''രാത്രികളില്‍ ഞാനും പപ്പേട്ടനും ടാങ്കര്‍ ലോറി ഓടിക്കും'', മോഹന്‍ലാല്‍ അന്ന് പറഞ്ഞു

വാക്കും വാഴ്‌വും
#ശ്രീകാന്ത് കോട്ടയ്ക്കല്‍
മൈസൂരു കൊട്ടാരം
മൈസൂരു കൊട്ടാരം

മൈസൂരുവിലേക്കുള്ള യാത്രകള്‍ക്കെല്ലാം എപ്പോഴും ഒരു രക്ഷപ്പെടലിന്റെ ഛായയുണ്ടായിരുന്നു. ജീവിക്കുന്നയിടത്തിന്റെ ആവര്‍ത്തനവിരസതകളില്‍നിന്ന്് ഏറ്റവും കുറഞ്ഞ ദൂരത്തില്‍, കുറഞ്ഞ ചെലവില്‍ ഒരു മോചനം. ചുരവളവുകള്‍ താണ്ടി, സുല്‍ത്താന്‍ബത്തേരിയും മുത്തങ്ങയും കടന്ന്, കാടിന്റെ തണുത്ത ഇടനാഴികള്‍ നൂണ്ട് കക്കല്‍തുണ്ടിയിലെത്തുമ്പോള്‍ ക്ഷണമാത്രകൊണ്ട് ആകാശത്തിന്റെയും ഭൂമിയുടെയും ഒരു തുറക്കലുണ്ട്. ജനസാന്ദ്രകേരളത്തില്‍ നഷ്ടപ്പെട്ട വിദൂരതകളും ഏകാന്തതകളും ഗ്രാമീണദൃശ്യങ്ങളും പെട്ടെന്ന് മുന്നില്‍ വരും. ചെറുവീടുകള്‍ക്ക് നടുവിലൂടെ നീണ്ടുപോകുന്ന ഒറ്റയടിപ്പാതകളും തറകെട്ടിത്തിരിച്ച മരച്ചുവടുകളും അവിടെ, കാലം തളംകെട്ടിയ കണ്ണുകളുമായിരിക്കുന്ന വൃദ്ധരായ മനുഷ്യരും കരിമ്പുകയറ്റിപ്പോകുന്ന കാളവണ്ടികളും കുടം താങ്ങി പൈപ്പിന്‍ചുവട്ടില്‍ കാത്തുനില്‍ക്കുന്ന സ്ത്രീകളും സൂര്യകാന്തിപ്പാടങ്ങളും ചെറിയ കോവിലുകളും മുഷിഞ്ഞ കര്‍ട്ടനിട്ടുമറച്ച ഒറ്റമുറി മദ്യശാലകളും അടുക്കളകളില്‍ പൊന്നിയരിച്ചോറും മധുരിക്കുന്ന സാമ്പാറും തിളയ്ക്കുന്ന മണവും അലഞ്ഞുതിരിയുന്ന കാലിക്കൂട്ടങ്ങളുംചേര്‍ന്ന് നൊടിയിടയില്‍ മറ്റൊരു ലോകം. 

മൈസൂരുവില്‍നിന്ന് പിരിഞ്ഞ നാട്ടുവഴികളിലൂടെ പോയാല്‍ കുട്ടിക്കാലത്ത് 'അമ്പിളി അമ്മാവന്‍' (ഹിന്ദിയില്‍ ചന്ദാമാമ) എന്ന മാസികയും അതിലെ ചിത്രങ്ങളും ഓര്‍മവരും-അതേ മുഖങ്ങള്‍; മൂക്കുകുത്തി ചാഞ്ഞുകിടക്കുന്ന കാളവണ്ടികള്‍; അരയാല്‍ത്തറകള്‍... (പിന്നീട് അന്വേഷിച്ചപ്പോഴാണറിഞ്ഞത് ബെംഗളൂരുവില്‍നിന്നുമിറങ്ങിയിരുന്ന അമ്പിളി അമ്മാവനിലെ ചിത്രകാരന്മാരില്‍ പലരും മൈസൂരുവിലെ ഗ്രാമങ്ങളില്‍നിന്ന് വന്നവരായിരുന്നു. ഈ ചിത്രങ്ങള്‍ മനസ്സില്‍വെച്ചിട്ടാണ് പ്രിയദര്‍ശന്‍ 'തേന്മാവിന്‍ കൊമ്പത്ത്' എന്ന സിനിമ ഒരുക്കിയത്). ഏകാന്തതയില്‍ മനസ്സില്‍ ആര്‍.കെ. നാരായണന്റെ മാല്‍ഗുഡിയിലെ മനുഷ്യര്‍. മുന്‍പൊരിക്കല്‍ മഴ തിമിര്‍ത്തുപെയ്യുന്ന ഒരു പകലില്‍ ഹൊയ്സാലരുടെ സോമനാഥപുരക്ഷേത്രത്തില്‍ വെറുതേയിരുന്നത് ഓര്‍ത്തുപോവും... കൊല്‍ക്കത്തപോലെ, തിരുവണ്ണാമലപോലെ, കൊല്ലൂര്‍പോലെ, കാശിപോലെ, ഡാര്‍ജിലിങ്‌പോലെ, പോണ്ടിച്ചേരിപോലെ ഇടയ്ക്കിടെ മൈസൂരു വിളിച്ചുകൊണ്ടിരിക്കും. വിളിക്കുമ്പോള്‍ പോവാതിരിക്കാന്‍ സാധിക്കാറില്ല.

ഇത്തവണ മൈസൂരുവില്‍നിന്ന് വിളിച്ചത് നടന്‍ മോഹന്‍ലാലായിരുന്നു. 'ഋഷഭ' എന്ന ബിഗ്ബജറ്റ് ബഹുഭാഷാസിനിമയില്‍ അഭിനയിക്കുകയായിരുന്നു അദ്ദേഹം. ''കോഴിക്കോട്ടുകാര്‍ക്ക് അടുത്തല്ലേ മൈസൂരു. വരുമ്പോള്‍ ഹലുവയും വാങ്ങിക്കോളൂ''-തന്റേതായ രീതിയില്‍ അദ്ദേഹം വിളിച്ചുപറഞ്ഞു.

