5 കോടിയുടെ മാലയണിഞ്ഞ് നിത; 14 പേർ ചേർന്ന് നിർമിച്ചത് 6 മാസം കൊണ്ട്

കഴിഞ്ഞദിവസമാണ് ഗണേഷ് ചതുർഥിയോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് അംബാനി കുടുംബം തുടക്കം കുറിച്ചത്. അതിനിടെ അവർ സംഘടിപ്പിച്ച വിരുന്നിൽ രാഷ്ട്രീയമേഖലയിൽനിന്നും വ്യവസായമേഖലയിൽനിന്നും ബോളിവുഡിൽനിന്നുമുളള പ്രമുഖരും പങ്കെടുത്തു. സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ, വിക്കി കൗശൽ, കത്രീന കൈഫ്, രൺവീർ സിങ്, റൺബീർ കപൂർ, ആലിയ ഭട്ട്, കിയാര അദ്വാനി, സിദ്ധാർഥ് മൽഹോത്ര തുടങ്ങിയവരാണ് അംബാനി വീട്ടിലെത്തിയ പ്രമുഖരിൽ ചിലർ.
ചടങ്ങിനെത്തിയവരെല്ലാം പാപ്പരാസികൾക്കായി പോസ് ചെയ്തു. സ്‌റ്റൈലിഷ് വസ്ത്രങ്ങളിൽ തിളങ്ങിയാണ് താരങ്ങളെല്ലാം അവിടെ വന്നത്. എന്നാൽ, ആതിഥേയയായ നിതാ അംബാനിയുടെ ഒരു നെക്ക്പീസാണ് ചർച്ചയാവുന്നത്. ഓറഞ്ച്-പിങ്ക് ഓംബ്രെ സിൽക്ക് സാരിയണിഞ്ഞ നിതയുടെ കൈയിൽ മാച്ചിങ് പോട്‌ലി ബാഗുമുണ്ടായിരുന്നു. ഗോൾഡൻ ബ്രൊക്കേഡ് എംബ്രോയ്ഡറിയായിരുന്നു ആ ബാഗിന്റെ പ്രത്യേകത. എങ്കിലും, ആളുകളെ അമ്പരപ്പിച്ചത് അവരുടെ വലിയ സ്വർണ്ണമാലയായിരുന്നു.
അമ്രപാലി ജുവൽസ് നിർമിച്ച അമ്രപാലി ഭാരതം എന്ന നെക്ലേസാണ് നിത അണിഞ്ഞത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ശേഖരിച്ച ആന്റിക്-വിന്റേജ് ആഭരണങ്ങൾ ഉപയോഗിച്ചാണ് ഈ മാല നിർമിച്ചത്. പരമ്പരാഗത കേരളീയ ശൈലിയിലുള്ള ഒരു നെക്ലോസാണ് ഇതിന്റെ നടുവിലായുള്ളത്.
ജൂമറുകൾ (വധു മുടിയുടെ ഒരുവശത്തായി അണിയുന്ന പരമ്പരാഗതമായ ആഭരണം), ദക്ഷിണേന്ത്യൻ മൂക്കുത്തികൾ, ഇയർറിങ് തുടങ്ങിയവയെല്ലാം ഈ മാലയുടെ രൂപകൽപ്പനയിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നു. കമ്മലുകളും മൂക്കുത്തികളും മുതൽ മാലകളും തലയിലണിയുന്ന ആഭരണങ്ങൾ വരെ, ഈ മാലയിൽ ഒന്നിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.
റിപ്പോർട്ടുകളനുസരിച്ച് 14 വിദഗ്ധർ ചേർന്നാണ് മാലയുണ്ടാക്കിയത്. നെക്ലേസ് രൂപകൽപന ചെയ്യാൻ മാത്രം മൂന്നുവർഷമെടുത്തുവെന്നും പറയപ്പെടുന്നു. നിർമിക്കാൻ ആറുമാസവും. കൃത്യമായ വില പുറത്തുവിട്ടില്ലെങ്കിലും ലഭ്യമായ വിവരങ്ങൾ പ്രകാരം മാലയുടെ വില ഏകദേശം 5 കോടി രൂപയാണ്.
ഈ ഹെവി മാലയ്‌ക്കൊപ്പം റൗണ്ട് കമ്മലും വജ്രമോതിരവുമാണ് നിത ധരിച്ചത്. ലോങ് ബ്രെയ്ഡ് ഹെയർസ്‌റ്റൈലാണ് നിത തിരഞ്ഞെടുത്തത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Nita Ambani wore a stunning Rs 5 crore antique necklace at the Ganesh Chaturthi celebration. The 'Amrapali Bharatam' necklace was crafted by 14 artisans taking 6 months to make