'ഒരിക്കല്‍ക്കൂടി ആരാധനയിലെ ആ പാട്ടുകേട്ടു; ഇത്തവണ പാട്ടിന്റെ പശ്ചാത്തലം എന്നെ ദുഃഖിപ്പിച്ചു'

യൗവനാരംഭത്തില്‍, കളര്‍ ടെലിവിഷന്‍ വന്നുതുടങ്ങിയ കാലത്ത്, ദൂര്‍ദര്‍ശനിലെ 'ചിത്രഹാര്‍' എന്ന സിനിമാഗാന പരിപാടിയില്‍ നിരന്തരം വന്നിരുന്ന ഒരു പാട്ടുണ്ടായിരുന്നു. ആനന്ദ് ബക്ഷി എഴുതി, എസ്.ഡി. ബര്‍മന്‍ സംഗീതം പകര്‍ന്ന്, കിഷോര്‍ കുമാര്‍ പാടി, രാജേഷ് ഖന്നയും ശര്‍മിളാ ടാഗോറും ചേര്‍ന്നഭിനയിച്ച 'ആരാധന' എന്ന സിനിമയിലെ 'മേരേ സപ്നോം കി റാണി, കബ് ആയേഗീ തൂ?' എന്ന പ്രസിദ്ധഗാനം. ആ പാട്ട് ടി.വി.യില്‍ തെളിയുന്ന സമയത്തെല്ലാം പാട്ടിനും ദൃശ്യങ്ങള്‍ക്കുമൊപ്പം പശ്ചാത്തലക്കാഴ്ചകളും എന്നെ ആകര്‍ഷിച്ചിരുന്നു. കരിപ്പുക തള്ളി മലഞ്ചരിവുകളിലൂടെ വളഞ്ഞുപുളഞ്ഞോടുന്ന ടോയ് ട്രെയിനിലിരിക്കുന്ന നായിക ശര്‍മിളാ ടാഗോറിനെ നോക്കി, റെയില്‍പ്പാതയ്ക്ക് സമാന്തരമായിപ്പോകുന്ന റോഡിലൂടെ തുറന്ന ജീപ്പില്‍ യാത്രചെയ്ത് രാജേഷ് ഖന്ന പാടുമ്പോള്‍, പ്രസന്നമായ മലയോരം പശ്ചാത്തലത്തിലൂടെ കടന്നുപോവും.
ഏതാണ് ഈ സ്ഥലമെന്ന് എല്ലായ്പോഴും ആലോചിച്ചിരുന്നു. ഇന്റര്‍നെറ്റിന് മുന്‍പുള്ള കാലമായതിനാല്‍ ചോദ്യം ചോദ്യമായിത്തന്നെ ശേഷിച്ചു. വര്‍ഷങ്ങളേറെക്കഴിഞ്ഞ് ആദ്യമായി കൊല്‍ക്കത്തയിലെത്തിയപ്പോള്‍ അവിടത്തെ മലയാളിസുഹൃത്തുക്കളാണ് പറഞ്ഞത്: ''ഡാര്‍ജിലിങ്ങില്‍ക്കൂടി ഒന്ന് പോയിവരൂ.''
ആദ്യമായിട്ടായിരുന്നു ആ പേര് കേള്‍ക്കുന്നത്. അപ്പോഴും ഇന്റര്‍നെറ്റില്ലാത്തതിനാല്‍ ആ സ്ഥലത്തെ സങ്കല്പിക്കുകമാത്രമേ സാധ്യമായിരുന്നുള്ളൂ. മേഘത്തിലുരുമ്മിനില്‍ക്കുന്ന ഹിമശിഖരങ്ങളെ വെറുതേ സങ്കല്പിച്ച് എസ്പ്ലനേഡിലെ ചന്തത്തിരക്കുകളില്‍നിന്ന് ഒരു വോള്‍വോ ടൂറിസ്റ്റ് ബസ്സില്‍ കയറി, സിലിഗുഡിയിലേക്ക്. അവിടെനിന്ന് പിന്നെയും പോവണമായിരുന്നു ഡാര്‍ജിലിങ്ങിലേക്ക്.
