരാണ്.
മുന്‍പൊരു സുഹൃത്തിനോട് മനസ്സുതുറന്നകാര്യം ഞാന്‍ സൂചിപ്പിച്ചത് ഓര്‍ക്കുമല്ലോ. അപകര്‍ഷതയാണ് അദ്ദേഹത്തിന്റെ പ്രശ്‌നമെന്നുതോന്നുന്നു എന്ന് പറഞ്ഞപ്പോള്‍ നിനക്കെന്തുണ്ടായിട്ടാണ് അയാള്‍ക്ക് അപകര്‍ഷത തോന്നേണ്ടത് എന്നാണയാള്‍ തിരിച്ചുചോദിച്ചത്. എത്രയോ കാലം എന്നെ ചവിട്ടിത്താഴ്ത്തിക്കളഞ്ഞ പ്രതികരണമായിരുന്നു അത്. എന്റെ മിശ്രജാതിനിലയും ശരീരസ്ഥിതിയും സാമ്പത്തികമായ ഇടിവുമൊക്കെയാണ് എന്റെ ഭര്‍ത്താവിന്റെ അതേ ജാതിനിലയിലുള്ള അയാളെക്കൊണ്ടത് പറയിച്ചത് എന്നെനിക്ക് മനസ്സിലായി. സ്വന്തം വില മനസ്സിലാവാതെ വാക്കുമുട്ടി അന്തസ്സിടിഞ്ഞ് നിന്നുപോയിട്ടുണ്ട് അന്ന്. അല്ലെങ്കില്‍ ഏത് ഇന്ത്യന്‍ സ്ത്രീയാണ് തനിക്ക് വിലയുണ്ടെന്ന് പഠിപ്പിക്കപ്പെടുന്നത്! അത്തരം സാഹചര്യങ്ങളില്‍ പെട്ടുപോകുന്ന സ്ത്രീക്ക് നിഷേധിക്കപ്പെടുന്ന പിന്തുണകളെക്കുറിച്ചാണ് നാം കൂടുതല്‍ ആലോചിക്കേണ്ടത്. കൂട്ടത്തില്‍ പറയട്ടെ, വ്യക്തിപരമായ സങ്കടങ്ങള്‍ പങ്കുവയ്ക്കാനുള്ളവരെ തിരഞ്ഞെടുക്കുമ്പോള്‍ വളരെ സൂക്ഷിക്കണം. നമുക്ക് താത്പര്യമുള്ളവരെല്ലാം നമ്മളോട് താത്പര്യമുള്ളവരായിക്കൊള്ളണമെന്നില്ല. മുറിവേറ്റുനില്‍ക്കുന്നവരെ നിരാശയുടെയും വേദനയുടെയും പടുകുഴിയിലേക്ക് തള്ളിയിടാന്‍ മിടുക്കുള്ളവരെ വിശ്വസിക്കരുത്. അത്തരക്കാരെയൊക്കെ പിന്നെയും കാണുമ്പോള്‍ ചിരിക്കേണ്ടിവന്നിട്ടുണ്ട്. എനിക്ക് ഏറെ പ്രിയപ്പെട്ടവരില്‍ പലരും അയാളുടെയും പ്രിയപ്പെട്ടവരായിരുന്നതില്‍ സങ്കടപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഇതൊക്കെ അറിഞ്ഞപ്പോള്‍ ആ വ്യക്തിയുടെ ആദ്യപ്രതികരണം മേല്‍പ്പറഞ്ഞ തരത്തില്‍ത്തന്നെയായിരുന്നുവെന്നോര്‍ക്കുന്നു. മനുഷ്യര്‍ പലവിധമാണല്ലോ. ചാഞ്ഞുനില്‍ക്കുന്ന മരത്തില്‍ ഓടിക്കയറിയും അപവാദം പ്രചരിപ്പിച്ചും കൂട്ടത്തില്‍ ചേര്‍ന്ന് തല്ലിയുമൊക്കെ സാമര്‍ഥ്യം പ്രകടിപ്പിക്കുന്നവര്‍ ഈ ലോകത്ത് ധാരാളമുണ്ട്. അത് നമുക്ക് വിടാം.
