'നമ്മുടെ സമുദായത്തിൽ ജയിക്കുന്ന ആളുകളെല്ലാം നിറം മാറാൻ കഴിവുള്ളവരാണ്'

ആഭ്യന്തരവും സാഹിത്യപരവുമായ സംഘർഷങ്ങൾ കാലഗതിയെ, സാഹിത്യപ്രസ്ഥാനങ്ങളെ എത്രമാത്രം തിരുത്തിയെഴുതുന്നു എന്ന ചിന്തയുടെ അവലോകനമാണ് ശ്രീ രതീഷ് ഇളമാടിന്റെ 'സർഗ്ഗവഴിയിലെ കലാപങ്ങൾ' എന്ന പുസ്തകത്തിലുള്ളത്. 'കുടുംബജീവിതത്തിന്റെ മാനിഫെസ്റ്റോ' എന്ന ആദ്യ അധ്യായം ദാമ്പത്യപ്രശ്‌നങ്ങൾക്കിടയിലൂടെ നിരന്തരം കടന്നുപോയിരുന്ന വൈലോപ്പിള്ളിയുടെ 'കണ്ണീർപ്പാടം', 'ഊഞ്ഞാലിൽ' എന്നീ കവിതകളെ മുൻ നിർത്തിയുള്ള പഠനമാണ്. ഒരു കുടുംബം നിലനിർത്തിക്കൊണ്ട് പോകുന്നത് അലിഖിതമായ ചില ആചാരങ്ങളോ പരമ്പരാഗതമായി നെയ്‌തെടുത്ത ചില മിത്തുകളോ ഒക്കെ ചേർന്നാണ്. വൈലോപ്പിള്ളി കവിതകളെ പുതുവെളിച്ചത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന പഠനത്തിൽ ഗഹനമായ വിഷയങ്ങൾ കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദാമ്പത്യത്തിനുള്ളിലെ ആഭ്യന്തര സംഘർഷങ്ങൾ എന്ന സാർവലൗകികമായ (universal) വിഷയത്തിന്റെ അവതരണത്തിലൂടെ കുടുംബജീവിതത്തിൽ പാലിക്കേണ്ട പെരുമാറ്റ മര്യാദകളെക്കുറിച്ചും ആശയവിനിമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവരിക്കുന്നു. സാമൂഹിക സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളും, അനീതികളും തുറന്നു കാട്ടാനായി ഐതിഹ്യങ്ങൾ, വിദേശപുസ്തകങ്ങൾ ഇതെല്ലാം അവലംബമായി സ്വീകരിച്ചിരിക്കുന്നത് എഴുത്തിന്റെ ആധികാരികത വർദ്ധിപ്പിക്കുന്നു. ദാമ്പത്യപ്രശ്നങ്ങളിലെ പരിഹാരത്തിനുള്ള ഒരു ഒറ്റമൂലിയായി അവതരിപ്പിച്ചിരിക്കുന്നത് പ്രണയവും അതിനെത്തുടർന്നുണ്ടാകുന്ന രതിയനുഭവങ്ങളുമാണ്. ദൃശ്യാത്മക ഭാഷ അവതരണശൈലിക്ക് കൂടുതൽ മിഴിവേകുന്നു.
കുടുംബം എന്നത് പരസ്പര ബഹുമാനവും മനസ്സിലാക്കലുമുള്ള ഒരു സഹയാത്രയാണ്. ഓരോ വ്യക്തിയുടേയും വ്യക്തിത്ത്വത്തെ മാനിച്ചു കൊണ്ടുള്ള ഒരു മുന്നേറ്റം. കുടുംബബന്ധങ്ങൾ കൂടുമ്പോൾ ഇമ്പമുള്ളതാകണമെങ്കിൽ സത്യസന്ധമായ ആശയവിനിമയം അനിവാര്യമാണ്. സ്‌നേഹം മാത്രമല്ല ബഹുമാനവും ഇഴചേരുമ്പോഴാണ്, പരസ്പരം വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് കുടുംബബന്ധങ്ങൾ ശക്തമാകുന്നത്.വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം തന്നെ പരിധികളും നിശ്ചയിക്കപ്പെടേണ്ടതുണ്ട്. കാലോചിതമായി കുടുംബബന്ധങ്ങളിലെ നീതിശാസ്ത്രങ്ങളെ പരിഷ്‌ക്കരിക്കേണ്ടതുണ്ട് എന്ന ഗഹനമായ നിരീക്ഷണം ഈ പുസ്തകത്തിൽ പ്രതിപാദ്യ വിഷയമായി വരുന്നു.
Content Highlights: Comprehensive analysis of contemporary literary movements and social conflicts., Exploration of gender dynamics, feminist writing, and the 'second sex' concept., In-depth study of MN Vijayan’s psychological approach to literary criticism., Examination of family structures, interpersonal communication, and societal justice., Critical review of iconic works including Vailoppilly’s poems and Shikhandini.