‘എത്ര പെട്ടെന്നാണ് കുടുംബസംവിധാനത്തിൽ നിന്ന് സ്ത്രീ തുടച്ചു മാറ്റപ്പെടുന്നത്!’

മലയാള സാഹിത്യത്തിലെ തേഞ്ഞ് പഴകിയ ആഖ്യാനരീതികളിൽ നിന്ന് വ്യത്യസ്തമായ ആഖ്യാനശൈലിയും സ്ത്രീ ജീവിതത്തിന്റെ ബഹുമുഖമായ അനുഭവലോകത്തിന്റെ സൂക്ഷ്മമായ ആവിഷ്‌കരിക്കരണവുമാണ് വി. പ്രവീണയുടെ കഥകളുടെ മുഖമുദ്ര. പരമ്പരാഗത സാമൂഹിക സാംസ്‌കാരിക മൂല്യവ്യവസ്ഥകളെ വിമർശനാത്മകമായി ചോദ്യം ചെയ്യുകയും പുരുഷാധിപത്യ സമൂഹം സ്ത്രീക്ക് മേൽ അടിച്ചേൽപ്പിച്ച ലിംഗപരമായ മുൻവിധികളെയും അധികാരഘടനകളെയും നിരാകരിക്കുകയും ചെയ്യുന്ന ആഖ്യാനമാണ് അവരുടെ കഥകളിൽ കാണാനാവുന്നത്. കുടുംബം, പ്രണയം,സ്‌നേഹം എന്നീ മണ്ഡലങ്ങളിൽ പുരുഷാധിപത്യ സമൂഹം രചിച്ച സ്ത്രീ ജീവിത തിരക്കഥകൾ നിരാകരിച്ച് സ്വന്തം സ്വത്വവും ചരിത്രവും സ്വയം രചിക്കാൻ പ്രാപ്തരായ സ്ത്രീയുടെ പ്രതിരോധ ബോധമാണ് 'കടലിന് കുറുകെ ഒരു പക്ഷി' എന്ന കഥ ശക്തമായി ആവിഷ്‌ക്കരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീയുടെ സ്വയം നിർണയ അവകാശത്തെയും ആത്മനിർമ്മിതിയേയും മുൻനിർത്തുന്ന ഫെമിനിസ്റ്റ് ആഖ്യാനമായി ഈ കഥയെ വ്യാഖ്യാനിക്കാനാവും.
ഒരു കഥയ്ക്കുള്ളിൽ രണ്ട് കഥകൾ ഉൾപ്പെടുത്തി ( frame narrative) വളരെ വ്യത്യസ്തമായാണ് 'കടലിന് കുറുകെ ഒരു പക്ഷി ' എന്ന കഥ രചിച്ചിരിക്കുന്നത്. അയാൾ അവിടെ എത്തിയ സമയത്ത് അവർ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ പുസ്തകം അവർ അയാൾക്ക് നീട്ടുന്നു. അതിലെ ആദ്യത്തെ കഥയായ 'മരപ്പണിക്കാരനും മരവും' എന്ന കഥ ഇപ്രകാരമായിരുന്നു. ജനലും വാതിലും സകല സുഷിരങ്ങളും അടച്ചാണ് അയാൾ പണിഞ്ഞിരുന്നത്. പെട്ടെന്നൊരു ദിവസം തട്ടലും മുട്ടലും ഒക്കെ നിന്നു. നാട്ടുകാർ കൂട്ടത്തോടെ എത്തിയപ്പോൾ മരപ്പണിക്കാരൻ നിലത്ത് കിടക്കുകയായിരുന്നു. അയാൾ ഉണ്ടാക്കിയതെന്താണെന്ന് അവർ അന്വേഷിച്ചു. പലരും പലതും പറഞ്ഞു. അല്പം കഴിഞ്ഞ് പൊൻ പണിക്കാരൻ ഭൂതക്കണ്ണാടിയിലൂടെ നോക്കിയപ്പോൾ മരപ്പണിക്കാരന്റെ മുറുക്കിപ്പിടിച്ച മുഷ്ടിക്കുള്ളിൽ കടുകുമണിയോളം പോന്ന തടിയുരുള ഉണ്ടായിരുന്നു. കുറച്ച് സമയത്തിന് ശേഷം മരപ്പണിക്കാരൻ പെട്ടെന്ന് എണീക്കുന്നു. അയാൾ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ തടിയുരുള ചില്ല് കുപ്പിയിൽ അടച്ചുവെച്ചു. മരപ്പണിക്കാരൻ മരപ്പൊടിയും ചുരുളുകളും വാരി ഒരു കുട്ടയിലാക്കി കുഴിയിൽ ചരിച്ചു. ആൾക്കൂട്ടവും അയാൾക്കൊപ്പം കൂടി. മരപ്പൊടി മരമായി ഉയർന്നു. അതിൽ കടുകുമണിയുടെ വലുപ്പത്തിൽ വിള്ളൽ ഉണ്ടായിരുന്നു. അയാൾ വിടവിൽ തടിയുരുള തിരുകിയപ്പോൾ അതൊരു യഥാർഥ മരമായി മാറി. അയാൾ ആ മരം വെട്ടി. വീണ്ടും പണി ആവർത്തിച്ചു. കഥ വായിച്ചു തീർന്ന ശേഷമാണ് തന്റെ കഥ അയാൾ അവരോട് വെളിപ്പെടുത്തുന്നത്. തന്റെ അച്ഛന് അമ്മയോട് ഭയങ്കര സ്‌നേഹം ആയിരുന്നുവെന്നും അവർ കൂട്ടുകാരെ പോലെയായിരുന്നു ജീവിച്ചിരുന്നതെന്നും പറയുന്നു. എന്നാൽ ഒരു ദിവസം ഒരു പോലീസുകാരൻ വീട്ടിൽ വന്ന് അച്ഛൻ മരിച്ചുവെന്ന് അറിയിക്കുന്നു. കൂടാതെ അച്ഛന്റെ മരണസമയത്ത് അച്ഛനോടൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു വെന്നും വെളിപ്പെടുത്തുന്നു. 'അത് കേട്ട ശേഷം അമ്മയോ ഞാനോ കരഞ്ഞിട്ടില്ല'. അമ്മയ്ക്ക് പുതിയ കൂട്ടുകാരൻ ഉണ്ടായി. അമ്മ ഇവരോട് പക പുലർത്തരുതെന്ന് മരണസമയത്ത് മകനോട് പറയുന്നതു പ്രകാരമാണ് അയാൾ അവിടേക്ക് വരുന്നത്. അവർ ഒരു ചെറിയ കുറിപ്പ് അയാൾക്ക് നൽകുന്നു. അത് കൊറ്റിയെക്കുറിച്ചുള്ള ഒരു കഥയായിരുന്നു. ഉയരെ ആകാശത്ത് ഒരു കൂട്ടം പക്ഷികൾക്കൊപ്പം പറക്കുകയായിരുന്നു കൊറ്റി. കൂട്ടത്തിലെ കുഞ്ഞു പക്ഷി ഉയരേക്കെന്ന് പറഞ്ഞു കൊണ്ടേയിരുന്നു. അതുകേട്ട് ആവേശഭരിതയായ കൊറ്റി ചിറകുകൾ വീശി ഉയരത്തിൽ പറന്നു. താൻ ഒറ്റപ്പെട്ടുവെന്ന് തോന്നിയെങ്കിലും അതുവരെ കാണാത്ത മനോഹരലോകം കൊറ്റിക്ക് കാണാൻ കഴിഞ്ഞു. ഇരുണ്ട മേഘം നനയിക്കുകയും കുഞ്ഞുമീൻ വന്ന് കാലിൽ തൊടുകയും ചെയ്തപ്പോഴാണ് താനിരുന്നത് തിരയുടെ പുറത്താണെന്ന് കൊറ്റി അറിയുന്നത്. അത് ഒരു കടൽപക്ഷിയായി മാറുകയും കടലിന് കുറുകെ തനിച്ച് പറക്കുകയും ചെയ്തു.
