സിസേറിയൻ ശസ്ത്രക്രിയയുടെ 7 പാളികൾ, ഒരമ്മയുടെ ത്യാഗം; മിസ് വേൾഡ് വേദിയിൽ വിസ്മയമായ വസ്ത്രം!

ഫാഷൻ സങ്കൽപ്പങ്ങൾക്കപ്പുറം ഒരമ്മയുടെ വേദനയും ജീവന്റെ പിറവിയും വസ്ത്രത്തിലൂടെ വരച്ചുകാട്ടി മിസ് വേൾഡ് വേദിയിൽ ശ്രദ്ധ നേടുകയാണ് മിസ് ഉഗാണ്ട. വിയറ്റ്നാമിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിന്റെ ഭാഗമായ 'വേൾഡ് ഡിസൈനർ അവാർഡ്' വിഭാഗത്തിലാണ് വേദിയിൽ ആദരവ് ഉണർത്തിയ ഈ വസ്ത്രം പ്രത്യക്ഷപ്പെട്ടത്.
ഡിസൈനറായ കീഷ അബ്ദുള്ള ഒരുക്കിയ ഈ ഗൗണിന്റെ പ്രമേയം സി-സെക്ഷൻ (C-Section) അഥവാ സിസേറിയൻ ശസ്ത്രക്രിയയാണ്. ‘ലെയേഴ്സ് ഓഫ് ലൈഫ്’ എന്നാണ് ഈ ഡിസൈനർ വസ്ത്രത്തിന് നൽകിയിരിക്കുന്ന പേര്. താനൊരു അമ്മയായപ്പോൾ അനുഭവിച്ചറിഞ്ഞ കാര്യങ്ങളും മാതൃത്വത്തിന്റെ അത്ഭുതങ്ങളുമാണ് കീഷയെ ഈ വ്യത്യസ്ത ആശയത്തിലേക്ക് നയിച്ചത്. ഒരു കുഞ്ഞിന്റെ ജനനത്തിനായി സിസേറിയൻ ശസ്ത്രക്രിയ നടത്തുമ്പോൾ മുറിച്ചുമാറ്റപ്പെടുന്ന ഏഴ് ശരീര പാളികളെയാണ് ഗൗണിന്റെ ലെയറുകളിലൂടെയും നിറങ്ങളിലൂടെയും ഡിസൈനർ പുനഃസൃഷ്ടിച്ചിരിക്കുന്നത്.
"ഒരു കുഞ്ഞിന് ജന്മം നൽകുന്ന പ്രക്രിയയെ ഒരു ഗൗണാക്കി മാറ്റുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ആശയമായിരുന്നു," ഡിസൈനർ കീഷ സോഷ്യൽ മീഡിയയിൽ കുറിച്ചു. "സി-സെക്ഷന്റെ ഏഴ് പാളികളുടെ ചിത്രങ്ങൾ കണ്ടപ്പോഴാണ് ആ ശസ്ത്രക്രിയ എത്രത്തോളം ആഴമേറിയതാണെന്ന് മനസ്സിലായത്. ശരിയായ നിറങ്ങൾ തിരഞ്ഞെടുക്കാനും ഇത് വസ്ത്രത്തിലേക്ക് പകർത്തിവെക്കാനും ഏറെ പ്രയാസപ്പെട്ടെങ്കിലും ഒരു പുതിയ സന്ദേശം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്."
ഗൗണിൽ തെളിയുന്ന ജീവൻ്റെ പാളികൾ
- ചർമ്മം (Skin): ശരീരത്തിന് സംരക്ഷണം നൽകുന്ന ഏറ്റവും പുറമെയുള്ള പാളി.
- കൊഴുപ്പ് (Fat): ഊർജ്ജത്തെയും ശാരീരിക ശേഷിയെയും സൂചിപ്പിക്കുന്നു.
- ഫാസിയ (Fascia): അവയവങ്ങളെയും കോശങ്ങളെയും കൂട്ടിയോജിപ്പിച്ചു നിർത്തുന്ന തന്തുക്കൾ.
- പേശികൾ (Muscle): പ്രസവസമയത്തെ ശാരീരികമായ അധ്വാനത്തെയും അമ്മയുടെ കരുത്തിനെയും അടയാളപ്പെടുത്തുന്ന പാളി.
- പെരിറ്റോണിയം (Peritoneum): ഉദരഭാഗത്തിന് സംരക്ഷണം നൽകുന്ന ആന്തരിക ആവരണം.
- ഗർഭാശയം (Uterus): ജീവൻ രൂപപ്പെടുന്നതും കുഞ്ഞ് വളരുന്നതുമായ ഇടം.
- അമ്നിയോട്ടിക് സാക്ക് (Amniotic Sac): ജനനത്തിന് തൊട്ടുമുമ്പ് വരെ കുഞ്ഞിനെ സുരക്ഷിതമായി പൊതിഞ്ഞു സൂക്ഷിക്കുന്നയിടം.
സൗന്ദര്യമത്സരങ്ങളിലെ വസ്ത്രധാരണ രീതികളെ കേവലം അണിഞ്ഞൊരുങ്ങലുകൾക്കപ്പുറം മാതൃത്വത്തോടും പ്രസവത്തോടുമുള്ള വലിയൊരു ആദരവാക്കി മാറ്റിയ ഈ വസ്ത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും ഫാഷൻ പ്രേമികൾക്കിടയിലും വലിയ തരംഗമായിക്കഴിഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Miss Uganda showcased a unique C-section inspired gown at Miss World, titled 'Layers of Life'., Designed by Keisha Abdullah, the dress represents the 7 layers of a Caesarean section surgery., The design honours motherhood, maternal sacrifice, and the physical reality of childbirth., The gown features layers representing skin, fat, fascia, muscle, peritoneum, uterus, and amniotic sac.