ആദ്യ ബിക്കിനി സീനിനായി കൃതി സനോൻ നടത്തിയ കഠിന പരിശീലനം

ബോളിവുഡ് താരം കൃതി സനോൻ തന്റെ പുതിയ ചിത്രമായ ‘കോക്ക്‌ടെയ്ൽ 2’വിലെ കഥാപാത്രത്തിനായി നടത്തിയ ഫിറ്റ്‌നസ് ട്രാൻസ്ഫർമേഷൻ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുകയാണ്. ചിത്രത്തിന്റെ ട്രെയിലറിൽ താരത്തിന്റെ 'ടോൺഡ് ഫിസീക്ക്' ഏറെ ചർച്ചയായിരുന്നു. കൃതിയുടെ ആദ്യ ബിക്കിനി സീനിനായി താരം പിന്തുടർന്ന വ്യായാമ രീതികളും ഭക്ഷണക്രമവുമൊക്കെ വെളിപ്പെടുത്തിയിരിക്കുന്നത് ഫിറ്റ്‌നസ് കോച്ച് കൂടിയായ ഇന്ത്യൻ ഫുട്‌ബോൾ താരം കരൺ സാഹ്നിയാണ്.
'കോക്ക്‌ടെയിൽ 2'വിലെ അല്ലി എന്ന കഥാപാത്രമായി മാറുന്നത് കൃതിക്ക് ഇതുവരെ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യങ്ങളിലൊന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “കൃതിക്ക് വ്യത്യസ്തമായൊരു ഫിറ്റ്‌നസ് ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. ശരീരം ടോൺഡ് ആവണം. വയറിലെ മസിലുകൾ വ്യക്തമായി കാണണം. എന്നാൽ സൈസ് സീറോ ആകണമെന്നല്ല, മറിച്ച് ആരോഗ്യകരമായ രീതിയിൽ ശരീരത്തിലെ കൊഴുപ്പ് കുറച്ച് കരുത്തും ആകാരവടിവും നേടുകയെന്നതായിരുന്നു ലക്ഷ്യം. ഇത് വെറും ശാരീരിക വെല്ലുവിളി മാത്രമായിരുന്നില്ല. വൈകാരികമായ ഒരു പരീക്ഷണം കൂടിയായിരുന്നു. എല്ലാ ദിവസവും കൃത്യമായി കൃതി പരിശീലനത്തിനെത്തി. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമമാണ് കൃതി പിന്തുടർന്നത്. കാലറി നിയന്ത്രിതമായ ഡയറ്റും ഒപ്പം തന്നെ സ്‌ട്രെങ്തനിങ് വ്യായമാവും ചെയ്തു.” അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ കൃതി ഇൻക്ലൈൻഡ് വോക്ക് ചെയ്യുന്നത് കാണാം.
“ശരീരം കൂടുതൽ മെലിഞ്ഞാൽ മുഖത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടാനിടയുണ്ട്. അതേസമയം കഥാപാത്രത്തിന്റെ രൂപത്തിനനുസരിച്ച് മെലിയുകയും വേണം. ഇത് രണ്ടും ബാലൻസ് ചെയ്യുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഈ ലക്ഷ്യത്തിലേക്കെത്താൻ കൃതി പിന്തുടർന്നത് ഹെവി സ്‌ട്രെങ്ത് ട്രെയിനിങ്, മസിൽ നഷ്ടപ്പെടാതെ കൊഴുപ്പ് കുറയ്ക്കാൻ ഇൻക്ലൈൻഡ് വോക്ക്, ശരീരത്തെ അമിതമായി ക്ഷീണിപ്പിക്കാതെ മെറ്റബോളിസം സജീവമാക്കുന്ന സോൺ 2 കാർഡിയോ, ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം, പിന്നെ മതിയായ ഉറക്കവും വിശ്രമവുമാണ്.”കരൺ സോഷ്യൽമീഡിയയിൽ കുറിച്ചു.
‘ഫിറ്റ് ആൻഡ് ലീൻ, നോട്ട് സൈസ് സീറോ’ എന്ന സന്ദേശത്തോടെയാണ് കൃതിയുടെ ഈ ഫിറ്റ്‌നസ് യാത്ര ഇപ്പോൾ ചർച്ചയാകുന്നത്.
രശ്മിക മന്ദാന, കൃതി സനോൻ, ഷാഹിദ് കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹോമി അദജാനിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോക്ക്‌ടെയ്ൽ 2. ത്രികോണ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും കോർത്തിണക്കിയ സിനിമ ജൂൺ 19-ന് പ്രദർശനത്തിനെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kriti-sanon-fitness-transformation-cocktail-2