നൂറ്റാണ്ടുകളുടെ പഴക്കമുള്ള കലംകാരി; കോട്ടണിൽ, പ്രകൃതിദത്ത ചായങ്ങൾകൊണ്ട് തീർക്കുന്ന കല

ചൂടുകാലത്ത് കോട്ടണ്‍ വസ്ത്രങ്ങള്‍ക്ക് പ്രിയമേറുമ്പോള്‍ കലംകാരി പ്രിന്റ് ചെയ്ത വസ്ത്രങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടാറുണ്ട്. ഇത്തവണയും അതിനു മാറ്റമില്ല. കലംകാരിയുടെ കരവിരുതണിയാന്‍ ഇഷ്ടമാണ് എല്ലാവര്‍ക്കും. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് കലംകാരി ചിത്രവിദ്യയ്ക്ക്. ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയം വരെയെത്തിയ കലയാണ് കലംകാരി. ലക്ഷ്മയ്യ എന്ന കലാകാരന്റെ രാമായണം- മഹാഭാരതം കലംകാരി വര്‍ക്കാണ് കടല്‍ കടന്ന് ലണ്ടനിലെത്തിയത്.
കലം എന്നാല്‍ പേന. പേന കൊണ്ടുള്ള കല എന്നാണ് കലംകാരി എന്ന വാക്കിനര്‍ത്ഥം. മിത്തോളജിയില്‍ നിന്നുള്ള കഥകളോ മൃഗങ്ങളോ ആണ് ചിത്രങ്ങളുടെ പ്രമേയമായി വരാറുള്ളത്. ശ്രീകാളഹസ്തി, മച്ചിലിപട്ടണം എന്നിങ്ങനെ രണ്ടു ശൈലികളാണ് കലംകാരി ചിത്രങ്ങള്‍ക്കുള്ളത്. ഈ രണ്ടുതരം പെയിന്റിങ്ങുകള്‍ക്കും ഔദ്യോഗികമായി ജി.ഐ. ടാഗ് ലഭിച്ചിട്ടുണ്ട്.
കോട്ടണ്‍ തുണികളില്‍ മാത്രമേ കലംകാരി ചെയ്യാറുള്ളൂ. തുണി നന്നായി കഴുകി അതിലെ സ്റ്റാര്‍ച്ചിന്റെ അംശം പൂര്‍ണമായും കളഞ്ഞ് നന്നായി വെയിലത്ത് ഉണക്കും. എന്നിട്ടാണ് ചിത്രപ്പണി തുടങ്ങുന്നത്. പെയിന്റ് ചെയ്യാനുള്ള തുണിത്തരം തയ്യാറാക്കുന്നതും ചായക്കൂട്ട് നിര്‍മിക്കുന്നതും നിറം തേക്കുന്നതുമെല്ലാമായി നിരവധി സ്റ്റെപ്പുകളുണ്ട് കലംകാരി പ്രിന്റിങ്ങിന്.
പൂക്കള്‍, ഇലകള്‍,പഴങ്ങള്‍, പച്ചക്കറികള്‍,വേരുകള്‍,മണ്ണ്, വിത്തുകള്‍, ലോഹങ്ങള്‍ എന്നിവയില്‍ നിന്നും തയ്യാറാക്കുന്ന, തീര്‍ത്തും പ്രകൃതിദത്തമായ ചായങ്ങളാണ് കലംകാരിക്ക് ഉപയോഗിക്കുന്നത്. കരി കൊണ്ട് ആദ്യം ഔട്ട്‌ലൈന്‍ വരയ്ക്കും. പിന്നെ കൂര്‍ത്ത മുള കൊണ്ടുണ്ടാക്കിയ ബ്രഷ് ഉപയോഗിച്ച് കറുത്ത ചായം കൊണ്ട് ഔട്ട്‌ലൈനിന് മുകളിലൂടെ വര തുടങ്ങും. ചുകപ്പ് പോലുള്ള നിറം കൊണ്ട് ചിത്രം നിറയ്ക്കുന്നത് അവസാനമാണ്.
ഒരുപാട് സമയമെടുത്താണ് ഓരോ വര്‍ക്കും ചെയ്യുന്നത്. ഒരിടത്തെ മഷി പൂര്‍ണമായി ഉണങ്ങിയെന്ന് ഉറപ്പാക്കും. മഷി ഉണങ്ങിയെന്നു കണ്ടാല്‍ ആ ഭാഗത്തെ തുണി കഴുകി ഉണക്കണം. എന്നിട്ടേ അടുത്ത ഭാഗത്ത് പെയിന്റ് ചെയ്യാനാകൂ. ഇങ്ങനെ നീളുന്ന കാത്തിരിപ്പിനൊടുവിലാണ് ഒരു പെയിന്റിങ് പൂര്‍ത്തിയാകുന്നത്.
അങ്ങേയറ്റം ക്ഷമയോടെയും ഭാവനയോടെയും ചെയ്യേണ്ടുന്ന ഒന്നാണ് കലംകാരി. തലമുറയായി കൈമാറ്റം ചെയ്യുന്ന കലയാണിത്. എന്നാല്‍ സാമ്പത്തികമായി വലിയ ലാഭമില്ലാത്തത് ചെറുപ്പക്കാരെ കലംകാരിയില്‍ നിന്ന് അകറ്റുകയാണ്. യന്ത്രസന്നാഹങ്ങള്‍ വന്നതോടെ യഥാര്‍ത്ഥ കലംകാരി കലാകാരന്മാരുടെ നില ആശങ്കയിലാണ്.
Content Highlights: the history, style and process of kalamkari painting