എല്ലാ തിരിവുകളിലും അമ്മയുണ്ടാകും എന്ന വിശ്വാസമാണ് അന്ന് ഇല്ലാതായത്

വര: ശ്രീലാൽ എ.ജി.
വര: ശ്രീലാൽ എ.ജി.

നാട് മാറിയെങ്കിലും ദാരിദ്ര്യത്തിന് വലിയ മാറ്റം ഒന്നുമുണ്ടായില്ല. ഇരുന്നൂറ്റി അൻപത് രൂപയാണ് വാടക. അത് പലതവണ മുടങ്ങി. ചെറേക്കാടിന് പത്ത് പതിനഞ്ച് കിലോമീറ്റർ അപ്പുറം പേങ്ങാട്ടുകുണ്ട് എന്ന സ്ഥലത്തെ യുപി സ്‌കൂളിലാണ് എന്നെ ചേർത്തത്. സ്‌കൂൾ ബസ് ഫീസ് മാസങ്ങളോളം മുടങ്ങി, പലതവണ ബസ്സിലെ ക്ലീനറും സ്‌കൂളിലെ ക്ലർക്കും ഫീസിന്റെ കാര്യം സൂചിപ്പിച്ചു.

ആദ്യമായാണ് സ്‌കൂൾ ബസ്സിൽ പോയി വരുന്നത്. ആറാം ക്ലാസ് വരെ അതിന്റെ ആവശ്യമുണ്ടായിട്ടില്ല, വാഹനത്തിൽ പോയി വരേണ്ട ദൂരമുണ്ടായിരുന്നെങ്കിലും നടന്നാണല്ലോ സ്‌കൂളിൽ പോയിരുന്നത്. അതുകൊണ്ട് സ്‌കൂൾ ബസ്സിലുള്ള പോക്കുവരവ് എനിക്കിഷ്ടപ്പെട്ടു. കുന്നുംപുറം ടൗണിൽ നിന്ന് ചെറേക്കാട്ടിലേക്ക് സ്വകാര്യ ബസ് സർവീസുകൾ ഉണ്ടായിരുന്നില്ല. ആളുകൾ നിറയുന്നതിനനുസരിച്ച് ജീപ്പുകൾ ഇരുവശങ്ങളിലേക്കും സർവീസ് നടത്തും. ചിലപ്പോൾ ഏറെനേരം കാത്തു നിന്നാലാണ് ജീപ്പിൽ ആളുതികയുക. ഒരു സീറ്റ് ഒഴിഞ്ഞു കിടന്നാൽ പോലും ജീപ്പ് ഓടുകയില്ല. അപ്പോഴാണ് ബസ് ഇല്ലാത്തതിന്റെ അസൗകര്യം നാട്ടുകാർ ചർച്ച ചെയ്യുക. ജീപ്പുകാരുടെ അഹങ്കാരം കുറയ്ക്കാൻ അതേ മാർഗ്ഗമുള്ളൂ എന്ന് ചെറേക്കാടുകാർ അരിശം കൊണ്ടു. പലതവണ പല ബസ്സുകളും പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തി നോക്കിയതാണ്. മുൻപിലും പിൻപിലും ജീപ്പുകൾ ഓടിച്ച് ബസ്സുകാരെ അവർ തോൽപ്പിച്ചു. ബസ്സിലെ സീറ്റുകൾ എപ്പോഴും ഒഴിഞ്ഞു കിടന്നു. അങ്ങനെ ചെറേക്കാട് ഗ്രാമത്തിന് ജീപ്പുകളെ അംഗീകരിക്കേണ്ടിവന്നു. അവരുടെ ധാർഷ്ട്യം സഹിച്ചും ഏറെ നേരം കാത്തിരുന്നും അവർ യാത്ര ചെയ്തു. ജീപ്പിൽ സ്‌കൂളിൽ പോകുന്നത് എളുപ്പമല്ല, ഒരിക്കലും സമയത്ത് ക്ലാസ്സിൽ എത്താൻ പറ്റില്ല.സ്വകാര്യ വാഹനങ്ങൾ തീരെ കുറവാണ്. സ്‌കൂൾ ബസ്സിൽ വൻ തിരക്കായിരുന്നു അതുകൊണ്ട്. ഭിന്നതലപഠന കേന്ദ്രം എന്ന പേരിൽ ഒരേയൊരു സ്‌കൂളാണ് അവിടെ ഉണ്ടായിരുന്നത്, നാലാം ക്ലാസ് വരെ മാത്രം. ബാക്കിയുള്ളവർ മുഴുവൻ പേങ്ങാട്ടുകുണ്ടിലാണ് പഠിക്കുന്നത്. ബസ്സിൽ തിരക്കില്ലാതിരിക്കുമോ?

Continue reading