ലോഡ്ജിന്റെ റിസപ്ഷനില്‍ നിന്ന് മുറിയിലേക്ക് ഒരു ഫോണ്‍ വന്നു, 'നിങ്ങളെക്കാത്ത് ഒരാള്‍ നില്ക്കുന്നു'

രണ്ട് പതിറ്റാണ്ടിനു മുന്‍പ് ആദ്യമായി കൊല്‍ക്കത്ത നഗരത്തിലെത്തിയപ്പോള്‍ അവിടെ നാല് മലയാളികള്‍ എന്നെക്കാത്ത് നില്‍പ്പുണ്ടായിരുന്നു:
തിരൂര്‍ സ്വദേശിയായ പി. വേണുഗോപാല്‍, തിരൂരിലെത്തന്നെ മോഹനന് എന്ന് വിളിക്കുന്ന പദ്മനാഭന്, പട്ടാമ്പി സ്വദേശിയായ ജയറാം, എടപ്പാളിലെ ഗോപാലന്. രാത്രിവിളക്കുകള്‍ തെളിഞ്ഞ ആ അപരിചിത നഗരത്തിന്റെ വഴികളിലൂടെ അവരെന്നെ കൊണ്ടുപോയി. ഇത് ലേക് മാര്‍ക്കറ്റ്, ഇത് പാര്‍ക് സ്ട്രീറ്റ്, ഇത് പാര്‍ക് സര്‍ക്കസ്, ഇത് ഗരിയാട്, ഇത് ചൗരംഗി, ഇത് ബഹാല, ഇത് ശ്യാം ബസാര്‍, ഇത് മണിക് തല, ഇത് ഹൗറ, ഇത് ദക്ഷിണേശ്വര്, ഇത് ബേലൂര്‍, ഇത് ചെത്ല, ഇത് ബജ് ബജ്... ബംഗാളി നോവലുകളിലൂടെയും ശ്രീരാമകൃഷ്ണസാഹിത്യത്തിലൂടെയും സത്യജിത് റായ് സിനിമകളിലൂടെയും ഞാന്‍ പരിചയിച്ച് മോഹിച്ച നഗരത്തെ ഈ നാല്‍വര്‍സംഘം എനിക്ക് ഓരോന്നോരോന്നായി തൊട്ടുകാണിച്ചുതന്നു. അത് കണ്ടുകണ്ട് ഞാന്‍ അമ്പരന്നു.
ലേക് മാര്‍ക്കറ്റില്‍ സബര്‍ബന്‍ സ്റ്റേഷനോടുചേര്‍ന്നുള്ള വേണുഗോപാലിന്റെ വീട്ടിലേക്ക് അദ്ദേഹം എന്നെ ക്ഷണിച്ചു. ഗ്രില്ലിട്ട ലിഫ്റ്റില്‍ കയറി മൂന്നാംനിലയിലെ മൂന്ന് കിടപ്പുമുറികളുള്ള ഫ്ളാറ്റിലെത്തിയപ്പോള്‍ അവിടെ നിറയെ സംഗീതോപകരണങ്ങളായിരുന്നു. തബലയും ഹാര്‍മോണിയവും ഗിറ്റാറും വയലിനും തംബുരുവും. അദ്ദേഹത്തിന്റെ കുടുംബം ആ സമയം നാട്ടിലായിരുന്നു. വേണുഗോപാല്‍ ശബരിമലയ്ക്ക് പോകാന്‍ കറുപ്പുടുത്ത് മാലയണിഞ്ഞ് കഠിനവ്രതത്തിലായതിനാല് സമാഗമങ്ങളില്‍ സാധാരണമായ വ്രതഭംഗങ്ങളൊന്നും അന്ന് സംഭവിച്ചില്ല.
