"പെമ്പിള്ളേര് പഠിക്കട്ടെ തൊമ്മിച്ചാ, അവറ്റകൾക്കും കൂടിയൊള്ളതല്ലിയോ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ" -ഒട

പോസ്റ്റ് കോളോണിയൽ സാഹിത്യത്തിൻ്റെ വരവോടെ വംശീയചരിത്രം, (ethnography) കീഴാള പഠനങ്ങൾ (Subaltern Studies), ക്രിട്ടിക്കൽ കാസ്റ്റ് സ്റ്റഡീസ് ഇവയെല്ലാം സാഹിത്യ സൃഷ്ടികളിൽ കൂടുതൽ സമഗ്രമായി ആവിഷ്ക്കരിക്കാൻ തുടങ്ങി. വംശീയ ചരിത്രം കലാരൂപങ്ങളെക്കുറിച്ചും അവയുടെ ഉത്ഭവം, ചരിത്രപരമായ പ്രാധാന്യം, നാടൻ കലാരൂപങ്ങളിലെ അപഭ്രംശം എന്നിവയെക്കുറിച്ചും സൂചനകൾ നൽകിയപ്പോൾ കീഴാളൻ്റെ അന്ത:സംഘർഷങ്ങളും വരേണ്യ വർഗ്ഗത്തിൻ്റെ അവരോടുള്ള സമീപനവുമാണ് കീഴാള ചരിത്രത്തിൽ മുഖ്യവിഷയമായത്.
ഇത്തരം വിഷയങ്ങൾ മുഖ്യ പ്രമേയമായി വരുന്നവയാണ് ജിൻഷാ ഗംഗയുടെ 'ഒട 'എന്ന കഥാസമാഹാരത്തിലെ ഭൂരിഭാഗം കഥകളും. നിഷ്ക്കാസിതരുടെ നൊമ്പരങ്ങൾ ലളിതമായ ഭാഷയിലൂടെ സത്യസന്ധമായി കോറിയിടുമ്പോൾ ആ വേദനകളും സങ്കടങ്ങളും വായനക്കാരൻ്റേത് കൂടിയാകുന്നു. അവരുടെ ദുരവസ്ഥയും പിന്നോക്കാവസ്ഥയും മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ശ്രമങ്ങളും എത്ര ശക്തമാണ് എന്ന് ഓരോ കഥയും വായനക്കാരനോട് സംവദിക്കുന്നു.