പെൺകുട്ടി ജനിക്കുമ്പോഴേ അവൾക്കായി ഒരടുക്കള ഒരുങ്ങും. അത് മറികടന്നൊരു സഞ്ചാരം പ്രയാസമായിരുന്നു

#തനൂജ ഭട്ടതിരി
ലളിതാംബിക അന്തർജനം
ലളിതാംബിക അന്തർജനം

അമ്മയ്ക്ക് അമ്മയായി ജീവിക്കാനും, അമ്മയുടെ ആഗ്രഹങ്ങളിൽ നിന്നും വിട്ടുമാറി മകൾക്ക് സ്വതന്ത്രയാകാനും ലളിതാംബിക അന്തർജനം നടത്തിയ പോരാട്ട വഴികളെന്തായിരുന്നു?

അമ്മയ്ക്ക് അമ്മയായിരിക്കാൻ ഇടമുള്ളത് പോലെ മകൾക്ക് അമ്മയിൽ നിന്ന് സ്വതന്ത്രയാകാനും കഴിഞ്ഞതായിരുന്നു ലളിതാംബിക അന്തർജനത്തിന്റെ ജീവിതവിജയം. ഒരു പെൺകുട്ടി ജനിക്കുമ്പോഴേ അവൾക്കായി ഒരടുക്കള ഒരുങ്ങാറുണ്ട്. അത് മറികടന്നൊരു സഞ്ചാരം അന്ന് വലിയ ബുദ്ധിമുട്ടായിരുന്നു.

അമ്മയുടെ സ്നേഹത്തെക്കുറിച്ച്, അവരുടെ സ്വാധീനത്തെക്കുറിച്ച്, പരസ്പരം നിഴലുപോലെ പറ്റിച്ചേർന്നതിനെക്കുറിച്ച്, അത് പറിച്ചെറിഞ്ഞു മുകളിലേക്കു പറന്നുയർന്നതിനെക്കുറിച്ച് ലളിതാംബിക പല സന്ദർഭങ്ങളിലായി പറഞ്ഞിട്ടുണ്ട്. ആ അടരുകൾ തേടിയുള്ള യാത്രയാണീ കുറിപ്പ്.

കൊട്ടാരക്കര കോട്ടവട്ടത്തു തെങ്കുന്നത്തു മഠം... തറവാട്ടിൽ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മരണശേഷം, തന്റെ അച്ഛനുമമ്മയും ഗൃഹനായകനും ഗൃഹനായികയുമായപ്പോൾ കൊച്ചുകുട്ടിയായിരുന്ന ലളിതാംബിക, ജീവിതത്തിൽ നിശ്ശബ്ദമായി നോക്കിക്കണ്ടതു മുഴുവൻ അമ്മയെയായിരുന്നു.

ശുദ്ധമനസ്സുള്ള ഒരു പാവമായി രുന്നു ആ അമ്മ. ശരിക്കു പറഞ്ഞാൽ അനുസരണാശീലവും ഭീരുത്വവും ഇടകലർന്ന ഒരു സ്ത്രീയായിരുന്നവർ. എന്നിട്ടും എങ്ങനെയാണ് ഒട്ടേറെ പരിചാരകരെയും അതിഥികളെയും, ബന്ധുക്കളെയുമൊക്കെ ഒരു പരാതിയുമില്ലാതെ നയിച്ചുകൊണ്ടുപോയിരുന്നത്?

പണിക്കാർക്കുൾപ്പെടെ എന്നും രണ്ടുമൂന്നു പറ അരി വയ്ക്കണം. കഞ്ഞിക്കൊപ്പം അവർക്കു കൂട്ടാനുമുണ്ടാക്കണം. ഉണ്ടാക്കിയാൽപ്പോരാ കൃത്യമായി ഒരുകുറവുമില്ലാതെ വിളമ്പണം. അവർക്കു ചില നിഷ്ഠകളണ്ട്. എല്ലാം തനിയെ ചെയ്യണം. പാവം! അടുക്കളയ്ക്കുള്ളിലും കൂടിപ്പോയാൽ തേവാരപ്പുരവരെയുമാണ് അമ്മയുടെ ലോകം.

വർഷം തോറും പെറ്റു. വയറ്റിലും മാറത്തും തൊട്ടിലിലും കുട്ടികൾ പിടിവിടാതെ കെട്ടിപ്പിടിച്ചിരുന്നു. എന്നിട്ടും ഓടി നടന്ന് ഒരു കുറവും വരുത്താതെ ജോലിചെയ്തുകൊണ്ടിരുന്നു. ലളിതാംബിക മൂത്ത കുട്ടിയാണ്... കുട്ടി വളരുന്തോറും ഇളയകുട്ടികൾ എണ്ണത്തിൽ കൂടിവന്നു. അമ്മ എപ്പോഴും അടുക്കളയിൽ കുട്ടികളോടൊപ്പം! അമ്മയുമായി ലളിതാംബികയ്ക്ക് വഴിപിരിയേണ്ടിവന്നത് അവിടം മുതലാണ്.

