തുലാവർഷം

#ജെസ്‌ലീൻ ജോസ്
മഴത്തുള്ളികൾ
മഴത്തുള്ളികൾ

മനം കവരുന്ന തുലാവർഷകാലം കവിതയിലൂടെ...

പ്രിയനൊരാളിൻ വരവിന്നറിയിപ്പുപോലെ

നിൻ വരവറിയിച്ചെത്തുന്ന

കാറ്റിലുലയുന്നു മരച്ചില്ലകൾ

നിൻ സ്പർശമേറ്റുയരും

മണ്ണിൻ സുഗന്ധം നുകർന്ന്

സുരലഹരിതന്നാസക്തി പോൽ ഭ്രമിക്കുന്നെന്നന്തരംഗം

നീ പെയ്തു നിറയുമ്പോൾ

കൂട്ടിനായെത്തുന്നു ഇടിമുഴക്കങ്ങളും

ഒപ്പം എന്നിലുണരുന്നു കുളിരോർമ്മകൾ.

നട്ടുച്ചയെപോലും നിൻ മാന്ത്രിക ശക്തിയാലിരുട്ടാക്കി

രാത്രിയിലെന്നപോൽ

നിൻ സ്വരമെൻ താരാട്ടാകുന്നു

ഏകാന്തമാം ദിനങ്ങളിൽ നിൻ

മുഴക്കങ്ങളെനിക്കു കൂട്ടായ്

നിഗൂഢമാമിരവിൽ നിൻ കാന്തി

എൻ ജീവനിൽ വെളിച്ചമായ്

നിർത്താതെ പെയ്തു നീ

കോരിത്തരിപ്പിക്കുന്നു

എന്നുള്ളിൽ തുളുമ്പും ജീവസ്പന്ദനങ്ങൾ

മഴക്കാലങ്ങളേതും വികാരഭരിതമെങ്കിലും

എനിക്കേറെ പ്രിയം

നിന്നോട് തന്നെ.

Content Highlights: Experience the magic of Thulavarsham, Kerala`s beloved rain season in this poem.