ചാവിന്റെ പലമുഖങ്ങള്‍

കണ്മുന്നിലൂടെ കടന്നുപോകുന്നു
മരിച്ചവന്റെ കഴിഞ്ഞകാലം....
നേര്‍ത്ത തണുപ്പ് അരിച്ചരിച്ച് കട്ടി കൂടി
മൗനവുമായി ചേര്‍ന്നു ശ്വാസം മുട്ടിക്കുന്നു...
അറിഞ്ഞവരുടേയും അറിയാത്തവരുടേയും
അനുശോചന, വിരഹകഥകള്‍ നിറയുന്ന
അനാഥമായഫോണ്‍ മാത്രം ഇടയ്ക്ക് മൂളുന്നു...
അത്രമേലറിയാത്ത പരിചിതന്റെ മരണം
ഇത്രമേല്‍ കനമുള്ളതോ?
ചിലര്‍ക്ക് കണ്ണീരാണ്....
ചിലര്‍ക്ക് കഷ്ടപ്പെട്ടു വരുത്തിയ വെള്ളം.
ചിലരോ മികച്ച പ്രകടത്തിലാണ്...
നാലാള്‍ കൂടുമ്പോള്‍ നായകരാവണം
അതാണ് ഇന്നിന്റെ നിയമമത്രേ.
മറ്റൊരുകൂട്ടരുണ്ട്
രക്തമുറഞ്ഞു നെഞ്ചുവിങ്ങി
പെയ്‌തൊഴിയാതെ നില്‍ക്കുന്ന മൗനമുഖങ്ങള്‍...
ആ കണ്ണുകളിലൊരു കടലാഴമുണ്ട്.
അലയടിക്കാന്‍വെമ്പുന്ന വേലികെട്ടിയ കടല്‍.
മുഖം താഴ്ത്തി സ്വയംമറച്ച് ശ്രദ്ധതിരിച്ച്
ഓടിനടക്കുന്ന ചുവന്ന മുഖങ്ങള്‍...
പരേതന്റെ പാതികളവര്‍.
അടുക്കളപ്പുറത്തെത്തൊടിയില്‍
വേദനയുടെ ലഹരി നുരയുന്നു
അവിടെ കുഴയുന്ന നേരുകള്‍ നാറുന്നത് കേള്‍ക്കാം...
ഇടയ്ക്ക് പുലയാട്ടി ഇടയ്ക്ക് കണ്ണീരിറ്റിച്ച്..
വീണ്ടും മേമ്പൊടിക്ക് ദ്രാവകംമോന്തി...
പരസ്പരം പഴിചാരുന്നത് കേള്‍ക്കാം.
ഏറ്റവുമൊടുവില്‍ പോട്ടെ സാരമില്ലെന്ന്
തോളില്‍ തട്ടുന്നതോടെ രംഗം ആവര്‍ത്തിക്കും.
തലക്കുമുകളില്‍ കറങ്ങിത്തിരിയുന്നോന്
കണ്ടു മടങ്ങാന്‍ കാഴ്ചകളേറെകാണേണ്ട... പോട്ടവന്‍...
കണ്ടാല്‍ പൊയ്യും നേരും കണ്ട് മടുത്തിട്ടൊടുക്കാന്‍ ബാക്കിയില്ല
ഇനിജന്മം അകത്തേ മുറികളിലേക്കു കടന്നാല്‍
കൂടുതല്‍ പേക്കൂത്ത് കാണാം
പിന്നെ ആറടി കൂടി വേണ്ടെന്ന് തോന്നും.
ഇനിയും തുടരാതെ പോട്ടവന്‍
ഇനിയും മങ്ങിയ മുഖങ്ങള്‍ കാണാതെ
തെളിഞ്ഞ മുഖത്തെ കറുത്ത ഉള്ളു കാണാതെ
എങ്ങുനിന്നു വന്നോ അങ്ങ് പോട്ടവന്‍
പൊയ്യ് പൊയ്യായ് നിനച്ച്, നിലച്ച നെഞ്ചിലടക്കിയ
ഓര്‍മ്മകളിലെ നിറമോര്‍ത്ത് നേര് കാണാതെ പോട്ടവന്‍
Content Highlights: poem by aswathy balachandran