അമ്മയുടെ ജീവിതം നോക്കിക്കണ്ടപ്പോൾ, ഒരു സ്ത്രീ ഇങ്ങനെയല്ലല്ലോ ജീവിക്കേണ്ടത് എന്ന തോന്നലോടെ അക്ഷരങ്ങളിലേക്ക് ആ കുട്ടി തിരിയുകയായിരുന്നു. വഴിപിരിഞ്ഞ് അമ്മ അടുക്കളയിലേക്കും മകൾ വായനാമുറിയിലേക്കും സഞ്ചരിക്കുകയും അവരുടെ ജീവിതം അതാതിടങ്ങളിൽ തുടരുകയും ചെയ്തു. ഹോ! എന്തൊക്കെ വായിക്കാനുണ്ടായിരുന്നു. കാലം പോകെപ്പോകെ വായിക്കാനുള്ള വിഭവങ്ങൾ മാറിക്കൊണ്ടിരുന്നു. രാപകലില്ലാതെവായിച്ചു, ചിന്തിച്ചു, സ്വപ്നം കണ്ടു, കുത്തിക്കുറിച്ചു.

അമ്മയ്ക്ക് മനുഷ്യരെയും ആചാരങ്ങളെയും പേടിയായിരുന്നു. അതുകൊണ്ടുതന്നെ മകളുടെ സ്വാതന്ത്ര്യ ചിന്തകൾ അമ്മയെ വിഷമിപ്പിച്ചു. അമ്മയുടെ പേടിയെ അവൾ അവഗണിച്ചു.

'അമ്മയ്ക്ക് എന്താ എന്നെ മനസ്സിലാകാത്തത്?' ലളിതാംബികയുടെ വിഷമം അതായിരുന്നു. അമ്മ ഭയപ്പെട്ടിരുന്ന ആചാരങ്ങളെയും മനുഷ്യരെയും ഭയപ്പെടാതിരിക്കാനുള്ള മനസ്സുണ്ടായിരുന്നതാണ് അവർ തമ്മിലുള്ള പ്രധാന വ്യത്യാസം. അക്ഷരങ്ങൾ തരുന്ന ശക്തി! ബുദ്ധി കൂർപ്പിക്കുന്ന ചിന്തകൾ!

ജീവിതം അമ്മയ്ക്ക് ആചാരങ്ങൾ പാലിക്കുക എന്നതായിത്തീർന്നിരുന്നു. ആ കാലത്തെ നമ്പൂതിരിസമൂഹത്തിലെ ജീവിതം തന്നെയാണ് അവരെ അങ്ങനെ ആക്കിത്തീർത്തതും. ആചാരത്തിന് ക്ഷതം സംഭവിക്കുമ്പോൾ അമ്മയുടെ ശരീരമാകെ വിറച്ച് കൂനിക്കൂടുമായിരുന്നു. പുറംലോകം ശരിക്കു കാണാത്ത ആ പാവം, ഒരിക്കൽ ഒരു ശാന്തിക്കാരനെ അറിയാതെ നേരിൽ കണ്ടു. കേട്ടാൽ അതിശയോക്തിയായി തോന്നും, പേടിച്ചു നിലവിളിച്ച് അവിടെനിന്ന് അവർ പാഞ്ഞോടി... അയാൾ ഇടനാഴിയിൽക്കൂടി നിവേദ്യച്ചോറുമായി വരികയായിരുന്നു. ഓർക്കാപ്പുറത്ത് അന്ന് അമ്മ അറിയാതെ അയാളുടെ മുൻപിൽ പെട്ടുപോയതായിരുന്നു.

'അയ്യോ...'എന്ന വിളി പരിസരമാകെ നിറഞ്ഞു. പരപുരുഷന്റെ മുഖം ദർശിക്കാൻ പാടില്ലാത്തതാണ്... ആ 'അയ്യോ' വിളി, ജീവിതത്തിൽ അമ്മയ്ക്ക് എന്തിനും ഏതിനും എപ്പോഴുമുണ്ട് എന്ന് മകളോർത്തു.

മകൾ പഠിക്കുന്നതും എഴുതുന്നതും അമ്മയ്ക്ക് ഇഷ്ടമായിരുന്നു. എന്നാൽ എഴുതുന്നതൊന്നും കുട്ടി അമ്മയെ കാണിച്ചില്ല.. എഴുത്ത് കുറ്റമാണെന്ന് അവൾ ഭയപ്പെട്ടിരുന്നു. അമ്മയ്ക്ക് താത്പര്യമുള്ള വിഷയങ്ങളൊന്നുമല്ല താൻ എഴുതുന്നതൊന്നും അറിയാമായിരുന്നു. ആരും കാണാതെ എഴുതി വെച്ചിരുന്ന കുറച്ച് കവിതകൾ അച്ഛനും മുത്തശ്ശനും അപ്ഫന്മാരും ഒരു ദിവസം കണ്ടെത്തി വായിച്ചു, അവർക്കത് ഒരു കുട്ടിത്തമാശയായിരുന്നു... അമ്മയുടെ കൈയിലും കുട്ടി എഴുതിയ ആ കവിതകൾ എത്തി. അമ്മ, ഒഴിവുവേളയിൽ വായിക്കാൻ അത് കിടക്കയുടെ അടിയിൽ സൂക്ഷിച്ചുവച്ചു. അമ്മ അത് വായിക്കുന്നത് ഇഷ്ടമാകാത്തതുകൊണ്ട് ലളിതാംബിക ആ കവിതകൾ തപ്പിയെടുത്ത് കത്തിച്ചുകളഞ്ഞു. അമ്മയ്ക്ക് അത് സങ്കടമായി.

