‘നിന്നെ സുഖപ്പെടുത്താം എന്നു പറഞ്ഞുവരുന്നവരെ ഹീൽസ് കൊണ്ട് പുറത്താക്കൂ’; ആർതിയുടെ ദുരൂഹ പോസ്റ്റ് വൈറൽ

രവി മോഹൻ, ആർതി/Instagram
രവി മോഹൻ, ആർതി/Instagram

നടൻ രവി മോഹനും ഭാര്യ ആർതി രവിയും തമ്മിലുള്ള വിവാഹമോചന നടപടികൾ പുരോഗമിക്കുമ്പോൾ, ആർതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ആരുടെയും പേര് പരാമർശിക്കാതെയായിരുന്നു പോസ്റ്റ്. എന്നാൽ അതിന്റെ സമയവും പശ്ചാത്തലവും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഇത് ഗായികയും ഹീലറുമായ കെനിഷയെ ലക്ഷ്യമിട്ടുള്ള പരോക്ഷ പരാമർശമാണെന്ന് വിലയിരുത്തുന്നത്.

ആർതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച സന്ദേശം ഇങ്ങനെ: 'If someone tells you they will heal you, chase them away with your heels.' (''ആരെങ്കിലും നിങ്ങളെ സുഖപ്പെടുത്താമെന്ന് പറഞ്ഞാൽ, നിങ്ങളുടെ ഹീൽസ് കൊണ്ട് അവരെ പുറത്താക്കൂ.'')

പോസ്റ്റിൽ ആരെയും പേരെടുത്ത് വിമർശിച്ചിട്ടില്ലെങ്കിലും, ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നേരത്തെ കെനിഷയെ ഒരു 'ഹീലർ' എന്ന നിലയിലാണ് രവി മോഹൻ പരിചയപ്പെട്ടതെന്നും പിന്നീട് ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നതുമാണ് ഈ പോസ്റ്റുമായി ചേർത്ത് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. എന്നാൽ പോസ്റ്റിന്റെ ഉദ്ദേശ്യം എന്താണെന്ന് ആർതി ഇതുവരെ വിശദീകരിച്ചിട്ടില്ല.

രവി മോഹനും ആർതിയും തമ്മിലുള്ള വേർപിരിയൽ ഏറെ നാളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അടുത്തിടെ കേസിൽ കോടതി ആർതി ആവശ്യപ്പെട്ട ഉയർന്ന ജീവനാംശ ഹർജി തള്ളുകയും, പ്രതിമാസം മൂന്ന് ലക്ഷം രൂപ ജീവനാംശമായി നൽകാൻ രവി മോഹനോട് നിർദേശിക്കുകയും ചെയ്തിരുന്നു. മക്കളെ കാണാനുള്ള അനുമതിയും കോടതിയിലൂടെ ലഭിച്ചു.

ഇതിനിടെ, കെനിഷ ചെന്നൈ വിടുകയാണെന്ന് അറിയിച്ചതും ഈ വിവാദത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. അതിനിടെയാണ് ആർതിയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമിട്ടത്.

അതേസമയം, വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടയിലും രവി മോഹൻ തന്റെ സിനിമാപ്രവർത്തനങ്ങളിൽ സജീവമാണ്. അടുത്തിടെ വിജയ് നായകനായ 'ജന നായകൻ' സിനിമ തിയേറ്ററിൽ കാണാനെത്തിയ അദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരത്തിന്റെ പുതിയ സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: aarthi-ravi-ravi-mohan-divorce-update