കണ്ടതോ കാണാത്തതോ ആയ ദേശത്തേക്ക് പോവുന്നതുപോലെയാണ് മോഹന്‍ലാലിലേക്കുള്ള യാത്രകളും എനിക്ക്. ഒരുപാട് വിസ്മയങ്ങള്‍, വിശുദ്ധ സൗഹൃദത്തിന്റെ വറ്റാത്ത നീരുറവകള്‍, നല്ല ഫലിതത്തിന്റെ കാറ്റുകള്‍, പ്രതിഭയുടെ ഉദയകാന്തികളും നിലാവെട്ടങ്ങളും, തനിച്ചാവുമ്പോഴുള്ള വെടിവെട്ടങ്ങള്‍...എല്ലാമെല്ലാം പരിചയത്തിന്റെ രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഓരോ തവണയും പുത്തന്‍ അനുഭവങ്ങളാണ്. ചുരം കയറി, കാടും കക്കല്‍തുണ്ടിയും സൂര്യകാന്തിപ്പാടങ്ങളും വിശാലമായ ഏകാന്തതകളും താണ്ടിയുള്ള യാത്രക്കിറങ്ങി.

സുല്‍ത്താന്‍ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍നിന്ന് പുറപ്പെടുന്നതിന്റെയന്ന് പുലര്‍ച്ചെ നാലുമണിക്ക് മോഹന്‍ലാലിന്റെ ഫോണില്‍നിന്ന് മെസേജ് വന്നു: ''വൈകുന്നേരംമുതല്‍ പുലര്‍ച്ചെവരെയാണ് എന്റെ ഷൂട്ടിങ്. ആറുമണിക്ക് മുറിയിലെത്തി ഞാനൊന്ന് കിടക്കും. നിങ്ങള്‍ ഉച്ചയ്ക്ക് എത്തി ഭക്ഷണം കഴിക്കുമ്പോഴേക്കും ഞാന്‍ തയ്യാറാവാം. ഹോട്ടലിന്റെ ലൊക്കേഷന്‍ അയക്കുന്നു...'' 

നാല് പതിറ്റാണ്ടിലധികമായി അഭിനയിച്ചുകൊണ്ടേയിരിക്കുന്ന ഒരു മനുഷ്യന്‍; അറുപത്തിമൂന്നാംവയസ്സിലും മടിയോ മടുപ്പോ ഇല്ലാതെ, ആവര്‍ത്തനവിരസതകളില്ലാതെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വേഷംകെട്ടിയാടിക്കൊണ്ടേയിരിക്കുന്നു. അഞ്ചോ പത്തോ വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ജോലി മടുക്കുന്ന ഒരു തലമുറയുടെ നടുവിലാണ് ഏകാകിയായി, ഏകാഗ്രതയോടെ ഈ മനുഷ്യന്‍ ജീവിക്കുന്നത്. അതോര്‍ത്തിരുന്നപ്പോള്‍ പകലിന്റെ പാതിയും പറന്നുപോയതറിഞ്ഞില്ല.

മൈസൂരു നഗരമധ്യത്തിലെ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിച്ചിരിക്കുമ്പോഴേക്കും നീല ബനിയനണിഞ്ഞ് മോഹന്‍ലാല്‍ വന്നു. തിരുവനന്തപുരത്തെ വീരകേരള ജിംഖാനയുടെ പഴയ ഗുസ്തിതാരമായതിനാല്‍ ഏത് സമയത്തും തടിച്ചേക്കാവുന്ന തന്റെ ശരീരത്തെ നിരന്തരവ്യായാമത്തിലൂടെ അഴകോടെ അദ്ദേഹം ഒതുക്കിയിരിക്കുന്നു. ''നിങ്ങള്‍ ഭക്ഷണം കഴിച്ചോ? ഞാനിപ്പോള്‍ ഉണര്‍ന്നതേയുള്ളൂ, ഒന്നും കഴിക്കാന്‍ തോന്നുന്നില്ല''. കഴിഞ്ഞ പത്തുദിവസമായി രാത്രിമുഴുവന്‍ ഷൂട്ടിങ്ങാണ് എന്നുപറഞ്ഞ് കാല്‍ തടവി ലാല്‍ ഇരുന്നു. ''കുറേദിവസം ഫൈറ്റായിരുന്നു, പീറ്റര്‍ ഹെയ്നിനൊപ്പം. നല്ല അധ്വാനം''. അതുപറഞ്ഞ് അദ്ദേഹം പുറത്തുപരന്ന വെയിലിലേക്ക് നോക്കി, അപ്പോള്‍മാത്രം ഭൂമിയിലേക്കുണര്‍ന്ന ഒരാളുടെ വിസ്മയത്തോടെ.

''നിങ്ങള്‍ നന്നായൊന്ന് വിശ്രമിക്കൂ. ഞാനപ്പോഴേക്ക് ഒന്ന് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്തിട്ട് വരാം. സന്ധ്യയ്ക്ക് നമുക്കൊരു പ്രത്യേക ക്ഷേത്രത്തില്‍ പോവാം...''-ലാല്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. അഭിനേതാവിന്റെ മാധ്യമം ശരീരമാണ്; ഗായകന്റേത് ശബ്ദമെന്നപോലെ. എത്തിച്ചേരാന്‍ പറ്റുന്ന കൊടുമുടികളിലെല്ലാം കയറിക്കഴിഞ്ഞിട്ടും ഉയരങ്ങളുടെ ദാഹം തീരാത്ത പര്‍വതാരോഹകനെപ്പോലെ ഈ മനുഷ്യനും എപ്പോഴും തയ്യാറായിക്കൊണ്ടിരിക്കുന്നു- കൂടുവിട്ട് കൂടുമാറാന്‍, ആരൊക്കെയോ ആയി മാറാന്‍.