''നീ എന്നെ മാത്രം ഒളിക്കുന്നല്ലോ? മറ്റെല്ലാവരും അതുവായിച്ചല്ലോ... അതിനു നിനക്ക് കുഴപ്പമില്ലേ?'' അമ്മയുടെയും തന്റെയും അഭിപ്രായങ്ങളും ആശയങ്ങളും വളരെ വ്യത്യസ്തമാണെന്ന് അറിയാമായിരുന്നു. താൻ എഴുതിയതൊക്കെ വായിച്ചാൽ അമ്മ വേദനിക്കും, ഉറപ്പ്! മറ്റൊരു രീതിയിൽ എഴുതാനുമാവില്ല. അപ്പോൾ അമ്മയിൽനിന്ന് അത് ഒളിച്ചുവയ്ക്കണമായിരുന്നു.

അമ്മയുടെ ജീവിതം പോലെയുള്ള ഒരു സ്ത്രീജീവിതം അവൾ ആഗ്രഹിച്ചില്ല. കുറേക്കൂടി നല്ല ജീവിതം ആഗ്രഹിച്ചു. സ്വാതന്ത്ര്യം കൂടുതലുള്ള ജീവിതം. എല്ലാത്തരം സ്വാതന്ത്ര്യവും ആഗ്രഹിച്ചു. മനുഷ്യരോടും ഭൂമിയോടും ചേർന്ന് ജീവിക്കാൻ ആഗ്രഹിച്ചു. സൂര്യപ്രകാശത്തിൽ തല ഉയർത്തി നിൽക്കാൻ ആഗ്രഹിച്ചു. അക്ഷരങ്ങളിൽക്കൂടി സ്വാതന്ത്ര്യം നുണഞ്ഞുതുടങ്ങിയ ഒരു കുട്ടി മറ്റെന്ത് ചെയ്യാനാണ്...

ആരെന്തു പറഞ്ഞാലും തനിക്കിഷ്ടമുള്ളത് ചെയ്യുമെന്ന മകളുടെ കടുംപിടിത്തം അമ്മയെ ഏറെ വിഷമിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ അച്ഛൻ അമ്മയെ നിർബന്ധിച്ച് അന്തർജനസമാജത്തിലേക്ക് കൊണ്ടുപോയി. അന്ന് അമ്മയെ ഒരു ഫോട്ടോയ്ക്കിരുത്താൻ അച്ഛൻ ഏറെ വിഷമിച്ചു. കുറേ നിർബന്ധിച്ചപ്പോൾ വേദനയോടെ ഫോട്ടോഗ്രാഫറുടെ മുന്നിൽ തലകുനിച്ച് അമ്മയിരുന്നു. ഇതെന്തൊരു ജീവിതം എന്നാണ് മകൾക്കപ്പോൾ തോന്നിയത്.

ഓട്ടുവള തല്ലിപ്പൊട്ടിച്ച് സ്വർണ വളയിടീച്ചതും അച്ഛനാണ്. താലി പൊട്ടിച്ചത് പോലെയുള്ള കരച്ചിലായിരുന്നു അന്ന്. ഒരിക്കൽ അച്ഛന് അസുഖം വന്നപ്പോൾ തുണികൊണ്ടു മൂടിക്കെട്ടിയ കാറിൽ കൊല്ലത്ത് വരെ അമ്മ പോയി (അന്ന് തറവാട്ടിലെ സ്ത്രീകൾക്ക് എവിടെ പോകണമെങ്കിലും വണ്ടി മൂടിക്കെട്ടിയാണ് പോകുന്നത്). തിരികെ അയിത്തം മാറാൻ കിണറ്റിൽ ചാടിയാണ് അമ്മ മുങ്ങിക്കുളിച്ചത്. കുളവും കിണറും ഒന്നും അമ്മയ്ക്കീ കാര്യത്തിൽ പ്രശ്നമല്ലായിരുന്നു. ജലജന്തു എന്ന് അമ്മയെ അവളപ്പോൾ കളിയാക്കാറുണ്ട്.

ഘോഷബഹിഷ്‌കരണം ഒരു വലിയ സമുദായവിപ്ലവമായിരുന്നല്ലോ. അതുവരെ അന്തർജനസ്ത്രീകൾ പുറത്തുപോകുമ്പോൾ തലവഴി തുണികൊണ്ട് മൂടി കൂട്ടാളികളോടൊപ്പമാണ് പോകുക. മകൾ ഘോഷ ബഹിഷ്‌കരിച്ചപ്പോൾ, അവൾ മരിച്ചാലെന്നപോലെ തലതല്ലി കരഞ്ഞു അമ്മ.

