'വേലിക്കൽവെച്ച് അമ്മയും ജാനകിയേടത്തിയും മുരിങ്ങയൊടിച്ചതും ഉണക്കസ്രാവും കൈമാറും'

ഓര്‍മ്മപ്പെരുങ്കൂട്ടം
#പ്രവീണ നാരായണന്‍
വര- ശ്രീലാല്‍ എ.ജി
വര- ശ്രീലാല്‍ എ.ജി

ന്നെന്താ ദൈവേ കൂട്ടാന്‍ വയ്ക്കാ എന്നതായിരുന്നു ഞങ്ങളുടെ അമ്മമാരുടെ ഏറ്റവും വലിയ പ്രതിസന്ധി.
ഏറ്റവും കൂടുതല്‍ തവണ പരസ്പരം ചോദിച്ചിട്ടുള്ളത് ഇതേ ചോദ്യത്തിന്റെ വേറൊരു പതിപ്പായിരിക്കും.
എന്താടീ കൂട്ടാന്‍ വച്ചത്?
ആഴ്ച്ചയ്ക്ക് ആഴ്ച്ചയ്ക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി പച്ചക്കറി വാങ്ങി വയ്ക്കുന്ന പതിവില്ലാത്ത കാലമാണ്. ചെറ്യുള്ളി, വല്യുള്ളി, വെള്ളുള്ളി തുടങ്ങിയ ഉള്ളികളേ വാങ്ങുന്ന പതിവുള്ളൂ. പിന്നെ പച്ചക്കറി വാങ്ങുന്നത് ഓണത്തിനോ പിറന്നാളിനോ സദ്യ ഒരുക്കാന്‍ മാത്രം. ബാക്കി ദിവസങ്ങളില്‍ ഞങ്ങളെ പോറ്റിയത് അവരവരുടെയും അയല്‍വക്കത്തെയും തൊടിയായിരുന്നു.

കുളിമുറിയും കക്കൂസും വീടിന് പുറത്തായിരുന്നു. ഓട് മേഞ്ഞ അതിന്റെ മേല്‍ക്കൂരയിലും കോഴിക്കൂടിന്റെ മുകളിലും മത്തനും കുമ്പളവും പടര്‍ന്നു. വേലിക്കല്‍ ചെറിയ പന്തലില്‍ കയ്പ്പ. തെങ്ങിന്‍ ചോട്ടിലൊരു അരികിലായി ഇരിക്കാന്‍ പലക ഇട്ടിരിക്കും. അതിനടുത്ത് ടാര്‍ കൊണ്ടോ മുളഞ്ഞി (ചക്ക പശ ) കൊണ്ടോ ഓട്ടയടച്ച പഴയ ബക്കറ്റില്‍ വെള്ളം. അരികില്‍ വെണ്ണീര്‍ പാത്രം. തീ കെട്ട് തണുത്ത അടുപ്പില്‍നിന്ന് എല്ലാ ദിവസവും ചാരം കോരി പാത്രം നിറച്ചു വച്ചിരിക്കും. പാത്രം കഴുകാന്‍ സോപ്പ് വാങ്ങുന്നതൊക്കെ അധിക ചെലവാണ്. വെണ്ണീര്‍ ഇട്ടുരച്ച് വെളുപ്പിച്ച കരിപ്പാത്രങ്ങള്‍ അമ്മിത്തിണ്ടില്‍ വെയില്‍ കാഞ്ഞ് തിളങ്ങും. പാത്രം കഴുകുന്ന വെള്ളവും അടുക്കളവേസ്റ്റും ചാരവും ഒക്കെ കലര്‍ന്ന ആ തെങ്ങുഞ്ചോട്ടില്‍ ഒരരികില്‍ ചീനാപറങ്കി (കാന്താരി ), തക്കാളി, ചീര ഒക്കെ സമൃദ്ധമായി കാണും. ആരും വളര്‍ത്താതെ വളരുന്ന ചേമ്പിന്റെ താളുകള്‍ ഒരു കാട് തന്നെയൊരുക്കും. വേലിക്കല്‍ കുത്തുന്നത് മിക്കവാറും മുരിങ്ങാക്കമ്പുകള്‍ ആയിരിക്കും. അതും വളര്‍ന്ന് വന്മമരമാവും. 

Content Highlights: praveena narayanan shares childhood food memories ormaperumkoottam

Continue reading