ചാമുണ്ഡിക്കുന്നിലേക്ക്...
കൃത്യം അഞ്ചുമണി കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ വിളിച്ചു: ''നിങ്ങള്‍ റെഡിയാണോ? എനിക്കൊരു ചായകുടിക്കാനുള്ള നേരം വേണം. നമുക്ക് പോവാം.'' ഒരു ചെറിയ വീടുപോലെയായിരുന്നു മൈസൂരു ഹോട്ടലില്‍ മോഹന്‍ലാലിന്റെ മുറി. വസ്ത്രങ്ങള്‍നിറച്ച വലിയ പെട്ടികള്‍, കൃത്യമായി അടുക്കിവെച്ച ഷൂസുകള്‍; ചെരിപ്പുകള്‍, പുസ്തകങ്ങള്‍, സ്ഥിരം പ്രാര്‍ഥിക്കുന്ന ഫോട്ടോകള്‍, ചായയുണ്ടാക്കാനുള്ള സാധനങ്ങള്‍, ബി.പി. അപ്പാരറ്റസ്, പുറത്ത് ബാല്‍ക്കണിയില്‍ അലക്കിയിട്ട വസ്ത്രങ്ങള്‍...സ്വയം സൃഷ്ടിച്ച ഈ കൂട്ടിലാണ് കഴിഞ്ഞ ഒരു മാസമായി മോഹന്‍ലാല്‍ പാര്‍ക്കുന്നത്. 

മുന്‍പൊരിക്കല്‍ തനിച്ചിരുന്ന് സംസാരിച്ച ഒരു രാത്രിയില്‍ ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത് എനിക്കോര്‍മവന്നു: ''ശരിക്കും പറഞ്ഞാല്‍ ഹോട്ടല്‍മുറികളില്‍നിന്ന് ഹോട്ടല്‍മുറികളിലേക്കുള്ള യാത്രകളാണ് എന്റെ ജീവിതം. സ്വന്തം വീട്ടില്‍ താമസിച്ചതിന്റെ നൂറുമടങ്ങ് ഞാന്‍ ഏതൊക്കെയോ ഹോട്ടല്‍മുറികളിലാണ് പാര്‍ത്തിട്ടുള്ളത്. അതുകൊണ്ട് എവിടെച്ചെന്നാലും എനിക്ക് കിട്ടുന്ന മുറിയെ ഞാനൊരു വീട്ടുമുറിയാക്കും...''

അതുതന്നെയായിരുന്നു ഞാന്‍ മൈസൂരുവിലും കണ്ടത്. നിന്നനില്‍പ്പില്‍ ഒരുകപ്പ് ചായയും കോഴിമുട്ടയും ലാല്‍ കഴിച്ചു. ''ഇന്നത്തെ ആദ്യ ഭക്ഷണമാണ്'' വയറുനിറച്ച് ഊണുകഴിച്ച ഞാന്‍ അതുകണ്ട് അല്പം ലജ്ജയോടെ ഇരുന്നു. ഉച്ചയൂണ് ഒഴിവാക്കിയുള്ള ഒരു മലയാളി ജീവിതം ഇന്നും എനിക്ക് അദ്ഭുതമാണ്.

''ചാമുണ്ഡിക്കുന്നിന്റെ പിറകുവശത്ത് സുബ്രഹ്മണ്യന്റെ വിശേഷപ്പെട്ട വിഗ്രഹമുള്ള ഒരു കോവിലുണ്ട്. നമുക്ക് പോവാം''- കൈരണ്ടും കൂട്ടിത്തിരുമ്മിക്കൊണ്ട് അദ്ദേഹം പറഞ്ഞു. തന്റേതായ സുരക്ഷിത ഇടത്തില്‍നിന്നിറങ്ങിയാല്‍, അത് മുറിയില്‍നിന്നാണെങ്കിലും കാറില്‍നിന്നാണെങ്കിലും ശരി കാറ്റിന്റെ വേഗത്തിലാണ് പിന്നെ മോഹന്‍ലാല്‍ നടക്കുക. ആള്‍ക്കൂട്ടത്തിനിടയില്‍ ഇത്രമേല്‍ അസുരക്ഷിതനായ മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല. എത്രയും വേഗം ആള്‍ക്കൂട്ടങ്ങളൊഴിഞ്ഞ അടുത്ത സുരക്ഷിത ഏകാന്തതയിലേക്ക് ചേക്കേറാനാണ് ആ കുതിപ്പ്. പരിചിത സൗഹൃദങ്ങളുടെ സ്വകാര്യസദസ്സുകളിലാണ് തന്റെ സ്വതസ്സിദ്ധ ലജ്ജയെല്ലാം കുടഞ്ഞുകളഞ്ഞ് മോഹന്‍ലാല്‍ ഒരു പാരിജാതമായി വിടരുക. അത് സാക്ഷിയായും അനുഭവിച്ചും മാത്രമറിയാന്‍ സാധിക്കുന്ന ഒരു അപൂര്‍വാനന്ദമാണ്.

ഞങ്ങളുടെ കാറിനുപുറത്ത് മൈസൂരു അതിന്റെ സായാഹ്ന സവാരി തുടങ്ങിക്കഴിഞ്ഞു. ഓഫീസ് കഴിഞ്ഞ് ധൃതിയില്‍ വീട്ടിലേക്ക് മടങ്ങുന്നവര്‍, തിങ്ങിനിറഞ്ഞ ബസ്സുകള്‍, സജീവമായ അന്തിച്ചന്തകള്‍, ജനം തിരക്കുന്ന ഹോട്ടലുകള്‍, പുരാതനവൃക്ഷങ്ങള്‍ വിരിച്ച തണലിലൂടെ അലസം നടക്കുന്നവര്‍, അലഞ്ഞുതിരിയുന്ന കുതിരകള്‍, കൊട്ടാരവും കുതിരപ്പന്തിയും മറ്റ് ചരിത്ര ശേഷിപ്പുകളും, സായിപ്പ് നിര്‍മിച്ച് തന്നുപോയ രമ്യഹര്‍മ്യങ്ങള്‍, ജീവിതത്തിന്റെ ഉത്സവക്കാഴ്ചകള്‍...എല്ലാം നോക്കി ലാല്‍ ഇരുന്നു. ഇതെല്ലാം തനിക്കന്യമാണല്ലോ എന്ന വിദൂരവിഷാദം ഇത്തരം സമയങ്ങളില്‍ ആ കണ്ണുകളില്‍ ഉണ്ടാവാറുണ്ട്. അദ്ദേഹത്തിന്റെ അപാരമായ അഭിനയശേഷിക്കുപോലും അത് മറച്ചുപിടിക്കാന്‍ സാധിക്കാറില്ല. താരം എന്നത് കൂട്ടിലെ വര്‍ണപ്പക്ഷിയാണ്. അയാള്‍ക്ക് നഷ്ടപ്പെടുന്നതൊന്നും ആരാധകര്‍ അറിയാറില്ല; നേട്ടങ്ങള്‍ മാത്രമേ അവരെ അമ്പരപ്പിക്കാറുള്ളൂ.

''ചരിത്രകാലത്തെ ഈ നഗരത്തെ ഒന്ന് കണ്ണടച്ചിരുന്ന് സങ്കല്പിച്ചുനോക്കൂ. കുതിരകളുടെ യാത്രകളും രാജശാസനകളും കൊടിതോരണങ്ങളും പെരുമ്പറമുഴക്കങ്ങളും തലപ്പാവുവെച്ച മനുഷ്യരുമൊക്കെയായി ഒരു ലോകം. ടൈം മെഷീനില്‍ക്കയറി ഒരു യാത്ര. പുറത്തിറങ്ങിനടക്കാന്‍ ഏറെ പരിമിതികളുള്ള ഞാന്‍ ഇങ്ങനെയൊക്കെ സങ്കല്പിച്ചാണ് സമയത്തെ മറികടക്കാറുള്ളത്'', ലാല്‍ പറഞ്ഞു. മനുഷ്യജീവിതത്തിന്റെയും ആള്‍ക്കൂട്ടത്തിന്റെയും തിരക്കുകളിലൂടെ ഊളിയിട്ടുനടക്കുന്നതിന്റെയും ആനന്ദം കുറേക്കാലത്തേക്ക് ജീവിതത്തില്‍നിന്ന് എടുത്തുമാറ്റപ്പെട്ടപ്പോളുണ്ടായ മാനസികാവസ്ഥ എല്ലാവരും കടന്നുപോന്നതാണല്ലോ. അപ്പോള്‍ ആജീവനാനന്തം ആ ആനന്ദം എടുത്തുമാറ്റപ്പെട്ട ഒരാളിന്റെ മനോസഞ്ചാരങ്ങള്‍ മനസ്സിലാക്കാവുന്നത് മാത്രമേയുള്ളൂ.

ചാമുണ്ഡിക്കുന്നിനുപിറകിലെ ക്ഷേത്രത്തിനുമുന്നില്‍

ചാമുണ്ഡിക്കുന്നിനപ്പുറം അന്തി ചായുകയായിരുന്നു. താഴ്വരയിലൂടെ പക്ഷികള്‍ കൂടുകളിലേക്ക് തിരിച്ചുപറക്കുന്നു. മണ്ണിലാകെ മഴ ചാറിപ്പോയ മണം. ഏത് സ്ഥലത്തെക്കുറിച്ച് പറഞ്ഞാലും മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്ന ഒരു വാചകമുണ്ട്: ''ഞാനവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്''. അതൊരു അവകാശവാദമോ മേനിപറച്ചിലോ അല്ല. ജീവിച്ചതിന്റെ മുഖ്യഭാഗവും കേരളത്തിലെയും ലോകത്തിലെയും ഏതൊക്കെയോ ഇടങ്ങളില്‍ ക്യാമറയുടെ മുന്നില്‍നിന്ന ഒരു മനുഷ്യന്റെ ഓര്‍മയുടെ പാളലാണ്. അതോര്‍ത്ത് ഞാന്‍ ചോദിച്ചു: ''ചാമുണ്ഡി ഹില്‍സില്‍ ഷൂട്ട് ചെയ്തിട്ടുണ്ടോ?''
കുറേനേരം പുറംകാഴ്ചകളിലേക്ക് നോക്കിയിരുന്നതിനുശേഷം അദ്ദേഹം പറഞ്ഞു:
''ഓര്‍മ കിട്ടുന്നില്ല. ഒരുപാട് സ്ഥലങ്ങള്‍ ഓര്‍മയില്‍ ശേഷിക്കുന്നുണ്ട്. പലതും മാഞ്ഞുപോയി.''

കുന്നിന്‍മുകളിലെ ക്ഷേത്രനടയില്‍ നേരത്തേ പറഞ്ഞുറപ്പിച്ച ഒരാള്‍ കാത്തുനിന്നിരുന്നു. ക്ഷേത്രത്തിന് പിറകിലെ കാടുപിടിച്ച വഴിയിലേക്ക് അയാള്‍ ഞങ്ങളെ നയിച്ചു. മൈസൂര്‍ കൊട്ടാരത്തിന്റെ സ്ഥലമാണ്. കാട്ടുവള്ളികളും മുള്‍ച്ചെടികളും വളര്‍ന്ന ആ വഴിയിലൂടെ വള്ളിച്ചെരുപ്പുമിട്ട് മോഹന്‍ലാല്‍ നടന്നു. അന്ന് രാവിലെവരെ ഒരു ബ്രഹ്മാണ്ഡ സിനിമയില്‍ വേഷമിട്ടയാളാണ് നിധി തേടിപ്പോകുന്ന മനുഷ്യനെപ്പോലെ നടന്നുപോവുന്നത് എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. മോഹന്‍ലാല്‍ എപ്പോഴും പറയാറുണ്ട്: ''സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ടിനപ്പുറം അഭിനേതാവില്ല. അഭിനയവും സിനിമയുമെല്ലാം മേക്ക് ബിലീഫാണ്''

