വേനല്‍ക്കാലത്ത് മേക്കപ്പ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

വേനല്‍ക്കാലത്ത് മേക്കപ്പ് ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. ഇല്ലെങ്കില്‍ ക്രീമും ഐ മേക്കപ്പുമെല്ലാം ഒലിച്ചിറങ്ങി, മുഖം ആകെ വൃത്തികേടാവും. സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ 50-നു മുകളില്‍ എസ്.പി.എഫ് ഉള്ളവ തിരഞ്ഞെടുക്കണം. സിലിക്കണ്‍ ബേസ്ഡ് എസ്.പി.എഫ് ആണിപ്പോള്‍ കൂടുതല്‍ ട്രെന്‍ഡിങ് ആയിട്ടുള്ളത്. ക്രീം ബേസ്ഡ് സണ്‍സ്‌ക്രീന്‍ ആണെങ്കില്‍, അല്പം വിയര്‍ക്കുമ്പോഴേക്കും ചെറുതായി ഒലിച്ചിറങ്ങാന്‍ തുടങ്ങും. സിലിക്കണ്‍ ബേസ്ഡ് സണ്‍സ്‌ക്രീനില്‍ അങ്ങനെയുള്ള പ്രശ്‌നമുണ്ടാവില്ല.
പക്ഷേ, വരണ്ടചര്‍മമുള്ളവര്‍ സിലിക്കണ്‍ സണ്‍സ്‌ക്രീന്‍ പുരട്ടിയാല്‍, ചര്‍മം ഒന്നുകൂടി വരണ്ടിരിക്കും. അതുകൊണ്ട് വരണ്ടചര്‍മമുള്ളവര്‍ക്ക്, ക്രീം ബേസ്ഡ് ആയിട്ടുള്ള എസ്.പി.എഫ് ആണ് നല്ലത്. എണ്ണമയമുള്ള ചര്‍മത്തിന് സിലിക്കണും ഉപയോഗിക്കാം.
വേനല്‍ക്കാലത്ത് വെയിലും പൊടിയുമെല്ലാമടിച്ച് നമ്മുടെ ചര്‍മം പെട്ടെന്ന് ക്ഷീണിക്കും. അതുകൊണ്ട് എക്‌സ്‌ഫോലിയേറ്റിങ് ക്രീമുകള്‍ ഉപയോഗിക്കുന്നത് ഗുണംചെയ്യും. ദിവസവും രണ്ടുതവണ അതുപയോഗിക്കാം, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. ചര്‍മം എപ്പോഴും ഈര്‍പ്പത്തോടെ നില്‍ക്കാന്‍ എക്‌സ്‌ഫോലിയേറ്റിങ് ക്രീമുകള്‍ സഹായിക്കും. വൈറ്റമിന്‍ സി സെറം എപ്പോഴും ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതുകഴിഞ്ഞ് പത്തുമിനിറ്റ് എങ്കിലും കഴിഞ്ഞിട്ട് വേണം മോയിസ്ചറൈസര്‍ പോലെയുള്ള മറ്റ് ക്രീമുകള്‍ പുരട്ടാന്‍. വാട്ടര്‍ ബേസ്ഡ് മോയിസ്ചറൈസര്‍ ആണ് നല്ലത്.
ലിപ്സ്റ്റിക്കിനേക്കാള്‍ നല്ലത് ലിപ് ഗ്ലോസ് ഉപയോഗിക്കുന്നതാണ്. ഐ മേക്കപ്പിന്റെ കാര്യത്തില്‍ വാട്ടര്‍പ്രൂഫ് മസ്‌കാരയും ഐ ജെല്ലും ഉപയോഗിക്കാം. അത് കൂടുതല്‍നേരം നിലനില്‍ക്കും.
ചര്‍മം എപ്പോഴും പുതുമയോടെ
നല്ലൊരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക. ഫേസ് വാഷ് ചര്‍മത്തിന്റെ സ്വഭാവമനുസരിച്ചാണ് തിരഞ്ഞെടുക്കേണ്ടത്. എണ്ണമയമുള്ള ചര്‍മമാണെങ്കില്‍, ഓയില്‍ കണ്ട്രോള്‍ ഫേസ് വാഷ് ഉപയോഗിക്കുന്നതാണ് നല്ലത്. അതിനുശേഷം ഐസ്‌ക്യൂബ് കൊണ്ട് മുഖത്ത് മസാജ് ചെയ്യണം. ശേഷം മുഖത്തും കഴുത്തിലും വൈറ്റമിന്‍ സി സെറം പുരട്ടാം. പത്തുമിനിറ്റ് കഴിഞ്ഞ് സണ്‍സ്‌ക്രീനും പുരട്ടണം.
Content Highlights: makeup during summer season