രാത്രി ലേക് സൈഡ് റോഡിലെ 'താരാമഹല്‍' എന്ന തലശ്ശേരി മലയാളി ലോഡ്ജില്‍ ഞാന്‍ സുഖമായി ഉറക്കം തുടങ്ങി. ഏതോ പാതിരായാമത്തില്‍ ലോഡ്ജിന്റെ റിസപ്ഷനില്‍ നിന്ന് മുറിയിലേക്ക് ഒരു ഫോണ്‍ വന്നു.
''നിങ്ങളെക്കാത്ത് ഇവിടെ ഒരാള്‍ നില്ക്കുന്നു.''
പാതിമുറിഞ്ഞ ഉറക്കത്തിന്റെ മാറാലമൂടിയ കണ്ണുകളുമായി അമ്പരന്ന് ഞാന്‍ റിസപ്ഷനില്‍ എത്തിയപ്പോള്‍ അവിടെ വേണുഗോപാല്‍ നില്ക്കുന്നു. കറുത്ത മുണ്ടും വെളുത്ത ഷര്‍ട്ടും. കൈയില്‍ ഒരു ഫയലുണ്ട്.
''മാതൃഭൂമി വാരാന്തപ്പതിപ്പില്‍ 'മാമ്പഴക്കാലം' എന്ന ലേഖനം എഴുതിയ ശ്രീകാന്ത് കോട്ടയ്ക്കല്‍ താങ്കളാണോ?'', അദ്ദേഹം ചോദിച്ചു
''അതെ'', ഞാന്‍ പറഞ്ഞു
''എന്നിട്ട് എന്തുകൊണ്ട് നിങ്ങളിത് നേരത്തേ നമ്മള് കണ്ടപ്പോള്‍ പറഞ്ഞില്ല?''ആജ്ഞാസ്വരത്തിലുള്ളതായിരുന്നു ആ ചോദ്യം.
''സെല്‍ഫ് മാര്‍ക്കറ്റിങ്ങിന്റെ സര്‍വകലാശാലയില്‍ സീറ്റുകിട്ടാതെ പുറത്തായ ആളാണ് ഞാന്‍'', വ്യംഗ്യമായി ഞാന്‍ കാര്യം പറഞ്ഞു.
''ഞാന്‍ ആ ലേഖനം വായിക്കുകയും ഫയല്‍ചെയ്ത് വയ്ക്കുകയും ചെയ്തിട്ടുണ്ട്. നാടുവിട്ടുപോന്ന ഞങ്ങളെപ്പോലുള്ളവരെയാണ് നാട്ടിലെ മാമ്പഴക്കാലവും മഴക്കാലവുമെല്ലാം ഏറ്റവുമധികം സ്പര്‍ശിക്കുന്നത്. നാട്ടില്‍ത്തന്നെ താമസിക്കുന്ന നിങ്ങള്‍ക്കത് മനസ്സിലാവണമെന്നില്ല. പരിചയപ്പെട്ടതില്‍ സന്തോഷം.'' അത്രയും പറഞ്ഞ് ഷേയ്ക്ക് ഹാന്‍ഡ് തന്ന് ഉടുത്ത മുണ്ടിനേക്കാള്‍ കറുത്ത ഇരുട്ടിലേക്ക് അദ്ദേഹം ഇറങ്ങിപ്പോയി.
ഇത്തരം അനുഭവം ആദ്യമായിട്ടായതിനാല്‍ ഞാന്‍ അമ്പരന്നു നിന്നു. രാത്രിയിലേക്കിറങ്ങിപ്പോയ ആ മനുഷ്യനില്‍ അസാധാരണമായ ഏതൊക്കെയോ ധാതുക്കള്‍ അടങ്ങിയിരിപ്പുണ്ട് എന്നെനിക്ക് തോന്നി.
പിറ്റേന്ന് ഞാന്‍ ഡാര്‍ജിലിങ്ങിലേക്ക് പോയി; വേണുഗോപാല്‍ ശബരിമലയ്ക്കും.
