എട്ട്

എനിക്ക് നിമിഷയെപ്പറ്റി ചിലതൊക്കെ ഇവിടെ പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ നിങ്ങളില്‍ ആര്‍ക്കൊക്കെ നിമിഷയെ അറിയാം എന്നത് ഒരു ചോദ്യചിഹ്നമായി നില്‍ക്കുമ്പോള്‍ ഒന്ന് മാത്രം പറയാം. ബോധിസത്വന്‍ കലിയുഗത്തില്‍ നിമിഷയായി ജന്മമെടുത്തിരിക്കുകയാണ് എന്നാണ് എന്റെ അഭിപ്രായം. ആ പേര് തന്നെ നോക്കൂ. ക്ഷണപ്രഭാ ചഞ്ചലമായ ജീവിതത്തെ സൂചിപ്പിക്കുന്ന പേര്. നി. മി. ഷ. ഹൗ... എത്ര അര്‍ഥയുക്തമായ മിന്നിപ്പൊലിയല്‍.
ബോധോദയങ്ങളുടെ പരമ്പരയില്‍ കുരുങ്ങിക്കിടക്കുന്ന ഒരു പെണ്‍ജീവിതത്തെ പറ്റി നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജീവിതവഴിയിലെ നിസ്സാര വളവുകളില്‍ തുരുതുരാ ജ്ഞാനോദയങ്ങള്‍ സംഭവിക്കുന്ന ഒരു മനസ്സിനെ പറ്റി? ഒരു തേരട്ടയുടെ കാലുകള്‍ എന്ന പോലെ ജീവിതത്തിന്റെ അന്തസാരശൂന്യത വെളിവാകുന്ന സന്ദര്‍ഭങ്ങളില്‍ ആണെങ്കില്‍ പറയുകയും വേണ്ട. നിമിഷയെ സംബന്ധിച്ച് അത്തരം സന്ദര്‍ഭങ്ങളുടെ അപ്പൂപ്പന്‍ ആയിരുന്നു അവള്‍ ഭാഗഭാക്കായ ഡ്രൈവിങ് ടെസ്റ്റ്.
വര്‍ഷങ്ങളായി സ്‌കൂട്ടര്‍ ഓടിക്കുന്ന കലാകാരിയാണ് നിമിഷ. ആദിയും അന്തവുമില്ലാത്ത പെരുവയറന്‍ ടാങ്കറുകളോടും തലയ്ക്ക് വെളിവില്ലാതെ പായുന്ന ലിമിറ്റഡ് സ്റ്റോപ്പുകളോടും ഇത്തിരി ബഹുമാനക്കൂടുതല്‍ ഉണ്ടെന്നല്ലാതെ മറ്റ് രോഗങ്ങളൊന്നും നിമിഷയ്ക്ക് കാര്യമായില്ല. അതുകൊണ്ടു തന്നെ ലൈസന്‍സ് സ്വന്തമാക്കാതെയുള്ള നിമിഷയുടെ സ്‌കൂട്ടറോട്ടം കുടുംബത്തില്‍ വലിയൊരു വിഷയവുമായില്ല. നന്നായി ഓടിക്കുന്നുണ്ട്. വേണ്ടതെല്ലാം നടക്കുന്നുണ്ട് . ഒരിക്കലോ മറ്റോ ചരലില്‍ തെന്നി വീണത് അത്രയ്ക്ക് ചര്‍ച്ച ചെയ്യാനുണ്ടോ? പിന്നെ അറിയാതെ ആരെയെങ്കിലും ഇടിച്ചാല്‍... അതിന് ആര് ആരെ ഇടിക്കാന്‍ പോവുന്നു? ഒന്നിനും നേരമില്ലാത്ത ഒരോട്ടമാണ് ജീവിതം. അതിനിടെ ആളുകളെ ഇടിച്ചിടാന്‍ എവിടെ സമയം? നിമിഷ തന്റെ ലൈസന്‍സില്ലാ ജീവിതത്തെ വിലയിരുത്തി.