കഥയ്ക്ക് ശേഷം അയാളുടെ അച്ഛൻ അവരെ സ്‌നേഹിച്ചിരുന്നില്ല എന്നും തിരിച്ചും അങ്ങനെ ആയിരുന്നു എന്നും അവർ വെളിപ്പെടുത്തുന്നു. കുറച്ചകലെ നടന്നിരുന്ന ചിത്രപ്രദർശനം കാണാനാണ് അവർ ഭർത്താവിനോട് അനുവാദം വാങ്ങി വന്നത്. അയാൾക്കൊപ്പമല്ലാതെ അവർ യാത്രകൾ ചെയ്തിരുന്നില്ല. പല രാജ്യങ്ങളിൽ നിന്നുള്ളവരുടെ ചിത്രങ്ങൾ കണ്ട് കണ്ട് നേരം ഇരുട്ടിയപ്പോൾ ഭർത്താവിനെ വിളിച്ച് താൻ ഒരു കൂട്ടുകാരിയുടെ വീട്ടിൽ നിൽക്കുകയാണെന്ന് അറിയിക്കുന്നു. എന്നാൽ ആ സമയത്ത് തോന്നിയ കുസൃതിയിൽ അവർ സുഹൃത്തിന്റെ വീട്ടിൽ പോകുന്നതിന് പകരം ഹോട്ടലിൽ മുറിയെടുക്കുന്നു. ബാൽക്കണിയിലിരുന്ന് വൈകുവോളം ആകാശം കാണാനും കിടക്കയിൽ ഒറ്റയ്ക്ക് കിടക്കാനുമുള്ള ആഗ്രഹം കൊണ്ടാണ് അവരാ മുറിയെടുത്തത്. തുടർന്ന് അവർ തെരുവിലേക്കിറങ്ങി നടന്നു. ഇരുട്ടിയപ്പോൾ റൂമിലെത്തി കുളി മുറിയിൽ കയറി കണ്ണാടിയിൽ തന്നെത്തന്നെ നോക്കി ആസ്വദിച്ചു. കുളിച്ചു വന്നപ്പോൾ പൂച്ചയെപ്പോലെ പരിപൂർണ്ണ നഗ്‌നനായ ഒരാൾ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. അയാൾ എങ്ങനെയാണ് അകത്തു കടന്നതെന്ന് അവർക്ക് അറിയാൻ കഴിഞ്ഞില്ല. അയാൾ അവരെ തന്റെ ശരീരത്തിലേക്ക് വലിച്ചിട്ടു. എന്നാൽ സാധാരണ സ്ത്രീകളെപ്പോലെ ശാരീരികമായ ആനന്ദത്തെ നിഷേധിക്കാൻ അവർ ശ്രമിച്ചില്ല. എന്നാൽ അയാൾ പെട്ടെന്ന് അനക്കമറ്റ് കൂടുതൽ ഭാരത്തോടെ അവരുടെ ശരീരത്തിലേക്ക് മരിച്ചു വീണു. അയാളുടെ ശവം മുറിയിൽ നിന്ന് മാറ്റിയപ്പോൾ അവർ കരഞ്ഞത് 'നഷ്ടമാകാൻ പോകുന്ന ഭൂമിയിലെ ഏറ്റവും മനോഹരമായ രാത്രിയെ ഓർത്തായിരുന്നു' പിറ്റേന്ന് കാലത്ത് ഭർത്താവും മക്കളും കൂടി പോലീസ് സ്റ്റേഷനിൽ വന്നപ്പോൾ ഭർത്താവ് കരയുകയായിരുന്നു. അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞ കുഞ്ഞുങ്ങളെ അയാൾ അടർത്തിയെടുത്തു. ആർക്കും പരാതി ഇല്ലാത്തതുകൊണ്ട് അവർ രക്ഷപ്പെട്ടു. അവരുടെ സഹോദരൻ എവിടെയെങ്കിലും പോയി ജീവിച്ചു തുലയെന്നും പറഞ്ഞ് നീട്ടിയ കവറിൽ അവർക്ക് ജീവിക്കാനുള്ളതെല്ലാം ഉണ്ടായിരുന്നു . 