‘ഭർത്താവെന്ന നിലയിലുള്ള എന്റെ കുറവുകളെക്കുറിച്ച് ഞാൻ കിരണിനോട് ചോദിച്ചിരുന്നു’

ആമിർ ഖാന്‍, കിരൺ റാവു/ AFP
ആമിർ ഖാന്‍, കിരൺ റാവു/ AFP

ആമിർ ഖാനും മുൻഭാര്യയും സംവിധായികയുമായ കിരൺ റാവുവും വിവാഹമോചനത്തിന് ശേഷവും അടുത്ത സൗഹൃദം പുലർത്തുന്നുണ്ട്. മുൻപ് എബിപി നെറ്റ്‌വർക്കിന് നൽകിയ ഒരു അഭിമുഖത്തിൽ, ഒരു ഭർത്താവെന്ന നിലയിലുള്ള തന്റെ കുറവുകളെക്കുറിച്ച് താൻ കിരണിനോട് ചോദിച്ച ഒരു അനുഭവം ആമിർ പങ്കുവെച്ചു.

ആമിർ ആ അനുഭവം വിവരിച്ചത് ഇങ്ങനെയാണ്: ''രസകരമായ ഒരു കാര്യമുണ്ട്. ഞങ്ങളുടെ വിവാഹമോചനം കഴിഞ്ഞ വിവരം നിങ്ങൾക്കെല്ലാം അറിയാമല്ലോ. ഒരു ദിവസം വൈകുന്നേരം ഇരിക്കുമ്പോൾ ഞാൻ കിരണിനോട് ചോദിച്ചു, ഒരു ഭർത്താവെന്ന നിലയിൽ എന്നിൽ എന്തൊക്കെ കുറവുകളാണ് നിനക്ക് തോന്നിയത്? ജീവിതത്തിൽ മുന്നോട്ട് പോകുമ്പോൾ എനിക്ക് എന്തൊക്കെ കാര്യങ്ങളാണ് മെച്ചപ്പെടുത്താൻ കഴിയുക?''

''അവൾ പറഞ്ഞു, 'ശരി, എഴുതിക്കോളൂ' എന്ന്. എന്നിട്ട് എനിക്ക് കുറേ പോയിന്റുകൾ പറഞ്ഞുതന്നു. 'നിങ്ങൾ ഒരുപാട് സംസാരിക്കും, മറ്റുള്ളവരെ സംസാരിക്കാൻ സമ്മതിക്കില്ല, സ്വന്തം കാര്യത്തിൽ മാത്രം ഉറച്ചുനിൽക്കും' എന്നിങ്ങനെ 15-20 ഓളം പോയിന്റുകൾ ഞാൻ എഴുതിവെച്ചു,'' ആമിർ കൂട്ടിച്ചേർത്തു. അവിടെയുണ്ടായിരുന്ന കിരൺ റാവു ഇതിനിടയിൽ തമാശയായി പറഞ്ഞു, ''അല്ല, നിങ്ങൾ തന്നെയാണല്ലോ ചോദിച്ചത്...''

2005-ലാണ് ആമിർ ഖാനും കിരൺ റാവുവും വിവാഹിതരായത്. 2011-ൽ അവർക്ക് ആസാദ് എന്ന മകൻ ജനിച്ചു. 2021 ജൂലൈയിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. അടുത്തിടെ അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയക്കായി കിരണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച ആശുപത്രിയിലെ ചികിത്സയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും കിരൺ പങ്കുവെച്ചിരുന്നു. അതിലൊരു ചിത്രത്തിൽ അവരുടെ കയ്യിലെ ബാൻഡിൽ 'കിരൺ ആമിർ റാവു ഖാൻ' എന്ന് എഴുതിയത് വ്യക്തമായി കാണാമായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Aamir Khan shares a candid moment with ex-wife Kiran Rao where she listed his shortcomings as a husband. Discover what he learned and how he plans to improve.