വന്യം - ചെറുകഥ

വലിയ മതില്‍ കെട്ടിനോട് ചേര്‍ന്നുള്ള ആ മൂടിക്കെട്ടിയ അന്തരീക്ഷം എനിക്ക് നന്നേ വിരസത തരുന്നതായിരുന്നുവെങ്കിലും അമ്മക്ക് എന്തെന്നില്ലാത്ത ആനന്ദം തരുന്നോരിടമായിരുന്നു അത് എന്ന് എനിക്ക് തോന്നി.
എന്ത് തന്നെയായിരുന്നാലും ഞാന്‍ മറ്റൊരു ലോകത്തായിരുന്നതിനാല്‍ അവിടെ നടക്കുന്നതൊന്നും എന്നെ ബാധിക്കുന്നതായിരുന്നില്ല.
കാരണം ഒരുപാട് നാളത്തെ എന്റെ സ്വപ്നം ഇന്ന് സാക്ഷാത്കരിക്കാന്‍ പോകുന്നു.....!? ഒരുപാട് കാലങ്ങളായി എന്നെ പറഞ്ഞു പറ്റിച്ച ആഗ്രഹം ഇന്ന് നിറവേറ്റിത്തരാമെന്ന് അമ്മ എനിക്ക് സത്യം ചെയ്തതാണ്. അതുകൊണ്ടുമാത്രമാണ് ഞാന്‍ ഇന്ന് അമ്മയുടെ കൂടെ ഇവിടേക്ക് വന്നത്...
സ്വപ്നം.....
എന്റെ സ്വപ്നം...!
കഥകളിലും പുസ്തകങ്ങളിലും കാര്‍ട്ടൂണുകളിലും മാത്രം ഞാനറിഞ്ഞ മൃഗങ്ങളെ നേരിട്ട് കാണുവാന്‍ മൃഗശാലയില്‍ പോകണമെന്ന ഏറെ നാളായിട്ടുള്ള എന്റെ ആഗ്രഹം സഫലമായ ദിവസം. അമ്മയുടെ കൈകള്‍ ആവുന്നത്ര ശക്തിയില്‍ പിടിച്ചു വലിച്ചുകൊണ്ട് ഞാന്‍ വീടുവിട്ടിറങ്ങി.ഈറനണിഞ്ഞ അമ്മയുടെ മിഴികള്‍ പിന്തിരിഞ്ഞു ആരെയോ തേടുന്നത് പോലെ എനിക്ക് തോന്നി. പക്ഷേ, എന്റെ യാത്ര അതിവേഗം മുന്നോട്ട് തന്നെ ആയിരുന്നു. കാരണം പെട്ടെന്നുതന്നെ മൃഗശാലയിലെത്താന്‍ എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു....
അമ്മയുമായി ബസ്സിറങ്ങി മൃഗശാല ലക്ഷ്യമാക്കി സാമാന്യം വലിപ്പമുള്ള മതില്‍ കെട്ടിനോട് ചേര്‍ന്ന ഗേറ്റിനുള്ളിലൂടെ എന്റെ സ്വപ്നസാഫല്യത്തിലേക്ക് നടന്നടുത്തു. അമ്മ വാങ്ങിത്തന്ന ഐസ്‌ക്രീം നുണഞ്ഞുകൊണ്ട് ഞാന്‍ കാഴ്ചകള്‍ കണ്ടു തുടങ്ങി. പക്ഷേ ആ കുളിരൊന്നും അമ്മയുടെ മുഖത്ത് ഞാന്‍ കണ്ടില്ല. ഏതോ യാന്ത്രികമായ ചലനങ്ങളാല്‍ നിറഞ്ഞതായിരുന്നു അമ്മയുടെ ശരീരഭാഷ. അവിടത്തെ കാഴ്ചകള്‍ എന്നെ സന്തോഷത്തിന്റെ പരകോടിയില്‍ എത്തിച്ചുകൊണ്ടേയിരുന്നു.
അതിനിടയില്‍ എന്റെ കുഞ്ഞു മനസിലേക്ക് ഒരു സംശയം ചേക്കേറി. ഉടന്‍ തന്നെ ഞാന്‍ അമ്മയോട് എന്റെ ജിജ്ഞാസ അറിയിച്ചു.
അമ്മേ....
എന്തിനാണ് ഈ മൃഗങ്ങളെയൊക്കെ ഇരുമ്പഴികള്‍ക്കുള്ളിലാക്കി വലിയ താഴുകള്‍ ഇട്ടു പൂട്ടിയിരിക്കുന്നത്..?
തെല്ലുസംശയമില്ലാതെ അമ്മയുടെ മറുപടി ഉടനെത്തി..
'മോളെ... അവയെല്ലാം വന്യ മൃഗങ്ങളാണ്. പൂട്ടിയിട്ടില്ലെങ്കില്‍ നമ്മളെ അവര്‍ ഉപദ്രവിക്കും..'
മൃഗശാല മുഴുവന്‍ കണ്ടുതീര്‍ന്ന എന്റെ കുഞ്ഞു മനസ്സ് സന്തോഷത്താല്‍ നിറഞ്ഞെങ്കിലും അവിടം വീട്ടിറങ്ങും മുന്‍പ് ഒരു സംശയം കൂടി ബാക്കിയായി.
അമ്മയോട് ഞാന്‍ ചോദിച്ചു...
അമ്മേ....
അപ്പോള്‍ എന്റെ അച്ഛനും വന്യമൃഗമാണോ.....?
അവളുടെ കുഞ്ഞു ചോദ്യത്തിന് കാലം വലിയ മറുപടി നല്‍കുമായിരിക്കും ?
Content Highlights: Short story by Akhil M Sisupal