കുണ്ടും കുഴിയും നിറഞ്ഞ പശ്ചിമബംഗാള്‍ പാതകളിലൂടെ രാത്രി മുഴുവന്‍ വണ്ടിയോടി. നേരം പുലര്‍ന്ന് പകല്‍ച്ചൂട് പിടിച്ചിട്ടും ബസ് ഓട്ടം തുടര്‍ന്നു. പുറത്തെ പൊള്ളുന്ന വെയിലിലും ഞാന്‍ ആകാശമേഘങ്ങള്‍ക്കിടയില്‍ ഹിമശിഖരങ്ങള്‍ തിരഞ്ഞു. പരന്നുകിടക്കുന്ന പാടങ്ങള്‍ക്കപ്പുറം ഏകാന്തമായ ശൂന്യതമാത്രം.
പതിനൊന്നുമണിയായി ബസ് സിലിഗുഡിയിലെത്താന്‍. പൊടിപിടിച്ച ആ പട്ടണത്തിന്റെ നടുവില്‍നിന്ന് ഞാന്‍ എവിടെയെങ്കിലും ഹിമശിഖരങ്ങള്‍ കാണുന്നുണ്ടോ എന്ന് തിരഞ്ഞു. ദൂരെ കുറെ മരക്കൂട്ടങ്ങള്‍മാത്രം. നീലപ്പെയിന്റടിച്ച മരജനവാതിലുകളും വെള്ളപ്പെയിന്റടിച്ച ജനല്‍ക്കമ്പികളുമുള്ള സത്രം പോലുള്ള ഒരു ലോഡ്ജിലെ പൊട്ടിപ്പൊളിഞ്ഞ കുളിമുറിയില്‍ കുളിച്ച്, കടുകെണ്ണ കലര്‍ന്ന ഇഡ്ഡലിയും സാമ്പാറും കഴിച്ച്, ഡാര്‍ജിലിങ്ങിലേക്കുള്ള ഷെയര്‍ ടാക്‌സി ജീപ്പില്‍ കയറി. നാട്ടുകച്ചവടക്കാരും ഉയരങ്ങളിലെ തണുപ്പ് തേടിപ്പോവുന്ന ഇണകളും ആ ജീപ്പിലുണ്ടായിരുന്നു.
നഗരപാതകള്‍ വിട്ട് ജീപ്പ് ഉയരങ്ങളിലേക്ക് കയറിത്തുടങ്ങിയപ്പോള്‍ റോഡിന് സമാന്തരമായി സാലവൃക്ഷങ്ങള്‍ക്കിടയിലൂടെ മീറ്റര്‍-ഗേജ് റെയില്‍പ്പാത പോവുന്നത് കണ്ടു. കുറച്ചുകൂടി ഉയരത്തിലെത്തിയപ്പോള്‍ കരിപ്പുക തുപ്പി നീലനിറത്തിലുള്ള ടോയ് ട്രെയിന്‍ ഒപ്പം വന്നു. അതില്‍ കൂടുതലും വിദേശികളായിരുന്നു. അവര്‍ ഞങ്ങളെ നോക്കി കൈവീശി. പെട്ടെന്ന്, എന്റെ മനസ്സില്‍ 'ആരാധന'യിലെ പാട്ടിന്റെ ദൃശ്യങ്ങള്‍ തെളിഞ്ഞു. അതേ ട്രെയിന്‍, പുക, വഴികള്‍, വളവുകള്‍... യൗവനത്തെ ആനന്ദിപ്പിച്ച പാട്ടിന്റെ പശ്ചാത്തലത്തിലൂടെയാണ് ഞാന്‍ കയറിയ ജീപ്പ് ഇപ്പോള്‍ കുതിച്ചുകയറുന്നത്. തണുത്ത കാറ്റില്‍ സാലവൃക്ഷത്തിന്റെ ഇലകള്‍ വിറച്ചു. ടോയ് ട്രെയിനിന്റെ കല്‍ക്കരിപ്പുക നനുത്ത പര്‍വതപ്രകാശത്തില്‍ ചിത്രം വരഞ്ഞുകൊണ്ട് പടര്‍ന്നു. ഒപ്പം പാഞ്ഞുകൊണ്ടിരുന്ന ട്രെയിന്‍ എപ്പോഴോ വളവുതിരിഞ്ഞ് വൃക്ഷനിബിഡതയിലേക്ക് ഊളിയിട്ട് മറഞ്ഞു.
