മണിപ്പൂരിന്റെ കൈത്തറിപ്പെരുമയില്‍ സോനം കപൂറിന്റെ പുതിയ ലുക്ക്

കൈത്തറി വസ്ത്രത്തിൽ സോനം കപൂർ/ ഫോട്ടോ: ഇൻസ്റ്റഗ്രാം(sonamkapoor)
കൈത്തറി വസ്ത്രത്തിൽ സോനം കപൂർ/ ഫോട്ടോ: ഇൻസ്റ്റഗ്രാം(sonamkapoor)

വൈവിധ്യമാര്‍ന്ന വസ്ത്രധാരണത്തിലൂടെ ഫാഷന്‍ ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് ബോളിവുഡ് നടി സോനം കപൂര്‍. സിനിമയ്ക്ക് പുറമേ ഓരോ പൊതുവേദിയിലെയും തന്റെ സാന്നിധ്യം അനായാസം ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റാക്കി മാറ്റുന്ന സോനത്തിന്റെ പുതിയ വേഷമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. മണിപ്പൂരിലെ ഉക്രൂള്‍ ആസ്ഥാനമായുള്ള ‘ഈസ്റ്റ് ബൈ ഈസ്റ്റേണ്‍ലൈറ്റ് സിമിക്ക്’ എന്ന ബ്രാന്‍ഡില്‍ നിന്നുള്ള വസ്ത്രമണിഞ്ഞാണ് സോനം ഏറ്റവും ഒടുവിലായി പൊതുവേദികളില്‍ എത്തിയത്.

കടും മെറൂണും കറുപ്പും ഇഴചേര്‍ന്ന നിറത്തിലാണ് വസ്ത്രം തയ്യാറാക്കിയിരിക്കുന്നത്. മണിപ്പൂരിലെ പരമ്പരാഗത നെയ്ത്തിന്റെ ഭംഗി വിളിച്ചോതുന്ന ഈ വേഷം വളരെ ആകര്‍ഷണീയമാണ്. തണുപ്പ് കാലത്തിന് അനുയോജ്യമായ രീതിയിലാണ്‌ ഇത് നെയ്തിരിക്കുന്നത്. അതേസമയം, ബാക്ക്-സ്ട്രാപ്പ്ഡ് ലോയിന്‍ ലൂമിന്റെ, ജ്യാമിതീയ രൂപങ്ങള്‍, വസ്ത്രത്തിലെ സൂക്ഷ്മമായ കരകൗശല വൈദഗ്ദ്ധ്യവും എടുത്തു കാണിക്കുന്നു. ആഢംബര ബ്രാന്‍ഡുകളില്‍ മാത്രം ഒതുങ്ങുന്നതല്ല തന്റെ ഫാഷന്‍ എന്ന് സോനം ഒരിക്കല്‍ക്കൂടി തെളിയിച്ചു. കറുപ്പ് നിറത്തിലുളള ബാലെ ഫ്‌ളാറ്റ്‌ ചെരുപ്പുകള്‍ക്കൊപ്പം ഗോത്ര ശൈലിയിലുള്ള ചോക്കറാണ്‌ സോനം ധരിച്ചത്.

മണിപ്പൂരിലെ കൈത്തറി നെയ്ത്ത്

നെയ്ത്ത് എന്നത് മണിപ്പൂരിലെ ഒരു പൈതൃക കലയാണ്. ഇത് കൂടുതലും പരിശീലിക്കുന്നത് അവിടത്തെ സ്ത്രീകളാണ്. കരകൗശല വിദഗ്ധര്‍ തലമുറകളായി കൈമാറിവരുന്ന ഈ അറിവ് അമ്മമാരില്‍ നിന്നും മുത്തശ്ശിമാരില്‍ നിന്നുമാണ് അവര്‍ പഠിക്കുന്നത്. ഈ പാരമ്പര്യത്തിന്റെ കേന്ദ്രബിന്ദുവാണ് ബാക്ക്-സ്ട്രാപ്പ്ഡ് ലോയിന്‍ ലൂം. ഒരറ്റം ഒരു നിശ്ചിത സ്ഥലത്തും മറ്റേ അറ്റം നെയ്ത്തുകാരിയുടെ അരയ്ക്ക് ചുറ്റും ബന്ധിപ്പിച്ച ഈ നെയ്ത്ത് ഉപകരണം, നെയ്ത്തുകാരിയും തുണിയും തമ്മില്‍ ഒരു ഭൗതിക ബന്ധം സൃഷ്ടിക്കുന്നു. ഈ പ്രക്രിയയ്ക്ക് ശക്തിയും, കൃത്യതയും, ഏറെ ശ്രദ്ധയും ആവശ്യമാണ്.

നെയ്ത്തുകാരായ സ്ത്രീകള്‍, മണിക്കൂറുകള്‍ തറിയില്‍ ചെലവഴിച്ചാണ് ഓരോ വസ്ത്രങ്ങളും നെയ്‌തെടുക്കുന്നത്. മണിപ്പൂരിലെ ഗോത്രചരിത്രങ്ങള്‍, നാടോടിക്കഥകള്‍, പ്രകൃതി എന്നിവയുമായി ബന്ധമുളള രൂപങ്ങളാണ് തുണിത്തരങ്ങളില്‍ നിര്‍മ്മിക്കുന്നത്. പല സമുദായങ്ങള്‍ക്കും, നെയ്ത്ത് ഇന്നും വരുമാനത്തിന്റെ മാര്‍ഗ്ഗമാകുമ്പോള്‍, ഇവിടുത്തെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നേടുന്നതിന്റെ ഉറവിടം കൂടിയാണിത്. മണിപ്പൂരി നെയ്ത്തുകാര്‍ക്ക് അവരുടെ കലാവിരുത് ലോകവുമായി പങ്കുവെക്കാന്‍ ഒരു വേദി എന്ന നിലയിലാണ് ‘ഈസ്റ്റ്’ സ്ഥാപിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളും ആവശ്യക്കാർ കുറയുന്നതും മൂലം ഭീഷണി നേരിടുന്ന ഈ പാരമ്പര്യങ്ങളെ സംരക്ഷിക്കുന്നതിന്, സംരംഭം ഊന്നല്‍ നല്‍കുന്നു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bollywood star Sonam Kapoor stuns in a traditional Manipuri handloom outfit, showcasing exquisite craftsmanship and supporting indigenous artisans. Discover her latest fashion statement.