വീട്ടിലെ രൂപപ്പടിയിൽ ചാച്ചൻ കത്തിച്ചു വെച്ചിരുന്ന ആ മെഴുകുതിരിയുടെ വെളിച്ചം ഇന്നും ഉള്ളിലുണ്ട്

പ്രതീകാത്മകചിത്രം (AI)
പ്രതീകാത്മകചിത്രം (AI)

മധുമാലതി ചെടികളിൽ മഞ്ഞ ശലഭങ്ങളുടെ നൃത്തം കണ്ടുകൊണ്ട് വരാന്തയിൽ ഇരിക്കുകയായിരുന്നു ഞാൻ. നേർത്ത മഞ്ഞനിറത്തിലുള്ള പൂമ്പാറ്റകൾ. ഓരോ ഇലയിൽ നിന്നും ഇലയിലേക്ക്... പൂവിൽ നിന്നും പൂവിലേക്കങ്ങനെ ഒരു പ്രണയകാവ്യം പോലെ അവ പറന്നു നടക്കുന്നു. വേനൽച്ചൂടിന്റെ കാഠിന്യത്തിലും ആ പൂക്കൾക്ക് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.

'ഈസ്റ്ററിന് എന്തു വേണം?'

പെട്ടെന്നുള്ള ആ ചോദ്യം കേട്ട് ശലഭങ്ങൾ ആകാശദൂരം പൊടുന്നനെ പറന്നു പൊങ്ങി. തൂണിൽ ചാരി നിന്ന് അദ്ദേഹം പിന്നെയും ചോദിച്ചു, 'എന്താ ഇത്തവണത്തെ പ്ലാൻ?'

ഞാൻ ആലോചിച്ചു... മനസ്സ് പെട്ടെന്ന് കാലത്തിന് പിന്നിലേക്ക് പാഞ്ഞു. അടുക്കളയിൽ പരീക്ഷിക്കാനായി കരുതിവെച്ച പാചക വീഡിയോകളെല്ലാം എവിടെയോ മറന്നുപോയി. പകരം, ഹൈറേഞ്ചിലെ മഞ്ഞും അമ്മവീടിന്റെ തണുപ്പും എന്റെ ഉള്ളിൽ നിറഞ്ഞു.

വലിയമ്മയുടെ വാക്കുകളാണ് ആദ്യം ഓർമ്മ വന്നത്. 'കർത്താവ് കുരിശിൽ മരിച്ച ദിവസമാണ്... പ്രകൃതി പോലും ഒന്ന് മിണ്ടില്ല നോക്ക്യേ...' ഒരിക്കൽ ദുഃഖവെള്ളിയാഴ്ച വല്യമ്മ പറഞ്ഞിട്ടുണ്ട്. കാറ്റുപോലും വീശാത്ത, പക്ഷികൾ കരയാത്ത ആ നിശബ്ദതയിൽ ലോകം മുഴുവൻ ദുഃഖം നിറഞ്ഞതുപോലെ അന്ന് എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ, ശനിയും കഴിഞ്ഞ് ഞായറാഴ്ച പുലരുമ്പോൾ എല്ലാം മാറും. ഈശോ ഉയിർത്തെണീറ്റ ഈസ്റ്റർ പ്രഭാതം! അന്ന് ഭൂമിയ്ക്കും ആകാശത്തിനും എന്തൊരു ചന്തമാണ്. ആകാശത്തെ മേഘങ്ങൾക്ക് പോലും വിശുദ്ധിയുടെ വെൺമ തോന്നും.

ഈസ്റ്ററിന് ഒരല്പം ഇറച്ചിക്കറിയുണ്ടാവും. നിറയെ കറിവേപ്പിലയും കുരുമുളകും ചേർത്ത്, വറുത്ത തേങ്ങാക്കൊത്തുകൾ വിതറിയ ആ ഇറച്ചിക്കറി. ഉച്ചയാവുമ്പോഴേ അടുക്കളയിൽ കൊതിപ്പിക്കുന്നൊരു മണം നിറയും. തട നിവർത്തിയ കഞ്ഞിക്കലത്തിൽ തവി കൊണ്ട് രണ്ടു കൊട്ടു കൊട്ടി വല്യമ്മ നീട്ടി വിളിക്കും. ആ ശബ്ദം കേൾക്കാനായിരുന്നു അന്നത്തെ കാത്തിരിപ്പ്.

അതിനുശേഷം എത്രയോ ഈസ്റ്ററുകൾ കടന്നുപോയി, ഉണ്ണീശോയെയും കൊണ്ട് മറിയം വയലിലൂടെ പട്ടാളത്തെ പേടിച്ച് ഓടിയ, യേശുവിന്റെ വസ്ത്രതുമ്പിൽ തൊട്ടപ്പോൾ രോഗശാന്തി കിട്ടിയ ആ കഥകൾ കേൾക്കാത്ത ഈസ്റ്ററുകൾ.

വീട്ടിലെ രൂപപ്പടിയിൽ ചാച്ചൻ കത്തിച്ചു വെയ്ക്കുമായിരുന്ന ആ ചെറിയ മെഴുകുതിരിയുടെ വെളിച്ചം ഇന്നും ഉള്ളിലുണ്ട്. കൂട്ടുകാർ തന്ന കൊന്തകൾ, ഒരു ചെറിയ കുരിശുരൂപം... അവയെല്ലാം ഭദ്രമായി ഇരിക്കുന്നത് ദേവിയുടെയും അയ്യപ്പന്റെയും ചിത്രങ്ങൾക്കൊപ്പമാണ്. വീടിന്റെ ഭിത്തിയിൽ അവർക്കിടയിൽ സ്ഥാനം പിടിച്ച കരുണനിറഞ്ഞ ആ യേശുവിന്റെ ഫോട്ടോ. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് പഠിപ്പിച്ച വല്യമ്മ.

അദ്ദേഹം വീണ്ടും ചോദിച്ചു, 'പറഞ്ഞില്ലല്ലോ, ഈസ്റ്ററിന് എന്താണ് വേണ്ടത്?'

ഞാൻ ഓർമ്മകളിൽ നിന്നും ഉണർന്നു ചിരിച്ചു കൊണ്ട് പറഞ്ഞു, 'ഇച്ചിരി ഇറച്ചിക്കറി... പിന്നെ...'

'പിന്നെ...?'

'തേങ്ങയും ഉള്ളിയും ജീരകവും വെളുത്തുള്ളിയും അരച്ചു ചേർത്തുണ്ടാക്കുന്ന നിങ്ങള് നസ്രാണികളുടെ ആ പഴയ അപ്പവും...'

അദ്ദേഹം ചിരിച്ചു. ഞാൻ ആ പഴയ അടുക്കളയിൽ എത്തിയതുപോലെ. കഞ്ഞിക്കലത്തിൽ തവി കൊണ്ട് കൊട്ടുന്ന ശബ്ദം കേൾക്കുന്നുണ്ടോ? അത് സ്‌നേഹത്തിന്റെ വിളിയാണ്, ഒരിക്കലും മരിക്കാത്ത ഓർമ്മകളുടെ ഉയിർത്തെഴുന്നേല്പാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi