‘മകൻ മരിച്ചതോടെ അവരും ഭർത്താവും മരിക്കാൻ തീരുമാനിച്ചതാണ്’: കഥാകാരന്റെ ഓർമ്മകൾ

ലാറ്റിൻ ഭാഷയിലെ 'memoria 'എന്ന വാക്കിൽ നിന്നും ഉരുവം കൊണ്ട memoir (ഓർമ്മകുറിപ്പ് ) ഒരു വ്യക്തിയുടെ ജീവിതത്തിലെ അനുഭവങ്ങളുടെ അവതരണത്തോടൊപ്പം ഒരു കാലഘട്ടത്തിന്റെ, ചരിത്രത്തിന്റെ, വ്യത്യസ്ത സംസ്ക്കാരങ്ങളുടെ ഇതിനുമുപരിയായി മനുഷ്യനെന്ന പ്രഹേളികയുടെ അടയാളപ്പെടുത്തൽ കൂടിയാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ജീവിതത്തിലുണ്ടായ ആകസ്മികസംഭവങ്ങളുടെ, കുട്ടിക്കാല അനുഭവങ്ങളുടെ, സന്തോഷ് എന്ന വ്യക്തിയും എഴുത്തുകാരനും രൂപപ്പെടാൻ സഹായകമായ പാരിസ്ഥിതിക-സാമൂഹ്യഘടകങ്ങളെക്കുറിച്ചുള്ള ഒരു അവലോകനം കൂടിയാണ് 'പകൽ സ്വപ്നത്തിൽ വെയിലുകായാൻ വന്ന നരി' എന്ന ഓർമ്മക്കുറിപ്പ്.
കൊമാല= കേരളം: കേരളം= കൊമാല എന്ന കുറിപ്പ് 'കൊമാല 'എന്ന ഏറെ ശ്രദ്ധേയമായ കഥ എഴുതാനുണ്ടായ കാരണവും സന്ദർഭവും അതിലേക്ക് നയിച്ച വ്യക്തികളെയും എഴുത്തുകാരന്റെ തന്നെ വ്യക്തിപരമായ അനുഭവങ്ങളെയും ഹൃദയഹാരിയായി അവതരിപ്പിക്കുന്നു. ഈ കഥയുടെ ആശയം ഏച്ചിക്കാനത്തിന് ലഭിക്കുന്നത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ്. ഭക്ഷണത്തിനായി തട്ടുകടയിലെത്തിയ എഴുത്തുകാരനും സുഹൃത്തുക്കളും കേരളീയ ജീവിതത്തിന്റെ മൂല്യശോഷണത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന സിനിമയിലും സാഹിത്യത്തിലുമാക്കെ പ്രശസ്തരായ ഒരു കൂട്ടം ആൾക്കാരെ കാണുന്നു. ഇതിനിടയിൽ ബൈക്കിൽ വന്ന ഒരു യാത്രികന് കുറുകെ ഒരാൾ ചാടുകയും ബൈക്ക് തെന്നി യാത്രക്കാരൻ താഴെ വീഴുകയും ചെയ്യുന്നു. എന്നാൽ മൂല്യശോഷണത്തെക്കുറിച്ച് വാചാലരായവരാരും അപകടം പറ്റിയ മനുഷ്യനരികിലേക്ക് ചെല്ലാതെ സ്വന്തം പൊറോട്ടയിലേക്ക് മുഖം പൂഴ്ത്തുകയാണ് ചെയ്തത്. എഴുത്തുകാരനും സുഹൃത്തുക്കളും ചേർന്ന് പലരോടും സഹായ അഭ്യർത്ഥന നടത്തിയിട്ടും ആരും സഹായിക്കുന്നില്ല. ഒടുവിൽ നിർബന്ധപൂർവ്വം ഒരു ഓട്ടോ തടഞ്ഞ് നിർത്തി അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കുന്നുവെങ്കിലും ആ മനുഷ്യന്റെ ചുമതല ഏറ്റെടുക്കാൻ 'ആത്മാവിൽ മരിച്ചു കഴിഞ്ഞ മനുഷ്യർ' തയ്യാറാകുന്നില്ല. ഇരുളിൽ നിന്ന് കയറി വന്ന അപരിചിതനായ ഒരു മനുഷ്യൻ അയാളെ ഏറ്റെടുക്കുന്നു. ഈ സംഭവങ്ങൾ കഥയാക്കണമെന്ന് കഥാകാരൻ ആഗ്രഹിച്ചെങ്കിലും ഇതൊരു സാധാരണകഥയായി പരിണമിച്ചേക്കുമോ എന്ന് ചിന്തിച്ച സമയത്താണ് കാർഷികകടബാധ്യതയുടെ പ്രത്യാഘാതങ്ങൾ കേരളത്തിലുടനീളം വ്യാപിച്ചത്. തന്റെ വ്യക്തിജീവിതത്തിലും ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്ന എഴുത്തുകാരൻ ആ സംഭവങ്ങളും 'പെഡ്രോ പരാമോ ' എന്ന നോവലിൽ നിന്ന് ലഭിച്ച പ്രചോദനവുമുൾക്കൊണ്ടാണ് 'കൊമാല' രചിച്ചത്.
Content Highlights: An in-depth analysis of Santhosh Echikkanam's acclaimed memoir