അങ്ങനെയിരിക്കെയാണ് മോട്ടോര്‍വാഹന മേഖലയില്‍ ഗൗരവപ്പെട്ട ചില തീരുമാനങ്ങള്‍ വന്നത്. ലൈസന്‍സ് ഇല്ലാത്തവന്‍ അടയ്‌ക്കേണ്ട പിഴയ്ക്ക് കനം കൂടി. ലൈസന്‍സില്ലാതെ പിടികൂടപ്പെടുന്നവന്റെ ജീവിതം കോഞ്ഞാട്ടയാവുമെന്ന് അശരീരികള്‍ തുരുതുരാ മുഴങ്ങി. ''നീ ഇനി സ്‌കൂട്ടര്‍ ഓടിക്കണ്ട. വല്ലവരെയും തട്ടുകയോ മുട്ടുകയോ ചെയ്താല്‍ കിടപ്പാടം വിറ്റ് കേസ് നടത്തേണ്ടി വരും.'' കുടുംബക്കാര്‍ മുന്‍നിലപാടില്‍ വെള്ളം ചേര്‍ത്ത് സ്‌കൂട്ടറിന്റെ ചാവി ഒളിപ്പിച്ചു വച്ചു.
എന്തുവന്നാലും എട്ട് എടുക്കില്ല എന്ന് എന്തിനോ പ്രതിജ്ഞയെടുത്ത് നിമിഷ ഓട്ടോയും ബസ്സും ട്രെയിനും കയറി ലക്ഷ്യ സ്ഥാനങ്ങളിലേക്കെത്തി. ആവശ്യങ്ങളെല്ലാം നടക്കുന്നുണ്ട്. സ്‌കൂളിലെ താല്‍ക്കാലിക ജോലി, പി. എസ്. സി ക്ലാസ്, റേഷന്‍ കട, പൂര്‍വവിദ്യാര്‍ഥി സംഗമം... പക്ഷെ, മനസ്സിന്റെ അടിത്തട്ടില്‍ ഒരു കിരുകിരുപ്പ്. ദിവസങ്ങള്‍ പോകെപ്പോകെ അവള്‍ക്ക് സംഗതി മനസ്സിലായി. സ്‌കൂട്ടറിനെ പിരിഞ്ഞിരിക്കാന്‍ വയ്യ. മനഃപ്രയാസവും ഡിപ്രഷനുമൊക്കെ ചെറിയ ഡോസില്‍ വിരുന്നെത്തിത്തുടങ്ങിയിരിക്കുന്നു. ഹെല്‍മറ്റും റെയിന്‍കോട്ടുമിട്ട് ശരീരത്തിന്റെ പെണ്ണടയാളങ്ങളൊക്കെ മായ്ച്ച് നാട്ടുവഴികളിലൂടെ കാറ്റുപോലെ പറന്നു നടന്ന ദിവസങ്ങള്‍ ഇടയ്ക്കിടെ കൊളുത്തിവലിച്ചു.
നിലാവുള്ള ഒരു രാത്രിയില്‍ അമ്മമ്മയെ പിന്നിലിരുത്തി വീടിനു പിന്നിലെ വയലിലൂടെ വണ്ടിയോടിച്ച ഓര്‍മ ഓര്‍ക്കാപ്പുറത്ത് മനസ്സില്‍ ഉളുക്കി. അമ്മമ്മയുടെ അന്നത്തെ നൊണ്ണുകാട്ടിച്ചിരിയും പായാരങ്ങളും മുജ്ജന്മത്തില്‍ നുണഞ്ഞ മധുരം പോലെ അവളെ വേദനിപ്പിച്ചു. ഓട്ടോയും ബസ്സും ട്രെയിനുമൊക്കെ ഉപകാരികളാണ്. പക്ഷെ, സ്‌കൂട്ടര്‍ തനിക്ക് ജീവിതവും സ്വാതന്ത്ര്യവും സഹജീവിയും കൂടിയാണ്. ബോധോദയത്തിന്റെ നാലുവഴിക്കവലയില്‍ നിമിഷ തിരിച്ചറിവിന്റെ കസ്റ്റഡിയില്‍ അകപ്പെട്ടു.