എന്തായാലും ഞാന്‍ ഓര്‍ക്കാപ്പുറത്തുകിട്ടിയ പുതിയ വിവരങ്ങള്‍ വീട്ടില്‍ അവതരിപ്പിച്ചു. ഇനിയും ഒപ്പം പോവാന്‍ നിര്‍ബന്ധിക്കരുതെന്ന ഉദ്ദേശ്യത്തിലാണ് അതുചെയ്തത്. സ്വാഭാവികമായും മേല്‍പ്പറഞ്ഞ ചോദ്യം വന്നു, അപ്പോള്‍ കുട്ടികള്‍ക്ക് അച്ഛന്‍ വേണ്ടേ എന്ന പ്രശ്‌നം വന്നു. പക്ഷേ, അതൊക്കെയും തൊലിപ്പുറത്തുമാത്രമേ തൊട്ടുള്ളൂ എന്നുതോന്നുന്നു. ഒറ്റയ്ക്കാണെന്ന് സ്വയം ബോധ്യപ്പെടുത്തി ഞാന്‍ തുഴഞ്ഞുകൊണ്ടിരുന്നു. അതിനിടയില്‍ ഒന്നുരണ്ടുതവണ അദ്ദേഹം ഞാനുമായി ഫോണില്‍ സംസാരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതിനെത്തുടര്‍ന്ന് അച്ഛനെ ഫോണില്‍ വിളിച്ചു. അച്ഛന്‍ ചുരുക്കം കാര്യങ്ങള്‍മാത്രം സൂചിപ്പിച്ച് തങ്ങള്‍ കാര്യങ്ങളൊക്കെ അന്വേഷിക്കട്ടെ, എന്നിട്ട് മതി തുടര്‍ജീവിതം എന്ന നിലപാട് എടുത്തു. ഞങ്ങളുടെ പ്രശ്‌നം തുടങ്ങിയശേഷം ആദ്യമായി എന്റെ വീട്ടില്‍നിന്ന് നിരാസത്തിന്റെ സ്വരം ഭര്‍ത്താവ് ഔദ്യോഗികമായി കേള്‍ക്കുകയായിരുന്നു. ഞാന്‍ വിയോജിപ്പുകള്‍ നിരന്തരം പറഞ്ഞിരുന്നെങ്കിലും അദ്ദേഹം യാതൊന്നും കേട്ടിരുന്നില്ലല്ലോ. പ്രിയപ്പെട്ടവരേ, ചില സങ്കടങ്ങളും തിരിച്ചടികളും നമുക്ക് ഭാവിയെ നേരിടാന്‍ ധൈര്യം നല്‍കും. പക്ഷേ, ആദ്യം ഈ സങ്കടങ്ങളെയും തിരിച്ചടികളെയും നേരിടാനുള്ള മാനസികാരോഗ്യം വേണം. മറ്റുകാര്യങ്ങളിലേക്കും തിരക്കുകളിലേക്കും മനപ്പൂര്‍വം സ്വയം വലിച്ചിടുന്നത് അതിനൊരു വഴിയാണ്.
ഗവേഷണവുമായി ബന്ധപ്പെട്ട ജോലികള്‍ എന്നെക്കാത്തിരിക്കുന്നുണ്ടായിരുന്നു. അന്ന് കോളേജ് വിദ്യാഭ്യാസവകുപ്പില്‍ സര്‍വീസിലുള്ളവര്‍ക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുവര്‍ഷത്തോളം ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. എഫ്.ഐ.പി. വഴി അതിന് അവസരം കിട്ടിയതുമാണ്. പിന്നീട് ഒന്നിച്ചുകിട്ടുമെങ്കിലും ഏകദേശം ഒരുവര്‍ഷം ശമ്പളം തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകും. എന്റെ അന്നത്തെ അവസ്ഥയില്‍ ഒരു മാസത്തേക്ക് ശമ്പളം കിട്ടാതിരിക്കുന്ന കാര്യംപോലും അചിന്ത്യമായിരുന്നു. ജോലിഭാരം പാതിയായി കുറയ്ക്കാന്‍ സഹായകമായ ആ അവസരംപോലും ഉപയോഗിക്കാന്‍ എനിക്ക് സാധിച്ചില്ല എന്നതാണ് സത്യം. അതിന്റെ കാരണങ്ങള്‍കൂടിയാണ് നാം ഇത്രനേരം പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രേമോജ്ജ്വലമായ ദാമ്പത്യവും മധുരതരമായ മാതൃത്വവുമൊക്കെ അതില്‍പ്പെടും. ഇന്നും പല പെണ്‍കുട്ടികളും ഗവേഷണം പാതിവഴിയാക്കി മടങ്ങുന്നതുകാണുമ്പോള്‍ ഞാന്‍ ഈ ദുരിതകാലം ഓര്‍ക്കും.
എന്തായാലും തുടര്‍ന്നുവന്ന ഫെബ്രുവരിയില്‍ തീസിസിന്റെ അവസാനവട്ട പണികള്‍ പൂര്‍ത്തിയാക്കി. അവസാനഘട്ടത്തില്‍ നിരവധി സാങ്കേതികപ്രശ്‌നങ്ങളോടുകൂടി മത്സരിക്കേണ്ടിവന്നെങ്കിലും അത് നിര്‍ദിഷ്ട സമയപരിധിക്കകത്ത് സര്‍വകലാശാലയില്‍ സമര്‍പ്പിച്ചു. ആരോഗ്യകരമല്ലാത്ത ഒരു ബന്ധത്തില്‍നിന്ന് മാനസികമായെങ്കിലും വിടുതിനേടാതെ സമ്പൂര്‍ണമായി അകപ്പെട്ടുപോയിരുന്നെങ്കില്‍ സാധിക്കാത്ത ഒന്ന് എന്ന് ഞാനതിനെ എടുത്തുവയ്ക്കുന്നു.
Content Highlights: column by writer r rajasree