"എത്രയോ നാളത്തെ യാത്രയിലൂടെ ആർജജിച്ചതാണ് ഈ ശരീരവും മനസ്സും..."

ജീവിതയാത്രയിൽ നിരന്തരമായി വരുന്ന തടസ്സങ്ങൾ സന്തോഷത്തെ കെടുത്തി കളയാം. സ്വയം മനസ്സിലാക്കൽ, മനസ്സിനെ അറിയൽ ഇതെല്ലാം ഇത്തരം അവസ്ഥകളിൽ അസാധ്യമായേക്കാം. ഈ അവസ്ഥകളിൽ ഉഴലുന്ന മനുഷ്യരെ ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുകയാണ് ശ്രീ. ഷൗക്കത്തിൻ്റെ'ധ്യാനം' എന്ന പുസ്തകം. ധ്യാനവും സ്നേഹവും ഒന്ന് തന്നെയാണെന്നും അത് പഠിപ്പിക്കാനോ സ്വാംശീകരിക്കാനോ കഴിയാത്തതാണെന്നും ജീവിതത്തെ കൂടുതൽ തെളിമയോടെ കാണാൻ സഹായിക്കുന്ന ഒരു അവസ്ഥയാണ് ധ്യാനം എന്നുമാണ് ഈ പുസ്തകം പറഞ്ഞു വയ്ക്കുന്നത്. ചിന്തകളോട് യുദ്ധത്തിൽ ഏർപ്പെടാതെ ഒരു സാക്ഷിയായി തുടരേണ്ടത് സ്വച്ഛന്ദമായ ജീവിതത്തിന് ആവശ്യമാണ്. ധ്യാനം എന്നത് സന്യാസിമാർ ഹിമാലയ സാനുക്കളിൽ നിന്നും ആർജ്‌ജിച്ച അവസ്ഥാ വിശേഷമല്ല മറിച്ച് ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടുമ്പോഴും നമുക്ക് ധ്യാനനിരതരാകാം. കുട്ടിയുടെ മനസ്സും നിർമ്മലതയും സൂക്ഷിച്ചുകൊണ്ട് നമുക്ക് ധ്യാനത്തിലേക്ക് സഞ്ചരിക്കാം. ദാർശനിക വിഷയങ്ങളിൽ നിന്ന് ആത്മീയ വിഷയങ്ങളെ മോചിപ്പിക്കുകയും ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയുമാണ് എഴുത്തുകാരൻ ചെയ്യുന്നത്.
ചിന്തകളെ നിയന്ത്രിക്കുന്നതിനും അപ്പുറം ചിന്തകളെ അറിയാൻ ശ്രമിക്കുന്നതാണ് ധ്യാനം. ഒരു ചെറിയ കുഞ്ഞിനെപ്പോലെ മുൻവിധികളില്ലാതെ വരുന്ന ജീവിതത്തെ നിഷ്ക്കളങ്കമായി സ്വീകരിച്ചുകൊണ്ട് ഭയം, അഹങ്കാരം, മുഖംമൂടികൾ ഒക്കെയും ഉപേക്ഷിച്ച് പച്ചയായ മനുഷ്യനായി മനുഷ്യൻ്റെ സ്വാഭാവികത്വത്തിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നു. ഞാൻ എന്ന സങ്കല്പത്തെ ഉടച്ചുവാർക്കാൻ ശ്രമിക്കുന്നു. മൈൻ്റ്ഫുൾനെസ്സിൽ ജീവിക്കാൻ , ഭൂതകാലത്തിലോ ഭാവി കാലത്തിലോ ജീവിക്കുന്നതിനു പകരം അന്നന്ന് ജീവിക്കുകയെന്നതാണ് പ്രധാനം. ധ്യാനം എന്നത് ഭൗതിക ജീവിതത്തിനിടയിലും ഈ നിമിഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബന്ധങ്ങളിൽ ഇടപെടുമ്പോൾ പോലും ധ്യാനത്തിൽ നിന്ന് വേർപെടുന്നില്ല. ഭാര്യയോട്, സുഹൃത്തിനോട്, മക്കളോട് ഒക്കെയും ഇടപെടുമ്പോൾ എല്ലാം തന്നെ ധ്യാനാവസ്ഥയിലൂടെ കടന്നുപോകുന്നു. ധ്യാനം ജീവിതത്തിന് പുറത്തല്ലെന്നും ജീവിതത്തിനുള്ളിൽ തന്നെയാണെന്നും വിശദീകരിക്കുന്നതോടൊപ്പം ധ്യാനത്തിലൂടെ വിരിഞ്ഞുവരുന്ന സ്നേഹത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. മരത്തെ കേൾക്കാനും മഴയെ അറിയാനും ശാന്തമായി ആനന്ദിക്കാനും ചുറ്റുമുള്ള പ്രകൃതിയെ അറിയാനും പ്രേരിപ്പിക്കുന്നു. തത്വചിന്തകരുടേത് മാത്രമായതല്ല ധ്യാനം . അതൊരു മതവിശ്വാസവും അല്ല. അത്യന്തം ജാഗ്രതയോടെ, സ്നേഹത്തോടെ, സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ഒരു ജീവിത രീതിയാണ്.
Content Highlights: Redefines meditation as a practical lifestyle rather than a secluded practice., Emphasizes the importance of living in the present moment to reduce stress., Encourages self-awareness and observing thoughts without conflict., Provides actionable insights for maintaining emotional balance in daily life., Promotes the integration of love, compassion, and mindfulness into relationships.