“നിങ്ങളുടെ സങ്കല്പം മാറിയാലുമില്ലെങ്കിലും എനിക്കൊരു പുല്ലുമില്ലെടോ”: ‘പുസ്തകങ്ങളുടെ വീട്’

വളരെ ശക്തമായ ഭാഷയും അവതരണത്തിലെ പുതുമയും ഷാഹിന ഇ.കെ യുടെ കഥകളെ വ്യത്യസ്തമാക്കുന്നു. മനുഷ്യജീവിതത്തെ ആഴത്തിൽ പ്രതിഫലിപ്പിക്കുകയും സമകാലികമായ വിഷയങ്ങളെ ശക്തമായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം കഥകളാണ് 'പുസ്തകങ്ങളുടെ വീട്' എന്ന കഥാസമാഹാരത്തിലുളളത്. ' ലളിതം ചില ചോദ്യങ്ങൾ' എന്ന കഥ പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് സ്വന്തം പേര് പോലും ക്ഷതങ്ങൾ ഏൽപ്പിക്കാറുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തുന്നു. ലളിത എന്ന ഒരു പെൺകുട്ടിയുടെ വിചാരധാരകളെ അവതരിപ്പിച്ചുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. എല്ലാവരും അഭിമാനത്തോടെ സ്വന്തം പേരിനെ ചേർത്ത് പിടിക്കാറുണ്ട്. എന്നാൽ സ്വന്തം പേര് കേൾക്കുമ്പോൾ ലളിതയ്ക്ക് ഓർമ്മവരുന്നത് അയൽപക്കത്തെ മുല്ലയ്ക്കൽ തറവാടിലെ ലളിത ചേച്ചിയെയാണ്. തങ്ങളെ അപമാനിക്കാനാണ് വീട്ടുജോലിക്കാരിയുടെ മകൾക്ക് ആഢ്യത്വമുള്ള ആ പേരിട്ടത് എന്ന് ആരോപിച്ച് ലളിത ചേച്ചിയുടെ അമ്മ ശ്രീമതി കുഞ്ഞമ്മ പരിഹസിക്കാൻ തുടങ്ങിയതോടെ അവളുടെ അച്ഛനമ്മമാർ ആ വീട്ടിലെ ജോലി ഉപേക്ഷിക്കുന്നു. നേരിൽ കാണുമ്പോളെല്ലാം 'ലളിതമഹാറാണി' എന്ന് പറഞ്ഞ് അവർ ലളിതയെ അപമാനിക്കാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് ആ പേര് സ്വന്തമാണെന്ന് ലളിതയ്ക്ക് തോന്നുന്നില്ല. അരികുവൽക്കരിക്കപ്പെട്ടവരുടെ സ്വത്വപ്രതിസന്ധിയാണ് ഈ പേരിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഒരു പേരിനു വേണ്ടി പോലും മുന്നാക്കക്കാരുടെ മുന്നിൽ അപമാനിതരാകേണ്ടി വരുന്ന പരിതോവസ്ഥ കൃത്യമായി വരച്ചുകാട്ടുകയാണ് ഈ കഥയിലൂടെ.
കുട്ടിക്കാലം മുതൽക്ക് തന്നെ ഈ പേര് അവൾക്കൊരു ഭാരമായാണ് അനുഭവപ്പെട്ടിരുന്നത്. അത് അവളിലുള്ള അപകർഷതയെ കൂടുതൽ ആഴത്തിൽ ഉറപ്പിച്ചു. അവളുടെ മാതാപിതാക്കൾ ആ വീട്ടിലെ ജോലി ഉപേക്ഷിക്കുന്നുണ്ടെങ്കിൽപോലും അവർക്ക് പൂർണ്ണമായും ജാതിവ്യവസ്ഥയിൽ നിന്ന് പുറത്തു കടക്കാനായി കഴിയുന്നില്ല. എണീക്കാൻ വയ്യാതായെങ്കിൽ പോലും കിട്ടുന്ന അവസരങ്ങളിലെല്ലാം ശ്രീമതിക്കുഞ്ഞമ്മ അവളെ അപമാനിക്കുന്നുണ്ട്. സ്‌കൂൾ പഠനത്തോടൊന്നും കാര്യമായ താല്പര്യമില്ലാതെ വീട്ടിൽ നിന്ന് പുര നിറഞ്ഞപ്പോഴാണ് സർക്കാർ പണിയുള്ള, ശ്രീപത്മനാഭന്റെ രണ്ട് ചക്രം പറ്റുന്ന കാച്ചിയപ്പന്റെ ആലോചന വരുന്നത്. അവളുടെ അച്ഛനമ്മമാർ വളരെയധികം സന്തോഷത്തിലാണ് ഈ കാര്യം മകളോട് അവതരിപ്പിക്കുന്നത്. അയാളുടെ ഒരു കാല് കുഴഞ്ഞും മറ്റൊന്ന് ശകലം വളഞ്ഞും ഇരിക്കുന്നതൊന്നും അവർക്കൊരു പ്രശ്‌നമേയല്ല. ഇത്തിരി ചാഞ്ചാടിയാണെങ്കിലും ഒറ്റയ്ക്ക് നടക്കുന്ന, സ്വന്തം കാര്യങ്ങളൊക്കെ ചെയ്യുന്ന ആളാണ്. അതുകൊണ്ടാണ് തങ്ങൾക്ക് താങ്ങാനാകുന്നതിനേക്കാൾ സ്ത്രീധനം കൊടുത്ത് അവളെ സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്. കൊളോണിയൽ ഭാഷയായ ഇംഗ്ലീഷ് ജാതി വ്യവസ്ഥയെ നിരാകരിക്കുന്നതിനാലാണ് അവർ കല്യാണ കത്ത് പോലും ഇംഗ്ലീഷിൽ തയ്യാറാക്കുന്നത്.
Content Highlights: Explore Shahina I.K.`s `Pusthakangalude Veedu`, a collection of impactful Malayalam stories addressing social issues, identity, and resilience. A must-read!