രണ്ടു കുട്ടികൾ ഉണ്ടായി നഷ്ടപ്പെട്ടതിനുശേഷമാണ് ലളിതാംബിക ജനിക്കുന്നത്. അമ്മയുടെ മൂത്തപുത്രി! കണ്ണിലുണ്ണി! അമ്മ ഒരിക്കൽ പറഞ്ഞു: ''നീ വയറ്റിൽ കിടക്കുമ്പോൾ, പലരും ആഗ്രഹിക്കുന്നപോലെ ആൺകുട്ടി ആകണേയെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അമ്മയ്ക്ക് അമ്മയാവാൻ ഒരു കുഞ്ഞ്! അതായിരുന്നു ആഗ്രഹം. കുട്ടിക്കായുസ്സ് വേണം, ബുദ്ധി വേണം, അത്രയ്ക്കേ ആഗ്രഹിച്ചുള്ളൂ.''

മകളുടെ ഓർമ്മശക്തിയിലും ബുദ്ധിശക്തിയിലും അമ്മയ്ക്ക് അദ്ഭുതവും അഭിമാനവും ഉണ്ടായിരുന്നു. പക്ഷേ അത് പുറത്തുകാണിച്ചില്ല. മണിപ്രവാളത്തിലെ നാല് പദ്യം പഠിക്കാൻ പറഞ്ഞാൽ പത്തോ പതിനഞ്ചോ മകൾ പഠിച്ചു. അക്ഷരശ്ലോകങ്ങൾ ചൊല്ലി അവർ കളിച്ചു. സമസ്യ പൂരിപ്പിച്ചു. അമ്മ പറഞ്ഞുതരുന്ന കഥകൾ തിരികെ അമ്മയെ പറഞ്ഞുകേൾപ്പിക്കണം. പക്ഷേ ഇതൊക്കെ മകളെ ഒരു എഴുത്തുകാരിയാക്കും എന്നുമാത്രം അമ്മ ഓർത്തതേയില്ല.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലോ എന്ന് പേടിച്ചുതീർത്ത ഒരു ജീവിതമാണ് അമ്മയുടേത്. ആര് എന്തുപറഞ്ഞാലും അത് പുല്ലുപോലെ പോട്ടെയെന്നായിരുന്നു മകൾക്ക്.

ആചാരങ്ങളെ ഭയന്നിരുന്നെങ്കിലും മകളെ പഠിപ്പിക്കുന്നതിൽ മാത്രം അമ്മ പുറകോട്ട് പോയില്ല. അമ്മ സൂക്ഷിച്ചു വെച്ചിരുന്ന പുസ്തകങ്ങളും മാസികകളും പത്രങ്ങളും അവളുടെ കൂട്ടുകാരായി മാറി. അമ്മയുടെ ചെറുപ്പകാലത്ത് സ്വദേശാഭിമാനിയാണ് വിപ്ലവം ഉണ്ടാക്കിയ പത്രം. ഭരണാധിപന്മാരെ കഠിനമായി അതിൽ വിമർശിച്ചത് പലരും എഴുതിയിട്ടുണ്ട്. പത്രാധിപരെയും കുടുംബത്തെയും ശിക്ഷിച്ചു. അവരെ നാടുകടത്തി.

അമ്മ പറഞ്ഞുകൊണ്ടേയിരുന്നു 'കഷ്ടമായി' എന്ന്. മൂന്നു വയസ്സുമാത്രം ഉണ്ടായിരുന്ന ലളിതാംബിക അന്ന് അമ്മയെ അനുസരിച്ച്, 'പത്രാധിപരെ നാടുകടത്തിയത് കഷ്ടമായി' എന്ന് കൊച്ചുവായിൽ തത്തയുടെ ഏറ്റു പറച്ചിൽപോലെ പറഞ്ഞുനടന്നിരുന്നത് അമ്മ പിന്നീട് പറഞ്ഞു കളിയാക്കിയിട്ടുണ്ട്.

പാറപ്പുറം, ഉദയഭാനു തുടങ്ങിയവരുടെ നിരോധിതപുസ്തകങ്ങളും അമ്മ വളർന്നുവരുന്ന പെൺകുട്ടിക്ക് വായിക്കാൻ പാകത്തിൽ സൂക്ഷിച്ചുവെച്ചു. ഒരുവശത്ത് അമ്മ എല്ലാവരെയും ഭയന്നപ്പോൾ, മറുവശത്ത് അമ്മ ലോകത്തെ നേരിടാൻ മകളെ പ്രാപ്തയാക്കുകയായിരുന്നു. അമ്മ കാരണം നിഷിദ്ധമായ പല കാര്യങ്ങളും ചെയ്യാനുള്ള കരുത്ത് അവൾക്ക് കിട്ടി. അമ്മ അറിയാതെ അതൊക്കെ ചെയ്തു അവൾ.

ഒരിക്കൽ ലളിതാംബികയുടെ നീണ്ടമുടി അമ്മ ചീകിക്കെട്ടുകയാണ്... മുല്ലയും പിച്ചകവും എല്ലാം അരികിൽ കെട്ടിവച്ചിരിക്കുന്നു. മകളുടെ മുടിയിൽ ഭംഗിയായി ആ പൂക്കൾ വയ്ക്കണമെന്ന് ഒരുനിമിഷം അമ്മ ആഗ്രഹിച്ചു. പക്ഷേ, അന്ന് പെൺകുട്ടികൾക്ക് വിവാഹത്തിനു മുൻപ് പൂചൂടാൻ പാടില്ലായിരുന്നു. വിവാഹശേഷം ഭർത്താവിന്റെ കൈ കൊണ്ടാണ് വാസനപ്പൂ ആദ്യം ചൂടേണ്ടത്. അമ്മ പൂ ചൂടിക്കാൻ മടിച്ചപ്പോൾ തന്നെത്താനെ അവൾ മുടിയിൽ വാസനപ്പൂ തിരുകി.