ഒരിക്കലും താഴിട്ടുപൂട്ടാത്ത ഒരു വാതില്‍ കൊല്‍ക്കത്ത എനിക്കുമുന്നില്‍ തുറന്നിടുകയാണ് എന്ന കാര്യം എനിക്കന്ന് അറിയില്ലായിരുന്നു.
കൊല്‍ക്കത്തയില്‍നിന്ന് തിരിച്ചുപോന്നിട്ടും വേണുഗോപാലിന്റെ ഫോണ്‍വിളികള്‍ ഇടവിട്ട ദിവസങ്ങളില്‍ എന്നെത്തേടിവന്നു. അപ്പോഴേക്കും വേണുഗോപാല്‍ എനിക്ക് വേണുവേട്ടനായിക്കഴിഞ്ഞിരുന്നു. രാത്രി വളര്‍ന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും സമയത്തായിരിക്കും മിക്കപ്പോഴും ഈ ഫോണ്‍വിളികള്‍ വരുക. സംസാരത്തില്‍ നിറയെ സാഹിത്യവും സംഗീതവും പ്രവാസവ്യഥകളും ആയിരിക്കും. ചിലപ്പോള്‍ അതെന്നെ പ്രകോപിപ്പിക്കുംവിധത്തില് ഉച്ചസ്ഥായിയിലും തര്ക്കസ്വരത്തിലുമാവും. ചിലപ്പോള്‍ ഫോണിലൂടെ പാട്ടുപാടും.
വേണുവേട്ടന്റെ നിരന്തരമായുള്ള ഈ ഫോണ്‍വിളികള്‍ സാധാരണചെന്ന് തിരിച്ചുപോരുന്ന മറ്റുനഗരങ്ങളേക്കാള്‍ കൊല്‍ക്കത്തയെ എന്നിലേക്ക് ചേര്‍ത്തുനിര്‍ത്തി. എപ്പോള്‍ വേണമെങ്കിലും അങ്ങോട്ട് വണ്ടികയറിപ്പോവാമെന്നായി. കൊല്‍ക്കത്തയിലേക്കുള്ള എന്റെ പോക്കുവരവുകളാരംഭിച്ചു. പിന്നപ്പിന്നെ സുഹൃത്തുക്കളായ നൗഷാദ്, കഥാകൃത്ത് അര്‍ഷാദ് ബത്തേരി, ഫോട്ടോഗ്രാഫര്‍ കെ.ആര്. വിനയന്, മുതിര്‍ന്ന അധ്യാപകനും എഴുത്തുകാരനും വിവര്ത്തകനുമെല്ലാമായ പി. ജയേന്ദ്രന്‍ എന്നിവരും എനിക്കൊപ്പം വ്രതമെടുക്കാതെ കൊല്‍ക്കത്തയ്ക്ക് വന്നുതുടങ്ങി.
വേണുവേട്ടന് ഞങ്ങള്‍ക്ക് ബംഗാളിശൈലിയില്‍ വേണുദാ ആയി. എല്ലാ തവണയും വേണുദാ വാതില്‍ തുറന്ന് ഞങ്ങളെ കാത്തിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊല്‍ക്കത്താ നഗരത്തിനുമപ്പുറത്തെ വിദൂര ബംഗാളിഗ്രാമങ്ങളിലേക്ക് ഞങ്ങളുടെ യാത്രകള്‍ പടര്‍ന്നു. കണ്ടുമുട്ടുന്ന മഹാശ്വേതാദേവിയെപ്പോലുള്ള വലിയ എഴുത്തുകാരോടും സൗമിത്രാ ചാറ്റര്‍ജിയെപ്പോലുള്ള സിനിമാതാരങ്ങളോടും സുന്ദര്ബന്സിലെ കടത്തുവഞ്ചിക്കാരോടും ബോല്‍പ്പുരില്‍ ശാന്തിനികേതനിലെ ബാവുല്ഗായകരോടും താരാപീഠ് ശ്മശാനത്തിലെ താന്ത്രികരോടും ബുറാബസാറിലെ കച്ചവടക്കാരോടും ബേലൂര്‍മഠത്തിലെ സംന്യാസിമാരോടും വേണുദാ ഒഴുക്കുള്ള ബംഗാളിയില്‍ വഴക്കത്തോടെ സംസാരിച്ചു. പകല്‍ മുഴുവന്‍ സാഹിത്യം പറഞ്ഞ ഈ മനുഷ്യന് രാത്രി ഹാര്‍മോണിയം മീട്ടി പാട്ടുപാടി. രാവിലെ ഞങ്ങളുണരുംമുന്പേ കോട്ടും സൂട്ടുമിട്ട് ജോലിക്ക് പോയി. ഉച്ചയ്ക്ക് ഓഫീസ് പൂട്ടി തിരിച്ചുവന്ന് കോട്ടും സൂട്ടും ഊരിയെറിഞ്ഞ് കൈലിയുടുത്ത് ഞങ്ങള്‍ക്ക് കഞ്ഞിവെച്ചുതന്നു.
