'പെണ്ണുതന്നെ ആവണമെന്നേ ഉള്ളൂ. നമ്മളൊരാളെ കണ്ടുപിടിക്കുന്നു. കല്യാണം നടത്തുന്നു.'- കുളെ

പ്രാദേശികമായ വിഷയങ്ങൾ, മനുഷ്യബന്ധങ്ങളുടെ ആഴത്തിലുള്ള അവതരണം, വൈകാരികതീക്ഷ്ണത, ലളിതവും സ്വാഭാവികവുമായ ഭാഷയിലൂടെയുള്ള കാവ്യാത്മകമായ അവതരണം ഇതെല്ലാം മൃദുൽ വി.എമ്മിന്റെ എഴുത്തുരീതിയുടെ സവിശേഷതകളാണ്. 'കുളെ' എന്ന ആദ്യസമാഹാരത്തിലൂടെ പുതിയൊരു സാഹിത്യവ്യവസ്ഥിതിക്ക് തന്നെ അടിത്തറ പണിയുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്.
'കുളെ'എന്ന വാക്കിന് തുളു ഭാഷയിൽ 'പ്രേതം' 'ആത്മാവ്' എന്നൊക്കെയാണ് അർത്ഥം. പ്രേത കല്യാണം എന്ന വിചിത്രമായ ആചാരത്തിന്റെ അവതരണമാണ് 'കുളെ 'എന്ന കഥയിലെ മുഖ്യ ആകർഷണവും. സജീവന്റെ കല്യാണം മുപ്പത്തിയെട്ട് വയസ്സായിട്ടും നടക്കാത്തത് ചേട്ടനായ രാജീവന്റെ പ്രേത കല്യാണം നടക്കാത്തത് കൊണ്ടാണ്. രാജീവന്റെ പ്രേതത്തിന്റെ ശല്യം അവതരിപ്പിച്ചു കൊണ്ടാണ് കഥ ആരംഭിക്കുന്നത്. പതിനാലാം വയസ്സിൽ കപ്പണക്കുഴിയിലെ വെള്ളക്കെട്ടിൽ വീണു മരിച്ച രാജീവനോട് അമ്മ സത്യഭാമയ്ക്ക് അതിയായ സ്‌നേഹവും വാത്സല്യവും ഉണ്ട്. മാത്രമല്ല തന്റെ മകനോട് അച്ഛനായ രാഘവൻ നായരും അനിയനായ സജീവനും നീതി കാട്ടിയിട്ടില്ലെന്നുള്ള ചിന്ത എപ്പോഴും അവരെ വിഷമിപ്പിക്കുന്നുണ്ട്. പ്രേത കല്യാണത്തിന് രാഘവൻ നായർക്ക് തീരെ താൽപ്പര്യമില്ല .എന്നാൽ സത്യഭാമയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഒടുവിൽ അയാൾ സമ്മതിക്കുന്നത്. നിരവധി ആലോചനകൾ വരുന്നുണ്ടെങ്കിലും ജാതി, ജാതകം ഇതിലെല്ലാം തട്ടി കല്യാണം നീണ്ടുപോകുന്നു. ഒടുവിൽ മറ്റൊരു ജാതിയിൽപ്പെട്ട ബീനയുടെ ആലോചന ഉറപ്പിക്കുന്നു. അതോടെ ഒഴിയാബാധയായി ഇരുട്ടിലും ഇടവഴിയിലുമെല്ലാം തന്നെ ബുദ്ധിമുട്ടിച്ചിരുന്ന ചേട്ടന്റെ ആത്മാവിൽ നിന്ന് തനിക്കും ഒരു മോചനമുണ്ടാകുമെന്നതിൽ സജീവനും അതിയായി ആശ്വസിച്ചു. രാജീവന്റെ ആത്മാവുമായി ബീനയുടെ ആത്മാവിനെ ചേർത്തുവയ്ക്കുന്നത് അതീവ രഹസ്യമായിരിക്കണം എന്ന് രാഘവൻ നായർ നിർബന്ധം പിടിക്കുന്നു. അതിൻ പ്രകാരം സജീവനും അമ്മയും അച്ഛനും കൂടി പെണ്ണിന്റെ വീട്ടിലെത്തുകയും ഏപ്രിൽ മാസം ഇരുപത്തിരണ്ടാം തീയതി വിവാഹം നിശ്ചയിക്കുകയും ചെയ്യുന്നു. ഇടക്കുഴിയിൽ കരിഞ്ചാമുണ്ഡി തെയ്യം ഉള്ള ദിവസമാണ് ബീനയുടെ അച്ഛൻ മുന്ദൻ വിവാഹത്തിനായി തെരഞ്ഞെടുത്തത്. അതിന് പ്രധാന കാരണം അന്നത്തെ ദിവസം കോളനിയിൽ വയ്യാതെ കിടക്കുന്ന ആൾക്കാരെ വരെ വണ്ടി പിടിച്ച് തെയ്യത്തിന് കൊണ്ടുപോകുന്നതു കൊണ്ട് പ്രേത വിവാഹം രഹസ്യമാക്കാം എന്നതാണ്.
Content Highlights: In-depth analysis of Mridul V.M.'s stories 'Kulai'