ഡൗണ്‍സിന്‍ഡ്രോം മോഡലായ സാനിയ ഖിംജി, വിറ്റിലിഗോക്കെതിരെ പോരാടുന്ന റിയ അഗര്‍വാള്‍; ഇന്ത്യന്‍ റാമ്പിന്റെ മാറുന്ന മുഖം

സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണെന്ന് പറഞ്ഞത് ആരാണ്. ആരായാലും ഇന്ത്യന്‍ ഫാഷന്‍ റാമ്പുകള്‍ സൗന്ദര്യത്തിന്റെ നിര്‍വചനത്തെ അങ്ങനെ പൊളിച്ചെഴുതുകയാണ് ഇപ്പോള്‍. ബോഡിപോസിറ്റിവിറ്റി മൂവ്‌മെന്റിന്റെ അലയൊലികള്‍ ഇന്ത്യന്‍ ഫാഷന്‍രംഗത്തും ഉയരുന്നുണ്ട്. വലിയ ബ്രാന്‍ഡുകളും ഡിസൈനര്‍മാരും വരെ ഫാഷനെപ്പറ്റി ഇത്രയും കാലമുണ്ടായിരുന്ന വിശ്വാസങ്ങള്‍ മാറ്റാന്‍ തയ്യാറാവുകയാണ്.
ഒരു കാലം വരെ ഇന്ത്യന്‍ ഫാഷന്‍ വളരെ ചുരുങ്ങിയ ബോഡി ടൈപ്പുകളെയും സ്‌കിന്‍ടോണുകളെയും മാത്രമേ അംഗീകരിച്ചിരുന്നുള്ളു. റാമ്പിലേക്കിറങ്ങാന്‍ കൊതിക്കുന്നവര്‍ അവരുടെ ശരീരത്തെ അത്തരത്തിലൊരുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇനി ഈ പറഞ്ഞ അഴകളവുകള്‍ ഒത്തുവരാത്തവര്‍ റാമ്പ് സ്വപ്‌നമായി ഉള്ളിലൊതുക്കി പിന്തിരിയേണ്ടിയും വന്നിരുന്നു. ഫാഷന്‍ ലോകത്തിന്ന് മാറ്റത്തിന്റെ കാലമാണ്. വണ്‍സൈസ് ഫിറ്റ് ഓള്‍ എന്ന ചിന്തയില്‍ നിന്ന് വസ്ത്രങ്ങള്‍ക്ക് വിശാലമായ സൈസ് റേഞ്ചുകളുണ്ട്, നിറങ്ങളുണ്ട്. ആവശ്യക്കാരന് പെർഫക്റ്റ് ഫിറ്റാവുന്നതാണ് വസ്ത്രത്തിന്റെ ഭംഗിയെന്ന് ഡിസൈനേഴ്‌സും തിരിച്ചറിയുന്നുണ്ട്.