അപ്പോഴും വേണുദാ തന്നെപ്പറ്റി ഒന്നും എന്നോട് പറഞ്ഞില്ല. പ്രവാസികളെക്കുറിച്ചുള്ള ഒരുപാട് മിഥ്യാധാരണകളോടെ ജീവിച്ചിരുന്ന ഞാന്‍ ചോദിച്ചതുമില്ല.
ഞാന്‍ തനിച്ച് കൊല്‍ക്കത്തയില്‍ എത്തിയ ഏതോ സന്ദര്‍ഭത്തില്‍ വേണുദാ എന്നെ കാമുകീകാമുകന്മാരുടെ ചുംബനസീല്ക്കാരങ്ങള് കളകൂജനങ്ങള്പോലെ വന്നുപൊതിയുന്ന നീലത്തടാകത്തിന്റെ കരയിലൂടെ സായാഹ്ന നടത്തത്തിന് ക്ഷണിച്ചു. പലതും പറഞ്ഞ കൂട്ടത്തില്‍ അന്ന് വേണുദാ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു:
''ഞാനീ തടാകതീരത്ത് ഒന്നിലധികം രാത്രികളില്‍ കിടന്നുറങ്ങിയിട്ടുണ്ട്.''
ബ്രിട്ടീഷുകാര്‍ തുടങ്ങിയ കൊല്‍ക്കത്ത റോവിങ് ക്ലബ്ബില്‍ അന്ന് രാത്രി ഭദ്രലോക് ബുദ്ധിജീവികള്‍ക്കിടയില്‍ വിസ്കി നുണഞ്ഞിരിക്കെ ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വേണുദാ പറഞ്ഞു:
''പത്താംക്ലാസും ടൈപ്പ് റൈറ്റിങ്ങും കഴിഞ്ഞെങ്കിലും തുടര്‍പഠനത്തിന് വീട്ടില്‍ സാഹചര്യമില്ലായിരുന്നു. സംഗീതഭ്രമം അന്നേ ഉണ്ടായിരുന്നതിനാല്‍ തിരൂരിലെ വി.പി.എം. ഷായുടെ ശിഷ്യനായി. ചന്തുമാഷ്, രാമന്, ഈശ്വര്‍, അലിഗഢ് ബാവ, ഭാര്ഗവന്... ആ ഗായകസംഘത്തിനൊപ്പം പാടിയും പെട്ടിവായിച്ചും അലഞ്ഞു. മുന്നോട്ടുള്ള പഠനത്തിനുള്ള എല്ലാ വാതിലുകളുമടഞ്ഞു എന്നുറപ്പിച്ച സമയത്താണ് സുഹൃത്തായ ബാലസുബ്രഹ്മണ്യന് എന്ന കണ്ണന് ചോദിക്കുന്നത്:
'ഞാന്‍ കല്‍ക്കത്തയ്ക്ക് പോവുന്നു, പോരുന്നോ?'