നടന്നുനടന്ന് ഞങ്ങളെത്തിയത് ഒരു ആലിന്‍ചുവട്ടിലാണ്. മേല്‍ക്കൂരയില്ലാത്ത, മതിലുകെട്ടിത്തിരിച്ച ഒരു കോവില്‍. അതിനുള്ളില്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത ഒരു വിഗ്രഹം. വിഗ്രഹത്തെ ചുറ്റിപ്പിണഞ്ഞ് സര്‍പ്പരൂപങ്ങള്‍. താഴെ ദേവനാഗരിയില്‍ എന്തോ എഴുതിയിരിക്കുന്നു. വിഗ്രഹം സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം ലാല്‍ പറഞ്ഞു: ''ഇത് സുബ്രഹ്മണ്യനല്ല. മുനിപരമ്പരയിലോ സിദ്ധപരമ്പരയിലോ പെട്ട ആരോ ആണ്.''

കുറച്ചുനേരംകൂടി ഞങ്ങള്‍ ആ തുറന്ന കോവിലിന് മുന്നില്‍നിന്നു. തിരിച്ചുനടന്ന് കാട്ടുവഴികള്‍ കടന്നപ്പോള്‍ തുറസ്സായ വ്യൂ പോയന്റിലെത്തി. അവിടെ നിന്നാല്‍ മൈസൂരു മുഴുവന്‍ കാണാമായിരുന്നു. അന്തിയുടെ അവസാന കതിരുകള്‍ ആകാശത്ത് ബാക്കിയുണ്ട്. അതുനോക്കി മോഹന്‍ലാല്‍ നിന്നു. ആരാലും തിരിച്ചറിയപ്പെടാത്ത ഒരിടത്ത് താന്‍ എത്തിയതിന്റെ ആശ്വാസം അദ്ദേഹത്തിന്റെ മുഖത്തും ശരീരഭാഷയിലുമുണ്ടായിരുന്നു. പക്ഷേ, ആ ആശ്വാസം അല്പായുസ്സായിരുന്നു. എവിടെനിന്നോ കുറച്ച് ഗ്രാമീണര്‍ അവിടെയെത്തി. അവര്‍ മോഹന്‍ലാലിനെ തിരിച്ചറിഞ്ഞ് വളഞ്ഞു. എല്ലാവര്‍ക്കും ഫോട്ടോ വേണം. അത് സാധിച്ചുകൊടുത്ത് കാറിലേക്കൂളിയിട്ട് കുന്നിറങ്ങുമ്പോള്‍ ലാല്‍ പറഞ്ഞു: ''സ്വകാര്യത നഷ്ടപ്പെടുക എന്നത് ജീവിതത്തിലെ വലിയ ദുരന്തങ്ങളിലൊന്നാണ്.''

ലോകത്തിലെ എല്ലാ സെലിബ്രിറ്റികളും പറഞ്ഞ സത്യമാണിത്. നൊബേല്‍ സമ്മാനം നേടിയതിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് പറഞ്ഞു: ''വാര്‍ത്തകള്‍ എഴുതുന്ന സാധാരണക്കാരനായ ഒരു പത്രപ്രവര്‍ത്തകനായിരുന്നു ഇത്രയും കാലം ഞാന്‍. ഇന്ന് ഞാന്‍തന്നെ വാര്‍ത്തയാണ്. ആരാലും അറിയപ്പെടാതെ ആള്‍ക്കൂട്ടത്തിലൂടെ നടന്ന് വാര്‍ത്തകള്‍ ശേഖരിക്കാന്‍ എനിക്കിനി സാധിക്കില്ല.'' സ്വാതന്ത്ര്യത്തിന്റെ വില അത് നഷ്ടപ്പെടുമ്പോള്‍ മാത്രമേ മനസ്സിലാവൂ എന്ന് പറയുന്നത് എത്ര സത്യമാണ്!

മോഹന്‍ലാല്‍ മൈസൂരുവിലെ ഹോട്ടലില്‍ / ഫോട്ടോ: ശ്രീകാന്ത് കോട്ടയ്ക്കല്‍

കുന്നിനുതാഴെ മൈസൂരു നഗരം ദീപാലംകൃതമായിരുന്നു. പുറംകാഴ്ചയില്‍ ലയിച്ച് ലാല്‍ ഇരിക്കുന്നു. ഇവിടെ വന്നാല്‍ ദാസ്പ്രകാശ് ഹോട്ടലില്‍നിന്ന് ഒരു മസാലദോശ പതിവുണ്ടായിരുന്നു. മലയാളികള്‍ വന്ന് നിറയുന്ന അവിടെ ഈ മനുഷ്യനെയുംകൊണ്ട് പോകുന്നത് ആത്മഹത്യാപരമായിരിക്കും. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് സത്യന്‍ അന്തിക്കാടിന്റെ 'ഇന്നത്തെ ചിന്താവിഷയം' എന്ന സിനിമയുടെ ഷൂട്ടിങ്ങും കഴിഞ്ഞ് മറയൂരില്‍നിന്ന് കുന്നിറങ്ങി തിരിച്ചുവരുന്ന വഴി ഒരു നാടന്‍ ചായക്കട കണ്ട് ഞങ്ങള്‍ ചായ കുടിക്കാന്‍ നിര്‍ത്തി. ഞാന്‍ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചു: ''ബുദ്ധിമുട്ടാവില്ലെങ്കില്‍ എനിക്കൊരു ചായയും പരിപ്പുവടയും വാങ്ങി കാറില്‍ തരുമോ? ഞാനിവിടെയിറങ്ങിയാല്‍ കുഴപ്പമാവും'' ചായയും പരിപ്പുവടയും വാങ്ങി കാറില്‍ക്കൊണ്ടുചെന്ന് കൊടുക്കുമ്പോള്‍ കണ്ണിറുക്കിച്ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: ''യാത്രയില്‍ ഒപ്പം കൊണ്ടുനടക്കാന്‍ പറ്റാത്ത ഒരാളാണ് ഞാന്‍ എന്ന കാര്യം നിങ്ങള്‍ക്കിപ്പോള്‍ ബോധ്യമായില്ലേ?''