'അതുകൊണ്ട് എന്താ എനിക്ക് നഷ്ടപ്പെട്ട ഭംഗിയുള്ള ആ രാത്രി പിന്നെ എന്നും എന്റെ ജീവിതത്തിൽ ആവർത്തിക്കപ്പെട്ടു. അതിനേക്കാൾ ഉയരത്തിൽ നിന്ന് ഞാൻ ഭൂമിയെ കാണുന്നു.' എന്നാണ് അവർ തന്റെ ജീവിതത്തെക്കുറിച്ച് അയാളോട് പറയുന്നത്. തനിക്ക് വന്ന പരിവർത്തനമാണ് കൊറ്റിയുടെ കഥയിലൂടെ അവർ വെളിപ്പെടുത്തുന്നത്.
'കടലിന് കുറുകേ ഒരു പക്ഷി' യെന്ന പേരിലൂടെ വിലക്കുകൾ ലംഘിച്ച് പോയാൽ മാത്രമേ സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും പുതിയൊരു ലോകം സൃഷ്ടിക്കാൻ സാധ്യമാവുകയുള്ളൂ എന്ന ആശയമാണ് ഈ കഥ തുറന്നുകാട്ടുന്നത്. പരമ്പരാഗതമായ ചിന്താരീതികളെ പൂർണ്ണമായും നിഷേധിച്ച് പുതിയൊരു പെൺലോകം സൃഷ്ടിക്കുകയാണ് ഇതിലെ സ്ത്രീ കഥാപാത്രം. മാജിക്കൽ റിയലിസം എന്ന ടെക്‌നിക്കിന്റെ ഉപയോഗത്തിലൂടെ വായനക്കാരിൽ കൗതുകവും വിസ്മയവും സൃഷ്ടിക്കാൻ ഈ കഥയ്ക്ക് കഴിയുന്നു. 'മെലഡി മിരാന്റയുടെ പൂച്ച' എന്ന കഥ ഒരു പൂച്ചയുടെ ഓർമ്മകളിലൂടെയാണ് വികസിക്കുന്നത്. പരിഹാസരൂപേണയാണ് അവതരണം. പൂച്ചയാണ് സ്ത്രീ കഥാപാത്രത്തിന് പേര് നൽകിയിരിക്കുന്നത്. അയത്‌ന ലളിതമായാണ് കഥ വികസിക്കുന്നത്. മെലഡി മിറാന്റ എന്ന വാക്കിന്റെ അർത്ഥം അതിമനോഹരമായ ഗാനം '(wonderful song') എന്നാണ്. നല്ല വരുമാനമുള്ള ഒരു ജോലിയും കാണാൻ നല്ല സൗന്ദര്യവും ഉണ്ടായിട്ടും ഭർത്താവും മക്കളും അവരെ വാഴ്ത്തിയിരുന്നത് മുഴുവൻ കൈപ്പുണ്യത്തിന്റെ പേരിലായിരുന്നു. അയൽക്കാർക്കും കുടുംബത്തിലുള്ളവർക്കുമെല്ലാം അവരുടെ ഇഷ്ടത്തിനനുസരിച്ച് ആഹാരം ഉണ്ടാക്കിക്കൊടുക്കുന്നതിലാണ് അവർ ആനന്ദം കണ്ടെത്തിയിരുന്നത്. തുടർന്ന് അവരുടെ മരണത്തെക്കുറിച്ച് സൂചനകൾ നൽകുന്നു. ഇവരുടെ മകളുടെ നിർബന്ധബുദ്ധി കാരണമാണ് പൂച്ചയെ കൊണ്ടുവരുന്നത്. പൂച്ചയെപ്പോലും അരുമക്കുഞ്ഞിനെപ്പോലെയാണ് അവർ നോക്കിയത്. അവരുടെ സ്ത്രീ ജീവിതം കണ്ട് പൂച്ചയ്ക്ക് പോലും ഒരു സ്ത്രീ ആകണമെന്ന തോന്നൽ രൂപപ്പെടുന്നു. ഭർത്താവിന്റെ മനസ്സു മനസ്സിലാക്കി അയാൾക്ക് വേണ്ടതെല്ലാം അവർ ചെയ്തു കൊടുക്കുന്നു. എന്നാൽ അവരുടെ മനസ്സു മാത്രം ആരും മനസ്സിലാക്കുന്നില്ല. മനുഷ്യന്റെ കുടുംബസംവിധാനത്തോട് ആസക്തി തോന്നിയ പൂച്ചയ്ക്ക് കെട്ടുറപ്പില്ലാത്ത പൂച്ചജീവിതത്തോട് അതൃപ്തി തോന്നുകയും ലക്ഷണമൊത്തൊരു പൂച്ച സ്ത്രീയാകാൻ അവൾ മോഹിക്കുകയും ചെയ്തു. ഒരു മാന്ത്രികയെ പോലെയാണ് അവർ കുടുംബം നോക്കി നടത്തിയിരുന്നത്. ഒരു കണ്ടനെ കണ്ടെത്തി ഇതുപോലെ ഒരു സ്വർഗ്ഗീയ ജീവിതം നയിക്കണമെന്ന് പൂച്ച കൊതിച്ചു. രണ്ടു കുട്ടികളുമായി താമസിക്കാനുള്ള ഇടം വരെ അവൾ കണ്ടെത്തി. അതിനിടയിലാണ് അവിചാരിതമായി അവരുടെ മരണം നടക്കുന്നത്. ചിക്കന്റെ ചാറ് തലയിൽ കയറിയ ഭർത്താവിന് വെള്ളമെടുക്കാൻ അടുക്കളയിലേക്ക് ഓടിയപ്പോഴാണ് അവർ തലയടിച്ചു വീണത്. അതിന്റെ മൂന്നാം നാൾ ഒരു തുണിക്കെട്ടിൽ പൊതിഞ്ഞ് മൃതശരീരമായി അവർ വീട്ടിലെത്തുമ്പോൾ ഭർത്താവും മക്കളും വാവിട്ട് കരയുന്നുണ്ടായിരുന്നു. പൂച്ച ഒരിക്കലും ഒരു പുരുഷൻ ഇങ്ങനെ കരയുന്നത് കണ്ടിട്ടില്ല. മാത്രമല്ല പൂച്ചലോകത്തിൽ ഇത് അസാധ്യവുമാണ്. അവർ ജീവിതകാലത്ത് അനുഷ്ഠിച്ച കടമകളാണ് മരണശേഷം ഇത്തരത്തിൽ കണ്ണീർ വാർക്കാൻ ഭർത്താവിനെയും കുട്ടികളെയും പ്രേരിപ്പിച്ചത് എന്ന് പൂച്ച ചിന്തിക്കുന്ന സമയത്താണ് പൊക്കമുള്ള ഒരു മനുഷ്യൻ വന്ന് അവരുടെ ജഡത്തിനരികിൽ വന്ന് വിങ്ങി പൊട്ടുകയും മുഖത്ത് തുരുതുരാ ഉമ്മ വയ്ക്കുകയും ചെയ്യുന്നത്. പെട്ടെന്ന് അന്യൻ അമ്മയെ ചുംബിച്ചതിൽ മക്കൾ നടുങ്ങി. അതിനുശേഷം ആരും അവരെക്കുറിച്ചോർത്ത് കണ്ണീരൊഴുക്കിയിട്ടേയില്ല. പരസ്പരബന്ധമില്ലാത്ത ജന്തു വിഭാഗത്തെ പോലെ വീട് മൂകമാക്കിയത് അവരുടെ മരണമല്ല എന്നും നാലുപേർ കാൺകേ അയാൾ നൽകിയ ഉമ്മകളാണ് എന്നുമുള്ള തിരിച്ചറിവിൽ എത്തുന്നതോടെ പൂച്ച ആ കുടുംബത്തിൽ നിന്നും ഇറങ്ങി നടന്നു.