അക്കാലത്ത് ജോലി തേടി എല്ലാവരും കല്‍ക്കത്തയിലേക്കാണ് പോയിരുന്നത്.''
ഏതോ ഒരുള്വിളിയിലെന്നോണം പത്തൊമ്പതുകാരനായ വേണുഗോപാലും കൊല്‍ക്കത്തയ്ക്ക് കണ്ണനൊപ്പം വണ്ടികയറി. കൈയില്‍ സമ്പാദ്യമായുണ്ടായിരുന്നത് ഒരു ഹാര്‍മോണിയവും ഗിറ്റാറും മാത്രം. ചെന്നിറങ്ങിയ ദിനംതന്നെ കാളിയുടെ നഗരം അവരെ രണ്ടുപേരെയും വിഴുങ്ങി. ആദ്യദിവസം രാത്രി ഒരു ഭാഗവതരുടെ വീട്ടില്‍ കിടന്നു. അടുത്ത ദിവസംമുതല്‍ ശാസ്താസമൂഹത്തിലെ കെ.എസ്. ഗോപാലകൃഷ്ണന്റെ വീട്ടില്‍ രാത്രി മാത്രം കിടക്കാന്‍ അവസരം കിട്ടി. ഹാര്‍മോണിയം വായിക്കാനറിയുന്നതുകൊണ്ടായിരുന്നു അദ്ദേഹം വീട്ടില്‍ പാര്‍പ്പിച്ചത്-ശാസ്താസമൂഹത്തില് ഭജനകള്‍ക്ക് വായിപ്പിക്കാമല്ലോ.
തൊഴിലന്വേഷിച്ചുള്ള പകലുകള്‍ക്കൊടുവില്‍ 'ഗ്ലോബ് സിനിമ'യുടെ മുകളിലുള്ള പാഴ്സിയുടെ 'ലാല്‍വാണി' പുസ്തകശാലയില്‍ പുസ്തകമെടുത്തുകൊടുപ്പുകാരനായി ജോലി കിട്ടി. മാസം നൂറുരൂപ ശമ്പളം. കുറച്ചുദിവസങ്ങള്‍ക്കുശേഷം ഗോപാലകൃഷ്ണന്റെ വീട്ടില്‍നിന്ന് മേത്താ ബില്‍ഡിങ്ങിന്റെ കോണിപ്പടിയുടെ താഴത്തേക്ക് താമസം മാറ്റേണ്ടിവന്നു. അവിടെ മാസങ്ങള്‍. അതുവരെ ഒളിപ്പിച്ചുവെച്ചിരുന്ന ഹാര്‍മോണിയവും ഗിറ്റാറും ഒരു രാത്രി ഉടമസ്ഥന് കണ്ടപ്പോള്‍ ഹിപ്പിയാണ് എന്ന് കരുതി ഇറക്കിവിട്ടു. ആ രാത്രി തടാകതീരം അയാള്‍ക്ക് കിടക്കാനിടം നല്കി. ആകാശത്ത് നക്ഷത്രങ്ങള്‍ കണ്ചിമ്മി. ജോലികള്‍ മാറി. വാസസ്ഥലങ്ങള്‍ മാറി. അതിനിടെ ക്ഷയം പിടിച്ചു. നാട്ടില്‍പ്പോയി. പക്ഷേ, കൊല്‍ക്കത്ത തിരിച്ചുവിളിച്ചു. ശുഷ്കിച്ച ഉടലുമായി തിരിച്ചുവന്നു. പോയ വേണുഗോപാലാണിത് എന്ന് പലര്‍ക്കും മനസ്സിലായില്ല. ഒടുവില്‍ 'ബ്രിട്ടീഷ് മെറ്റല്‍സി'ല്‍ സായ്പിന് കീഴില്‍ സാമാന്യം ഭേദപ്പെട്ട ഒരു ജോലി കിട്ടി. ഡൊമനിക് ലാപ്പിയര് എഴുതിയതുപോലെ 'മെരുക്കാനാവാത്ത പ്രകൃതിയും പ്രതികൂലസാഹചര്യങ്ങളും മൂലം തങ്ങളുടെ ജന്മനാടുകളില്‍നിന്ന് പിഴുതുനീക്കപ്പെട്ട് സങ്കല്പാതീതമായ ആതിഥ്യശേഷിയുള്ള ഒരു നഗരത്തിലേക്ക് വലിച്ചെറിയപ്പെട്ട സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും' കൂട്ടത്തില്‍ വേണുഗോപാലും അംഗമായി.