മൈസൂരുവിലെ രാത്രി
നേര്‍ത്ത മഴച്ചാറ്റലുള്ള രാത്രി, ഹോട്ടലിന്റെ മുകളിലെ റസ്റ്ററന്റിലിരുന്ന് മോഹന്‍ലാല്‍ സംസാരിച്ചതത്രയും ജീവിതത്തിലെ അദൃശ്യമായ നിയോഗങ്ങളെക്കുറിച്ചാണ്. അച്ഛന്‍ വഴിയോ അമ്മ വഴിയോ കലാപരമായി ഒരു പശ്ചാത്തലവുമില്ലാത്ത, സിനിമാഭിനയത്തെക്കുറിച്ച് സ്വപ്‌നത്തില്‍പോലും ആലോചിച്ചിട്ടില്ലാത്ത താന്‍ സിനിമാരംഗത്ത് എത്തിയതും ഇത്രയും കാലം അതിജീവിച്ചതും. ചെങ്കുത്തായ ഉയരങ്ങളില്‍നിന്ന് ഒരു പാറക്കഷണമടര്‍ന്ന് പുഴയില്‍ വീണ് ഒഴുകിയൊഴുകി അത് മിനുസപ്പെടുന്നതുപോലെ അഭിനയിച്ചഭിനയിച്ചഭിനയിച്ച് തെളിഞ്ഞ് തെളിഞ്ഞ് വരിക.

''ഒരു ലക്ഷ്യവുമില്ലാത്ത ഒഴുക്കായിരുന്നു എന്റെത്. ഓളങ്ങള്‍ കൊണ്ടുപോകുന്നിടത്തെല്ലാം ഞാന്‍ ഒഴുകി. ഒരു ഭാഗ്യം എനിക്കുണ്ടായി: എന്റെ കാലം പ്രതിഭകളാല്‍ സമൃദ്ധമായിരുന്നു. വലിയ എഴുത്തുകാര്‍, സംവിധായകര്‍, പാട്ടെഴുത്തുകാര്‍, സംഗീത സംവിധായകര്‍.. എല്ലാം അതിന്റെ അത്യുജ്ജ്വലാവസ്ഥയിലായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ വന്നുപെടാന്‍ പൂര്‍വജന്മസുകൃതം വേണം എന്ന് ഞാന്‍ വിശ്വസിക്കുന്നു'', ലാല്‍ പറഞ്ഞു.

''മടുപ്പ് തോന്നുന്നുണ്ടോ'', ഞാന്‍ ചോദിച്ചു.
''മടുത്തിട്ടെന്തുകാര്യം? ഞാന്‍ ഭാര്യയോടും മക്കളോടും പറയാറുണ്ട്, ചുറ്റുമുള്ള ലോകത്തിലേക്ക് നോക്കിയാല്‍ ദൈവാനുഗ്രഹവും ഭാഗ്യവുമുള്ള ജീവിതമാണ് നമ്മുടെത് എന്ന കാര്യം മനസ്സിലാവും. ഈ ജീവിതത്തിനോട് പരാതി പറയാന്‍ നമുക്ക് അവകാശമില്ല.''

റസ്റ്ററന്റിന്റെ ഒരു മൂലയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഞങ്ങളെക്കടന്നുപോവുന്നവര്‍ ഒന്ന് ഞെട്ടിത്തിരിഞ്ഞുനോക്കിവരും. ഫോട്ടോയെടുത്ത് തിരിച്ചുപോവും. പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു. ''മൈസൂരുവിലെ രാത്രികളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കെപ്പോഴും പപ്പേട്ടനെ (പത്മരാജനെ) ഓര്‍മവരും. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലളിത് മഹല്‍ പാലസിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. രാത്രി അവിടെ ഒരു പെട്രോള്‍ ടാങ്കര്‍ ലോറി കൊണ്ടിടാറുണ്ടായിരുന്നു. രാത്രി ഞങ്ങളത് എടുത്തോടിക്കും. വൊഡയാറിന്റെ വലിയൊരു പ്രതിമ അവിടെയുണ്ടായിരുന്നു. അതിനുമുന്നില്‍ നമസ്‌കരിക്കും. പിറ്റേന്ന് അവിടത്തെ കെയര്‍ ടേക്കര്‍ ചോദിക്കും, ആരാണ് രാത്രി ഈ ലോറി എടുത്തോടിക്കുന്നത്? അതൊരു കാലമായിരുന്നു.'', ലാല്‍ പറഞ്ഞുകൊണ്ടേയിരുന്നു.

റസ്റ്ററന്റില്‍നിന്ന് അവസാനത്തെയാളും പോയപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. മുറിയുടെ ബാല്‍ക്കണിയില്‍ ചെന്നുനിന്നു. മൈസൂരു പൂര്‍ണമായും ഉറങ്ങിയിരിക്കുന്നു. ആകാശത്ത് അവിടവിടെ ചില താരങ്ങള്‍; എനിക്കരികില്‍ ഭൂമിയില്‍ ബാല്‍ക്കണിയുടെ കൈവരി പിടിച്ചുനില്‍ക്കുന്നു മറ്റൊരു താരം. രാവില്‍ മുറ്റത്തെ മുല്ലയിലേക്ക് പൊഴിഞ്ഞുവീണ താരത്തെക്കുറിച്ചുള്ള ഉമ്പായിയുടെ മനോഹരമായ ഗസല്‍ ഓര്‍ത്തുപോയി. കിടന്നയുടനേ മോഹന്‍ലാല്‍ ഉറങ്ങി. ഉച്ചയ്ക്കായാലും രാത്രിയായാലും സ്വിച്ചിട്ടതുപോലെ ഉറങ്ങാനും ഉണരാനുമുള്ള ഈ മനുഷ്യന്റെ സിദ്ധി മുന്‍പും കണ്ടിട്ടുള്ളതുകൊണ്ട് ആശ്ചര്യം തോന്നിയില്ല. എപ്പോഴോ ഞാനും ഉറങ്ങിപ്പോയി.

