കുഞ്ഞപ്പം കറി: സാധാരണക്കാരിയായൊരു ചക്കരപ്പായസം

വീട് തന്നെ അമ്മയും അമ്മയുടെ മണവുമാണ്. അതെപ്പോഴും കിട്ടിയിരുന്നതു കൊണ്ട് വീട്ടില്‍ ആയിരുന്നപ്പോള്‍ അതിന്റെ വിലയും അറിഞ്ഞില്ല. എന്നും കഴിച്ചിരുന്നത് എറ്റവും ഇഷ്ടമുള്ള കറികളായിരുന്നു. അത് കൊണ്ട് കറികളുടെ രുചിയും മണവുമൊന്നും കിട്ടാക്കനികളാകുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല. ഇന്ന് ഞാനും ഒരു അമ്മയും വീട്ടമ്മയുമൊക്കെയായി. മക്കള്‍ക്ക് ഇഷ്ടമുള്ള പലഹാരങ്ങളും കറികളും അവര്‍ എണ്ണമിട്ടു നിരത്തുമ്പോള്‍, അതൊക്കെയും പരമാവധി ഉണ്ടാക്കി കൊടുത്തും നല്ല അമ്മ എന്ന് പേര് കേള്‍പ്പിച്ചും ഇങ്ങനെ ജീവിച്ചു തീര്‍ക്കുന്നതിനിടെ, ഞാന്‍ ഉണ്ടാക്കുന്ന കറികളോടൊന്നും എനിക്ക് പ്രത്യേകിച്ചങ്ങനെ ഒരു താല്പര്യവും തോന്നിയിട്ടില്ല.
പക്ഷേ എന്റെ മക്കള്‍ക്ക് അമ്മച്ചി ഉണ്ടാക്കുന്ന രസവും, പ്ലം കേക്കുമാണ് പ്രിയം. അതവര്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെടുകയും ചെയ്യും. അമ്മയുണ്ടാക്കുന്ന എല്ലാ കറികള്‍ക്കും രുചിയാണ്, ഏറ്റവും രുചി രസത്തിനാണ്, രസമാണതിരസം, ഒരു രക്ഷയുമില്ലാത്ത രുചിയാണ്, വീട്ടില്‍ ചെല്ലുമ്പോള്‍ അതു വെച്ചു ഡബ്ബയിലാക്കി തരും, എന്നാലും അതു പോലെ വെയ്ക്കാന്‍ എനിക്ക് പറ്റത്തതുമില്ല, പക്ഷെ രസത്തിന്റെ രസം, അതു ചോറിനോടൊപ്പം മത്തിക്കറിയും വെണ്ടയ്ക്ക തോരനും കൂട്ടി കഴിക്കുമ്പോഴാണ്.
നന്നായി വെന്ത ചൂട് ചോറില്‍ രസമൊഴിച്ചു മെല്ലെ വിരലുകള്‍ കൊണ്ട് തഴുകിയിളക്കി കുഴച്ചു ആദ്യം ഒരുരുള കഴിക്കണം, പിന്നീട് നല്ല ചുകചുകാന്നുള്ള മത്തിക്കറിയും കൂട്ടി ഒരു പിടി, അതിനും ചില ആചാരമര്യാദകളൊക്കെ ഉണ്ട്, ആദ്യം മീന്‍ചാര്‍ അല്‍പ്പം ചോറിലേക്ക് രസത്തോടൊപ്പം ഒഴിച്ച് കുഴച്ചു കഴിക്കണം, പിന്നീട് അല്‍പ്പം മീന്‍കഷ്ണം കൂടെ ചേര്‍ത്ത് ചോറ് കഴിക്കണം, അനര്‍വചനീയം ആണ് രുചി, രസമുകുളങ്ങളിലൂടെ രുചിക്കപ്പലുകള്‍ പായും. പിന്നീട് എളാപ്പ വെണ്ടയ്ക്ക തോരനും ചോറും കോഡ് കഴിക്കണം, നമ്മുടെ ഒരു മനോധര്‍മ്മ മനുസരിച്ചു വെവ്വേറെ സങ്കലനങ്ങള്‍ പരീക്ഷിക്കാം. അങ്ങനെയങ്ങനെ ഓരോരോ ഉരുളയും കഴിയും, അപ്പോള്‍ പിന്നെ കറുകപട്ട ഇട്ടു തിളപ്പിച്ച ചെറുചൂട് വെള്ളം കുടിച്ച് ഊണവസാനിപ്പിക്കാം. എഴുന്നേറ്റ് കൈ കഴുകണം, പിന്നീട് ആ കൈ ഇങ്ങനെ ഇടയ്ക്കിടെ മണത്തു കൊണ്ടിരിക്കുക, ആമേന്‍.
അത് പോലത്തെ ഒരു മധുരം കൂടിയുണ്ട്, അതാണ് കുഞ്ഞപ്പം കറി. എരിവൊക്കെ കഴിച്ചു മടുത്തങ്ങനെ ഇരിക്കുമ്പോള്‍ അമ്മയും അമ്മച്ചിയുമൊക്കെ ഉണ്ടാക്കിത്തരുന്ന ഒരിന്സ്റ്റന്റ് പായസം. പാവപ്പെട്ടവന്റെ അടപ്പായസം എന്നും ഇതിനെ നാമകരണം ചെയ്യാം. ഒരുപാടു സങ്കീര്‍ണ്ണതകളൊന്നും ഇല്ലാത്ത സാധാരണക്കാരിയായ ഒരു ചക്കരപ്പായസം. പിന്നെ വേറൊരു കാര്യം കൂടിയുണ്ട്, രാവിലത്തെ ഇടിയപ്പത്തിന്റെ മാവു ബാക്കി വന്നാല്‍ അപ്പോള്‍ തന്നെ എന്റമ്മ അത് കുഞ്ഞപ്പം കറിയാക്കും.
അരിമാവ് കുഴച്ച് നെല്ലിക്കയെക്കാളും ചെറിയ ചെറിയ ഉരുളകള്‍ ആക്കും, പിന്നീട് ശര്‍ക്കര അല്‍പ്പം വെള്ളത്തില്‍ അലിയിച്ചു അരിച്ചെടുക്കണം. അത് തിളച്ചു വരുമ്പോള്‍ ഈ അരിയുണ്ട ഉരുളകള്‍ അതിലേക്കിട്ടു കൊടുക്കണം, അല്‍പ്പം ഫ്രഷ് തേങ്ങാപ്പീര കൂടി ഇടം, പിന്നീട് അല്‍പ്പം ഏലക്ക പൊടിച്ചതും, ജീരകം പൊടിച്ചതും തേങ്ങാപ്പാലും ചേര്‍ത്ത് മധുരം നോക്കി വാങ്ങി വെയ്ക്കാം. അത് കഴിക്കാന്‍ അപാര സ്വാദാണ്, പക്ഷെ ഇനി സുന്ദരിയെ ഒന്ന് പൊട്ടു തൊടീക്കണം എന്നുണ്ടെങ്കില്‍ അല്‍പ്പം നെയ്യില്‍ തേങ്ങാക്കൊത്തും, അണ്ടിപ്പരിപ്പും, കിസ്മിസും ഇട്ടു മൂപ്പിച്ചു ഇതിലേക്കു ചേര്‍ത്തും കഴിക്കാം. ആനന്ദം പരമാനന്ദം.
Content Highlights: childhood food memories