ബ്രിട്ടീഷ് മെറ്റല്‍സില്‍ സായ്പിന്റെ അരികില്‍നിന്ന് പഠിച്ച പാഠങ്ങള്വെച്ച് സ്വന്തമായി സ്ഥാപനം തുടങ്ങി. മെല്ലെ മെല്ലെ വളര്‍ന്നു. കോട്ടിട്ടു. ടൈ കെട്ടി. ക്ലബ്ബുകളില്‍ അംഗമായി. കേരളത്തില്‍നിന്ന് കൊല്‍ക്കത്തയില്‍ എത്തുന്ന എം.ടി. വാസുദേവന്‍ നായരടക്കമുള്ള എഴുത്തുകാര്‍ക്കും ബ്ലെസ്സിയും ദിലീപും ഇന്നസെന്റും വിജയരാഘവനുമടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ക്കും എം.എ. ബേബിയും എ. വിജയരാഘവനുമടക്കമുള്ള ഇടതുപക്ഷ രാഷ്ട്രീയനേതാക്കള്‍ക്കുമെല്ലാം പ്രിയപ്പെട്ട ആതിഥേയനായി. അപ്പോഴും ഈ മനുഷ്യന് തനിക്കൊപ്പം തിരൂരില്‍നിന്ന് വണ്ടികയറിപ്പോന്ന ഹാര്‍മോണിയത്തെ മറന്നില്ല. രാത്രികളില്‍ അത് പാടിക്കൊണ്ടേയിരുന്നു.
വിവാഹിതനായി, കുട്ടികളായി, അവരും പാട്ടുകാരായി. ഒരിക്കല്‍ വേണുദായുടെ വീട്ടില്‍ക്കൂടിയ ഇന്നസെന്റ് ഫോണിലൂടെ പറഞ്ഞതോര്‍ക്കുന്നു:
''വേണുവിന്റെ വീട്ടില്‍ വേണു പാടും വേണുവിന്റെ ഭാര്യ പാടും മക്കള്‍ പാടും വേണുവിന്റെ ഭാര്യയുടെ അച്ഛനും പാടും. ഇതാണ് പാട്ടുകുടുംബം.''
* * * *
ഏതോ ഒരു യാത്രയ്ക്കിടെ വേണുദാ പറഞ്ഞു:
''ഞാന്‍ നാട്ടിലേക്ക് മടങ്ങുന്നു. കൊല്‍ക്കത്ത മടുത്തു. നഷ്ടപ്പെട്ട കാലം നാട്ടില്‍ തിരിച്ചുപിടിക്കണം.''
ബിസിനസ് പങ്കാളിയെ എല്ലാം ഏല്‍പ്പിച്ച് വേണുദാ കുടുംബസമേതം നാട്ടിലേക്ക് മടങ്ങി. ലേക് മാര്‍ക്കറ്റിലെ ഫ്ളാറ്റ് മാത്രം ബാക്കിവെച്ചു. നാട്ടില്‍ പാട്ടും സൗഹൃദങ്ങളും സാംസ്കാരികപ്രവര്ത്തനങ്ങളുമെല്ലാമായി സജീവമായി. തുഞ്ചന്‍പറമ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. മക്കളുടെ വിവാഹം കഴിഞ്ഞു. കൊല്‍ക്കത്ത വേണുദായ്ക്ക് ഒരു വിദൂരകാലവും സ്മൃതിയുമായി.
