‘ഗോവിന്ദയുടെ വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞില്ല’- ഒടുവിൽ മൗനം വെടിഞ്ഞ് നീലം കോത്താരി

​ഗോവിന്ദ, നീലം കോത്താരി
​ഗോവിന്ദ, നീലം കോത്താരി

1980-കളിലും 90-കളുടെ തുടക്കത്തിലും നടൻ ഗോവിന്ദയും നടി നീലം കോത്താരിയുമായി പ്രണയത്തിലാണെന്ന് ബോളിവുഡിൽ സംസാരമുണ്ടായിരുന്നു. ഗോവിന്ദയും ഭാര്യ സുനിത അഹൂജയും തമ്മിലുള്ള ദാമ്പത്യതർക്കങ്ങൾ മുറുകുന്നതിനിടെ, അന്നത്തെ ഗോസിപ്പുകളെക്കുറിച്ച് മൗനം വെടിയുകയാണ് നീലം കോത്താരി.

ഗോവിന്ദയ്ക്കൊപ്പം അഭിനയിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു എന്ന കാര്യം അറിഞ്ഞില്ലെന്ന് ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ നീലം പറയുന്നു.

“ഞാൻ വളരെ ചെറുപ്പമായിരുന്നു. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞകാര്യം അറിഞ്ഞിരുന്നില്ല. അതൊക്കെ പിന്നീടാണറിഞ്ഞത്. എന്റെ മാതാപിതാക്കൾ കാർക്കശ്യക്കാരായിരുന്നു. അതുകൊണ്ട് ഒരു പ്രണയബന്ധമെന്ന ചിന്ത പോലും എനിക്കു മുന്നിലുണ്ടായില്ല. കുടുംബത്തിലെ ആരെങ്കിലും എപ്പോഴും കൂടെയുണ്ടാകുമായിരുന്നു. ഇൻഡസ്ട്രി മോശമായതുകൊണ്ടല്ല അങ്ങനെ ചെയ്തിരുന്നത്.”-അവർ പറഞ്ഞു.

അതേസമയം, ഇത്തരം ആരോപണങ്ങളിലൊന്നും താൻ അസ്വസ്ഥനല്ലെന്ന് നീലത്തിന്റെ ഭർത്താവും നടനുമായ സമീർ സോണിയും പ്രതികരിച്ചു. “20 വർഷം മുമ്പ് സംഭവിച്ചതോ സംഭവിക്കാത്തതോ ആയ ഒരു കാര്യം - എനിക്കതിനെപ്പറ്റി ഒന്നുമറിയില്ല. പിന്നെ എനിക്കങ്ങനെ അതിൽ പിടിച്ചുതൂങ്ങാനാവും? അദ്ദേഹം ഇപ്പോഴും അവകാശപ്പെടുന്നത് അദ്ദേഹം നീലത്തെ അത്രയധികം സ്നേഹിച്ചിരുന്നുവെന്നാണ്” സമീർ പറഞ്ഞു.

ഗോവിന്ദ വിവാഹം വരെ ഉപേക്ഷിക്കാൻ തയ്യാറായി

1990-ൽ സ്റ്റാർഡസ്റ്റിന് നൽകിയ അഭിമുഖത്തിൽ ഗോവിന്ദ നീലത്തോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞിരുന്നു. നീലത്തെ വിവാഹം കഴിക്കാൻവേണ്ടി സുനിത അഹൂജയുമായുള്ള വിവാഹനിശ്ചയം പോലും ഉപേക്ഷിച്ചിരുന്നുവെന്നും. നീലത്തോട് തനിക്ക് അത്രയേറെ ഭ്രമമുണ്ടെന്നും ഗോവിന്ദ പറഞ്ഞു.

“ഞങ്ങൾ ഇടയ്ക്കിടെ കണ്ടുമുട്ടുമായിരുന്നു, നീലത്തെ കൂടുതൽ അടുത്തറിഞ്ഞപ്പോൾ എനിക്കവരെ കൂടുതൽ ഇഷ്ടപ്പെട്ടു. ഏതൊരു പുരുഷന്റെയും ഹൃദയം കവരുന്ന തരത്തിലുള്ള സ്ത്രീയായിരുന്നു അവർ. എന്റെ ഹൃദയവും നഷ്ടപ്പെട്ടു. സുഹൃത്തുക്കളോടും കുടുംബത്തോടും എനിക്കവരെപ്പറ്റി പ്രശംസിക്കാതിരിക്കാനായില്ല. വിവാഹവാഗ്ദാനം നൽകിയിരുന്ന സുനിതയോട് പോലും ഞാൻ നീലത്തെക്കുറിച്ച് പറഞ്ഞു. സുനിതയോട് സ്വയം മാറി നീലത്തെപ്പോലെയാവാൻ ഞാൻ പറയുമായിരുന്നു, അവരിൽ നിന്ന് പഠിക്കാനും. ഞാൻ നിർദയനായിരുന്നു. എന്നെ വിട്ടുപോകണമെന്ന് സുനിതയോടാവശ്യപ്പെട്ടു. അവളുമായുള്ള വിവാഹനിശ്ചയം വേണ്ടെന്നുവെച്ചു. അഞ്ച് ദിവസത്തിന് ശേഷം സുനിത എന്നെ വിളിച്ച് വീണ്ടും അനുനയിപ്പിച്ചില്ലായിരുന്നെങ്കിൽ, ഞാൻ ഒരുപക്ഷേ നീലത്തെ വിവാഹം കഴിച്ചേനെ. അതിൽ യാതൊരു തെറ്റുമില്ലെന്നാണ് ഞാൻ കരുതുന്നത്."-ഗോവിന്ദ പറഞ്ഞു.

ഗോവിന്ദയും സുനിതയും തമ്മിലുള്ള വിവാഹം ദീർഘകാലം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു ദമ്പതിമാർ. പിന്നീട് കുഞ്ഞുണ്ടായ ശേഷമാണ് അവർ ഇക്കാര്യം തുറന്നുപറഞ്ഞത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Neelam Kothari admitted she was unaware Govinda was married during their 1980s working relationship., Neelam stated strict parents and young age made a relationship impossible., Husband Samir Soni reacted, stating past rumors do not bother him., Historical context revealed Govinda previously wanted to marry Neelam and broke off engagement with Sunita Ahuja.