ഭർത്താവിന് വേണ്ടി വെള്ളമെടുക്കാൻ പോയപ്പോഴാണ് അവർ മരിക്കുന്നത്. എന്നാൽ അന്യപുരുഷന്റെ നാലുമ്മകളിലൂടെ അവർ വിസ്മൃതയാകുന്നു. കുടുംബസംവിധാനം എത്രമാത്രം സ്ത്രീവിരുദ്ധമാണ് എന്ന് ഈ കഥ തുറന്നു കാട്ടുന്നു. വിദ്യാഭ്യാസവും ജോലിയുമുള്ള സ്ത്രീകൾക്ക് പോലും അടുക്കളക്കാരി എന്നതിനേക്കാൾ ഒരു സ്ഥാനവും കൽപ്പിക്കാത്ത സാമൂഹിക വ്യവസ്ഥിതിയെ രൂക്ഷമായ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഈ കഥ ഏറെ പ്രസക്തമാണ് പെണ്ണിനോടുള്ള നന്ദികേടുകളെ, 'അടുക്കള' മാത്രമാക്കി ചുരുക്കുന്ന വ്യവസ്ഥിതിയെ പരിഹാസരൂപേണ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ കഥയിലൂടെ. ആരും മനസ്സിലാക്കാതെ പോകുന്ന സ്ത്രീജീവിതത്തെ, ത്യാഗത്തെ അനാവരണം ചെയ്യുകയാണ് ഈ കഥ. സ്ത്രീയുടെ സ്ഥാനം എത്ര പെട്ടെന്നാണ് ഒരു കുടുംബസംവിധാനത്തിൽ നിന്ന് തുടച്ചു മാറ്റപ്പെടുന്നത്( erased) എന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു. ആന്ത്രോപോമോർഫിസം (മനുഷ്യരല്ലാത്ത കഥാപാത്രങ്ങൾക്ക് മനുഷ്യന്റെ ഗുണങ്ങളും വികാരങ്ങളും നൽകുന്നത്) എന്ന ആവിഷ്‌കാരരീതി കഥയെ കൂടുതൽ സജീവമാക്കുന്നതോടൊപ്പം സാമൂഹിക വിമർശനപരമായും പ്രതീകാത്മകമായും അവതരിപ്പിക്കാനും സഹായിക്കുന്നു .