മഴയുള്ള പകലിലേക്ക്...
പുറത്ത് ഇരുട്ടുമാറാത്ത പുലര്‍ച്ചയിലെപ്പോഴോ ഉണര്‍ന്നപ്പോള്‍ ഞാന്‍ തൊട്ടരികില്‍ ഉറങ്ങിക്കിടക്കുന്ന മനുഷ്യനെക്കണ്ട് ഇടിമിന്നലേറ്റതുപോലെ കരിഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍, കേള്‍ക്കാത്ത ശബ്ദത്തിലെ ബാബു, പടയോട്ടത്തിലെ കണ്ണന്‍, ആക്രോശത്തിലെ മോഹനചന്ദ്രന്‍, ഭൂകമ്പത്തിലെ രഘു, കുയിലിനെത്തേടിയിലെ തമ്പുരാന്‍കുട്ടി, കാറ്റത്തെ കിളിക്കൂടിലെ ഉണ്ണിക്കൃഷ്ണന്‍, അപ്പുണ്ണിയിലെ മേനോന്‍ മാഷ്, ശ്രീകൃഷ്ണപ്പരുന്തിലെ കുമാരന്‍, അനുബന്ധത്തിലെ ഭാസ്‌കരന്‍, ഇടനിലങ്ങളിലെ ബാലന്‍, പഞ്ചാഗ്‌നിയിലെ റഷീദ്, വാര്‍ത്തയിലെ പരോള്‍ വാസു, ടി.പി. ബാലഗോപാലന്‍ എം.എ.യിലെ ബാലഗോപാലന്‍, സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണപ്പണിക്കര്‍, രാജാവിന്റെ മകനിലെ വിന്‍സെന്റ് ഗോമസ്, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമന്‍, അമൃതംഗമയയിലെ ഡോ. പി.കെ. ഹരിദാസ്, തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടി ജയകൃഷ്ണന്‍, പാദമുദ്രയിലെ മാതുപ്പണ്ടാരം, ചിത്രത്തിലെ വിഷ്ണു, വരവേല്പിലെ മുരളീധരന്‍, കിരീടത്തിലെ സേതുമാധവന്‍, ദശരഥത്തിലെ രാജീവ് മേനോന്‍, നമ്പര്‍ ട്വന്റി മദ്രാസ് മെയിലിലെ ടോണി കുരിശിങ്കല്‍, താഴ്വാരത്തിലെ ബാലന്‍, ഹിസ് ഹൈനസ് അബ്ദുള്ളയിലെ അബ്ദുള്ള, ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥന്‍, വാസ്തുഹാരയിലെ വേണുഗോപാല്‍, കിലുക്കത്തിലെ ജോജി, ഉള്ളടക്കത്തിലെ സണ്ണി, സദയത്തിലെ സേതുമാധവന്‍, യോദ്ധയിലെ തൈപ്പറമ്പില്‍ അശോകന്‍, തേന്മാവിന്‍ കൊമ്പത്തിലെ മാണിക്യന്‍, സ്ഫടികത്തിലെ ആടുതോമ, കാലാപാനിയിലെ ഡോ. ഗോവര്‍ധന്‍ മേനോന്‍, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍, ദൃശ്യത്തിലെ ജോര്‍ജ് കുട്ടി, ആറാംതമ്പുരാനിലെ ജഗന്നാഥന്‍, ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി, നരനിലെ മുള്ളംകൊല്ലി വേലായുധന്‍ കീര്‍ത്തിചക്രയിലെ മേജര്‍ മഹാദേവന്‍, ഒടിയനിലെ മാണിക്യന്‍, ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി, ഇരുവറിലെ ആനന്ദന്‍, കമ്പനിയിലെ ഐ.ജി. വീരപ്പള്ളി ശ്രീനിവാസറെഡ്ഡി ഐ.പി.എസ്., ജയിലറിലെ കാമിയോ റോളായ മാത്യു... എല്ലാം എല്ലാം ഈ ഉറങ്ങിക്കിടക്കുന്ന മനുഷ്യനാണ്. ഇയാളുടെ സിനിമകള്‍ കാണാന്‍ മണിക്കൂറുകളോളം ക്യൂ നിന്ന എന്റെ കൗമാര- യൗവന കാലങ്ങളിലെ വെയിലുകള്‍... കാലത്തിന്റെ ഒരു വന്‍മതിലിനടുത്താണ് ഞാന്‍ ചുരുണ്ടുകൂടിക്കിടക്കുന്നത് എന്നെനിക്ക് തോന്നി. പഴയ സെന്‍ കഥയിലേതുപോലെ ഇത് ഞാന്‍ കണ്ട സ്വപ്‌നത്തിലെ ചിത്രശലഭമാണോ അതോ ചിത്രശലഭം കണ്ട സ്വപ്‌നമാണോ ഞാന്‍ എന്നറിയാത്ത അവസ്ഥ.

സുഖശീതളമായ സ്റ്റാര്‍ ഹോട്ടലിലെ മുറിയിലേതുപോലെ കാര്‍ഗിലിലെ ചുട്ടുപഴുത്ത യുദ്ധഭൂമിയിലും കൊടൈക്കനാലിലെ കാട്ടിലും ഇതേപോലെ മോഹന്‍ലാല്‍ കിടന്നുറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 'ദ്വന്ദ്വസഹനം തപഃ' എന്നാണത്രേ പതഞ്ജലി മഹര്‍ഷി യോഗസൂത്രത്തില്‍ പറയുന്നത്. ചൂട്, തണുപ്പ്; സുഖം, ദുഃഖം; വെയില്‍, മഴ തുടങ്ങി എല്ലാ ദ്വന്ദ്വങ്ങളേയും ഒരുപോലെ സഹിക്കുന്നതാണ് തപം. അത് ഈ മനുഷ്യന്‍ എങ്ങനെയോ സ്വായത്തമാക്കിയിട്ടുണ്ട്. അപൂര്‍വമായ ആ ഉറക്കം ഞാന്‍ എന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി- വെറുതേ ഒരോര്‍മയ്ക്ക്. 

