ആ നിവിനെ കാണുമ്പോൾ പാടാൻ തോന്നും,'നിവിൻ പോളി സൂപ്പറാണെഡാ, കാണാൻ കൊഞ്ചം ഗ്ലാമറാണെഡാ'

'പ്രേമം' സിനിമയിലെ നിവിൻ പോളിയെ ഓർമ്മയില്ലേ? മൂന്ന് കാലഘട്ടത്തിലെ പ്രണയങ്ങൾ മൂന്നു തരത്തിൽ അതിമനോഹരമായി നിവിൻ അവതരിപ്പിച്ചിട്ടുണ്ട്. 'ബട്ടർഫ്‌ളൈസ് ആർ മെന്റലി മെന്റൽ, സോ ഈസ് ലവ്' എന്ന് പറയുന്ന സിനിമ പ്രണയത്തിന്റെ മൂന്ന് കഥകൾ പറയുന്നുണ്ട്. ടൈറ്റിൽസ് എഴുതിക്കാണിക്കുമ്പോഴുള്ള പാട്ടിലെ വരി ഇങ്ങനെയാണ്: ഇത് പുത്തൻ കാലം പുതുപുത്തൻ ലോകം. ജനറേഷൻ തോറും മാറും പുതുലോകം. എന്നാൽ ജനറേഷൻ മാറി മാറി വന്നിട്ടും നിവിൻ പോളിയും പ്രേമവും ഇന്നും നമ്പർ വണ്ണാണ്.
ചുരുണ്ട മുടിക്കാരി മേരിയെ പ്രണയിക്കുമ്പോൾ ജോർജ് (നിവിൻ പോളി) പ്ലസ്ടുവിന് പഠിക്കുകയാണ്. അവളെ കാണാൻ പോകുമ്പോൾ ചങ്ങാതി, ജോർജിനോട് പറയുന്നത് 'നീ നീയായിട്ട് പോകരുത്' എന്നാണ്. ഒരു കൊച്ചു പയ്യന്റെ നിഷ്‌കളങ്കതയോടെ തന്റെ മനസ്സിലുള്ളത് തുറന്നുപറയാനാവാതെ പരുങ്ങുന്ന ജോർജ്. ഒടുവിൽ അവൻ മറ്റൊരാളുമായുള്ള മേരിയുടെ പ്രേമത്തിന് സഹായിയായി മാറുകയാണ്. ഈ നിവിനെ കാണുമ്പോൾ പാവം തോന്നും. ക്ലീൻഷേവായ, നിഷ്‌കളങ്കത തുളുമ്പി നിൽക്കുന്ന ജോർജ്. ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരുന്ന ഒരു രംഗമുണ്ടതിൽ. ജോർജ് മേരിക്ക് കത്തെഴുതുകയാണ്, 'നീ അന്ന് പള്ളിയിൽ വരുമ്പോഴിട്ട ചുവപ്പിൽ ഓറഞ്ചുള്ള ചുരിദാർ' എന്നുപറഞ്ഞ് എഴുതാൻ ശ്രമിക്കുമ്പോൾ 'ഞ്ച' എഴുതാൻ കിട്ടുന്നില്ല. ഉടനെ പറയുകയാണ് ഇവൾക്ക് വല്ല നീല ചുരിദാറും ഇട്ടാൽ പോരായിരുന്നോ എന്ന്.
Content Highlights: column on evergreen heroes in malayalam cinema-8