'അവൾ പടം പൊഴിച്ച രാത്രിയിൽ ആകാശം നിറഞ്ഞ ഒരു മിന്നലുണ്ടായി': മൺചായയും മറ്റു കഥകളും'

ലളിതമായ ഭാഷയിലൂടെയും വ്യത്യസ്തമായ അവതരണശൈലിയിലൂടെയും കഥ വികസിപ്പിക്കാനുള്ള കഴിവാണ് തനുജാ ഭട്ടതിരിയുടെ എഴുത്തു രീതിക്കുള്ളത്. കുലസ്ത്രീ എന്ന സാമൂഹിക സങ്കല്പത്തെ പൊളിച്ചെഴുതാനും സമൂഹം, മതം, പരമ്പരാഗത സങ്കല്പങ്ങൾ ഇതെല്ലാം കൽപ്പിച്ചു നൽകിയ മുഖംമൂടികളെ ശക്തമായി നിരാകരിച്ച് സ്വത്വത്തിലേക്ക് സഞ്ചരിക്കാനും പ്രാപ്തരായ സ്ത്രീകളെ അവതരിപ്പിക്കുകയാണ് തനുജാ ഭട്ടതിരിയുടെ' മൺ ചായയും മറ്റു കഥകളും'എന്ന കഥാസമാഹാരം.
ഗ്രാമീണജീവിതത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന 'മൺചായ 'എന്ന കഥയിൽ പക്ഷികളും മരങ്ങളും പ്രകൃതിയുമെല്ലാം കഥാപാത്രങ്ങളാകുന്നു. സ്ത്രീ ജീവിതത്തെ യാഥാർത്ഥ്യബോധത്തോടെയും സൂക്ഷ്മമായും അവതരിപ്പിക്കുന്ന ഈ കഥയിൽ കുടുംബത്തെ ചേർത്ത് നിർത്തുന്ന, സ്‌നേഹത്തിന്റെയും കരുതലിന്റെയും ഉറവിടമായാണ് സ്ത്രീയെ അവതരിപ്പിക്കുന്നത്. സാധാരണ സ്ത്രീയുടെ അനുഭവങ്ങളോടെ ആരംഭിക്കുന്ന കഥ ക്രമേണ സാർവത്രികമായ വിഷയങ്ങളിലേക്ക് കടക്കുന്നു. ഒരു വീട്ടമ്മയുടെ ജീവിതം എത്ര വിരസമാണെന്ന് ഈ കഥ വരച്ചുകാട്ടുന്നു. രാവിലെ എണീറ്റ് മുഖം കഴുകിയശേഷം ആദ്യം അരിയിടാൻ സ്റ്റൗവിൽ വെള്ളം വയ്ക്കുകയാണ് കഥയിലെ നായികയും ആ നാട്ടിലെ എല്ലാ സ്ത്രീകളും ചെയ്യാറുള്ളത്. ആദ്യം ഭർത്താവിന്റെ ചായ തയ്യാറാക്കിയ ശേഷo വീട്ടിലെ മറ്റ് അംഗങ്ങളുടെയെല്ലാo ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലതരം ചായ അവൾ ഉണ്ടാക്കേണ്ടതുണ്ട്. 'രാവിലത്തെ ചായ ഒരു യന്ത്രം പോലെയാണ് അവൾ കുടിക്കുന്നത്. വൈകിട്ടത്തെ ചായ മാത്രമാണ് അവൾക്ക് ആസ്വദിച്ചു കുടിക്കാൻ കഴിയുന്നത്. ഈ നാട്ടിൽ വന്നു കഴിഞ്ഞാൽ ഇവിടത്തെ തണുത്ത കാലാവസ്ഥയിലേക്ക് ഇഴുകി ചേർന്ന് ജീവിക്കാൻ ശരീരവും മനസ്സും പാകപ്പെടുത്തപ്പെടും. അതുകൊണ്ടുതന്നെ ശരീരത്തിനകത്തും പുറത്തും സംഭവിക്കുന്ന സ്‌ഫോടനാത്മകമായ കാര്യങ്ങളൊന്നും അവരെ ബാധിക്കാറില്ല.' ആസ്വാദ്യകരമല്ലാത്ത പെൺജീവിതത്തെ ഈ വരികൾ കൃത്യമായി രേഖപ്പെടുത്തുന്നു.
Content Highlights: Analysis of Tanuja Bhattathiri's story collection 'Man Chayayum Mattu Kathakalum'., Exploration of eco-feminist perspectives and female psychological inner conflicts., Symbolism of tea-making as domestic labor and emotional conditioning., Deconstruction of patriarchal societal norms and traditional gender roles.