കുറച്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ വേണുദാ മാസത്തിലൊരിക്കല്‍ കൊല്‍ക്കത്തയില്‍ പോയിവരാന്തുടങ്ങി. ഞാന്‍ ചോദിക്കുമ്പോള്‍ പറയും:
''കുറച്ച് ബിസിനസ് കാര്യങ്ങളുണ്ട്.''
എനിക്കത് വിശ്വസിക്കാന്‍ സാധിച്ചില്ല. പ്രാരബ്ധങ്ങളെല്ലാമൊഴിഞ്ഞ ഈ മനുഷ്യന് എന്തിനാണ് ഇനിയും ബിസിനസ് നടത്തുന്നത്? വ്യക്തിപരമായ കാര്യമായതിനാല്‍ കൂടുതല്‍ ചോദിച്ചില്ല.
കഴിഞ്ഞമാസം കൊല്‍ക്കത്തയില്‍ ചെന്നപ്പോള്‍ ലേക് മാര്‍ക്കറ്റിലെ ഫ്ളാറ്റിന്റെ വാതില്‍ തുറന്നത് വേണുദാ ആയിരുന്നു. രണ്ടുപതിറ്റാണ്ടുകള്ക്കുമുന്പ് ഇരുന്ന അതേ മുറിയില്‍, അതേ മേശയ്ക്ക് ചുറ്റും ഞങ്ങളിരുന്നു. റെയില്‍വേ ലൈന്‍ മുറിച്ചുകടന്ന് ക്ലബ്ബിലേക്ക് നടന്നു. പിറ്റേന്ന് വേണുദാ വടക്കന്‍ബംഗാളിലെ ഗ്രാമങ്ങളിലേക്ക് എനിക്ക് കൂട്ടുവന്നു. പ്രഭാതത്തിലെ ഇളംതണുപ്പില്‍ ലേക്ക് മാര്‍ക്കറ്റിലെ ഗ്രാമം മണക്കുന്ന അദ്ഭുതകരമായ പച്ചക്കറിച്ചന്തയിലൂടെ ചായയും ഇളനീരും കുടിച്ച്, കച്ചൂരി കഴിച്ച് ഞങ്ങള്‍ നടന്നു. ഗ്രാമീണരായ ആ കച്ചവടക്കാര്‍ക്കെല്ലാം വേണുദായെ അറിയാമായിരുന്നു.
''നീയെവിടെയായിരുന്നു? നീയെന്താ എന്റെ കൈയില്‍നിന്ന് ഒന്നും വാങ്ങാത്തത്?'' ഓരോരുത്തരും വിളിച്ചുചോദിച്ചു.
''ഇവര്‍ക്കെല്ലാം കഴിയുന്ന രീതിയില്‍ ഞാന്‍ സഹായം ചെയ്തിട്ടുണ്ട്. തിരൂരില്‍ എനിക്കിവരെ മിസ്ചെയ്യുന്നു. ഇവരിലൂടെയാണ് കൊല്‍ക്കത്ത എന്നെ തൊടുന്നത്. ഈ പാവങ്ങളാണ് കൊല്‍ക്കത്തയുടെ ഹൃദയം. സിറ്റി ഓഫ് ജോയ് എന്ന പുസ്തകത്തിലൂടെ ഡൊമനിക് ലാപ്പിയര് പറഞ്ഞത് ഇവരുടെ കഥയാണ്''-നടന്നുകൊണ്ട് വേണുദാ പറഞ്ഞു.