കുട്ടിയായിരുന്നപ്പോൾ വീട്ടിൽ പാവാടയും ജാക്കറ്റുമായിരുന്നു ലളിതാംബികയുടെവേഷം... പക്ഷേ അമ്മയുടെ വീട്ടിലേക്ക് പോകുമ്പോൾ അതെല്ലാം മാറ്റിവെച്ച് ഇലക്കോണകവും പാവുമുണ്ടും ഉടുക്കണം. അല്ലെങ്കിൽ അവിടെ മുത്തശ്ശിമാർ വഴക്ക് പറയും. അല്പം മുതിർന്നപ്പോൾ അവളത് എതിർത്തു.

മകളെ സ്‌കൂളിൽ അയക്കണമെന്ന് ഏറ്റവും ആഗ്രഹിച്ചത് അമ്മയാണ്. വിദ്വാൻപട്ടമുള്ള മുത്തപ്ഫൻ അമ്മയെ സ്‌കൂളിൽ അയച്ചിട്ടുണ്ട്. അടുത്തുള്ള കൊട്ടാരത്തിൽ നടക്കുന്ന സവർണബാലികാ വിദ്യാലയത്തിലാണ് അമ്മ പഠിച്ചത്. മകളെയും അമ്മ പഠിച്ച സ്‌കൂളിൽ ചേർത്തു. എന്നാൽ മകളെ കാണാതെ കഴിയാനാവില്ല എന്നുപറഞ്ഞ് അച്ഛൻ അവളെ തിരികെ കൊണ്ടുപോയി. തിരികെ മകളെ കൊണ്ടുവരുമ്പോൾ അച്ഛൻ അമ്മയ്ക്ക് ഒരു വാക്ക് കൊടുത്തിരുന്നു. സ്‌കൂളിൽ അയച്ചില്ലെങ്കിലും വീട്ടിൽ ഒരു സ്‌കൂൾ പോലെ എല്ലാം ഏർപ്പാട് ചെയ്യാം എന്ന് (വർഷങ്ങൾക്കുശേഷം അവിടെ കോട്ടവട്ടം സ്‌കൂൾ നിലവിൽവന്നു).

എല്ലാ വിഷയങ്ങളും പഠിപ്പിക്കാൻ ട്യൂഷൻ മാസ്റ്റർമാർ എത്തി. അങ്ങനെ വീട്ടിലിരുന്ന് ലളിതാംബിക പഠിച്ചു. സ്‌കൂൾ പോലെ, രാവിലെ മുതൽ വൈകുന്നേരംവരെ പിരീഡ് അനുസരിച്ചായിരുന്നു ട്യൂഷൻ. അതില്ലാത്ത സമയത്തൊക്കെ അമ്മയായിരുന്നു അവളുടെ ഏറ്റവും വലിയ കൂട്ടുകാരി. അമ്മയ്ക്ക് മകളും മകൾക്കമ്മയും മാത്രമായ കുറേ സമയം!

അവർ കവിതചൊല്ലിക്കളിച്ചു. ഒരാൾ ചൊല്ലുന്ന കവിത ആരുടെതെന്ന് പറയണം. അതാണ് കളി. വെണ്മണി, ശീവൊള്ളി, ഒറവങ്കര, നടുവം, കുഞ്ഞുക്കുട്ടൻ, ഉള്ളൂർ, വള്ളത്തോൾ അങ്ങനെ എല്ലാവരുടെയും കവിതകൾ ചൊല്ലി അവരെ തിരിച്ചറിഞ്ഞ് പേര് പറയണം. അമ്മ ഇടയ്ക്ക് സ്വയം ഉണ്ടാക്കിയും കവിത ചൊല്ലും. അത് ആരുടേതെന്ന് പറയുമ്പോൾ ലളിതാംബികയ്ക്ക് തെറ്റും. ആ കളിയിൽ അമ്മയെ അനുകരിച്ച് മകളും കവിതയുണ്ടാക്കി ചൊല്ലിത്തുടങ്ങി.

കാലം മുന്നോട്ടുപോയപ്പോൾ അമ്മ എല്ലാ വിഷയങ്ങളുമായും രമ്യതയിലായി. കാലം രമ്യതയിലാക്കി എന്ന് പറയുന്നതാണ് ഭേദം. പാപം എന്ന് തോന്നിയ പലതും മകൾക്കും പാപമല്ലാതെയായി. കുട്ടി ഏറെ വളർന്ന് അറിയപ്പെട്ടവളായപ്പോൾ ഒരിക്കൽ അമ്മ പറഞ്ഞു: ''പണ്ട് നിന്നെ ഞാൻ വേദനിപ്പിച്ചിട്ടുണ്ട്. നന്മ വിചാരിച്ചാണ് അന്നത് ചെയ്തത്. സാരമില്ല, അതുകൊണ്ട് ഇപ്പോൾ പലർക്കും അത് നന്നായല്ലോ!'' തിരിച്ചും അമ്മയെ വേദനിപ്പിച്ചിട്ടുണ്ടല്ലോ, വേദന പരസ്പരമായിരുന്നു. അമ്മയുടെ വേദനയോളം ആവില്ല മകൾക്ക് വേദന.