വളവുകള്‍ കയറിക്കയറി ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്ക് പോവുന്തോറും കാറ്റിലെ നനവ് കൂടി. മഞ്ഞിലും മഴച്ചാറ്റലിലും മരങ്ങള്‍ കുളിര്‍ത്തുനിന്നു. മലയുടെ അടിവയറ്റില്‍നിന്നുമുള്ള നീരുറവകള്‍ റോഡിനെ മുറിച്ചൊഴുകി. തണുത്ത നീരുറവകളില്‍ കഴുകിയെടുത്ത കാരറ്റുമായി സ്ത്രീകള്‍ വഴിയോരത്ത് ചിരിച്ചുനിന്നു. ചില വളവുകളില്‍ മഴ പൊഴിഞ്ഞപ്പോള്‍ തൊട്ടപ്പുറം നനുത്ത വെയിലായിരുന്നു. ചെറിയ ചെറിയ കടകള്‍ ഭക്ഷണങ്ങള്‍ വെച്ച് വിളിച്ചു. ദൂരെ കുന്നിന്‍ചെരിവുകളില്‍ ജലരേഖകള്‍ വരഞ്ഞുകൊണ്ട് അരുവികളൊഴുകി. എന്നിട്ടും ഞാന്‍ തേടിക്കൊണ്ടേയിരുന്ന, മേഘങ്ങളിലുരുമ്മിയ ഹിമശൃംഗങ്ങള്‍ മാത്രം കണ്ണില്‍ത്തടഞ്ഞില്ല.
നാലുമണിക്കൂര്‍ ഓടിയതിനുശേഷം ജീപ്പ് നിര്‍ത്തിയത് യൂറോപ്യന്‍ ശൈലിയിലുള്ള ഒരു റെയില്‍വേസ്റ്റേഷന് മുന്നിലാണ്. സാലവൃക്ഷങ്ങള്‍ക്കിടയിലേക്ക് മറഞ്ഞ ടോയ് ട്രെയിന്‍ അവിടെ കിടപ്പുണ്ടായിരുന്നു. ജാപ്പനീസ് എഴുത്തുകാരനായ യാസുനാരി കാവാബാത്തയുടെ 'ഹിമഭൂമി' എന്ന നോവലിലെ ഏതോ ഒരു സ്റ്റേഷനെ ഓര്‍മിപ്പിച്ചു അത്. നിറപ്പകിട്ടാര്‍ന്ന സ്വെറ്റര്‍ ധരിച്ച് ചെറിയ അങ്ങാടിയിലൂടെ വേഗം വേഗം നടന്നുപോകുന്ന സുന്ദരന്മാരും സുന്ദരിമാരും. സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍. ഗൂര്‍ഖാത്തൊപ്പിയണിഞ്ഞ കുറിയ മനുഷ്യര്‍. മംഗോള്‍ മുഖച്ഛായയുള്ള തടിച്ച സ്ത്രീകള്‍. വാര്‍ധക്യത്തിന്റെ ആഴത്തിലുള്ള വരകള്‍ വീണ മുഖമുള്ള അമ്മൂമ്മമാര്‍; അവരുടെ കൈയിലിരുന്ന് തിരിയുന്ന ബുദ്ധമത പ്രാര്‍ഥനാചക്രങ്ങള്‍. മെറൂണ്‍ വസ്ത്രങ്ങള്‍ ധരിച്ച ബുദ്ധസന്ന്യാസിമാര്‍... തണുത്ത മന്ദഹാസംപോലെ ഡാര്‍ജിലിങ് മുന്നില്‍.
താമസിക്കുന്ന ഹോട്ടലില്‍ച്ചെന്ന് ജാലകത്തിരശ്ശീല നീക്കിയപ്പോള്‍ ദൂരെ മേഘത്തിലുരുമ്മിനില്‍ക്കുന്ന ഹിമശൃംഗങ്ങളുടെ മങ്ങിയ കാഴ്ച. കാഞ്ചന്‍ ജംഗയുടെ ഭുജങ്ങള്‍. ഭാഗ്യവും കാലാവസ്ഥയും കനിഞ്ഞാല്‍ അഞ്ച് ഭുജങ്ങളും കാണാന്‍ സാധിക്കും എന്ന് റൂം ബോയ് പറഞ്ഞു. പോവുന്നതിനുമുന്‍പ് അതിന് സാധിക്കട്ടെ എന്ന് കണ്ണിറുക്കിച്ചിരിച്ചുകൊണ്ട് അയാള്‍ ആശംസിച്ചു.