ചൗരംഗി എന്നും എസ്പനേഡ് എന്നും വിളിക്കപ്പെടുന്ന ചത്വരത്തിലെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിനുള്ളിലേക്ക് വേണുദാ എന്നെ കൂട്ടിക്കൊണ്ടുപോയി. തേഞ്ഞുതേഞ്ഞ് കുഴിഞ്ഞ മരഗോവണികള്‍. മാറാലപിടിച്ച പുരാതന മുറികള്‍. കെട്ടിടത്തിന്റെ ഉച്ചിയില്‍ ചെടിയും കാടും പടര്‍ന്നിരിക്കുന്നു. ഇരുട്ട്. ചരിത്രഗന്ധം. ബ്രിട്ടീഷുകാരുടെ ഹോട്ടലായിരുന്നു അത്. അതിനുള്ളില്‍ കിളിക്കൂടുപോലുള്ള ഓഫീസ്.
''ഇവിടെയാണ് ഞാന്‍ തുടങ്ങിയത്. ബാക്കിയെല്ലാം വിറ്റെങ്കിലും ഇത് ഞാന്‍ നിലനിര്‍ത്തുന്നു. ഇവിടെ വന്ന് തനിച്ചിരിക്കുമ്പോള്‍ വേദനിക്കുന്ന ഓര്‍മകള്‍ എന്നെത്തേടി വരുന്നു. ഒരുപാട് മുഖങ്ങള്‍ മനസ്സില്‍ തെളിയും. കൊല്‍ക്കത്താ നഗരത്തിന്റെ സംക്രമണകാലങ്ങള് മനസ്സിലൂടെ കടന്നുപോവും. സംഗീതവും കരച്ചിലുകളും സന്തോഷാരവങ്ങളും വന്ന് പൊതിയും. എനിക്കുമാത്രം അനുഭവിച്ച് ആസ്വദിക്കാവുന്നതാണ് അത്. അതിനുവേണ്ടിയാണ് ഞാന്‍ ഇങ്ങോട്ട് തിരിച്ചുവന്നുകൊണ്ടേയിരിക്കുന്നത്''-ചൗരംഗിയുടെ കാഴ്ചകളിലേക്ക് തുറന്ന തുറസ്സുകളില്നിന്ന് വേണുദാ പറഞ്ഞു.
ഓഫീസില്‍നിന്നിറങ്ങി ഞങ്ങള്‍ ആയിരങ്ങള്‍ രുചിച്ചിരമ്പുന്ന വഴിയോര ഭക്ഷണത്തെരുവിലൂടെ നടന്നു. പുരാതനമായ ഷാസ് ബാറില്‍ ചെന്നിരുന്നു. സരണികളായിപ്പടരുന്ന ലേക് മാര്‍ക്കറ്റിന്റെ പിന്വഴികളിലൂടെ നടന്നു.
''വെറുമൊരു ധൂളിയായി എനിക്കലിയാന് കൊല്ക്കത്തെയെപ്പോലെ വേറൊരു നഗരമില്ല. തിരിച്ചുവരുമ്പോഴാണ് കൊല്‍ക്കത്തയ്ക്ക് ഭംഗി കൂടുന്നത് എന്ന് എനിക്കിപ്പോള്‍ മനസ്സിലാവുന്നു. അപ്പോഴാണ് ഈ നഗരം നമ്മോട് സംസാരിക്കുന്നത്. നമ്മുടെ കാതില്‍ അതിന്റെ കഥ പറഞ്ഞുതരുന്നത്''-വേണുദാ സ്വന്തം അനുഭവം പറഞ്ഞു.
ഞാന്‍ തിരിച്ചുപോരുമ്പോള്‍ പാതി തുറന്ന വാതിലിനപ്പുറം വേണുദാ നിന്നു. അത് കൊല്‍ക്കത്തയിലേക്കുള്ള വാതിലാണ്. അത് പൂര്‍ണമായി അടയ്ക്കാന്‍ ഈ മനുഷ്യന് സാധിക്കില്ല.
Content Highlights: kolkatha travel diary sreekanth kottakkal column vakkum vazhvum