അച്ഛൻ മരിച്ചതിനുശേഷം അമ്മ ഒരു സന്ന്യാസിനിയെപ്പോലെ ആയിരുന്നു. മനുഷ്യരെല്ലാം മക്കൾ പോലെ! പക്ഷിമൃഗാദികളും വൃക്ഷലതാദികളും ആ സ്നേഹം ഏറ്റുവാങ്ങി. ഉണ്ണാൻ വിളമ്പിവയ്ക്കുന്ന ചോറ് പോലും മറ്റുള്ളവർക്ക് കൊടുത്ത്, പട്ടിണികിടക്കാൻ മടിയില്ല. ഒരാൾക്ക് ഭക്ഷണം കൊടുത്തിട്ട് പിന്നെ ചോറ് വെച്ചുണ്ടാക്കൽ-അത് വ്രതഭംഗമാണെന്ന് അമ്മ പറയും. തിങ്കളാഴ്ച വ്രതം, ഏകാദശി വ്രതം, പ്രദോഷവ്രതം, വാവ് വ്രതം, ശിവരാത്രി വ്രതം... തുടർച്ചയായി അഞ്ചുദിവസം വരെ ഉപവാസം കിടക്കും. അന്നും രണ്ടുംമൂന്നും പറ അരി വെച്ച് മറ്റു മനുഷ്യർക്ക് വിളമ്പും. ഒളിവിലിരിക്കുന്നവരും ജയിൽ ചാടിയവരും ഒക്കെ ആ ഭക്ഷണം കഴിക്കാൻ വീട്ടിൽ എത്തിയിട്ടുണ്ട്.

അമ്മ ഉണ്ടാക്കിച്ചൊല്ലാറുള്ള ശ്ലോകങ്ങളും കവിതകളും ഒക്കെ പിന്നീട് ഒരു പുസ്തകമാക്കി. അപ്പോഴേക്കും എഴുതിയത് പലതും നശിച്ചിരുന്നു. ബാക്കി കിട്ടിയത് കുറച്ച് രചനകൾ മാത്രം! ജാതിമതാതീതമായ ഐശ്വര്യസങ്കല്പത്തെ മാത്രം വളർത്തുന്ന സ്തോത്രങ്ങളായിരുന്നു ആ അമ്മ എഴുതിയത്.

ശതാഭിഷേകം കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുതൽ അമ്മയുടെ കണ്ണുകളിൽ പറയാൻ പറ്റാത്ത ഒരു ഭാവവ്യത്യാസമുണ്ടായി. സുഖത്തിനോ ദുഃഖത്തിനോ മറ്റു വികാരങ്ങൾക്കോ തൊടാൻ പറ്റാത്ത ഒരു ലോകമുണ്ടവിടെ. അമ്മ പറഞ്ഞു: ''മതി! എല്ലാം മതിയായി, ഇനി നിർത്താം.'' മരിക്കാൻ കാലമായ ഒരു പ്രായം തന്നെ കിട്ടി അമ്മയ്ക്ക്. ശരിയായ ഘട്ടത്തിൽ മരിക്കണം. അതാണ് തനിക്കും മറ്റുള്ളവർക്കും നല്ലതെന്ന് അമ്മ വിശ്വസിച്ചു.

എന്നാലും 'പ്രായോപവേശം' അമ്മ ചെയ്യുമെന്ന് അവൾ ഓർത്തതേയില്ല.പതിയെപ്പതിയെ മനഃപൂർവം ഭക്ഷണം കുറച്ചുകൊണ്ടുവരിക. പിന്നീട് ഒരു തുള്ളി തീർഥജലം മാത്രം കഴിച്ചുകൊണ്ട് ഒരാഴ്ചത്തെ ഉപവാസം. ഹൃദ്രോഗമുണ്ട്. മെലിഞ്ഞ ശരീരം. ആരും ആ ഉപവാസം ആഗ്രഹിച്ചില്ല. എന്നാൽ അമ്മ പറഞ്ഞു: ''ഞാൻ ജീവിതത്തിൽ അറിഞ്ഞ് പാപം ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് രോഗം കൂടാതെ എനിക്ക് മരിക്കണം.'' പാപത്തിന്റെ ഫലമാണ് രോഗം എന്ന് അമ്മ പറയുമ്പോൾ ലളിതാംബിക വഴക്ക് കൂടാറുണ്ടായിരുന്നു.

രാമകൃഷ്ണ പരമഹംസനും രമണ മഹർഷിയും പുണ്യാത്മാക്കളായിരുന്നെന്നും അവർക്കും അസുഖം വന്നെന്നും അപ്പോൾ അവർ ചികിത്സിച്ചെന്നും ലളിതാംബിക അമ്മയോട് പറഞ്ഞു.

