“ഭർത്താവ് മുതൽമുടക്കി ആരംഭിച്ച വ്യവസായ സ്ഥാപനം അല്ല ഭാര്യ”: ‘നിന്റെ കഥ’

സമകാലിക മലയാളസാഹിത്യത്തിൽ സ്ത്രീജീവിതത്തെ സൂക്ഷ്മതലത്തിൽ അവതരിപ്പിക്കുന്ന എഴുത്തുകാരിയാണ് ആർ. രാജശ്രീ. ഒരു വിവാഹജീവിതത്തിന്റെ മറവിൽ അവരും കുടുംബവും അനുഭവിക്കേണ്ടി വരുന്ന കടുത്ത മാനസിക സംഘർഷങ്ങൾ, അപമാനം, ഭീഷണി, നിരന്തരമായ ഭയം ഇതിന്റെയെല്ലാം തുറന്നെഴുത്താണ് 'നിന്റെ കഥ 'എന്ന പുസ്തകം. ഉത്തമയായ ഭാര്യ എന്ന സാമൂഹിക അംഗീകാരത്തിനുവേണ്ടി സ്വന്തം ഇഷ്ടങ്ങളും കരിയറും സർഗാത്മകതയും എല്ലാം സ്ത്രീകൾക്ക് ബലി കഴിക്കേണ്ടി വരുന്നതിനെക്കുറിച്ച് പുസ്തകം ചർച്ച ചെയ്യുന്നു. തകർന്നുപോയ ജീവിതത്തെ അക്ഷരങ്ങളിലേക്ക് തിരിച്ചുവിട്ട് സാഹിത്യത്തിലൂടെ സ്വന്തമായി തിരിച്ചുപിടിക്കുന്ന ഒരു എഴുത്തുകാരിയുടെ, ഒരു സ്ത്രീയുടെ, ഒരു അമ്മയുടെ,ഒരു മകളുടെ ഒക്കെ ധീരമായ യാത്രക്കുമുപരിയായി വ്യവസ്ഥിതികൾക്കെതിരേയുള്ള ഒരു സ്ത്രീയുടെ പ്രതിരോധവും സ്വാതന്ത്ര്യപ്രഖ്യാപനവുമാണ് ഈ പുസ്തകത്തിലുള്ളത്.
എഴുത്തുകാരിയുടെ വിവാഹത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. സ്നേഹത്തിന് പ്രാധാന്യം കൊടുത്തിരുന്ന ഭാര്യയും എല്ലാം കണക്കുകൂട്ടി വിവാഹമെന്നത് ഒരു കച്ചവട സ്ഥാപനമായി കണക്കാക്കിയിരുന്ന ഭർത്താവും. ലക്ഷണയുക്തരായ മണവാട്ടിമാരാകാൻ ആഗ്രഹിച്ചിരുന്ന ഒരുകൂട്ടം പെൺകുട്ടികളുടെ വക്താവായിരുന്നു എഴുത്തുകാരിയും. ജാതി, അച്ഛനമ്മമാരുടെ മിശ്രവിവാഹം ഇതെല്ലാം വിവാഹത്തിൽ ഒരു കീഴ്നില ഉണ്ടാക്കുന്നതിനുള്ള കാരണമായിരുന്നു. വീട്ടുകാർ ആലോചിച്ചു നടത്തുന്ന വിവാഹത്തിൽ ദമ്പതിമാർ തമ്മിലുള്ള മനസ്സിലാക്കലിന് വലിയ പ്രാധാന്യം കൽപ്പിക്കേണ്ടതില്ല എന്ന പൊതുബോധ്യം എത്രമാത്രം നീതിരഹിതമാണെന്ന് മനസ്സിലാക്കാം. തന്റെ പരിചയക്കാരായ സ്ത്രീകൾ, കൂടെ ജോലി ചെയ്തവർ എന്നിവരുടെയെല്ലാം അനുഭവങ്ങളിലൂടെ മുഖ്യപ്രമേയമായി സ്വന്തം അനുഭവങ്ങൾ അവതരിപ്പിക്കുന്ന രീതിയിലാണ് പുസ്തകം എഴുതിയിട്ടുള്ളത്. അവകാശാധികാരങ്ങളുളള മനുഷ്യജീവിയാണെന്ന ബോധത്തിന് പകരം കുറവുകളുമായി ജനിച്ച ഒരാളാണെന്ന തോന്നലോടെയാണ് പെൺകുട്ടികളെ വളർത്താറുള്ളത്. ഈ കാലത്തും ജോലിയുള്ള സ്ത്രീയാണെങ്കിൽപ്പോലും അന്തസ്സോടെ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് ഇതിലെ പല അധ്യായങ്ങളും സൂചിപ്പിക്കുന്നു.
Content Highlights: Highlights the mental trauma, abuse, and constant fear women experience in oppressive marriages., Emphasizes that a wife is not a business enterprise funded by her husband., Stresses the importance of financial independence and the right for women to control their own income., Serves as a resistance and declaration of freedom against patriarchal societal norms.