‘’മരിച്ചുപോയേക്കുമോ എന്നോര്‍ത്ത് എന്റെ ഉള്ള് മഴയ്‌ക്കൊപ്പം ആര്‍ത്തുകരഞ്ഞു.’’എഴുത്തുകാരി സിതാരയുടെ മഴയോർമകൾ

മഴയെന്ന വാക്കിന്റെ നനുത്ത നൂലുപിടിച്ച് വര്‍ഷങ്ങള്‍ക്ക് പുറകിലേക്കൊന്ന് യാത്ര പോയിനോക്കി. വഴിയുടെ ഏറ്റവുമറ്റത്ത് നിറവില്ലുപോലെ അപ്രതീക്ഷിതമാംവിധം വിടര്‍ന്നുനില്‍ക്കുന്നത് ഒരു കവിതയാണ്. അന്നും ഇന്നും മനസ്സില്‍ മിഴിവോടെ നനഞ്ഞൊട്ടിനില്‍ക്കുന്ന ഒരു കവിത. സച്ചിദാനന്ദന്റെ 'വേനല്‍മഴ'.
അഞ്ചോ ആറോ വയസ്സുള്ളപ്പോഴാണ് ഞാനാ കവിത ആദ്യമായി കേള്‍ക്കുന്നത്. കാസര്‍കോടിന്റെ ഒരതിര്‍ത്തിഗ്രാമമായ കാറടുക്കയിലെ ഞങ്ങളുടെ പുല്ലുമേഞ്ഞ കൊച്ചുവീട്ടില്‍വെച്ചായിരുന്നു അത്. കവി സച്ചിദാനന്ദനും അന്തരിച്ച പ്രതിഭ ജോണ്‍ എബ്രഹാമുമൊക്കെ അടങ്ങിയ പപ്പയുടെ ഒരു വലിയ സൗഹൃദക്കൂട്ടം അന്നാ കുഞ്ഞുവീട്ടില്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. കയ്യൂര്‍ സമരവുമായി ബന്ധപ്പെട്ട് ജോണ്‍ ചെയ്യാനിരുന്ന, പിന്നീടൊരിക്കലും നടക്കാതെപോയ, ഒരു സിനിമാചര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നു അവരവിടെ ഒത്തുകൂടിയത്. രാവോളം നീണ്ട സംഭാഷണങ്ങള്‍ക്കും ആലോചനകള്‍ക്കുമിടയിലുള്ള ഒഴിവുസമയങ്ങളിലെപ്പോഴോ ഒരുദിവസം സച്ചിമാമന്‍ എന്ന് ഞാന്‍ വിളിക്കുന്ന സച്ചിദാനന്ദന്‍ അദ്ദേഹത്തിന്റെ മറ്റ് സുഹൃത്തുക്കള്‍ക്കായി തന്റെ പുതിയ കവിത വായിച്ചുകേള്‍പ്പിച്ചു. കേള്‍വിക്കാരില്‍ ഞാനുമുണ്ടായിരുന്നു.
Content Highlights: A poignant memoir exploring the author`s deeply personal connection to rain, interwoven with memories of childhood, loss, and resilience.