തുടര്‍ന്നുള്ള രണ്ട് രാപകലുകളില്‍ ഡാര്‍ജിലിങ്ങിന്റെ പല പല വഴികളിലൂടെ ഞാന്‍ നടന്നു. ആരാധനയിലെ പാട്ട് ആരംഭിക്കുന്നത് ബട്ടാസിയ ലൂപ്പ് എന്ന് പാര്‍ക്കിലാണ് എന്ന് തിരിച്ചറിഞ്ഞു. നിറമുള്ള തെരുവുകള്‍ക്കപ്പുറത്ത് തുറന്ന ചത്വരമായ ചൗരാസ്തയില്‍ രാത്രി നൃത്തംചെയ്യുന്നത് കണ്ടു. പൈന്‍മരക്കാടുകള്‍ക്കപ്പുറത്ത് ഇരുട്ടിലൂടെ പ്രകാശിക്കുന്ന നക്ഷത്രങ്ങള്‍. തണുപ്പിലുറഞ്ഞ ചുറ്റുവഴികള്‍. തിരക്കേറിയ തീന്‍ശാലകള്‍. അവയില്‍ പതിഞ്ഞ് പൊഴിയുന്ന സംഗീതം. വളരെ നേരത്തേ പ്രാര്‍ഥിച്ചുറങ്ങുന്ന ബുദ്ധവിഹാരങ്ങള്‍. പൈന്‍മരക്കാടുകള്‍ക്ക് നടുവില്‍ ശാന്തിയുടെ പക്ഷിക്കൂടുപോലെ പീസ് പഗോഡ.
ശൈത്യരാത്രികള്‍. തെളിഞ്ഞുമിന്നുന്ന പ്രഭാതങ്ങള്‍. ചൗരാസ്തയിലെ നടത്തത്തിനിടെ ദൂരെ തെളിഞ്ഞുമായുന്ന കാഞ്ചന്‍ജംഗ... ഡാര്‍ജിലിങ് വശ്യവും ഉന്മത്തവുമായ അനുഭൂതിയായി. തിരിച്ച് കുന്നിറങ്ങുമ്പോള്‍ താഴ്വാരങ്ങളില്‍നിന്ന് മഞ്ഞപ്പൂക്കള്‍ ചിരിച്ചു. മഞ്ഞുകാറ്റ് പൈന്‍മരക്കാടുകളില്‍ ചൂളമടിച്ചു.
വിട്ടുപോന്നാലും ചില സ്ഥലങ്ങള്‍ തിരിച്ചുവിളിച്ചുകൊണ്ടേയിരിക്കും. ഡാര്‍ജിലിങ് എനിക്ക് അത്തരത്തില്‍ ഒരിടമായി. പിന്നീട് പലതവണ ഉയരങ്ങളിലെ ഈ തണുപ്പിന്‍കൂട്ടിലെത്തി. രണ്ടാംതവണ ചെന്നപ്പോഴാണ് ടെന്‍സിങ് നോര്‍ഗെ എന്ന അദ്ഭുത മനുഷ്യന്റെ കാല്‍പ്പാടുകള്‍, ഡാര്‍ജിലിങ്ങിന്റെ ഉയര്‍ന്നും താണുമുള്ള ഊടുവഴികളില്‍ ഞാന്‍ കണ്ടെത്തിയത്. എവറസ്റ്റിന്റെ അടിവാരത്തുള്ള സോളോ കുംഭു എന്ന ഏകാന്തഗ്രാമത്തില്‍നിന്ന് തൊഴില്‍ തേടിയും തന്നെ എന്നും മോഹിപ്പിച്ചിരുന്ന കൊടുമുടിയിലേക്കുള്ള യാത്രയ്ക്കുള്ള സാധ്യതകള്‍ തേടിയുമാണ് ടെന്‍സിങ് ഡാര്‍ജിലിങ്ങിലെത്തുന്നത്. ഇവിടെ അദ്ദേഹം ചുമട്ടുകാരനായി ജോലിചെയ്തു. മുതുകില്‍ ഭാരംവെച്ച് അദ്ദേഹം ഈ നിമ്നോന്നതങ്ങളില്‍ കയറിയിറങ്ങി.