അമ്മയ്ക്ക് ക്ഷീണം കൂടിയപ്പോൾ ഡോക്ടർ വരികയും ചികിത്സിക്കുകയും ചെയ്തു. പിന്നെ ഒരുമാസത്തോളം കാലം അമ്മ തന്റെ ജീവിതത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നു. ഒരു കല്യാണത്തിന് പോയപ്പോൾ അച്ഛൻ അകത്തൊരു സ്ത്രീ പാട്ടു പാടുന്നത് കേട്ട് മുഗ്ധനായി വിവാഹാലോചന നടത്തിയത്, അമ്മയെ വിവാഹം കഴിച്ചത്. കൂടാതെ, ബാല്യകാലസഖിയായ ലക്ഷ്മിക്കുട്ടി വാരസ്യാരുമൊത്തുള്ള ബാല്യകാലത്തെ കുറിച്ചൊക്കെ അമ്മ പറഞ്ഞുകൊണ്ടേയിരുന്നു.

പ്രായമായാൽ, ജീവിതത്തിലെ കടമകളൊക്കെ തീർന്നാൽ, മരിക്കാനുള്ള മരുന്നാണ് കൊടുക്കേണ്ടതെന്ന് ചികിത്സിക്കാൻ വന്ന ഡോക്ടറോടും പറഞ്ഞു അമ്മ. മകളെ അരികിൽ വിളിച്ചു.

''സംസ്‌കാരച്ചടങ്ങിനായി തട്ടുംപുറത്ത് ഉണങ്ങിയ തുളസിക്കൊമ്പുകൾ, ചന്ദനമുട്ടി, ഗംഗാജലം... ചടങ്ങിന് ആവശ്യമുള്ളതെല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ജീവൻ പോയാൽ എല്ലാം വേഗം കഴിക്കണം. നിനക്കു മാത്രമേ അമ്മ മരിക്കുന്നുള്ളൂ. നിന്റെ അനിയന്മാർക്കെല്ലാം നീ അമ്മയായുണ്ട്. അവർക്കാർക്കും അമ്മ നഷ്ടപ്പെടുന്നില്ല. ഇപ്പോൾ കുറേ നാളായില്ലേ നീ വന്നിട്ട്. സമാധാനമായി മക്കളുടെ അടുത്തേക്ക് പോകൂ. അനുവാദമുണ്ടെങ്കിൽ സമയത്ത് കാണാം.'' ആ സമയം അതോർക്കാൻ അവൾ ഇഷ്ടപ്പെട്ടതേയില്ല.

മറ്റൊരു ദിവസം അർധരാത്രി ലളിതാംബിക അന്തർജനം ഞെട്ടിയുണർന്നു. അമ്മയുടെ ശബ്ദം കാതിൽ. തന്റെ പേര് ചൊല്ലി വിളിക്കുന്നു! അപ്പോൾത്തന്നെ പുറപ്പെട്ടു. അമ്മയുടെ അരികിൽ എത്തിയപ്പോൾ കുളിച്ച് കഞ്ഞി കുടിക്കുന്ന അമ്മയെയാണ് കണ്ടത്. സമാധാനമായി!

അമ്മ അരികിലേക്ക് വിളിച്ചു. ''എനിക്കറിയാമായിരുന്നു നീ വരുമെന്ന്. അതുകൊണ്ടാ നിന്നെ ഞാൻ വിളിച്ചത്... കുറച്ചു കാര്യങ്ങൾ പറയാനുണ്ടായിരുന്നു. ഇനി എനിക്ക് വയ്യ. ഈ ജന്മത്ത് ചെയ്യാനുള്ളതൊക്കെ കഴിഞ്ഞു. അനായാസം മരിക്കാൻ വേണ്ടി ദേവിക്ക് പാൽപ്പായസം നേർന്നിട്ടുണ്ട്. അത് നീ കഴിപ്പിക്കണം. കാളിക്ക് ഒരു മുണ്ടും വേണ്ടതും കൊടുക്കണം. ഇന്നോ നാളെയോ ഞാൻ പോകും. അതുവരെ നീ അടുത്തിരിക്കണം.'' കാളി, ദേവിയല്ല, അമ്മയുടെ പ്രിയപ്പെട്ടവളാണ്. കാളി വെറും പാവമാണ്. പഴഞ്ചൻ വിശ്വാസക്കാരി. നഷ്ടപ്പെട്ടുപോയ പ്രഥമസന്താനത്തിന്റെ പ്രായമായതുകൊണ്ട് കാളിയോട് അമ്മയ്ക്ക് വലിയ സ്നേഹമായിരുന്നു.

ആ സമയത്ത് അമ്മയുടെ ചുണ്ടുകൾ ജപിച്ചുകൊണ്ടിരുന്നു, വിരലുകൾ ജപത്തിനനുസരിച്ച് ചലിച്ചുകൊണ്ടിരുന്നു. സുബോധം. ഇന്ദ്രിയങ്ങൾ എല്ലാം പ്രവർത്തിക്കുന്നു. അമ്മ കണ്ണുതുറന്നു, പതിയെ ചോദിച്ചു: ''സമയം എത്രയായി? വാതിലും ജനലും തുറന്നിടൂ. വിളക്കുകൾ കൊളുത്തിവയ്ക്കൂ. എന്നിട്ട് നിലത്തിറക്കി കിടത്തൂ.'' വൈകുന്നേരം സമയം. അമ്മയുടെ ചുണ്ടുകൾ എന്തോ മന്ത്രിച്ചു. വെള്ളം കൊടുത്തു. അതിറങ്ങി. ശരീരം ഒന്നു വിറച്ചു. ഒരു ഞടുക്കം. ദീർഘമായ രണ്ട് ശ്വാസം. എല്ലാം പരമശാന്തം. തീർന്നു.