എഴുന്നേറ്റ് ചവിട്ടടിശബ്ദംപോലുമുണ്ടാക്കാതെ ഞാന്‍ ടോയ്ലറ്റിലേക്ക് നടക്കവേ മലയാളിക്ക് പ്രിയപ്പെട്ട ആ ശബ്ദം കമിഴ്ന്നുകിടന്നുകൊണ്ട് ചോദിച്ചു:
''നിങ്ങളെവിടെപ്പോകുന്നു?''
''ഒന്ന് മൂത്രമൊഴിക്കാന്‍''
''മുറി തുറന്ന് പുറത്തേക്ക് പോവരുത്. ശ്രദ്ധിക്കണം''
ഉറങ്ങുന്നതുപോലും ഈ മനുഷ്യന്‍ അഭിനയിക്കുകയാണോ എന്നമ്പരന്ന് ഞാന്‍ തെറ്റാതെ ടോയ്ലറ്റിന്റെ വാതില്‍ തുറന്നു.

കൊടൈക്കനാലില്‍ ഷൂട്ടിങ് സ്ഥലത്ത് ഉറങ്ങുന്ന മോഹന്‍ലാല്‍ / ഫോട്ടോ: മധുരാജ്‌

പിറ്റേന്ന് അതിരാവിലെ ഷൂട്ടിങ്ങില്ലാത്തതുകൊണ്ട് മോഹന്‍ലാല്‍ ഉണര്‍ന്നിട്ടും കിടക്കയില്‍ത്തന്നെ കമിഴ്ന്നുകിടന്നു. തിരിച്ചുപോവാനുള്ളതുകൊണ്ട് ഞാന്‍ പ്രഭാതകൃത്യങ്ങളിലേക്ക് കടന്നു. കിടന്നുകൊണ്ട് ലാല്‍ ചൊല്ലുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു:
''ലോലപീതാംബരച്ചാര്‍ത്തുകള്‍ക്കപ്പുറം
പീലിമുടി വനമാലകള്‍ക്കപ്പുറം
പ്രീതിപ്പൊലിമതന്‍ പൊന്‍തിടമ്പാം 
മഹാജ്യോതിസ്വരൂപനെ കാണുന്നതില്ലയോ...''
മഹാകവി പി. കുഞ്ഞിരാമന്‍നായരുടെ പ്രസിദ്ധമായ 'കളിയച്ഛ'നിലെ വരികള്‍.

''എന്തൊരു വരികളാണല്ലേ. ഞാനിത് ദിവസവും കേള്‍ക്കുകയും ചൊല്ലുകയും ചെയ്യും. ചുമ്മാ''
നീളന്‍ ജുബ്ബയും കാലന്‍ കുടയും കറുത്ത കണ്ണടയും വെച്ച കുഞ്ഞിരാമന്‍നായരുടെ ചില ഫോട്ടോകള്‍ കാണുമ്പോള്‍ മോഹന്‍ലാലിനെ ഓര്‍മവരാറുണ്ട്.
''കുഞ്ഞിരാമന്‍നായരുടെ വേഷം ഇപ്പോഴും നന്നായി ചേരും മോഹന്‍ലാലിന്'', ഞാന്‍ കുളിമുറിയില്‍നിന്ന് വിളിച്ചുപറഞ്ഞു.
''ഒന്നും ഞാന്‍ തേടിപ്പോയിട്ടില്ല; വന്നിട്ടേയുള്ളൂ. വരുമായിരിക്കും'', അശരീരിപോലെ മറുപടി. എനിക്കിറങ്ങാറായപ്പോഴേക്ക് മോഹന്‍ലാല്‍ എഴുന്നേറ്റ് ഇരിപ്പുമുറിയിലേക്ക് വന്നിരുന്നു.
''എനിക്ക് ഷൂട്ടിങ്ങിനിറങ്ങാനുള്ള സമയവുമായി. തന്ന നല്ല രാത്രിക്കും നല്ല നിമിഷങ്ങള്‍ക്കും നന്ദി''
മുറിയില്‍നിന്നിറങ്ങി വാതിലടയ്ക്കുമ്പോള്‍, ദൂരെ കണ്ണടവെച്ചിരുന്ന് നൊച്ചൂര്‍ വെങ്കടരാമന്റെ ഭഗവദ്ഗീതാ വ്യാഖ്യാനമായ സ്ഥിതപ്രജ്ഞലക്ഷണം വായിക്കുകയായിരുന്നു ലാല്‍. വാതിലിനപ്പുറം വിട്ടുപോരുമ്പോള്‍ തലേന്ന് രാത്രി മോഹന്‍ലാല്‍തന്നെ പറഞ്ഞ ഒരു കാര്യം ഓര്‍ത്തുപോയി:
''എത്രനേരം വേണമെങ്കിലും തനിച്ചിരിക്കാന്‍ എനിക്കിഷ്ടമാണ്. എത്രനേരം വേണമെങ്കിലും സൗഹൃദസംഘങ്ങളിലിരിക്കാനും എനിക്കിഷ്ടമാണ്. തനിച്ചിരിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ കാണുന്നു. ഒരുമിച്ചിരിക്കുമ്പോള്‍ നിങ്ങളേയും''
ഹോട്ടലിന് പുറത്തിറങ്ങുമ്പോള്‍ മൈസൂരു നഗരമാകെ മഴയില്‍ക്കുളിച്ച് നില്‍ക്കുകയായിരുന്നു.

ഗുഡ്‌വില്‍, ഊട്ടിയില്‍ സുഖമായി ഉറങ്ങുക

Content Highlights: writer talking about memorable moments spent with mohanlal