ഫേവറേറ്റ് നിറമില്ല, ഏറ്റവും ഇഷ്ടം ലിനൻ പാന്റ്‌സും ഷർട്ടുമാണ്; മോഹൻലാലിന്റെ സ്‌റ്റൈൽ രഹസ്യങ്ങൾ

അഭിനയത്തിലൂടെ വിസ്മയിപ്പിക്കുന്ന മോഹൻലാൽ, ഫാഷന്റെ കാര്യത്തിലും സ്വന്തമായൊരു സിഗ്‌നേച്ചർ നിലനിർത്തുന്ന താരമാണ്. ലാളിത്യവും എലഗൻസും ഒരുപോലെ ചേർന്ന അദ്ദേഹത്തിന്റെ വസ്ത്രധാരണം പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ‘ദൃശ്യം 3’ ഉൾപ്പെടെയുള്ള സിനിമകളുടെ പ്രമോഷൻ വേദികളിൽ അടുത്തിടെ അദ്ദേഹം പ്രത്യക്ഷപ്പെട്ട ലുക്കുകളും ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിനായി വസ്ത്രങ്ങളൊരുക്കുന്ന സ്‌റ്റൈലിസ്റ്റ് ശാന്തി, മോഹൻലാലിന്റെ ഫാഷൻ അഭിരുചികളെയും അദ്ദേഹത്തിന് ഏറ്റവും ഇണങ്ങുന്ന സ്‌റ്റൈലുകളെയും കുറിച്ച് പങ്കുവയ്ക്കുന്നു.

“ട്രെൻഡുകളെ അന്ധമായി പിന്തുടരുന്നതിനേക്കാൾ, സ്വന്തം വ്യക്തിത്വത്തിനും അവസരത്തിനും യോജിക്കുന്ന വസ്ത്രങ്ങളാണ് ലാൽ സാർ തിരഞ്ഞെടുക്കാറുള്ളത്. കംഫർട്ടിനാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഓരോ ലുക്കിനും സ്വാഭാവികതയുടെ ഒരു പ്രത്യേക ഭംഗിയുണ്ട്. ക്ലാസിക് കുർത്തകൾ, ബന്ദ്ഗലകൾ, മികച്ച രീതിയിൽ ടെയിലർ ചെയ്ത ജാക്കറ്റുകൾ, കാഷ്വൽ ലിനൻ ഷർട്ടുകൾ, മുണ്ട്-കുർത്ത കോമ്പിനേഷനുകൾ എന്നിവയെല്ലാം അദ്ദേഹത്തിന് നന്നായിണങ്ങും.

എല്ലാ നിറങ്ങളും അദ്ദേഹത്തിനിഷ്ടമാണ്. ഫേവറേറ്റ് നിറം എന്നൊന്നില്ല. എന്നാൽ ധരിക്കാൻ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടവും കംഫർട്ടബിളും ലിനൻ പാന്റ്‌സും ഷർട്ടുമാണ്. ലാൽ സാറിന്റെ വ്യക്തിത്വത്തിനും സ്‌ക്രീൻ പ്രസൻസിനും അനുയോജ്യമായ കാലാതീതമായ സ്റ്റൈലുകൾ അവതരിപ്പിക്കാൻ കഴിയുന്നുവെന്നതാണ് ഈ തിരഞ്ഞെടുപ്പുകളുടെ പ്രത്യേകത.
പൊതുപരിപാടികളിലും പ്രമോഷൻ വേദികളിലും എത്തുമ്പോൾ, അവസരത്തിന്റെ സ്വഭാവമനുസരിച്ച് ക്ലാസിക് ലുക്കുകളിൽ നിന്ന് മോഡേൺ സ്‌റ്റൈലുകളിലേക്ക് അദ്ദേഹം അനായാസം മാറാറുണ്ട്. ഗുണമേന്മയുള്ള തുണിത്തരങ്ങളും മികച്ച ഫിറ്റിങ്ങുമാണ് ഓരോ ലുക്കിനുംപിന്നിലെ പ്രധാന ഘടകങ്ങൾ. നല്ല തുണിത്തരത്തിന് അദ്ദേഹം പ്രാധാന്യം നൽകാറുണ്ട്. അതുകൊണ്ടുതന്നെയാണ് അതിശയോക്തികളില്ലാതെ തന്നെ അദ്ദേഹത്തിന്റെ വസ്ത്രധാരണം ശ്രദ്ധ നേടുന്നത്.

സിനിമകളിലും ഈ സ്‌റ്റൈൽ വ്യക്തമായി കാണാം. കഥാപാത്രത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ലുക്കുകൾ സ്വീകരിക്കുമ്പോഴും, ആ കഥാപാത്രത്തെ വിശ്വസനീയമാക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്. ഒരു കഥാപാത്രത്തിന്റെ വ്യക്തിത്വം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ കോസ്റ്റ്യൂമുകളുടെ പങ്ക് വളരെ പ്രധാനമാണ്.

ആദ്യമൊക്കെ പരസ്യത്തിലേക്കും അദ്ദേഹത്തിന്റെ പേഴ്‌സണൽ പരിപാടികൾക്കും മറ്റ് ഇവന്റുകൾക്കുമായിരുന്നു ഞാൻ വസ്ത്രമൊരുക്കിയിരുന്നത്. പിന്നീട് ലാൽ സാർ ആണ് ‘ഹൃദയപൂർവം’ എന്ന സിനിമയിലേക്ക് എന്റെ പേര് നിർദേശിച്ചത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹര’മാണ് പുതിയ ചിത്രം. 

മോഹൻലാലിനൊപ്പം ശാന്തി

മോഹൻലാൽ സാറിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് എന്റെ കരിയറിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ്. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിന്റെ സിനിമകൾ, പരസ്യചിത്രങ്ങൾ, പൊതുപരിപാടികൾ എന്നിവയ്ക്കായി സ്റ്റൈലിങ് ചെയ്യാൻ കഴിഞ്ഞത് വലിയൊരു പഠനാനുഭവമായിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യവും പ്രൊഫഷണലിസവുമാണ് ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കാൻ എന്നെ പ്രചോദിപ്പിക്കുന്നത്.

ട്രെൻഡുകൾ മാറിക്കൊണ്ടിരിക്കുമ്പോഴും, കാലാതീതമായ എലഗൻസിനും ആത്മവിശ്വാസത്തിനും ഒരിക്കലും കാലപ്പഴക്കം സംഭവിക്കില്ലെന്നതിന്റെ മികച്ച ഉദാഹരണമാണ് അദ്ദേഹത്തിന്റെ സ്‌റ്റൈൽ. ലാൽ സാറിന്റെ വിശ്വാസവും പിന്തുണയും എന്റെ കരിയറിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അതിന് ഞാനെന്നും കടപ്പെട്ടിരിക്കുന്നു...”

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: mohanlal-fashion-style-secrets-stylist-shanthi