മരണമറിഞ്ഞ കാളി ഉറക്കെ നിലവിളിച്ചു. കാളി മൃതശരീരത്തിന്റെ കാൽക്കൽ വീണു. അപ്പോൾ കാളി അമ്മയുടെ മകൾ തന്നെയാണെന്ന് തോന്നി. അമ്മ മരിക്കുമ്പോൾ മക്കൾക്ക് ഒരു യുഗം അവസാനിക്കുന്നു. ഒരിക്കലും മകൾ അമ്മയുടെ തുടർച്ചയായിരിക്കില്ല, അമ്മയുടെ കാലഘട്ടത്തിന്റെ പ്രതിനിധിയുമായിരിക്കില്ല. ഓരോ കാലഘട്ടത്തിലും ഓരോതരം വ്യക്തിത്വസത്തയാണല്ലോ. എന്നാലും വിശ്വമാതൃത്വത്തിന്റെ പാരമ്പര്യശൃംഖലയിൽ അമ്മയും മകളും കണ്ണികളാണ്.

അമ്മ ഒരിക്കൽ ലളിതാംബികയോട് പറഞ്ഞു: ''ലോകത്തുള്ള ദുഃഖത്തെക്കുറിച്ചു മാത്രം നീ ഓർക്കുന്നതെന്തിന്? അതൊക്കെത്തന്നെയാണ് നീ എഴുതുന്നത്. അതുകൊണ്ടാണ് നിനക്ക് രോഗങ്ങൾ വരുന്നത്. ഈശ്വരനെപ്പറ്റി ഓർക്കൂ. എഴുതൂ. ലോകം വിധിച്ചപ്രകാരം പൊയ്ക്കോളും. തിരുത്താൻ നിൽക്കണ്ട. നിനക്കതു ദോഷം വരുത്തും.'' ഉത്തരം പറയാനാകാതെ ഒരുനിമിഷം നിന്നുപോയി അവൾ.

''അമ്മ പറഞ്ഞപോലാകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ എന്ത് ചെയ്യാൻ? ഈശ്വരൻ മനുഷ്യരൂപത്തിലാണ് എന്റെ മുന്നിൽ അവതരിക്കുന്നത്. മനുഷ്യസേവയാണ് ഈശ്വരപൂജ. ഈശ്വരൻ ഭൂമിയിലേക്ക് എന്നെ പറഞ്ഞുവിട്ടപ്പോൾ, ഒരു കൈയിലേക്ക് അദ്ദേഹം അനന്തമായ ആനന്ദത്തിന്റെ, സ്നേഹത്തിന്റെ വികാരങ്ങളെ തൊട്ടറിയാൻ കഴിയുന്ന സാഹിത്യബോധം നൽകി. മറുകൈയിൽ സിരാതന്തുക്കളെ തളർത്തുന്ന രോഗവും നിസ്സഹായതയും ദൗർബല്യവും തന്നു. രണ്ടും അനുഗ്രഹമായി സ്വീകരിക്കേണ്ടിവരുന്നു അമ്മേ. ഒന്നുമാത്രമാണെങ്കിൽ ഞാൻ ഗർവിഷ്ടയും അഹങ്കാരിയും ആയിപ്പോയേനെ. ആനന്ദാനുഭൂതി ലഹരിയാക്കാതെ, അമൃതമായി മാറ്റുവാൻ ദുഃഖത്തിന്റെ ഒരു തരി വേണമെന്നു ഞാൻ മനസ്സിലാക്കുന്നു. സുഖം മുത്തുപോലെയാണ്. തോടിനുള്ളിൽ സ്വയം തിളങ്ങി അത് മൗനമായിരിക്കുന്നു. എന്നാൽ ദുഃഖത്തിന് പെയ്തൊഴിയുക തന്നെ വേണം.''

അമ്മ സ്നേഹത്തോടെ മകളെ ചേർത്തുപിടിച്ചു. അമ്മയെ എതിർത്ത് നേടിയതൊക്കെയാണ്, അമ്മയ്ക്കും വരുംതലമുറകൾക്കും അഭിമാനകരമായിമാറിയത്. കാലത്തിന്റെ അടുക്കളയും പുസ്തകമുറിയും പരസ്പരം കഥകൾ പങ്കുവയ്ക്കുകയാണ്.

(ലളിതാംബിക അന്തർജനത്തിന്റെ കൊച്ചുമകളാണ് ലേഖിക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Exploration of the generational conflict between tradition and modern independence., Lalithambika Antharjanam's transition from domestic constraints to literary freedom., The nuanced emotional bond and mutual influence between mother and daughter., Reflections on death, spirituality, and the legacy of a pioneering writer.