ആൺകുട്ടികളെ സ്വാധീനിക്കാനുള്ള മികച്ച വഴി അവരുടെ അമ്മമാരാണെന്ന ചിന്ത എങ്ങനെയോ എനിക്ക് ഉണ്ടായിരുന്നു

എട്ടാം ക്ലാസിലാണ് എന്റെ ആദ്യ പ്രണയം. പ്രേമം എന്നൊന്നും അതിനെ വിളിക്കാൻ പാടില്ലാത്തതാണ്, പക്ഷേ ഒരു ആയുസ്സിലേക്കുള്ള പ്രേമത്തിന്റെ അക്ഷയപാത്രം കയ്യിൽ കിട്ടിയത് അവിടെനിന്നാണ്. അതുകൊണ്ട് 'പ്രേമം പോലെ എന്തോ എന്ന്' എന്നെങ്കിലും അതിനെ വിളിക്കാൻ ഞാൻ ധൈര്യപ്പെടുകയാണ്. അവൻ ഒരു തക്കാളി ചെക്കനായിരുന്നു. ചിരിക്കുമ്പോൾ ചുവന്ന കവിളുകളും ചുവന്ന നെയിൽ പോളിഷ് ഇട്ടാൽ എന്ത് ഭംഗിയായിരിക്കും എന്ന് എനിക്ക് എപ്പോഴും തോന്നുന്ന തുടുത്ത കാൽവിരൽനഖങ്ങളും അല്പം സ്‌ത്രൈണതയുമുള്ള ഷെരീഫ്.
അതെ, ഉള്ളിലെ വിപ്ലവകാരി ആദ്യം പ്രേമിച്ചത് അന്യമതസ്ഥനെയാണ്. ക്ലാസ്സ് കഴിഞ്ഞുള്ള സമയങ്ങളിലും അവധി ദിവസങ്ങളിലും അവൻ ഒരു ഫാൻസി കടയിൽ ജോലി ചെയ്തിരുന്നു. ആ കടയിൽ നിന്ന് അവൻ എനിക്ക് ഭംഗിയുള്ള കല്ല് വച്ച മോതിരങ്ങൾ കൊണ്ടുവന്നു. അളവ് കൃത്യമല്ല, കുറേക്കൂടി ഭംഗിയുള്ളത് കൊണ്ടുവാ എന്നൊക്കെ പറഞ്ഞ് ഞാൻ അവനെ കുറെ പരീക്ഷിച്ചിട്ടുണ്ട്. പരാതികൾ ഇല്ലാതെ അവൻ മോതിരങ്ങൾ മാറ്റിക്കൊണ്ടുവന്നു. മൂന്നോ നാലോ തവണ ക്ഷമയോടെ എന്റെ ആവശ്യങ്ങൾ പരിഗണിച്ചപ്പോൾ അവന്റെ പ്രേമത്തിൽ എനിക്ക് വിശ്വാസം വന്നു. അവസാനം കൊണ്ടുവന്ന മോതിരം എന്റെ വിരലിൽ ഇട്ടു തരാൻ ഞാൻ പറഞ്ഞു. ഷെരീഫ് ഭീകരമായി ഞെട്ടി. ഒരു പെൺകുട്ടി ആവശ്യപ്പെടുകയാണ്, ഇതാ എന്റെ കൈ, മോതിരം ഇട്ടു തരൂ എന്ന്. അക്കാലത്ത് ആൺകുട്ടി പെൺകുട്ടിയെ വിരലിൽ ആണെങ്കിൽ പോലും തൊടുന്നത് അതിഭീകര ശിക്ഷ കിട്ടാവുന്ന തെറ്റാണ്. അവന്റെ പേടി എന്നെ തീണ്ടിയില്ല. മോതിരം ഞാൻ ഇടണമെങ്കിൽ നീ എന്റെ വിരലിൽ ഇട്ടു തരണം അതിനു പറ്റില്ലെങ്കിൽ നിന്റെ പ്രണയവും അതിന്റെ അടയാളമായ മോതിരവും ഞാൻ ഈ നിമിഷം ബഹിഷ്‌കരിക്കും എന്ന മട്ടിൽ എന്തോ ഞാൻ പറഞ്ഞിരിക്കണം. നിവർത്തിയില്ലാതെ അവനത് അനുസരിച്ചു. ഷെരീഫ് പ്രവീണയ്ക്ക് കൊടുത്ത മഹർ കണ്ടോ എന്ന് തട്ടമിട്ട താത്തക്കുട്ടികൾ അടക്കി ചിരിച്ചു.