ഈ കഥകളിലെല്ലാം തന്നെ പെണ്ണിന്റെ അടക്കി വയ്ക്കപ്പെട്ട ചിന്തകളുടെ, പുരുഷാധിപത്യ രീതികളുടെ തുറന്നുകാട്ടലാണ് കാണുന്നത്. ഒരു പുരുഷാധിപത്യ സമൂഹം സ്ത്രീ ജീവിതത്തെ എത്രമാത്രം അടിച്ചമർത്തുന്നു? കുടുംബത്തിലും സമൂഹത്തിലും സ്ത്രീയുടെ വില എന്താണ് ?എന്നീ ചോദ്യങ്ങൾ ഈ കഥകൾ ഉയർത്തുന്നുണ്ട്. 'സെക്കന്റ് സെക്‌സ് ' എന്ന് സിമോൺ ദ് ബുവേ നിർവചിച്ചിരുന്നതിൽ നിന്നും നവോത്ഥാന കാലത്തും പെണ്ണവസ്ഥ മുന്നിലേക്ക് പോയിട്ടില്ല എന്ന യാഥാർത്ഥ്യം കൃത്യമായി അടയാളപ്പെടുത്താൻ ഈ കഥകൾക്ക് കഴിയുന്നു. എന്നാൽ ആ അവസ്ഥകളെ തകർത്തെറിയാനും തന്റേതായ ഒരു പുതുലോകം സൃഷ്ടിക്കാനും സമൂഹത്തെ ഭയക്കാതെ സാമൂഹിക മാനദണ്ഡങ്ങളെ നിരാകരിക്കുവാനുമുള്ള മനക്കരുത്ത് ഈ കഥകളിലെ സ്ത്രീകൾക്കുണ്ട്. കുടുംബത്തിനുള്ളിലെ വിവേചനം, അടിച്ചമർത്തൽ, സ്വാതന്ത്ര്യ നിഷേധം ഇതെല്ലാം യാഥാർത്ഥ്യബോധത്തോടെ ചിത്രീകരിക്കുന്ന ഈ കഥകളിലെ സ്ത്രീകൾ അവരുടെ സ്വത്വം തിരിച്ചറിയുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യവും ആത്മാഭിമാനവുമുള്ള, കരുത്തരായ, സ്വത്ത്വത്തിൽ വിശ്വസിക്കുന്ന, സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരായ സ്ത്രീകളാണ് ഇവർ. പുരുഷാധിപത്യ സമൂഹത്തെ വിമർശനാത്മകമായാണ് അവതരിപ്പിക്കുന്നത്. സ്ത്രീയുടെ സ്വത്വബോധം, അവകാശങ്ങൾ നിലവിലുള്ള സാമൂഹികവ്യവസ്ഥയിൽ നിലനിൽക്കുന്ന സ്ത്രീ നിഷേധം ഇതെല്ലാം തുറന്നു കാണിക്കുകയും സ്ത്രീ കേന്ദ്രീകൃതമായ ഒരു പുതു ലോകത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നു. ആഖ്യാന രീതിയിൽ വളരെയധികം പുതുമയുണ്ട്. കുടുംബം എന്ന സാമൂഹ്യസ്ഥാപനത്തിൽ നിലനിൽക്കുന്ന ആധിപത്യ വ്യവസ്ഥിതികളെ ശക്തമായി തുറന്നുകാട്ടുകയും അപനിർമ്മിക്കുകയും ചെയ്യുന്നതോടൊപ്പം കുടുംബത്തിനുള്ളിലായിരിക്കുമ്പോഴും തന്റേതായ ഇടം കണ്ടെത്താൻ വ്യത്യസ്തമായി ചിന്തിക്കുന്ന സ്ത്രീകൾക്ക് കഴിയുമെന്ന ഓർമ്മിപ്പിക്കൽ കൂടി ഈ കഥകളിലുണ്ട്. കാല്പനിക സങ്കല്പത്തിലെ ആദർശ സ്ത്രീകൾ ആകാൻ ശ്രമിക്കാതെ, അത്തരം സങ്കൽപ്പങ്ങളെ നിഷേധിച്ചുകൊണ്ടാണ് ഈ കഥയിലെ സ്ത്രീകൾ മുന്നേറുന്നത്. പുരുഷന്റെ ഔദാര്യങ്ങളിൽ അഭിരമിക്കാതെ, തങ്ങൾക്ക് താൽപ്പര്യമില്ലാത്ത ഇടങ്ങളിൽ നിന്നും ധൈര്യപൂർവ്വം ഇറങ്ങിപ്പോകാൻ ശക്തരാണ് ഈ കഥയിലെ സ്ത്രീകൾ എന്നത് ഏറെ ശ്രദ്ധേയമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Critique of patriarchal structures and traditional family norms in V. Praveena's fiction, Analysis of female autonomy and self-determination in Kadalinu Kuruke Oru Pakshi, Exploration of magical realism and anthropomorphism as narrative techniques, Deconstruction of the domestic subjugation of women in Melody Mirandayude Poocha