അനിരുദ്ധിന്റെയും കാവ്യ മാരന്‍റെയും വിവാഹം വർഷങ്ങൾക്ക് മുൻപേ പ്രവചിച്ചിരുന്നോ?

കാവ്യ മാരനും, അനിരുദ്ധ് രവിചന്ദറും
കാവ്യ മാരനും, അനിരുദ്ധ് രവിചന്ദറും

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ ടിവി നെറ്റ്‌വർക് എക്‌സിക്യൂട്ടീവ് ഡയറക്ടറും സൺറൈസേഴ്‌സ് ഹൈദരാബാദ് സി.ഇ.ഒയുമായ കാവ്യ മാരനും തമ്മിലുള്ള വിവാഹവാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ഗ്രീസിൽ വെച്ച് നടക്കുന്ന ആർഭാടപൂർവ്വമായ ഡെസ്റ്റിനേഷൻ കല്യാണത്തിന് മുന്നോടിയായി, ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് വർഷങ്ങൾക്ക് മുൻപേയുള്ള ഒരു പ്രവചനം.

തന്തി ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത ടാറോ കാർഡ് റീഡറുടെ പ്രവചനത്തിന്റെ ക്ലിപ്പാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലും എക്സിലും വീണ്ടും വൈറലാകുന്നത്. അന്ന് അനിരുദ്ധിന്റെ ഭാവി വധുവിനെ കുറിച്ച് നടത്തിയ പ്രവചനങ്ങൾ ഓരോന്നായി സത്യമാകുന്നത് ആരാധകർ ഇപ്പോൾ ചൂണ്ടിക്കാണിക്കുകയാണ്. അനിരുദ്ധിന്റേത് പിതാവിന്റെ പൂർണ്ണ സമ്മതത്തോടെയുള്ള ഒരു പ്രണയവിവാഹമായിരിക്കുമെന്നും, ഭാവി വധു സിനിമാ രംഗത്തുനിന്നുള്ള ആളായിരിക്കില്ല മറിച്ച് ടെലികമ്യൂണിക്കേഷൻ അല്ലെങ്കിൽ ബ്രോഡ്കാസ്റ്റിങ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയായിരിക്കുമെന്നുമാണ് ആ പ്രവചനം. സൺ ഗ്രൂപ്പിന്റെ അമരത്തിരിക്കുന്ന കാവ്യ മാരന്റെ വ്യക്തിത്വവുമായും ഔദ്യോഗിക ജീവിതവുമായും ഈ പ്രവചനങ്ങൾ കൃത്യമായി ഒത്തുപോകുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു.

വ്യവസായ പ്രമുഖനും സൺ ഗ്രൂപ്പ് ചെയർമാനുമായ കലാനിധി മാരന്റെയും കാവേരി മാരന്റെയും മകളാണ് കാവ്യ. യുകെയിലെ വാർവിക് ബിസിനസ് സ്കൂളിൽ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കിയ കാവ്യ, നിലവിൽ സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. ഐ.പി.എൽ താരലേലത്തിലും മത്സരവേദികളിലും സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ സജീവ സാന്നിധ്യമായി തിളങ്ങാറുള്ള കാവ്യയ്ക്ക് കായിക പ്രേമികൾക്കിടയിലും വലിയ ജനപ്രീതിയുണ്ട്.

നവംബർ 10, 11 തീയതികളിലായി ഗ്രീസിൽ വെച്ചാണ് അനിരുദ്ധും കാവ്യയും വിവാഹിതരാകുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വളരെ സ്വകാര്യമായ ചടങ്ങായിരിക്കും ഗ്രീസിൽ നടക്കുക. വിവാഹശേഷം നവംബർ 21-ന് ചെന്നൈയിൽ വെച്ച് അതിഗംഭീരമായ വിവാഹ സൽക്കാരം സംഘടിപ്പിക്കും. കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിട്ടെത്തി ക്ഷണിച്ചതോടെയാണ് റിസപ്ഷൻ തീയതി പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തുടങ്ങി രാഷ്‌ട്രീയ, ചലച്ചിത്ര, കായിക രംഗത്തെ പ്രമുഖ നിര തന്നെ ചെന്നൈയിലെ റിസപ്ഷനിൽ പങ്കെടുത്തേക്കുമെന്നാണ് വിവരങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anirudh Ravichander and Kaviya Maran are getting married in a destination wedding in Greece., An old tarot card prediction about Anirudh's bride belonging to the broadcasting industry has gone viral., The wedding is set for November 10 and 11, followed by a grand reception in Chennai on November 21.