അങ്ങനെ മറ്റ് വഴിയില്ലാതെ നിമിഷ എട്ടിനെ പറ്റി ചിന്തിച്ച് തുടങ്ങി. വളഞ്ഞും പുളഞ്ഞും തിരിഞ്ഞും സ്‌കൂട്ടര്‍ ഓടിക്കാറുണ്ട് നിമിഷ. പക്ഷെ എട്ട് എന്ന അക്കത്തെ ചക്രങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്ന് അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു അവള്‍. ജ്ഞാനിയായ നിമിഷയ്ക്ക് കാര്യം മനസ്സിലായി. ചക്രങ്ങളുടെ ജന്മോദ്ദേശ്യത്തോട് കൊഞ്ഞനം കുത്തുകയാണ് എട്ട് എന്ന അക്കം. ഏറെദൂരം മുന്നോട്ട് പായേണ്ട ഒരാത്മാവുമായി ജനിച്ച ടയറുകള്‍ക്ക് എട്ടിനെക്കാള്‍ വലിയ ശിക്ഷയുണ്ടോ? തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തുന്ന ഒരു പുരോഗമനവുമില്ലാത്ത അക്ഷരം. പിന്നെ ഭൂമി ഉരുണ്ടതാണല്ലോ എന്നും മഗല്ലനൊക്കെ ഇതിലും വലിയത് സഹിച്ചതാണല്ലോ എന്നുമൊക്കെ ഓര്‍ത്ത് എല്ലാം മനസ്സിലടക്കുക തന്നെ. പാവം മഗല്ലന്‍. ഇക്കണ്ട യാത്രയൊക്കെ നടത്തിയിട്ട് തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തിയത് അങ്ങേര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞു കാണുമോ? പക്ഷെ ജനിച്ചാല്‍ എന്തായാലും മരിക്കണം എന്ന കോമഡി ഓര്‍ക്കുമ്പോള്‍ ഇതൊക്കെ എത്ര ഭേദം.... അങ്ങനെ തനിക്ക് കോപ്പിറൈറ്റുള്ള ഒരു ലോഡ് ജീവിത തത്വശാസ്ത്രങ്ങളുടെ പിന്‍ബലത്തോടെ നിമിഷ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലേക്കെത്തി. മനസ്സിന് ബലം കിട്ടാനായി അവള്‍ മുറ്റത്തെ പൂഴിമണ്ണില്‍ താന്‍ സ്‌കൂട്ടര്‍ കൊണ്ട് വരച്ചുണ്ടാക്കിയ നൂറായിരം എട്ടുകള്‍ വിരിഞ്ഞു കിടക്കുന്നതിന്റെ ഓര്‍മയുടെ കൈ പിടിച്ചു.
അകന്ന ബന്ധുവും കൊന്നാലും ചിരിക്കാത്തവനുമായ മാധുരി ഡ്രൈവിങ് സ്‌കൂള്‍ ഉടമ ഗ്രൗണ്ടില്‍ അവളെ കാത്തു നിന്നിരുന്നു. ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കണ്ട ആ ഇരുമ്പു മനുഷ്യന്റെ അടുത്തേക്ക് നടക്കുമ്പോള്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്ത കുട്ടിയുടെ ഒന്നാം ദിവസത്തെ കരച്ചില്‍ അവള്‍ക്ക് തികട്ടി. 'എനിക്ക് ലൈസന്‍സ് വേണ്ട. വീട്ടില്‍ പോണം. അമ്മയെ കാണണം...' താന്‍ തന്നെ ആണോ ഇത് എന്ന് നിമിഷയെത്തന്നെ അതിശയിപ്പിച്ചു കൊണ്ട് ഒരു ഇള്ളക്കുട്ടി മനസ്സില്‍ കിടന്ന് കാലിട്ടടിച്ചു.
ഉരുക്കില്‍ കൊത്തിയ എട്ട് പോലെ നിന്ന ബന്ധു കനപ്പെട്ട അക്ഷരങ്ങള്‍ അവളുടെ ചെവിയിലേക്ക് ഉരുട്ടിയിട്ടു.
''ഇതല്ലേ നിന്റെ ഫോം?''
നിമിഷയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ ഒട്ടിച്ച അഞ്ചാറു ഫോമുകള്‍ അയാള്‍ നീട്ടി.
അവളത് മിണ്ടാതെ കയ്യില്‍ വാങ്ങി.
''ഓടിച്ചു നോക്കണ്ടേ ? വാ...''
''വേണ്ട. വീട്ടില്‍ വച്ച് പ്രാക്ടീസ് ചെയ്തിട്ടുണ്ട്.''
തപാല്‍ വഴി നീന്തല്‍ പഠിച്ച ആളെക്കണ്ട മൈക്കല്‍ ഫെല്‍പ്‌സിനെ പോലെ ഇരുമ്പുബന്ധു അന്തം വിട്ടു.
''അതൊന്നുമല്ല ഇവിടെ വേണ്ടത്. ഇത് വണ്ടി വേറെയാ. രണ്ടു റൗണ്ടെടുക്ക്. പരിചയമാവട്ടെ.''