വിദേശത്തുനിന്നും പര്യവേക്ഷണ സംഘങ്ങള്‍ വന്നപ്പോള്‍ അവരുടെ സഹായിയായ ഷെര്‍പ്പയായി പല പല പര്‍വതങ്ങളിലേക്ക് അദ്ദേഹം യാത്രപോയി. ആറ് തവണ എവറസ്റ്റിലേക്ക് പോയി, പരാജയപ്പെട്ടു. പര്യവേക്ഷണങ്ങളൊന്നുമില്ലാത്ത സമയത്ത് എവറസ്റ്റ് അവിടെത്തന്നെക്കാത്ത് തലയുയര്‍ത്തി നില്‍പ്പുണ്ട് എന്ന് കണ്ടാശ്വസിക്കാന്‍ വേണ്ടിമാത്രം ടെന്‍സിങ് ഡാര്‍ജിലിങ്ങില്‍നിന്നും ഉയരങ്ങളിലുള്ള ടൈഗര്‍ ഹില്ലിലേക്ക് പ്രതിഫലം വാങ്ങാതെ ടൂറിസ്റ്റ് ഗൈഡായിപ്പോയി. തെളിഞ്ഞ പ്രഭാതങ്ങളില്‍ അവിടെനിന്ന് ദൂരെ എവറസ്റ്റിന്റെ തുഞ്ചം കണ്ട് സന്തോഷിച്ച് കുന്നിറങ്ങി.
ഒടുവില്‍ ഏഴാംതവണ ന്യൂസീലന്‍ഡുകാരനായ എഡ്മണ്ട് ഹിലാരിക്കൊപ്പം ടെന്‍സിങ് എവറസ്റ്റിന്റെ തുഞ്ചം തൊട്ടു. സമതലങ്ങളില്‍ നടക്കുമ്പോള്‍ കിതയ്ക്കുകയും ഉയരങ്ങളിലേക്ക് കയറുന്നതിനനുസരിച്ച് ശ്വാസഗതി സാധാരണനിലയിലാകുകയും ചെയ്യുന്ന ഈ മനുഷ്യന് രണ്ട് ശ്വാസകോശങ്ങളുണ്ട് എന്ന് ലോകം വിശ്വസിച്ചു! പര്യവേക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ടെന്‍സിങ്ങ് പുറത്ത് ചാക്കില്‍ കല്ലുകള്‍ കെട്ടിവെച്ച് ഡാര്‍ജിലിങ്ങിന്റെ ഉയര്‍ച്ചതാഴ്ചകളിലൂടെ നടക്കുമായിരുന്നു എന്ന് പ്രദേശവാസികള്‍ ഓര്‍ക്കുന്നു. ടെന്‍സിങ് ഈ മലയില്‍ ജീവിച്ചു. ഹിമാലയന്‍ മൗണ്ടനറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി.
ഇരുട്ടുപരന്ന ഒരു സന്ധ്യയില്‍ ഡാര്‍ജിലിങ്ങിന്റെ ഏതൊക്കെയോ പിന്‍വഴികളിലൂടെ നടന്ന് കുത്തനെയുള്ള പടവുകള്‍ കയറി ടെന്‍സിങ്ങിന്റെ വീട്ടില്‍ ഞാനെത്തി. അദ്ദേഹം ഒരുപാടുകാലം ജോലിചെയ്ത ഹിമാലയന്‍ മൗണ്ടനറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍പ്പോയി. അവിടെ എവറസ്റ്റാരോഹണത്തില്‍ ടെന്‍സിങ്ങും ഹിലാരിയും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും തകരമഗ്ഗും റെയിന്‍ ഡീര്‍ ഷൂസും കണ്ടു. കൊടുമുടികളുടെ അദ്ഭുത മനുഷ്യന്റെ കിതപ്പില്ലാത്ത ശ്വാസം അപ്പോഴും അവയില്‍ ഉണ്ടായിരുന്നു. ഡാര്‍ജിലിങ്ങിനും മുകളിലെ ടൈഗര്‍ഹില്‍ പ്രഭാതവേളയില്‍ പ്രകൃതിയുടെ പ്രാര്‍ഥനാ സ്ഥലംപോലെ പ്രശാന്തമാണ്. ഉദയം ഏറ്റവും മനോഹരമായി കാണാവുന്ന ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ഇപ്പോഴുമത്. ഉദയത്തിനൊപ്പം താഴ്വരയില്‍ നിന്നും പക്ഷിക്കൂട്ടങ്ങള്‍ ഉണര്‍ന്ന് പറക്കുന്ന സ്വപ്‌നസമാന ദൃശ്യം ടൈഗര്‍ ഹില്ലില്‍നിന്നും പലതവണ കണ്ടു.
