കൂട്ടത്തില്‍ മലാലയെപ്പോലാവണം എന്ന് പറഞ്ഞ തിളക്കമുള്ള കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചു

#രാധിക പനങ്കാവില്‍
വര: ലിജീഷ് കാക്കൂർ
വര: ലിജീഷ് കാക്കൂർ

അധ്യാപന ജീവിതത്തിന്റെ തുടക്കം കോഴിക്കോട് നഗരത്തില്‍ നിന്നകെല മാമ്പറ്റ ഗ്രാമത്തില്‍ നിന്നാണ്. എനിക്കും ഒന്നാം വര്‍ഷ ഡിഗ്രി കുട്ടികള്‍ക്കും അന്ന് ഒന്നാം ദിവസം. ആദ്യ പീരിയഡ് തന്നെ ക്ലാസ്സില്‍ പോയി നീട്ടമുള്ള ഗുഡ് മോണിങ് കേട്ടു. പലരുടെയും മുഖത്ത് എനിക്കുള്ള അതേ ആശങ്കകള്‍. പേരും ജേണലിസം തെരഞ്ഞെടുക്കാനുള്ള കാരണവും എല്ലാവരോടും തിരക്കി. ന്യൂസ് റീഡറാവണമെന്നും നികേഷ് കുമാറാവണമെന്നും പറഞ്ഞവരുടെ കൂട്ടത്തില്‍ മലാലയെപ്പോലാവണം എന്ന് പറഞ്ഞ തിളക്കമുള്ള കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചു. ബെല്ലടിച്ചപ്പോള്‍ സ്റ്റാഫ് റൂമില്‍ പോയി ഞാന്‍ ഗൂഗിളില്‍ മലാലയെ പരതി. അവള്‍ക്കും മലാലയ്ക്കും ഒരുപോലെ ഉറച്ച നോക്കും വാക്കും. 

ചങ്ങാത്തം വളര്‍ന്ന അടുത്ത നാളുകളില്‍ ഞങ്ങള്‍ ക്ലാസ്സില്‍ പൊതുകാര്യങ്ങള്‍ ചര്‍ച്ചയാക്കി. നമ്മുടെ മലാല ആക്ടീവായി അഭിപ്രായങ്ങള്‍ പറഞ്ഞു. അവള്‍ ക്ലാസ്സിലെ വായാടിയും പഠിത്തക്കാരിയും പാട്ടുകാരിയുമായിരുന്നു. വീട്ടിലെ സ്വാദേറിയ ബിരിയാണി അവള്‍ എനിക്കും പങ്കുവെച്ചു. 


ഒരു മുന്നറിയിപ്പുമില്ലാതെ പിന്നെ അവള്‍ ക്ലാസ്സില്‍ വരാതായി. മൂന്നാലു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കല്യാണം ഉറപ്പിച്ചെന്ന് കൂട്ടുകാരി പറഞ്ഞു. വേറൊന്നും അറിയില്ല. അവള്‍ക്ക് പതിനെട്ട് ആവുന്നതേയുള്ളു. പത്തു വയസ്സധികമുള്ള ഞാന്‍ പോലും കുടുംബജീവിതത്തെപ്പറ്റി ചിന്തിക്കുന്നുണ്ടായിരുന്നില്ല. ഇതിവിടെ സ്ഥിരമാണെന്ന് പറഞ്ഞ് മറ്റധ്യാപകര്‍ എന്നെ സമാധാനിപ്പിച്ചു.


പിന്നൊരു നാള്‍ ക്ഷീണം പിടിച്ച കണ്ണുകളുമായി അവള്‍ വന്നു. കല്യാണം കഴിഞ്ഞു... പക്ഷേ, പഠിത്തം തുടരുകയാണെന്നും പറഞ്ഞു. മാസം രണ്ടുകഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ മങ്ങിത്തുടങ്ങി. ഇടയ്ക്കിടെ ക്ലാസ്സില്‍  ഉറക്കമായി. ഒരു ദിവസം അവള്‍ എന്നെക്കാണാന്‍ സ്റ്റാഫ് റൂമില്‍ വന്നു. ''എനിക്ക് പള്ളേലുണ്ട്. മൂപ്പരുടെ കൂട്ടുകാരൊക്കെ ആദ്യം വേണ്ടാന്നു വെച്ചിട്ട് പിന്നെ കുട്ടി ഉണ്ടാവാണ്ടായത്രേ. അതോണ്ട് ഇപ്പൊ തന്നെ കുട്ട്യോള് വേണം ന്ന്... എന്നാലും ഞാന്‍ പഠിക്കും മിസ്സ്.'' വയറു വലുതായി വന്ന വരും മാസങ്ങളില്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ റിസള്‍ട്ട് വന്നു. അവള്‍ തന്നെ ടോപ്പര്‍. വൈകാതെ ഞാന്‍ ആ കോളേജില്‍ നിന്ന് പടിയിറങ്ങി. അവള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചെന്നും പഠനം തുടരുന്നുണ്ടെന്നും അറിഞ്ഞു.

 
പ്രതിസന്ധികളില്‍ ഞാന്‍ എന്റെ മലാലയെ ഓര്‍ക്കും. എവിടെയായാലും വാക്കിലെ ദൃഢതയും കണ്ണിലെ തിളക്കവും നീ സൂക്ഷിക്കുക. 

(മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)
 

Content Highlights: teacher sharing an experience of friendship with student