അയാള്‍ തന്റെ മുന്നിലേക്ക് കൈപിടിച്ച് നടത്തിയ ഇരുചക്രവാഹനത്തെ കണ്ട് നിമിഷ നടുങ്ങി. വിറ്റാമിന്‍ ഡെഫിഷ്യന്‍സി ബാധിച്ച അജ്ഞാത രോഗിയെപ്പോലെ തിളക്കവുംതുടുപ്പും ഇല്ലാത്ത ഒരു ജന്മം. ബൈക്കെന്നോ സ്‌കൂട്ടറെന്നോ ചൊല്ലിവിളിക്കാന്‍ വയ്യ. മേലാകെ ആണികള്‍, മന്ത്രിച്ച ചരടുകള്‍...
''ഒന്നും നോക്കണ്ട. വെറുതെ ഇരുന്നു കൊടുത്താല്‍ മതി. ബാലന്‍സ് ആണ് പ്രധാനം. കാലു കുത്താതെ ഇതിലേ പോയി അതിലേ ഇങ്ങു വന്നാല്‍ മതി. സ്പീഡ് മുതല്‍ വളയ്ക്കല്‍ വരെ ഇതില്‍ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട് . കേറിക്കോ.''
മോട്ടോര്‍ വാഹനങ്ങള്‍ക്ക് സാധ്യമായ പരമാവധി മന്ദഗതിയില്‍ ആ ചാവാലിയന്ത്രക്കുതിര നിമിഷയേയും കൊണ്ട് ഗ്രൗണ്ടിലൂടെ ഏങ്ങിയിഴഞ്ഞു തുടങ്ങി. ഇരുചക്രവാഹനം കൊണ്ട് എട്ടെന്ന ചിത്രം വരയ്ക്കുന്നവര്‍ക്കായി ഗ്രൗണ്ടില്‍ തറച്ച മരക്കുറ്റികള്‍ക്കിടയിലെ ദൂരം ഓരോ റൗണ്ടിലും കൂടിക്കൂടി വരും പോലെ. മൂന്നാലു റൗണ്ട് കഴിഞ്ഞതും കേടായ കുന്തത്തില്‍ ഗതികിട്ടാതെ ഇരുന്ന മന്ത്രവാദിനിയെപ്പോലെ അവള്‍ക്ക് ജീവിതം മടുത്തു.
ഇരുമ്പു ബന്ധു വന്ന് അവളെ നിലത്തിറക്കി. ''ഇങ്ങനെയാണോ ഡ്രൈവിങ് ടെസ്റ്റ്?'' രണ്ടും കല്‍പ്പിച്ച് നിമിഷ ചോദിച്ചു.
''ഇതിനെന്താ കുഴപ്പം?''
''ഇതിലിപ്പോ എന്താ ടെസ്റ്റ് ചെയ്തത്? ഡ്രൈവിങ്ങിലെ എന്ത് കഴിവാ ഇവിടെ വേണ്ടി വന്നത്?''
''കഴിവോ? ഇതൊരു ചടങ്ങാ. കാലാകാലങ്ങളായി ഇതിവിടെ നടക്കുന്നു. നീയായിട്ടിനി ഇതില്‍ മാറ്റം വരുത്തണ്ട. തത്ക്കാലം അങ്ങോട്ട് മാറി നില്‍ക്ക്.''
അയാള്‍ ചൂണ്ടിയ ദിക്കില്‍ യന്ത്രപ്പാവകള്‍ ചിത്രം വരയ്ക്കും പോലെ നിരവധി പേര്‍ ഊഴം വച്ച് എട്ടെടുത്തുകൊണ്ടിരുന്നു. നിമിഷയുടെ മനസ്സില്‍ ഏതോ ബള്‍ബണഞ്ഞു. ഉള്ളില്‍ സ്വന്തമായി സൃഷ്ടിച്ച ഇരുട്ടില്‍ തണല്‍ തേടിക്കൊണ്ട് അവള്‍ തന്നിലേക്ക് അട്ടയെപ്പോലെ ചുരുണ്ടു. പിന്നീടവള്‍ ഡ്രൈവിങ് ടെസ്റ്റുകാര്‍ക്കായി ഒരുക്കിയ വരിയില്‍ അക്ഷരമാലാക്രമത്തില്‍ കയറി നിന്നു. ഒരര്‍ഥവുമില്ലാത്ത ജീവിതത്തിലെ വെളിവുകെട്ട ആവിഷ്‌കാരത്തിന്റെ സര്‍ട്ടിഫിക്കറ്റ്. അതു നേടാനായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്ററുടെ മുന്‍പാകെ അവള്‍ എട്ടെന്നഭിനയിച്ചിറങ്ങി.
Content Highlights: short story