സത്യജിത് റായിയുടെ 'കാഞ്ചന്‍ജംഗ' എന്ന സിനിമ കണ്ടതിനുശേഷം ഒരിക്കല്‍ക്കൂടി ഡാര്‍ജിലിങ്ങില്‍ എത്തിയപ്പോള്‍ ചൗരാസ്ത ഒരു നാടകശാലപോലെ തോന്നിച്ചു. ചൗരാസ്തയ്ക്ക് ചുറ്റും വര്‍ത്തുളാകൃതിയിലുള്ള വഴി മാത്രം ഉപയോഗിച്ച് ഒരു മുഴുവന്‍ സിനിമയും ചിത്രീകരിക്കുകയായിരുന്നു റായി. അദ്ദേഹത്തിന് മാത്രം ചെയ്യാന്‍സാധിക്കുന്ന മാജിക്. 'കാഞ്ചന്‍ജംഗ' സിനിമയിലെ കഥാപാത്രങ്ങള്‍ ആ വഴിയിലൂടെ നടക്കുമ്പോള്‍ ദൂരെ യഥാര്‍ഥ കാഞ്ചന്‍ജംഗ കണ്ണുപൊത്തിക്കളിച്ചു.
ഓരോതവണയും ഡാര്‍ജിലിങ്ങില്‍നിന്നും പോന്ന് വീണ്ടുമൊരിക്കല്‍ അവിടേക്ക് തിരിച്ചെത്തുമ്പോഴേക്കും ആ സ്ഥലം കൂടുതല്‍ക്കൂടുതല്‍ ജനത്തിരക്കാര്‍ന്നതും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതുമായിക്കൊണ്ടിരുന്നു. കാണുന്ന ഇടങ്ങളിലെല്ലാം ഹോട്ടലുകളും ഹോംസ്റ്റേകളും. ഹൃദ്യമനോഹരമായ ഇടങ്ങളിലെല്ലാം മാലിന്യം നിറഞ്ഞു. പ്രാര്‍ഥിച്ചുനിന്നിരുന്ന പൈന്‍ മരങ്ങള്‍ വെട്ടിമാറ്റപ്പെട്ടു. അങ്ങാടികള്‍ കൂടുതല്‍ക്കൂടുതല്‍ ഇടുങ്ങിയതായി. മനുഷ്യരില്‍ നിന്നും അനന്യമായ ഹിമാലയന്‍ നിഷ്‌കളങ്കത ചോര്‍ന്നുപോയിക്കൊണ്ടിരുന്നു.
ഏറ്റവുമൊടുവില്‍ മൂന്ന് വര്‍ഷംമുന്‍പ് ഡാര്‍ജിലിങ്ങിലെത്തി ചൗരാസ്തയില്‍ച്ചെന്ന് ഞാന്‍ കാഞ്ചന്‍ജംഗ തിരഞ്ഞു. താഴ്വരയിലേക്കുള്ള എന്റെ കാഴ്ചകളെ തടഞ്ഞുകൊണ്ട് നിറയെ ഉയര്‍ന്ന കെട്ടിടങ്ങള്‍. അവയുടെ ടെറസുകളില്‍ അലക്കിയിട്ട വസ്ത്രങ്ങള്‍. നിശ്ശബ്ദതകളെല്ലാം മാഞ്ഞ് റോക് സംഗീതത്തിന്റേയും ടെലിവിഷന്റേയും ശബ്ദജാലം.
എല്ലാ ഹിമാലയന്‍ നഗരങ്ങളേയുംപോലെ ഡാര്‍ജിലിങ്ങും ആള്‍ക്കൂട്ടമായിക്കഴിഞ്ഞു. അനധികൃത നിര്‍മാണം കുന്നിന്‍മുകളിലെ ഈ നക്ഷത്രലോകത്തിന്റെ കഴുത്തുഞെരിച്ചുകൊല്ലുന്നു. കാഞ്ചന്‍ ജംഗയുടെ കാഴ്ച ഇനി ഡാര്‍ജിലിങ്ങിലെ ഹോട്ടല്‍ ലോബികളില്‍ തൂക്കിയിരിക്കുന്ന ചിത്രങ്ങളില്‍ മാത്രം. തിരിച്ചുവന്ന് ഞാനൊരിക്കല്‍ക്കൂടി ആരാധനയിലെ ആ പാട്ടുകേട്ടു-ഇത്തവണ ആ പാട്ടിന്റെ പശ്ചാത്തലം എന്നെ ദുഃഖിപ്പിച്ചു. എത്ര ക്രൂരമായാണ് പ്രകൃതിയുടെ എല്ലാ സൗന്ദര്യങ്ങളേയും സുഖങ്ങള്‍ക്കുവേണ്ടി നാം കൊന്നുകളയുന്നത്!
Content Highlights: vakkum vazhvum-column by sreekanth kottakkal